വിജയകുമാർ ബ്ലാത്തൂർ
വീട്ടിനുള്ളിൽ ഇതുപോലെ നിങ്ങൾ കുടുങ്ങികിടന്ന ഒരു കാലം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. വീട്ടു ജീവികളെ ഒന്ന് ശ്രദ്ധിച്ച് നോക്കാൻ ഇത്രയും സമയവും ക്ഷമയും ഒരിക്കലും കിട്ടീട്ടുണ്ടാവില്ല. വീട്ടകത്തിലെയും പറമ്പിലെയും ജീവലേകത്തെ പരിചയപ്പെടാം.. സൂക്ഷ്മ നിരീക്ഷണം നടത്താം.
മനുഷ്യർ വീടുകളിൽ താമസിച്ചു തുടങ്ങിയ കാലം മുതൽ ആ അനുകൂലനങ്ങൾക്ക് ഒപ്പം കൂടെ പരിണമിച്ച് പന്തത്തിൻ്റെയും ചെരാതിൻ്റെയും ഇലക്ട്രിക് ബൾബിൻ്റെയും ഒക്കെ വെളിച്ചം പരന്ന ചുമരുകളിൽ ചിലച്ച്കൊണ്ട് ഇവ എത്ര നൂറ്റാണ്ടായി നമ്മുടെ കൂടെ കൂടീട്ട്? ജുറാസിക് കാല ബൃഹത് രൂപികളുടെ മിനിരൂപഘടനകൾ നിരീക്ഷിക്കാൻ ഇതിലും സൗകര്യത്തിൽ ഏത് സൗഹൃദ ജീവിയുണ്ട്? വീട്ടിൽ വെറുതേ ഇരിക്കുന്ന സമയങ്ങളിൽ പല്ലികളെ നിരീക്ഷിച്ച് തുടങ്ങാം..അവ ചുമരുകളിൽ അനായാസം നടക്കുന്നത്, ഇരപിടിക്കുന്നത്, ഇണചേരുന്നത്, വിസർജ്ജിക്കുന്നത്- മുട്ടയിടുന്നത്, കുഞ്ഞുങ്ങൾ വിരിയുന്നത്, വളരുന്നത്, വാല് മുറിച്ച് രക്ഷപ്പെടുന്നത് – ഒക്കെ കുട്ടികളോടൊപ്പം നിരീക്ഷിക്കാം. പ്രകൃതി പഠനത്തിൻ്റെ രസകര അദ്ധ്യായങ്ങൾ ആരംഭിക്കാം..പല്ലിയെ ഇതുവരെ സൂക്ഷിച്ച് നോക്കീട്ടില്ലാത്തവർ ഒന്ന് സൂക്ഷിച്ച് നോക്കുക. പല്ലികളെക്കുറിച്ച് കൂടുതൽ അറിയേണ്ടവർക്ക് തുടർന്ന് വായിക്കാം.

പലജാതി ഉരഗങ്ങൾ ഭൂമിയിലുണ്ടെങ്കിലും അവരാരുമായും മനുഷ്യർ പൊതുവേ അത്ര ലോഹ്യത്തിലല്ല. ഉള്ളിൽ അത്പം പേടിയും അറപ്പും കൂടിക്കുഴഞ്ഞ ഒരു ബന്ധം മാത്രം. പാമ്പും അരണയും ഓന്തും പൊതുവെ ഇഷ്ടമില്ലാത്തവർ തന്നെ. പക്ഷെ പണ്ടു മുതലേ പല്ലികൾ ശത്രുപക്ഷത്തല്ല. അവർ മനുഷ്യർക്കൊപ്പം വീടുകളിൽ താമസം തുടങ്ങിട്ട് നൂറ്റാണ്ടുകളായി മച്ചിലും ചുമരിലും സ്വാതന്ത്രത്തോടെ കഴിയുന്നു. കുഞ്ഞു വിടവുകളിൽ ഒളിച്ചിരുന്ന് തക്കം നോക്കി പുറത്തിറങ്ങി പ്രാണികളേയും ചിലന്തികളേയും ഒക്കെ തിന്ന് വീട് വൃത്തിയാക്കി വെക്കുന്നു . മനുഷ്യർ സംസാരിക്കുന്നതിനിടയിൽ പല്ലി ടിക്, ടിക് ടിക് എന്ന് ചിലച്ച് ശബ്ദമുണ്ടാക്കിയാൽ- അത് കേട്ടയുടനെ ‘ദാ കണ്ടോ , പല്ലി ചിലച്ചു , സത്യം എന്ന് ‘ തൊട്ട് മുമ്പ് പറഞ്ഞ കാര്യം ശരിയെന്ന് അംഗീകാരം ഉറപ്പിക്കുന്ന പരിപാടിയും ഉണ്ട്. ഇന്ത്യയിലും നേപ്പാളിലും ഒക്കെ ഇപ്പഴും ഈ വിശ്വാസം കൊണ്ടു നടക്കുന്ന വിദ്വാൻമാർ ഇല്ലാതില്ല. ഹിന്ദി, നേപ്പാളി ഭാഷകളിൽ ‘ടീക്ക്’ എന്ന വാക്കിന് ‘ശരി’ എന്നാണല്ലൊ അർത്ഥം. അങ്ങിനെ കിട്ടിയതാവാം ഈ ശരിവെക്കൽ സർട്ടിഫിക്കറ്റ്. പക്ഷെ പാവം പല്ലി അതിന്റെ കൂട്ടരോട് ആശയവിനിമയ പരിപാടി നടത്തുന്നതാണ് ഈ ഒച്ചയിടൽ. യൂറോപ്പിലുള്ളവർക്ക് ‘ടീക്, ടിക്, ടിക് എന്നുകേട്ടിട്ട് ഒന്നും തോന്നാത്തത് അവർക്ക് പല്ലിഭാഷ (‘പാലി‘ഭാഷയല്ല) ഹിന്ദിയാണെന്നറിയാത്തതുകൊണ്ടാവാം . ഇതു കൂടാതെ പല്ലി നമ്മുടെ മുന്നിലോ, ദേഹത്തൊ ഒക്കെ വീണാൽ പല പല ലക്ഷണങ്ങൾ പറഞ്ഞ് മനുഷ്യരെ ഗുലുമാലാക്കാൻ ‘ഗൗളി ശാസ്ത്രം’ എന്ന ഒരു ഗുണ്ട് പരിപാടിയും പണ്ടേ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. പൂച്ചക്ക് മുന്നിലേക്ക് കൈവിട്ട് വീണാൽ പല്ലിയുടെ കഷ്ടകാലമാണ് എന്ന കാര്യത്തിൽ മാത്രം സംശയം ഒന്നും വേണ്ട.
വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. കൂടാതെ ചിലപ്പോൾ മച്ചിൽ നിന്ന് കൈവിട്ട് , മൂടാതെ വെച്ച ചൂടുള്ള ഭക്ഷണപ്പാത്രങ്ങളിൽ വീണ് ചത്ത് മലച്ച് ആകെ സീൻ ഉണ്ടാക്കുകയും ചെയ്യും. വിഷജീവിയൊന്നും അല്ലെങ്കിലും പല രാജ്യക്കാരും പല്ലിക്ക് വിഷമുണ്ട് എന്ന വിശ്വാസക്കാരാണ്. ഉറങ്ങുന്ന ഒരാളുടെ മുഖത്ത് കൂടെ പല്ലി ഓടിയാൽ -ചർമ്മരോഗം പിടിപെടും എന്ന വിശ്വാസം ചില അറബി നാടുകളിലുണ്ട്. പല്ലി മൂത്രത്തിൽ തൊട്ടാൽ കുഷ്ടം വരുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ പല്ലികൾ മൂത്രമൊഴിക്കുന്ന പരിപാടിക്കാരല്ല. ഉള്ള യൂറിക്കാസിഡ് വെള്ളനിറത്തിൽ കാഷ്ടത്തിനൊപ്പംതന്നെ പുറത്ത് കളയുകയാണ് ചെയ്യുക. പ്ലം കേക്കിനുമുകളിൽ ക്രീം ഡക്കറേഷൻ ചെയ്തപോലെയുണ്ടാകും കാഴ്ചയിൽ.

ഇബ്രാഹിം നബിയെ എറിയപ്പെട്ട അഗ്നി ആളിക്കത്തിക്കാൻ സഹായിച്ചതിനാൽ പല്ലിയെ ഒറ്റയടിക്ക് കൊന്നാൽ നൂറു പുണ്യം എന്ന് ഹദീസ് ഉണ്ടെന്ന് കേട്ട് ഞാൻ ഞെട്ടി. പടച്ചോനേ- ഇതൊക്കെ വിശ്വസിച്ച് പല്ലികളെ ഒറ്റയടിക്ക് കൊല്ലുന്ന മണ്ടന്മാർ ഇപ്പഴും നമ്മുടെ നാട്ടിലും ഉണ്ടാവുമല്ലോ! അന്ധവിശ്വാസം ഈ പാവം ജീവിയുടെ കുലം മുടിക്കില്ലെ?

Pacific house gecko, the Asian house gecko, house lizard, Moon Lizard എന്നൊക്കെ പേരിൽ അറിയപ്പെടുന്ന Hemidactylus frenatus ആണ് മറ്റൊരിനം ഇതിനെ ‘നാട്ടു പല്ലി’ എന്നാണ് വിളിക്കുന്നത്.. രാത്രി സഞ്ചാരികളാണിവർ പൊതുവെ. പകൽ ഒളിവിടങ്ങളിൽ വിശ്രമിക്കലാണ് ശീലം. വീടുകളിൽ രാത്രി തെളിയ്ക്കുന്ന കൃത്രിമ വിളക്കുകൾക്കരികിൽ കാത്തിരിക്കും . പാറിവരുന്ന നിശാശലഭങ്ങൾ, ചിലന്തികൾ മറ്റു പ്രാണികൾ എന്നിവയെ ശാപ്പിട്ട് വയർ നിറയ്ക്കും. ചില പല്ലികൾ പല്ലിക്കുഞ്ഞുങ്ങളെയും ശാപ്പിടും. മൂന്നു മുതൽ ആറിഞ്ച് നീളത്തിൽ വളരുന്ന ഇവ യുടെ ആയുസ് അഞ്ച് വർഷത്തോളമാണ്.

വീട്ടുപല്ലികളിൽ ചിലവയുടെ ആന്തരാവയവങ്ങൾ അർദ്ധസുതാര്യമായ തൊലിക്കുള്ളിലൂടെ തെളിഞ്ഞുകാണാം. ഇണചേരൽ രസകരമാണ് . ആൺ പല്ലികൾക്ക് അത്പം വലിപ്പക്കൂടുതലുണ്ടാകും ആൺ പല്ലി ഇണചേരും മുമ്പ് ചില പ്രണയലീലകൾ ആടും. മൂക്കുകൊണ്ട് പലതവണ പെൺപല്ലിയെ തൊട്ടുരുമ്മും. പിന്നെ കഴുത്തിന് കടിക്കും- കടിച്ചെടുക്കും. ഇണചേർന്നതിനുശേഷം മൂന്നു നാല് ആഴ്ചകൾക്ക് ശേഷം ഉറപ്പുള്ള തോടുള്ള രണ്ട് മുട്ടകളിടും. പെൺപല്ലികൾക്ക് പ്രവർത്തന ക്ഷമമായ ബീജം ഒരു വർഷത്തോളം ഉള്ളിൽ സൂക്ഷിച്ച് വെക്കാനുള്ള കഴിവുണ്ട്. അതുപയോഗിച്ച് ഈരണ്ട് മുട്ടകൾ വീതം ഇടും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ആറു മാസം മുതൽ ഒരുവർഷം വരെ കാലം കൊണ്ട് പ്രായപൂർത്തിനേടും.
‘പല്ലിമുട്ട’ പോലെ എന്നത് കഴഞ്ചി എന്നൊക്കെ പറയുന്നതുപോലുള്ള ഒരു നാടൻ അളവാണ്. ജീരകമിഠായിയേക്കാൾ അല്‍പ്പം വലിപ്പം കൂടിയ ഉണ്ട മിഠായകൾക്ക് ‘പല്ലിമിഠായി’ എന്നായിരുന്നല്ലൊ പണ്ട് പേര്. കൂടാതെ ‘പല്ലി ഉത്തരം താങ്ങിയത് പോലെ’ എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ – ഉത്തരത്തിൽ നിൽക്കുന്ന പല്ലി ഉത്തരം താഴോട്ട് വീഴാതെ താനാണ് താങ്ങി നിർത്തുന്നത് എന്ന് ഭാവിക്കുന്നു എന്നർത്ഥത്തിൽ , ഒരു കാര്യവുമില്ലെങ്കിലും സർവ്വ ഉത്തരവാദിത്വവും തന്റെ ചുമലിലാണ്, ഞാനില്ലെങ്കിൽ കാണാമായിരുന്നു എന്ന ഭാവത്തിൽ നിൽക്കുന്നവരെ കളിയാക്കാനാണ് ഈ പ്രയോഗം.
ചുമരിലും മച്ചിലും താഴോട്ട് വീഴാതെ നടക്കാനും നിൽക്കാനും പല്ലിയെ സഹായിക്കുന്നത് കൈകാലുകളിലെ വിരലുകളുടെ പ്രത്യേകതയാണ്. ടെഫ്ലോൺ ഒഴിച്ച് ഒരുവിധം വസ്തുക്കളിലെല്ലാം പിടിച്ച് കയറാനും നടക്കാനും പല്ലിക്ക് പറ്റും. കാലുകളുടെ അടിയിൽ നിറയെ അതി സൂക്ഷ്മമായ രോമസമാന സംവിധാനം ഉണ്ട്. ഇത് കാലും സ്പർശിക്കുന്ന പ്രതലവും തമ്മിലുള്ള ‘വാൻഡർവാൾസ് ബലം’ വർദ്ധിപ്പിക്കും. അടർന്ന് താഴോട്ട് വീഴാതെ സുഖമായി നടക്കാം.

ശത്രുക്കൾക്ക് മുന്നിൽ പെട്ടാൽ വാൽ മുറിച്ചിട്ട് രക്ഷപ്പെടുന്ന പരിപാടിയാണല്ലോ പല്ലിയിലെ നമ്മുടെ ഏക കൗതുകം . സ്വവിഛേദനം ( Autotomy) എന്നാണിതിനു പറയുക. വാലിലെ പേശികളിലേക്ക് പ്രത്യേക രീതിയിൽ കൂടുതൽ ബലം പ്രയോഗിച്ചാണ് പല്ലി വാൽമുറിക്കുന്നത്. മുറിഞ്ഞറ്റുപോയാലും കുറച്ച് നേരം കൂടി ചാടിക്കളിക്കുന്ന വാലിലേക്ക് ഇരപിടിയന്റെ ശ്രദ്ധ ആകർഷിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് തടികാക്കുന്ന ആത്മരക്ഷാ പരിപാടി . മുറിഞ്ഞുപോയ വാൽ പിന്നീട് വളർന്ന് വരും എന്നതിനാൽ പ്രശ്നവും ഇല്ല. എങ്കിലും വാൽമുറി പരിപാടി അത്ര സുഖകരമായ ഏർപ്പാടൊന്നും അല്ല. വലിയ ഊർജ്ജവും അധ്യാനവും ചിലവുണ്ട്. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിലേ ഇതിനു മുതിരുകയുള്ളു.

വീട്ടുപല്ലി, നാട്ടുപല്ലി എന്നിവ കൂടാതെ ചിത്രകൻ പല്ലി, പുള്ളിപ്പല്ലി, വരയൻ പല്ലി, ചിതൽ പല്ലി, പ്രസാദി പല്ലി. ആനമല പല്ലി, കുട്ടി വിരലൻ പല്ലി, കൊല്ലഗൽ തറപ്പല്ലി, വയനാടൻ മരപ്പല്ലി, സിസ്പാറ മരപ്പല്ലി, സ്വർണ മരപ്പല്ലി, നീലഗിരി മരപ്പല്ലി, പൊന്മുടി മരപ്പല്ലി, മല മരപ്പല്ലി, നാട്ടു മരപ്പല്ലി, കൊട്ടിയൂർ മരപ്പല്ലി, ഇന്ത്യൻ മരപ്പല്ലി, പൊന്നൻ മരപ്പല്ലി, ബെഡോമിന്റെ മരപ്പല്ലി എന്നീ 21 ഇനം പല്ലികളുമാണ് ഇതുവരെ ആയി കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2014 ൽ വിവേക് ഫിലിപ്പ് സിറിയക്ക്, ഉമേഷ് പാവുക്കണ്ടി എന്നിവർ ചേർന്ന് കണ്ടെത്തിയ കൊട്ടിയൂർ മരപ്പല്ലി (Cnemaspis kottiyoorensis) ആണ് പല്ലികളിലെ പുതുമുഖം.