
ലേഖകന്‍ 2025 ജൂലൈ 6 ന് ദേശാഭിമാനി പത്രത്തിൽ എഴുതിയത്
നേരിട്ടു ധൂമകേതുവിനെ കാണാൻ കഴിയുക അപൂർവമായ കാഴ്ചയാണ്. ടെലിസ്കോപ്പിലൂടെപ്പോലും ധൂമകേതുവിനെ കാണാൻ കഴിയുക എന്നത് ഒട്ടും സാധാരണമല്ല! കാണുന്നതോ, നമ്മുടെ സൗരയൂഥത്തിൽത്തന്നെയുള്ള ഏതെങ്കിലും ധൂമകേതുവിനെ. അതായത് സൂര്യനെ ചുറ്റുന്നൊരു ധൂമകേതു!
അങ്ങനെയുള്ളപ്പോൾ ദാ വരുന്നൂ അടുത്തൊരു ധൂമകേതു. സൗരയൂഥത്തിനുള്ളിൽ ഉള്ളതല്ല എന്നതാണ് ഈ പുതിയ ധൂമകേതുവിന്റെ പ്രാധാന്യം. നമ്മുടെ സൗരയൂഥത്തിനു പുറത്ത് എവിടെനിന്നോ വഴിതെറ്റി വന്നൊരു അതിഥി. നല്ലൊന്നാന്തരം ഒരു ഇന്റർസ്റ്റെല്ലാർ അതിഥി!
ആഹാ! സയന്റിസ്റ്റുകൾക്കിന് ആഹ്ലാദിക്കാൻ മറ്റെന്തുവേണം! സയന്റിസ്റ്റുകൾ വലിയ സന്തോഷത്തിലാണ്. പക്ഷേ നമ്മൾ സാധാരണക്കാർക്കോ? 3I/ATLAS എന്നു പേരിട്ടിരിക്കുന്ന ഈ ധൂമകേതുവിനെ കണ്ടുപിടിച്ച കഥ കൂടി അറിഞ്ഞാലേ ഈ വാർത്തയെ ആസ്വദിക്കാനാവൂ!

നാളിതുവരെ രണ്ടേ രണ്ട് ഇന്റർസ്റ്റെല്ലാർ ധൂമകേതുക്കളെയേ നാം കണ്ടിട്ടുള്ളൂ. ഇത് മൂന്നാമത്തേത്. ATLAS ടെലിസ്കോപ്പ് സംവിധാനമാണ് ചങ്ങാതിയെ കണ്ടെത്തിയത്. അങ്ങനെ 3I/ATLAS എന്ന പേരും വീണു! കടപ്പാട്: NASA/JPL-Caltech
ഭൂമിക്കൊരു രക്ഷാകവചം
ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് പല തരം വസ്തുക്കളും വന്നുവീഴാനുള്ള സാധ്യതയുണ്ട്. ഇത്തരം വസ്തുക്കൾ അതിവേഗത്തിലാവും സഞ്ചരിക്കുക. ഭൂമിയുമായിട്ടു കൂട്ടിയിടിച്ചാൽ ഒരു പക്ഷേ വലിയൊരു നാശനഷ്ടത്തിനുതന്നെ കാരണമായേക്കാം. കുറച്ചു വലിയ ധൂമകേതുവൊക്കെയാണെങ്കിൽ പറയുകയും വേണ്ട! ഭൂമിയിലെ കുറെയധികം ജീവജാലങ്ങൾതന്നെ ആ കൂട്ടിയിടിയിൽ നാമാവശേഷമാകും!
ഇത്തരം ബഹിരാകാശസഞ്ചാരികളെ നിരന്തരം നിരീക്ഷിക്കാനും കണ്ടെത്താനും ലോകത്തുള്ള വിവിധ ബഹിരാകാശശാസ്ത്രജ്ഞർ രാവും പകലും ഉറക്കമിളച്ചു കാത്തിരിക്കുന്നുണ്ട്. വിവിധ തരം അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ള വസ്തുക്കളെ കണ്ടെത്താൻ നമ്മൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു സംവിധാനമാണ് അറ്റ്‌ലസ്(ATLAS) അഥവാ Asteroid Terrestrial-impact Last Alert System. വലിയൊരു ടെലിസ്കോപ്പ് സമുച്ചയമാണ് ഇതെന്നു പറയാം. സാധാരണ ടെലിസ്കോപ്പ് ഒക്കെ ഏതെങ്കിലും ഒരു സ്ഥലത്താവും ഉണ്ടാവുക. പക്ഷേ ATLAS അങ്ങനെയല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആണ് ഈ ടെലിസ്കോപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹവായ്, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന നാല് ഗംഭീര ടെലിസ്കോപ്പുകൾ. ഹവായിയിൽ രണ്ടു ടെലിസ്കോപ്പുകൾ ഉണ്ട് കേട്ടോ. ഇവ തമ്മിൽ 160 കിലോമീറ്റർ അകലമേ ഉള്ളൂ. പക്ഷേ മറ്റു രണ്ടു ടെലിസ്കോപ്പുകളിൽനിന്ന് പതിനായിരം കിലോമീറ്ററിൽ അധികം വരും അകലം. ഇവയെ ഒരുമിപ്പിച്ച് ഒറ്റ ടെലിസ്കോപ്പുപോലെ പരിഗണിച്ചാണ് ATLAS ന്റെ പ്രവർത്തനം. ഒരു ടെലിസ്കോപ്പിന്റെ സ്ഥലത്ത് രാത്രിയായിരിക്കുമ്പോൾ മറ്റൊരു ടെലിസ്കോപ്പ് നല്ല പകലിൽ ആയിരിക്കും. ചുരുക്കത്തിൽ ഏതെങ്കിലും ഒരു ടെലിസ്കോപ്പെങ്കിലും എല്ലായ്പ്പോഴും രാത്രിയാകാശത്താവും! 24 മണിക്കൂറും തുടർച്ചയായി ആകാശനിരീക്ഷണത്തിന് ഇത് അവസരമൊരുക്കും! എന്തായാലും ഭൂമിയെ ‘ആക്രമിക്കാൻ’ വരുന്ന സകല ബഹിരാകാശവസ്തുക്കളെയും ഏതാനും ദിവസങ്ങൾ മുമ്പുതന്നെ കണ്ടെത്താൻ കഴിയുമെന്നാണ് അറ്റ്‌ലസ് പ്രവർത്തകരുടെ വിശ്വാസം!
നാസ നേരിട്ടല്ലെങ്കിലും നാസയുടെ ഫണ്ടിങ്ങോടെയാണ് ഈ പദ്ധതി പ്രവത്തിച്ചുപോരുന്നത്. ഹവായിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയാണ് അറ്റ്‌ലസിനെ പ്രവർത്തിപ്പിക്കുന്നതും നമുക്ക് വിവരങ്ങൾ തരുന്നതും!

അപ്പോ നമുക്ക് നമ്മുടെ ഇന്റർസ്റ്റെല്ലാർ അതിഥിയിലേക്കു തിരിച്ചുവരാം. ചിലിയിൽ റിയോ ഹർട്ടാഡോയിൽ ഉള്ള എൽ സോസ് ടെലിസ്കോപ്പാണ് ആദ്യമായി ഈ ധൂമകേതുവിനെ നിരീക്ഷിക്കുന്നത്. ധനു രാശിയുടെ ഭാഗത്തുനിന്നായിരുന്നു ഈ നക്ഷത്രാന്തര അതിഥിയുടെ വരവ്. ഇന്റർസ്റ്റെല്ലാർ ഇടത്തുനിന്ന് നാളിതുവരെ നാം രണ്ടേ രണ്ടു വസ്തുക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. 2017ൽ Oumuamua. 2019ൽ Borisov. മൂന്നാമത്തെ ഇന്റർസ്റ്റെല്ലാർ വസ്തുവാണ് ഇപ്പോഴത്തെ ഈ അതിഥി. അതിനാൽത്തന്നെ 3I എന്നാണ് സയന്റിസ്റ്റുകൾ ഈ ചങ്ങാതിയെ വിളിച്ചത്. I എന്നാൽ ഇന്റർസ്റ്റെല്ലാർ എന്നർത്ഥം. പിന്നെ ഈ ചങ്ങാതിയെ കണ്ടെത്തിയ ടെലിസ്കോപ്പു സമുച്ചയത്തിന്റെ പേരുകൂടി കൊടുക്കുമ്പോഴേ പേരിടൽ കർമ്മം അങ്ങോട്ടു പൂർത്തിയാവൂ. അങ്ങനെ 3I/ATLAS എന്ന് ഒഫീഷ്യലായി പേരു കൊടുക്കുകയും ചെയ്തു. (ചെറുഗ്രഹങ്ങൾക്ക് പേരുകൊടുക്കുന്ന ടീംസ് C/2025 N1 (ATLAS) എന്നൊരു പേരുകൂടി ഇതിനു കൊടുത്തിട്ടുണ്ട് കേട്ടോ.)
ഇപ്പോൾ ഈ ചങ്ങാതി 67കോടി കിലോമീറ്റർ അകലെയാണ്. അറ്റ്‌ലസിലെ ടെലിസ്കോപ്പിന്റെ കണ്ടെത്തലിനുശേഷം ലോകത്തെ മറ്റു പല ടെലിസ്കോപ്പുകളും ഈ ഇന്റർസ്റ്റെല്ലാർ അതിഥിയുടെ വരവ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഹോ! എന്തൊരു സ്പീഡ്!
വെള്ളം തെറിപ്പിച്ചുപോണ കാറിനെ നോക്കി, ഹോ! എന്തൊരു സ്പീഡ് എന്നു പറയുന്ന ഭരത് ഗോപിയുടെ കഥാപാത്രം ഈ സൗരേതര അതിഥിയെ കണ്ടാൽ എന്തു പറയുമോ ആവോ.
അതിവേഗതയിലാണ് ഈ ചങ്ങാതിയുടെ വരവ് എന്നത് എടുത്തു പറയണം. നിലവിലെ സൂചനകൾവച്ച് സൂര്യനെ അപേക്ഷിച്ച് സെക്കൻഡിൽ 60 കിലോമീറ്റർ മുതൽ 70 കിലോമീറ്റർവരെ വേഗതയിലാണ് യാത്ര. ഒരു സെക്കൻഡിൽ എറണാകുളം ജില്ലയെ മറികടക്കാൻ കഴിയുന്നത്ര വേഗത. പത്തു സെക്കൻഡുകൊണ്ട് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ യാത്ര ചെയ്തുകളയും ഈ അതിഥി!
ഈ വേഗതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ വേഗത തന്നെയാണ് ഈ വസ്തു സൗരയൂഥത്തിനു പുറത്തുനിന്നാണ് എന്ന് ഉറപ്പിച്ചു പറയാൻ അവസരമൊരുക്കുന്നത്. ഭൂമിയിൽനിന്ന് ഒരു വസ്തുവിനെ ബഹിരാകാശത്തേക്ക് പായിക്കണമെങ്കിൽ ഒരു സെക്കൻഡിൽ 11 കിലോമീറ്റർ വേഗതയിൽ എറിഞ്ഞാൽ മതി എന്നു പറയാറില്ലേ. പലായാനപ്രവേഗം എന്നൊക്കെയാണ് ഇതിന്റെ പേര്. ഭൂഗുരുത്വത്തെ അതിജീവിച്ച് എന്നെന്നേക്കുമായി ഭൂമിയെ വിട്ടുപോകാൻ കഴിയുന്ന വേഗത. സൗരയൂഥത്തെ ആകെയെടുത്താൽ അതിനുമുണ്ട് ഒരു പലായനവേഗത. അതിനെക്കാൾ ഏറെയാണ് സെക്കൻഡിൽ 60കിലോമീറ്റർ എന്നത്. അതായത് സൗരയൂഥത്തിന് പിടിച്ചുവയ്ക്കാൻ കഴിയാത്തത്ര സ്പീഡ്. പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്നു വന്ന് മറ്റേതോ കോണിലേക്ക് യാത്രപോകും എന്നർത്ഥം!
എന്തായാലും ഭൂമിക്ക് ആശ്വസിക്കാൻ വകയുണ്ട്. ഭൂമിയെ ‘ആക്രമിക്കാതെ’ ഈ ഇന്റർസ്റ്റെല്ലാർ അതിഥി കടന്നുപോയ്ക്കോളും. ഭൂമിയുമായി ചുരുങ്ങിയത് 24കോടി കിലോമീറ്റർ എങ്കിലും അകലെക്കൂടിയാവും 3I/ATLAS കടന്നുപോവുക. വരുന്ന ഒക്ടോബർ 30ന് സൂര്യനോട് ഏറ്റവും അടുത്തെത്തും ഈ അതിഥി. അന്നുപോലും സൂര്യനിൽനിന്ന് 21 കോടി കിലോമീറ്റർ അകലത്തിലായിരിക്കും കക്ഷി. ഈ നക്ഷത്രാന്തര അതിഥിയുടെ വലിപ്പവും ആകൃതിയുമെല്ലാം കൃത്യമായി പഠിച്ചുവരുന്നതേ ഉള്ളൂ. പ്രാരംഭനിരീക്ഷണങ്ങൾ പ്രകാരം 10കിലോമീറ്ററൊക്കെ വലിപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ശരിയായാൽ ഇതുവരെ സൗരയൂഥം സന്ദർശിച്ച മറ്റു രണ്ടു വസ്തുക്കളെക്കാളും ഏറെ വലിപ്പം ഇതിനുണ്ടെന്നു വരും. ധൂമകേതുവായതിനാൽ നിറയെ ഐസും മറ്റു വാതകങ്ങളും ഇതിലുണ്ടാകും. വാതകവും ജലബാഷ്പവുമെല്ലാം ചേർന്ന 25000കിലോമീറ്ററോളം നീളമുള്ള വാലും കോമയുമൊക്കെ കാണപ്പെടാമെന്നും പറയുന്നു. ഭൂമിയോട് അടുത്തെത്തിയാൽ മാത്രമേ ഇക്കാര്യത്തിന് കൃത്യത വരൂ.

ഈ ധൂമകേതുവിനെ പാത പഠിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ഹൈപ്പർബോളിക് എന്നറിയപ്പെടുന്ന ഒരു തരം പാതയിലൂടെയാണു സഞ്ചാരം. അതായത് ഏതെങ്കിലും ഒരു വസ്തുവിനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല നമ്മുടെ ഈ അതിഥി ധൂമകേതു. സൗരയൂഥത്തിലേക്കു വരിക. എല്ലാവരെയും കണ്ട് കടന്നുപോവുക. ഇനിയൊരിക്കലും തിരിച്ചുവരാത്ത, ശരിക്കും ഒരു അതിഥി!
എന്തായാലും സെപ്റ്റംബർവരെ ഭൂമിയുള്ള ടെലിസ്കോപ്പുകളിലൂടെ ഈ മൂന്നാം ഇന്റർസ്റ്റെല്ലാർ ധൂമകേതുവിനെ കാണാൻ കഴിയും. അതിനുശേഷം ഭൂമിയിൽനിന്നുള്ള നിരീക്ഷണം നടക്കില്ല. കാരണം സൂര്യന്റെ മറയിലാവും ഇത്. പിന്നീട് ഡിസംബറോട് വീണ്ടും ദൃശ്യമാവും. എന്തായാലും വളരെ നേരത്തെയാണ് ഈ നക്ഷത്രാന്തര ധൂമകോതുവിനെ നാം കണ്ടെത്തിയിരിക്കുന്നത്.
ജെയിംസ് വെബ് ടെലിസ്കോപ്പ് പോലുള്ള ശക്തമായ ടെലിസ്കോപ്പുകളുടെ സഹായത്തോടെയുള്ള നിരീക്ഷത്തിനു സാധ്യതയുണ്ടോ എന്ന കാര്യമൊക്കെ അധികം താമസിയാതെ നമുക്ക് അറിയാം. യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോമറ്റ് ഇന്റർസെപ്റ്റർ ദൗത്യം 2030ഓടെയാവും വിക്ഷേപിക്കുക. അത്തരം ദൗത്യങ്ങൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഈ അതിഥി കോമറ്റിന്റെ അടുത്തു ചെന്ന് വിശദമായി പഠിക്കാൻ അവസരമൊരുങ്ങിയേനെ.
സൗരയൂഥത്തിനു പുറത്തുനിന്നുള്ള ഒരു അതിഥിയെന്നു പറഞ്ഞാൽ അതൊരു വലിയ സംഭവം തന്നെയാണ്. പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽനിന്നാവാം ഇങ്ങേരുടെ വരവ്. ഇതിനെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ കഴിഞ്ഞാൽ പ്രപഞ്ചസങ്കല്പങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കും. സയന്റിസ്റ്റുകളെല്ലാം എന്തായാലും ഇനി കുറച്ചു മാസങ്ങൾ ഈ അതിഥിയുടെ പുറകേ ആവും. കാത്തിരിക്കാം ഈ അതിഥി തരുന്ന പ്രപഞ്ചസന്ദേശത്തിനായി!
വീഡിയോ കാണാം
ലൂക്ക പ്രസിദ്ധീകരിച്ച ധൂമകേതു പതിപ്പ് സ്വന്തമാക്കാം

ധൂമകേതുക്കൾ – ലൂക്ക ലേഖനങ്ങൾ


