Read Time:2 Minute
ചാരക്കുയിൽ Common Cuckoo / Eurasian Cuckoo ശാസ്ത്രീയ നാമം : Cuculus canorus
ചാരക്കുയിൽ Common Cuckoo / Eurasian Cuckoo ശാസ്ത്രീയ നാമം : Cuculus canorus
ശൈത്യകാലത്തു നമ്മുടെ നാട്ടിലേക്ക് വിരുന്നു വരുന്നൊരു കുയിൽ വർഗ്ഗത്തിൽ പ്പെട്ട ഒരു പക്ഷിയാണ് ചാരക്കുയിൽ. ഒരു പ്രാവിനോളം വലിപ്പവും, വണ്ണം കുറഞ്ഞ ശരീരവും നീളം കൂടിയ വാലുമാണ് ചാരക്കുയിലിന്. ഇവരുടെ ശരരീരത്തിന്റെ പുറംഭാഗം ഇരുണ്ട ചാര നിറത്തിൽ ആണ്. തല, കഴുത്ത്, തൊണ്ട, മാറിടം എന്നിവ ഇളം ചാര നിറം. കണ്ണ്, കണ്ണിനു ചുറ്റുമുള്ള വളയം പിന്നെ കാലുകൾ എന്നിവ മഞ്ഞ നിറം. വയറും അടിഭാഗവും വെളുത്ത നിറത്തിൽ ആണ് വയറിനു കുറുകെ കറുത്ത നിറത്തിലുള്ള വരകളും ഉണ്ടായിരിക്കും. വാലിന് ഇരുണ്ട തവിട്ടു നിറം ആണ്. വാലിൽ വെള്ള നിറത്തിൽ ഉള്ള പുള്ളികളും വാലിന്റെ അറ്റത്തു വെള്ള കരയും ഉണ്ടായിരിക്കും. പിടയ്ക്കു പുറംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തിൽ ആണ്. ഇതിൽ ഇരുണ്ട ചാര നിറത്തിൽ ഉള്ള വരകളും ഉണ്ടായിരിക്കും. മാത്രമല്ല മാറിടം, തൊണ്ട, കഴുത്തിന്റെ വശങ്ങൾ എന്നിവിടങ്ങളിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണാം. വാലിന്റെ അറ്റത്തു വെള്ള കരയും ഉണ്ടാകും.
മരങ്ങൾ ധാരാളം ഉള്ളയിടങ്ങൾ ആണ് ഇവർക്ക് ഇഷ്ടമെങ്കിലും നമ്മുടെ നാട്ടിൽ വരുന്ന സമയങ്ങളിൽ ചാരക്കുയിലിനെ പാടങ്ങളിലും കൃഷിയിടങ്ങളിലും കാണുവാൻ സാധിക്കും. പുഴുക്കളും ചീവീടുകളും ആണ് ഇവരുടെ ആഹാരം. ഹിമാലയത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആണ് ചാരക്കുയിൽ പ്രജനനം നടത്തുന്നത്. മാർച്ച് മുതൽ ആഗസ്റ്റ് വരെ ആണ് ഇവരുടെ പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ
Related
4
0