കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിൽ തെങ്ങ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം കൃഷിയിട വിസ്തൃതിയുടെ 37 ശതമാനത്തിലധികം പ്രദേശത്തും തെങ്ങ് കൃഷിയാണുള്ളത്. 35 ലക്ഷത്തോളം കേര കർഷകരും. നാളികേര മേഖലയുമായി ബന്ധപ്പെട്ട് കൊപ്ര സംസ്‌ക്കരണം. കയർ വ്യവസായം, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത മേഖലകൾ ഗണ്യമായൊരു വിഭാഗം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു.
ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച് കേരളത്തിൽ 7.66 ലക്ഷം ഹെക്ടർ പ്രദേശത്ത് തെങ്ങു കൃഷിയുണ്ട്. ഇത് ഇന്ത്യയിലെ മൊത്തം തെങ്ങുകൃഷി വിസ്തൃതിയുടെ 37 ശതമാനമാണ്. ഇതിൽ നിന്നുള്ള വാർഷിക ഉല്പാദനം 6209 ദശലക്ഷം നാളികേരവും. ശരാശരി ഉല്പാദനക്ഷമത ഹെക്ടറൊന്നിന് പ്രതിവർഷം 8109 നാളികേരവുമാണ്. കേരളത്തിൽ തെങ്ങിന്റെ ഉല്പാദനക്ഷമത അയൽസംസ്ഥാനമായ തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. അവിടെ ഹെക്ടറൊന്നിന് 13,717 നാളികേരം ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ മൊത്തം നാളികേരോല്പാദനത്തിൽ കേരളത്തിന്റെ സംഭാവന കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ മൊത്തം ഉല്പാദനത്തിന്റെ 28 ശതമാനം മാത്രമേ കേരളത്തിന്റേതായിട്ടുള്ളൂ. അതുപോലെ അടുത്ത കാലത്തായി കേരളത്തിൽ തെങ്ങുകൃഷി വിസ്തൃതി കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. 2008-09 വർഷത്തെ വിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോൾ 2011-12 വർഷത്തെ തെങ്ങുകൃഷി വിസ്തൃതിയിൽ മൂന്നു ശതമാനത്തോളം കുറവുണ്ടായി.
നാളികേരത്തിന്റെ വിലത്തകർച്ചയാണ് തെങ്ങു കൃഷിക്കാരെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി തേങ്ങയുടെ വിലനിലവാരത്തിൽ ഒരു വർദ്ധനവുമുണ്ടായിട്ടില്ല. ഈയടുത്തിടെ കേരവിപണിയിൽ വിലനിലവാരം ചെറിയ തോതിൽ വർദ്ധിച്ചുവരുന്നുണ്ട്. അതേ സമയം കൃഷിച്ചെലവ് പല മടങ്ങായി വർദ്ധിച്ചുവരികയും ചെയ്യുന്നുണ്ട്. കേരകർഷകരുടെ സാമ്പത്തികസ്ഥിതി പരിതാപകരമായ സ്ഥിതിയിലെത്തി നിൽക്കുകയും കൃഷി ആദായകരമാക്കുന്നതിന് ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ തെങ്ങുകൃഷി മേഖലയെ സംരക്ഷിച്ച് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒട്ടേറെ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.
വെളിച്ചെണ്ണയുടെ വില മറ്റു ഭക്ഷ്യ എണ്ണകളുടെ വിലനിലവാരവുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്നു. ആവശ്യത്തിനുള്ള അളവിൽ ഭക്ഷ്യ എണ്ണ ലഭ്യമല്ലാത്തതിനാൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ഇന്ത്യയ്ക്ക് കൂടിയേ തീരൂ. 2011-12 വർഷത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത മൊത്തം ഭക്ഷ്യ എണ്ണയുടെ 77 ശതമാനവും പാമോയിലും അതിന്റെ ഘടകങ്ങളുമായിരുന്നു. വെളിച്ചെണ്ണയുമായി മത്സരിക്കുന്ന പ്രധാന ഭക്ഷ്യ എണ്ണ പാമോയിലാണ്. ഇറക്കുമതി താരീഫിൽ കുറവു വരുത്തിയും സബ്‌സിഡി ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ പാമോയിൽ തുടങ്ങിയ ഭക്ഷ്യ എണ്ണകൾക്ക് നമ്മുടെ ആഭ്യന്തര വിപണിയിൽ വില കുറയുന്ന സാഹചര്യമുണ്ടാകുന്നു. അതുകൊണ്ടുതന്നെ വെളിച്ചെണ്ണയുടെ മത്സരക്ഷമതയും വിപണനസാധ്യതയും പാമോയിലുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യതന്തര രംഗത്ത് കുറഞ്ഞുവരികയും ചെയ്യുന്നു. വെളിച്ചെണ്ണയ്ക്ക് സബ്‌സിഡി ലഭ്യമാക്കാത്തതും അതേസമയം ഇറക്കുമതി ചെയ്യുന്ന പാമോയിൽ സബ്‌സിഡിയോടെ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയും ചെയ്യുന്ന സാഹചര്യം വെളിച്ചെണ്ണയുടെ വിലത്തകർച്ചക്ക് ആക്കംകൂട്ടുന്നു. ഇപ്പോൾ ക്രൂഡ് പാമോയിലിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനം റിഫൈൻഡ് പാമോയിലിന്റേത് 7.5 ശതമാനവുമാണ്. ഈ നിരക്കുകൾ തീർച്ചയായും വർദ്ധിപ്പിക്കണം.
* ഏപ്രിൽ 2009 മുതൽ നാളികേര വികസന ബോർഡിനെ കേരോല്പന്നങ്ങളുടെ (കയറും കയറുല്പന്നങ്ങളുമൊഴികെ) കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ആയി ഇന്ത്യ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. ഇതുവരെയായി 985 കയറ്റുമതി കമ്പനികൾക്ക് നാളികേര വികസന ബോർഡ് രജിസ്‌ട്രേഷനും അംഗത്വവും നൽകിയിട്ടുണ്ട്. 2009 ഏപ്രിലിൽ നിലവിൽവന്ന പുതുക്കിയ വിദേശ വ്യാപാര നയത്തിൽ ‘വിശേഷ് കൃഷി ഗ്രാമ ഉദ്യോഗ യോജന’ പദ്ധതിയുടെ കീഴിൽ വെളിച്ചെണ്ണയെ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കുന്നുണ്ട്. പക്ഷേ ഇനം തിരിച്ചുള്ള കയറ്റുമതി നയത്തിൽ വെളിച്ചെണ്ണ കയറ്റുമതി നിരോധിക്കപ്പെട്ട വിഭാഗത്തിലാണുൾപ്പെടുത്തിയിട്ടുള്ളത്. പ്രധാന കേരോല്പാദന രാജ്യങ്ങളിൽപ്പെടുന്ന മറ്റു തെക്കുകിഴക്കേഷ്യൻ രാജ്യങ്ങൾ വെളിച്ചെണ്ണ കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. കാരണം കയറ്റുമതി രംഗത്ത് ആ രാജ്യങ്ങൾ വളരെ മുമ്പു തന്നെ സജീവമായിട്ടുണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് അന്താരാഷ്ട്ര കേര വാണിജ്യ രംഗത്ത് ഇന്ത്യയുടെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കേരോല്പന്ന കയറ്റുമതി സാധനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം ലഭ്യമാക്കേണ്ടതുണ്ട്. മറ്റു കാർഷികോല്പന്നങ്ങൾക്ക് കയറ്റുമതി രംഗത്ത് ലഭ്യമാകുന്ന പ്രോത്സാഹനങ്ങളും സഹായ പദ്ധതികളും വെളിച്ചെണ്ണ കയറ്റുമതിക്കും ലഭ്യമാക്കണം.
* ദക്ഷിണേഷ്യൻ, ദക്ഷിണ-പൂർവ്വേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയുള്ള സ്വതന്ത്ര വാണിജ്യ ഉടമ്പടികൾ ഇന്ത്യയിലെ തെങ്ങുകൃഷിക്ക് ഏറെ ദോഷം ചെയ്യും, പ്രത്യേകിച്ച് ആ രാജ്യങ്ങളൊക്കെ പ്രധാന കേരോല്പാദക രാഷ്ട്രങ്ങൾ കൂടിയായ സാഹചര്യത്തിൽ. അനുകൂല വിനിമയ നിരക്കുകളുടെ അധികസൗകര്യം ലഭ്യമായതുകൊണ്ട് ശ്രീലങ്ക പോലുള്ള രാജ്യങ്ങൾക്ക് ഉടമ്പടികൾ ഏറെ ഗുണം ചെയ്യും. മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും പാമോയിൽ ഇറക്കുമതിയിലുണ്ടായ വർദ്ധന ഇന്ത്യയിലെ നാളികേര വിലത്തകർച്ചയ്ക്കിടയാക്കുന്ന പ്രധാന ഘടകമാണ്. ഇത്തരം സാഹചര്യങ്ങളിൽ തെങ്ങുകൃഷിയിലേർപ്പെട്ടിട്ടുള്ള ചെറുകിട കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുന്നതിൽ പരിമിതികളുണ്ടെങ്കിൽ പാമോയിൽ ഇറക്കുമതി ഇന്ത്യയിലെ കേരോല്പാദക മേഖലകൾക്കകലെയുള്ള ഭക്ഷ്യ എണ്ണ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ തുറമുഖങ്ങളിൽ കൂടി മാത്രമായി പരിമിതപ്പെടുത്തുകയെങ്കിലും വേണം. മലേഷ്യ തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളിൽ എണ്ണപ്പന കൃഷി വലിയ എസ്റ്റേറ്റുകളിൽ ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതുകൊണ്ട് ഉയർന്ന ഉല്പാദനക്ഷമത കൈവരിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ തുണ്ടവൽക്കരിക്കപ്പെട്ട ചെറിയ കൃഷിയിടങ്ങളിൽ വലിയ പരിപാലനമൊന്നും സാധിക്കാത്ത രീതിയിലാണ് ഇന്ത്യയിലെ തെങ്ങുകൃഷി, അതുകൊണ്ടുതന്നെ വെളിച്ചെണ്ണയ്ക്ക് പാമോയിലുമായി മത്സരിക്കാൻ സാദ്ധ്യമല്ല തന്നെ. ഇപ്പോൾ കുറെയൊക്കെ താരിഫ് സംരക്ഷണം കേരോല്പന്നങ്ങളുടെ ഇറക്കുമതികാര്യത്തിൽ ലഭിക്കുന്നുണ്ടെങ്കിലും സമീപഭാവിയിൽ ആസിയാൻ കരാറിന്റെ പുനർനിർണ്ണയ സമയത്ത് കുറേ ഉല്പന്നങ്ങൾ കൂടി നിയന്ത്രിത ലിസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കേര വ്യവസായം ആഗോളതലത്തിൽ മത്സരക്ഷമമാകുന്നതിനുതകുന്ന വിധത്തിലുള്ള നയരൂപീകരണം നടത്തിയാൽ മാത്രമേ കേരകർഷകർക്ക് നിലനില്പുണ്ടാകുകയുള്ളു. ഭക്ഷ്യസുരക്ഷ, ജീവനസുരക്ഷ, ഗ്രാമീണ മേഖലയിലെ തൊഴിൽലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നാളികേര സ്വതന്ത്ര വാണിജ്യ ഉടമ്പടികളിലും നാളികേരത്തിന് പ്രത്യേക പരിരക്ഷ ഏർപ്പെടുത്തേണ്ടതാണ്.
* കേര കർഷകർക്ക് ആദായകരമായ ഉല്പന്നവില ലഭ്യമാക്കുന്നതിനുള്ള വിപണി ഇടപെടൽ നടപടികളുടെ ഭാഗമായി എണ്ണ കൊപ്രയ്ക്കും ഉണ്ടകൊപ്രയ്ക്കും താങ്ങുവില ഏർപ്പെടുത്തുന്ന രീതി 1986 മുതൽ നടപ്പിലാക്കി വരുന്നുണ്ട്. 2010-ലും 2012ലും വിപണി വില നിലവാരം താങ്ങുവിലയിലും താഴ്ന്നതുകൊണ്ട് വിപുലമായ തോതിലുള്ള കൊപ്ര സംഭരണം നടത്തേണ്ടി വന്നിരുന്നു. വിളവെടുപ്പിന്റെ തോത് ഉയർന്നുനിൽക്കുന്ന വർഷത്തിൽ ആദ്യ ആറുമാസക്കാലയളവിൽ വില നിലവാരത്തിൽ സ്ഥിരത ഉറപ്പാക്കി ആദായകരമായ സാഹചര്യം കർഷകർക്കുറപ്പുവരുത്താൻ ഈ കാലയളവിലാണ് സംഭരണത്തിലൂടെയും മറ്റു നടപടികളിലൂടെയും ഏറെ പരിരക്ഷ നൽകേണ്ടത്. അതുകൊണ്ടുതന്നെ സംഭരണപ്രക്രിയ ആരംഭിക്കുന്നതിന് കാലേകൂട്ടി നടപടികൾ സ്വീകരിക്കുകയും സംഭരണ അളവിന്റെ ലക്ഷ്യം മുൻകൂട്ടി നിശ്ചയിക്കുകയും വേണം. എന്നാൽ മാത്രമേ കേര കർഷകർക്ക് സംഭരണ നടപടികൾ ഗുണപ്രദമാകൂ. 2012-ൽ വിലത്തകർച്ചയുണ്ടായ സാഹചര്യത്തിൽ സംഭരണ നടപടികൾ ഏറെയൊന്നും ഗുണം ചെയ്തിരുന്നില്ല. പ്രധാനമായും വൈകി തുടങ്ങിയ സംഭരണ പ്രക്രിയ കൊണ്ടായിരുന്നു ഇത്. മാത്രമല്ല കുറഞ്ഞ അളവിൽ സംഭരിക്കാൻ മാത്രമുള്ള ക്രമീകരണങ്ങളെ ചെയ്തിരുന്നുള്ളുതാനും. കൊപ്ര സംഭരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരോല്പാദക സംഘങ്ങളിലൂടെ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നിന് സംഘങ്ങൾക്ക് സഹായം ലഭ്യമാക്കണം.
കേരഫെഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ തെരഞ്ഞെടുത്ത കൃഷിഭവനുകളിലൂടെ പച്ചത്തേങ്ങ സംഭരിക്കുന്ന നടപടി തീർച്ചയായും കേരകർഷകർക്ക് ഗുണകരമായിട്ടുണ്ട്. പ്രത്യേകിച്ച് വളരെ കുറച്ചു കർഷകർ മാത്രമേ കൊപ്രയുണ്ടാക്കുന്നുള്ളു എന്നത് കണക്കിലെടുക്കുമ്പോൾ ഭൂരിഭാഗം കർഷകരും പച്ചത്തേങ്ങ നേരിട്ട് വിൽക്കുകയാണ് ചെയ്യുന്നത്. പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാകണമെങ്കിൽ എല്ലാ പഞ്ചായത്തുകളിലെയും കൃഷിഭവനുകളിലൂടെ നടത്തണം. മാത്രമല്ല സംഭരിച്ച തേങ്ങ സൂക്ഷിക്കുന്നതിനും കൊപ്രയാക്കുന്നതിനുമുള്ള സൗകര്യവും എല്ലാ കൃഷിഭവൻ പരിധികളിലും ഒരുക്കേണ്ടതാണ്.
* വർദ്ധിച്ചു വരുന്ന കൃഷിച്ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിക്കേണ്ടതുണ്ട്.
* തെങ്ങിന്റെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുതകുന്ന പരിപാടികൾ കേരളത്തിൽ തെങ്ങുകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായുള്ള ഇടപെടലുകളിൽ ഏറെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതാണ്. ദേശീയ ശരാശരിയെക്കാൾ കുറവാണ് കേരളത്തിന്റെ തെങ്ങിന്റെ ഉല്പാദനക്ഷമത. ഉല്പാദനക്ഷമത കൂടിയ ഇനങ്ങളുടെ കുറഞ്ഞ തോതിൽ മാത്രമുള്ള കൃഷി, പ്രായാധിക്യം കൊണ്ടും കീടരോഗബാധ കൊണ്ടും ഉല്പാദനക്ഷമത വളരെ കുറഞ്ഞ തെങ്ങുകളുടെ ആധിക്യം, ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത, വളപ്രയോഗവും മറ്റ് പരിപാലനമുറകളും കുറഞ്ഞ തോതിൽ മാത്രം അനുവർത്തിക്കുന്ന സാഹചര്യം, തുണ്ടവൽക്കരിക്കപ്പെട്ട ചെറിയ കൃഷിയിടങ്ങളിൽ ഉയർന്ന ഉല്പാദനക്ഷമത കൈവരിക്കാൻ വേണ്ട വിള പരിപാലന രീതികളനുവർത്തിക്കുവാൻ കർഷകർക്കുള്ള പരിമിതികൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കേരളത്തിൽ തെങ്ങിന്റെ കുറഞ്ഞ ഉല്പാദനക്ഷമതയ്ക്കു കാരണമാകുന്നു.
* സുസ്ഥിരമായ കേര വികസനത്തിന് ഒരു പ്രദേശത്തെ തെങ്ങുകൃഷിയിൽ 60% നെടിയ ഇനങ്ങൾ, 20% സങ്കരയിനങ്ങൾ, 20% കുറിയ ഇനങ്ങൾ എന്നിങ്ങനെ ഉല്പാദനം ക്രമീകരിക്കാൻ സാധിക്കണം. എന്നാൽ കേരളത്തിൽ 90% തെങ്ങിൻ തോട്ടങ്ങളിലും നെടിയ ഇനങ്ങളാണ് കൃഷിചെയ്യുന്നത; പ്രധാനമായും പശ്ചിമ തീര നെടിയ ഇനം. ഉല്പാദനക്ഷമത കൂടിയ സങ്കരയിനങ്ങളുടെ കൃഷി വളരെ കുറവാണ്. ലോകത്തിലെതന്നെ ആദ്യത്തെ കേര ഗവേഷണ കേന്ദ്രങ്ങൾ കേരളത്തിലാണുള്ളത്. കാസറഗോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ നിന്നും കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പിലിക്കോട്, നീലേശ്വരം തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് യോജിച്ച ഒട്ടേറെ തെങ്ങിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ഉല്പാദനശേഷി കുറഞ്ഞതും ഉല്പാദനം തുടങ്ങാൻ കൂടുതൽ കാലദൈർഘ്യം വേണ്ടി വരുന്നതുമായ നാടൻ നെടിയ ഇനങ്ങളാണ് ഭൂരിഭാഗം തെങ്ങിൻതോപ്പുകളിലും കൃഷിചെയ്യുന്നത്. നാടൻ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ തന്നെ അവയുടെ ഗുണമേൻമയുള്ള തൈകൾ തെരഞ്ഞെടുത്തു നടുന്നതിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല. കേരളത്തിൽ തെങ്ങുകൃഷി പുതുതായി ആരംഭിക്കുന്നതിന് കൃഷിസ്ഥലം ലഭ്യമാക്കുന്നതിന് പരിമിതിയുണ്ട്. എങ്കിലും പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകൾ മുറിച്ചു മാറ്റി പുതിയ തൈകൾ വെച്ചു പിടിപ്പിക്കുമ്പോൾ മെച്ചപ്പെട്ട ഇനങ്ങൾ തെരഞ്ഞെടുത്തു കൃഷി ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം.
* തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ഉയരം കുറഞ്ഞതും ഉല്പാദനശേഷി കൂടിയതുമായ ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ കേരഗവേഷണ സ്ഥാപനങ്ങൾ ഊന്നൽ നൽകണം.
* കാറ്റു വീഴ്ച രോഗം ബാധിച്ച പ്രദേശങ്ങളിലേക്ക് ചാവക്കാട് കുറിയ പച്ച, മലയൻ കുറിയപച്ച എന്നീ കുറിയ ഇനങ്ങളും ചാവക്കാട് കുറിയ പച്ച പശ്ചിമതീര നെടിയ ഇനം എന്ന സങ്കരയിനവും കൃഷി ചെയ്യുന്നതാണ് കൂടുതൽ പ്രയോജനപ്രദം. ഇവ യഥാക്രമം, കല്പശ്രീ, കല്പരക്ഷ, കല്പസങ്കര എന്നീ പേരുകളിൽ ഇജഇഞക പുറത്തിറക്കിയ ഇനങ്ങളാണ്.
* കേര ഗവേഷണ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, നാളികേര വികസന ബോർഡ് തുടങ്ങിയ ഏജൻസികൾ എന്നിവയുടെ കേര നഴ്‌സറികളിൽ നിന്നും ലഭ്യമാകുന്ന തെങ്ങിൻതൈകൾ കേരളത്തിലെ കർഷകരുടെ തെങ്ങിൻ തൈകൾക്കുവേണ്ടിയുള്ള ആവശ്യം നിറവേറ്റാൻ മാത്രമുള്ള അളവിൽ ലഭ്യമല്ല. അതുകൊണ്ട് പ്രദേശിക തലത്തിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വികേന്ദ്രീകൃത നഴ്‌സറികൾ സ്ഥാപിച്ച് കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള കർഷക പങ്കാളിത്തത്തോടെയുള്ള പരിപാടികൾ നടപ്പാക്കണം. ഇതിനായി നല്ലയിനം മാതൃവൃക്ഷങ്ങൾ കർഷകരുടെ തോട്ടങ്ങളിൽ നിന്നും കണ്ടെത്തണം. അതോടൊപ്പം സങ്കരയിനങ്ങളുടെ തൈകൾ ഉണ്ടാക്കാൻ വേണ്ടി വരുന്ന വിവിധ പിതൃവൃക്ഷങ്ങളിൽ നിന്നുള്ള പൂമ്പൊടി ഗവേഷണ സ്ഥാപനങ്ങളിലെ തെങ്ങിൻ തോട്ടങ്ങളിൽ നിന്നും ലഭ്യമാക്കാവുന്നതാണ്. പ്രാദേശിക തലത്തിൽ തന്നെ സങ്കരയിനങ്ങളുടെ തൈകളുണ്ടാക്കുന്നതിന് കൃത്രിമ പരാഗണം നടത്തുന്ന രീതിയും മറ്റും തെങ്ങുകയറ്റ തൊഴിലാളികളെ പരിശീലിപ്പിച്ചെടുത്ത് പ്രാവർത്തികമാക്കാം.
* ചില ഗ്രാമപഞ്ചായത്തുകൾ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ പ്രയോജനപ്പെടുത്തിയും ഗുണമേൻമയുള്ള തെങ്ങിൻ തൈകളുണ്ടാക്കുന്നതിനുള്ള വികേന്ദ്രീകൃത നഴ്‌സറികൾ സ്വയം സഹായ സംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്നുണ്ട്. നാളികേര വികസനബോർഡ് ഇത്തരം പദ്ധതികൾക്ക് വേണ്ട സഹായം ലഭ്യമാക്കണം.
* കൃഷിവകുപ്പിനു കീഴിലുള്ള ഫാമുകളിലെ കേര നഴ്‌സറികളിൽ സങ്കരയിനങ്ങളുൾപ്പെടെ കേരളത്തിലേക്കു യോജിച്ച മെച്ചപ്പെട്ട തെങ്ങിനങ്ങളുടെ ഗുണമേൻമയുള്ള തൈകൾ ഉദ്പാദിപ്പിച്ചു വിതരണം നടത്തുന്നതിനുവേണ്ടി അനുയോജ്യമായ വിവിധയിനങ്ങളുടെ മാതൃവൃക്ഷങ്ങൾ വളർത്തണം. ഇപ്പോഴുള്ള സർക്കാർ തെങ്ങിൻതോട്ടങ്ങളിൽ ഇത്തരത്തിൽ മാതൃവൃക്ഷങ്ങളുടെ ശേഖരം ഇല്ല. അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന പ്രവർത്തനമാണിത്.
* ആരോഗ്യപാനിയമെന്ന നിലയിൽ ഇളനീരിന് പ്രിയമേറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതുകൊണ്ടുതന്നെ വെറും തെങ്ങുകൃഷി എന്നതിനുപകരം കൂടുതൽ വരുമാനത്തിനായി ഇളനീരിനുവേണ്ടിയുള്ള തെങ്ങുകൃഷിക്ക് ഏറെ സാദ്ധ്യതകളുണ്ട്. സാധാരണ തേങ്ങയ്ക്കു ലഭിക്കുന്ന വിലയുടെ ഇരട്ടിയോളം വില ഇളനീരിനു ലഭ്യമാകും. സി.പി.സി.ആർ.ഐയിൽ നടത്തിയ ഗവേഷണത്തിൽ ചാവക്കാട് കുറിയ ഓറഞ്ച് എന്നയിനമാണ് ഇളനീരിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗംഗാബൊണ്ടം, ചാവക്കാട് കുറിയ പച്ച, മലയൻ കുറിയപച്ച തുടങ്ങിയ മറ്റു ചിലയിനങ്ങളും ഇളനീരിന് യോജിച്ചതാണ്. കേരളത്തിലെ തെങ്ങു കൃഷിക്കാർ ഇളനീരിനുവേണ്ടി വിളവെടുക്കുന്നതിൽ പൊതുവേ വിമുഖരാണ്. കേരളത്തിലുള്ള മൊത്തം തെങ്ങുകളിൽ ഏതാണ്ട് ഒരു ശതമാനം മാത്രമേ കുറിയ ഇനം തെങ്ങുകളുള്ളൂ. കേരളത്തിലെ വിപണികളിൽ ഇളനീരെത്തുന്നത് തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലെ തെങ്ങിൻ തോട്ടങ്ങളിൽ നിന്നുമാണ്. വിപുലമായ വളർച്ചാ സാദ്ധ്യതയുള്ള ഇളനീർ വിപണിയിലേക്ക് ഇളനീരെത്തിക്കുന്നതിനായി കുറിയ ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. ചുരുങ്ങിയത് 25% തെങ്ങിൻതോപ്പുകളുണ്ടെങ്കിലും കുറിയ ഇനങ്ങളുടെ കൃഷിയായി മാറ്റാൻ സാധിക്കണം.
* കുറിയ തെങ്ങിനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം കുറിയ ഇനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ ലഭ്യമല്ല എന്നതാണ്. കർഷകരുടെ തെങ്ങിൻതോപ്പുകളിൽതന്നെ ലഭ്യമായ കുറിയ തെങ്ങിനങ്ങളുടെ മാതൃവൃക്ഷങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ തൈകളുണ്ടാക്കുന്നതിനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. അതുപോലെ ഗവേഷണസ്ഥാപനങ്ങളിലും സർക്കാർ തോട്ടങ്ങളിലും ലഭ്യമായ കുറിയ തെങ്ങിനങ്ങളുടെ മാതൃവൃക്ഷങ്ങളും കുറിയ ഇന തൈകൾ കൂടുതൽ ഉല്പദിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ഫലപ്രദമായി വിനിയോഗിക്കണം. വികേന്ദ്രീകൃത നഴ്‌സറി സമീപനം കേര കർഷക കൂട്ടായ്മകളിലൂടെ നടപ്പാക്കി ഗുണമേൻമയുള്ള കുറിയ ഇന തെങ്ങിൻ തൈകളുല്പാദിപ്പിക്കുന്നതിനും സർക്കാർ പ്രോത്സാഹനം നൽകണം. തെങ്ങു കയറ്റ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാനില്ലാത്ത സാഹചര്യത്തിൽ കുറിയ തെങ്ങിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകണം.
* കേരോത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് തെങ്ങിൻതൈകൾ ഉല്പാദിപ്പിച്ചു വിപണനം നടത്തുന്നതിനുള്ള പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് നാളികേര വികസന ബോർഡും കൃഷിവകുപ്പും സഹായം ലഭ്യമാക്കണം.
* മികച്ച ഉല്പാദനക്ഷമത കൈവരിക്കുന്നതിന് തെങ്ങിൻതോപ്പിൽ അനുകൂലമായ സസ്യസാന്ദ്രത നിലനിർത്തുന്നതിനുതകുന്ന വിധത്തിൽ തെങ്ങുകളുടെ എണ്ണം ഒരേക്കറിൽ 70 എന്ന തോതിൽ പരിമിതപ്പെടുത്തണം. എന്നാൽ കേരളത്തിലെ ഭൂരിഭാഗം തോട്ടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. ഒരേക്കറിൽ 100-ലേറെ തെങ്ങുകളാണ് ഇവിടെയുള്ളത്. ഇത് ഉല്പാദനക്ഷമത കുറയുന്നതിനടയാക്കുന്നു. തെങ്ങുകളുടെ എണ്ണം ശാസ്ത്രീയമായി നിർദ്ദേശിക്കപ്പെട്ട തോതിൽ പരിമിതപ്പെടുത്തുന്ന വിധത്തിൽ തെങ്ങിൻ തോട്ടങ്ങളുടെ പുനഃക്രമീകരണം ലക്ഷ്യമാക്കുന്നതിനായി തെങ്ങ് കൃഷി പുരുദ്ധാരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കണം.
* സമഗ്ര സസ്യ പോഷണത്തിന്റെ അഭാവമാണ് കേരളത്തിൽ തെങ്ങിന്റെ കുറഞ്ഞ ഉല്പാദനക്ഷമതയ്ക്കുള്ള മറ്റൊരു പ്രധാന കാരണം. സുസ്ഥിര കേരോല്പാദനത്തിന് ജൈവവള പ്രയോഗം പ്രധാനമാണ്. എന്നാൽ ആവശ്യത്തിന് ജൈവവളം കിട്ടാനില്ല എന്നത് കേരകർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തെങ്ങോലകൾ ഉൾപ്പെടെ തെങ്ങിൻതോട്ടത്തിൽ തന്നെ ലഭ്യമായ ജൈവാവശിഷ്ടങ്ങൾ പോഷക സമൃദ്ധമായ ജൈവവളമാക്കി തെങ്ങിനുനൽകാൻ കഴിയുന്ന മണ്ണിരക്കമ്പോസ്റ്റ് രീതി വളരെ പ്രസക്തമാണ്. തെങ്ങോലയെ എളുപ്പത്തിൽ മണ്ണിര കമ്പോസ്റ്റാക്കിമാറ്റാൻ കഴിയുന്ന ഒരുതരം മണ്ണിരയെ സി.പി.സി.ആർ.ഐ.യിൽ നടന്ന ഗവേഷണത്തിലൂടെ വേർതിരിച്ചെടുത്തിട്ടുണ്ട്. ഫലപ്രദമായ ജൈവ പുനഃചംക്രമണം തെങ്ങിൻതോപ്പിൽ അനുവർത്തിക്കുന്നതിന് തെങ്ങോലകളുടെ മണ്ണിരകമ്പോസ്റ്റിങ്ങ് വഴി കഴിയും. ഇത് പ്രാവർത്തികമാക്കാൻ കേരകർഷകർക്ക് വേണ്ട പരിശീലനവും മറ്റ് സഹായങ്ങളും ലഭ്യമാക്കണം. തെങ്ങിൻ തടത്തിൽ പയറുവർഗ്ഗ പച്ചിലവളച്ചെടികൾ വളർത്തി വളമായി തെങ്ങിനു നൽകുന്ന രീതിയും പ്രോത്സാഹിപ്പിക്കണം.
* മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ സന്തുലിതമായ രാസവളപ്രയോഗ രീതി ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. രാസവളവില വളരെയേറെ വർദ്ധിച്ചിട്ടുള്ള ഇന്നത്തെ സാഹചര്യത്തിൽ തെങ്ങുകൃഷിക്കാർക്ക് കാര്യക്ഷമമായ വളപ്രയോഗം വഴി മെച്ചപ്പെട്ട ഉല്പാദനക്ഷമത കൈവരിക്കുന്നതിന് സാഹയകമായ പദ്ധതികൾ നടപ്പിലാക്കണം.
* തെങ്ങിനു രാസവളങ്ങൾ കണികജലസേചനത്തോടൊപ്പം നൽകുന്ന ഫെർട്ടിഗേഷൻ രീതി അവലംഭിക്കുന്നതു വഴി തെങ്ങിനു ശുപാർശ ചെയ്തിട്ടുള്ള രാസവളത്തിന്റെ അളവ് നേർപകുതിയായി കുറയ്ക്കുന്നതിനും രാസവളങ്ങളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിനുംസാധിക്കും. രാസവളങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൃഷിച്ചെലവു കുറയ്ക്കുവാൻ സഹായിക്കുന്ന ഫെർട്ടിഗേഷൻ രീതി അനുവർത്തിക്കുന്നതിനായി കേരകർഷകരെ സഹായിക്കണം.
* കേരളത്തിൽ തെങ്ങിന്റെ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന കാരണം കീടരോഗബാധ മൂലമുണ്ടാകുന്ന വിളനഷ്ടമാണ്. സംയോജിത കീട-രോഗ നിയന്ത്രണ രീതികൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അവ കൃഷിയിടങ്ങളിൽ അനുവർത്തിക്കുന്നതിന്റെ തോത് വളരെ കുറവാണ്.
* കേരളത്തിൽ തെങ്ങിന് ഏറ്റവുമധികം വിള നഷ്ടമുണ്ടാക്കുന്നത് ഫൈറോപ്ലാസ്മ എന്ന സൂക്ഷ്മാണു മൂലമുണ്ടാകുന്ന കാറ്റുവീഴ്ച രോഗം മൂലമാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിലാണ് കാറ്റുവീഴ്ച രോഗം വ്യാപകമായി കാണുന്നത്. അടുത്തിടെയായി പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ കാറ്റുവീഴ്ച രോഗം കണ്ടിട്ടുണ്ട്. 1980-കളിൽ നടത്തിയ പഠനത്തിൽ കാറ്റുവീഴ്ച രോഗം വഴി കേരളത്തിന് പ്രതിവർഷം 968 ദശലക്ഷം നാളികേരം നഷ്ടമാകുന്നുവെന്നാണ് കണക്കാക്കിയത്. കാറ്റുവീഴ്ച രോഗത്തിന്റെ വ്യാപ്തിയും അതുമൂലമുള്ള ഇപ്പോഴത്തെ വിള നഷ്ടത്തിന്റെ തോത് നിർണ്ണയിക്കാൻ പഠനങ്ങൾ നടത്തണം. ഗുരുതരമായി രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പ്രതിരോധശേഷിയുള്ള തെങ്ങിനങ്ങളുടെ തൈകൾ നടുന്നതിന് സമഗ്ര പദ്ധതി നടപ്പിലാക്കണം. രോഗം ബാധിച്ച തെങ്ങിൻ തോപ്പുകളിൽ സമഗ്ര വിള പരിപാലന മുറകൾ അനുവർത്തിച്ചാൽ തെങ്ങിന്റെ വിളവ് വർദ്ധിക്കുകയും കൂടുതൽ ആദായകരമാക്കുകയും ചെയ്യാം. ഇതിനായുള്ള പദ്ധതികൾ ഫലപ്രദമായി കർഷക പങ്കാളിത്തത്തോടെ നടപ്പിലാക്കണം. അടുത്തിടെയായി കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ മലയോര പ്രദേശങ്ങളിലെ തെങ്ങിൻതോട്ടങ്ങളിൽ വ്യാപകമായ വിളനാശമുണ്ടാക്കുന്ന രോഗമാണ് കൂമ്പുചീയൽ.
ഫൈറ്റോഫ്‌ത്തോറ പാമിവോറ എന്ന കുമിൾ മൂലമുണ്ടാകുന്ന കൂമ്പുചീയൽ രോഗം ഫലപ്രദമായി നിയന്ത്രിക്കാനുതകുന്ന സംയോജിത രോഗ നിയന്ത്രണ രീതികൾ സി.പി.സി.ആർ.ഐ. യിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രോഗബാധമൂലം രക്ഷപ്പെടുത്താവാത്തവിധം നശിച്ച തെങ്ങുകൾ മുറിച്ചുമാറ്റുക, രക്ഷപ്പെടുത്താൻ സാധിക്കുന്ന തോതിൽ മാത്രം രോഗബാധയേറ്റ തെങ്ങുകൾക്ക് കുമിൾ നാശിനി പ്രയോഗം നടത്തുക, രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടി എന്ന നിലയിൽ രോഗബാധ കണ്ടു വരുന്ന പ്രദേശത്തെ എല്ലാ തെങ്ങുകളിലും കുമിൾനാശിനി പ്രയോഗം (മാങ്കോസെബ് എന്ന കുമിൾനാശിനി 5 ഗ്രാം വീതം സുഷിരങ്ങളിട്ട രണ്ട് പോളിത്തീൻ സഞ്ചികളിൽ നിറച്ച് നാമ്പോടടുത്ത രണ്ട് ഓലക്കവിളുകളിൽ വെച്ചു കൊടുക്കുക) നടത്തുക, തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിർദ്ദേശിച്ച അളവിൽ വളപ്രയോഗം ചെയ്യുക തുടങ്ങിയ നടപടികൾ വഴി കൂമ്പു ചീയൽ രോഗം നിയന്ത്രിക്കാം. ഇതിനായി വിപുലമായ പദ്ധതികൾ നടപ്പിലാക്കണം. തെങ്ങുകയറ്റ തൊഴിലാളികളെ സംയോജിത രോഗ നിയന്ത്രണത്തെ ആസ്പദമാക്കിയുള്ള പരിശീലന പരിപാടികളിലൂടെ സജ്ജരാക്കുകയും വേണം. കൂമ്പുചീയൽ രോഗ നിയന്ത്രണത്തിന് ഒരു പ്രദേശത്തെ കേര കർഷകരുടെ കൂട്ടായ പരിശ്രമം വേണം.
* മണ്ഡരി കീടബാധയുടെ രൂക്ഷത കുറഞ്ഞുവരുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്. തെങ്ങിനു വിള നാശമുണ്ടാക്കുന്ന ചെന്നീരൊലിപ്പു രോഗം, ഓലചീയൽ രോഗം, കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി തുടങ്ങിയ മറ്റു കീട രോഗങ്ങൾക്കെതിരെ കൃത്യസമയത്ത് നിയന്ത്രണ നടപടികളെടുക്കാൻ കേര കർഷകരെ പ്രാപ്തരാക്കണം. പങ്കാളിത്ത വിജ്ഞാന വ്യാപന പരിപാടികൾ സമഗ്ര കീട-രോഗ നിയന്ത്രണ രീതികളെ ആസ്പദമാക്കി നടപ്പിലാക്കുകയും വേണം.
* കൊമ്പൻ ചെല്ലി, തെങ്ങോലപ്പുഴു എന്നീ കീടങ്ങൾക്കെതിരെ ഫലപ്രദമായ ജൈവീക നിയന്ത്രണ രീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കുന്നതിന് കർഷകരെ സഹായിക്കേണ്ടതുണ്ട്.
* ഏകവിള എന്ന രീതിയിൽ തെങ്ങ് കൃഷി ചെയ്യുന്നത് ഒട്ടും ആദായകരമല്ല. പ്രത്യേകിച്ച് ചെറിയ തുണ്ടവൽക്കരിക്കപ്പെട്ട കൃഷിയിടങ്ങളിൽ. അതുകൊണ്ട് തെങ്ങിൻതോപ്പിൽ ലഭ്യമായ അടിസ്ഥാന വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ തെങ്ങിന്റെ വളർച്ചാ ഘട്ടത്തിനനുസരിച്ച് അനുയോജ്യമായ ഇടവിള/മിശ്രവിളകളും സംയോജിപ്പിച്ചുകൊണ്ടുള്ള കേരാധിഷ്ഠിത ബഹുവിള കൃഷി രീതി കേരളത്തിലെ സാഹചര്യങ്ങളിൽ വളരെ പ്രസക്തമാണ്. അതുപോലെ തെങ്ങിൻ തോപ്പിൽ തീറ്റപ്പുല്ല് ഇടവിളയായി വളർത്തി കന്നുകാലി വളർത്തലും തെങ്ങു കൃഷിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര കൃഷി രീതിയും വളരെ പ്രാധാന്യമുണ്ട്. തെങ്ങു കൃഷിയിൽ നിന്നും കൂടുതൽ വരുമാനം നേടുന്നതിനും അതോടൊപ്പം ഭക്ഷ്യപോഷക സുരക്ഷ ഉറപ്പു വരുത്തുന്നതിനും കേരാധിഷ്ഠിത ബഹുവിള സമ്മിശ്ര കൃഷി രീതിയിലൂടെ സാധിക്കും. ഇത്തരം കൃഷിരീതികൾ അനുവർത്തിക്കുന്നതിന് കേര കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകണം.
* തെങ്ങുകൃഷിയിൽ നിന്നും വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു സമീപനം ഉല്പന്ന വൈവിദ്ധ്യവൽക്കരണത്തിലൂടെ മൂല്യ വർദ്ധനവ് കൈവരിക്കുക എന്നതാണ്. കൊപ്രയുടെയും വെളിച്ചെണ്ണയുടെയും മാത്രം വിപണനത്തെ ആശ്രയിക്കാതെ ഉല്പന്ന വൈവിദ്ധ്യവൽക്കരണത്തിനുള്ള സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നാം തയ്യാറാകേണ്ടതുണ്ട്. ഇളനീർ, നാളികേരം, തേങ്ങാവെള്ളം, തെങ്ങിൻതടി, ചിരട്ട, ഓല എന്നിങ്ങനെ തെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഉല്പന്നങ്ങൾ തയ്യാറാക്കി വിപണനം നടത്താവുന്നതാണ്. ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇന്ത്യോനേഷ്യ തുടങ്ങിയ കേരോല്പദാക രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉല്പന്ന വൈവിധ്യത്ക്കരണ രംഗത്ത് ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണ്. കേരോല്പാദക സംഘങ്ങൾ, അവയുടെ ഫെഡറേഷൻ, നാളികേര കമ്പനികൾ എന്നീ ശ്രേണികളിലായി കേരകർഷക കൂട്ടായ്മകൾ ഇപ്പോൾ രൂപീകരിച്ചു പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കേരോല്പന്നവൈവിദ്ധ്യവൽക്കരണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര പദ്ധതികൾ നാളികേര വികസന ബോർഡ്, കൃഷി വകുപ്പ് തുടങ്ങിയ ഏജൻസികൾ വഴി നടപ്പിലാക്കണം.
* ഇപ്പോൾ ഉല്പന്നവൈവിദ്ധ്യവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും ശ്രദ്ധ ലഭിച്ചുവരുന്ന മൂല്യവർദ്ധിത കേരോല്പന്നമാണ് നീര. ആൽക്കഹോളിന്റെ അംശം തീരെയില്ലാത്ത പോഷക സമൃദ്ധമായ ഒരു പ്രകൃതി ദത്ത പാനീയമെന്ന രീതിയിൽ തെങ്ങിന്റെ പൂങ്കുല ചെത്തിയെടുക്കുന്ന നീരയ്ക്ക് വിപുലമായ വിപണി സാദ്ധ്യതകളാണുള്ളത്. കൂടാതെ നീരയിൽ നിന്നും നാളികേര ചക്കര, നാളികേര പഞ്ചസാര തുടങ്ങിയ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്തും കൂടുതൽ വരുമാനമുണ്ടാക്കാം. കേരളത്തിൽ നീര ഉല്പാദിപ്പിക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള സർക്കാരുത്തരവ് നിലവിൽ വന്നുകഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒന്നിൽ കൂടുതൽ യൂണിറ്റുകൾക്കും (1500 തെങ്ങുകൾ ഉൾപ്പെടുത്തി ഒരു യൂണിറ്റ്) മറ്റ് ജില്ലകളിൽ ഓരോ യൂണിറ്റിനും നീര ഉല്പാദിപ്പിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ നാളികേര വികസന ബോർഡിനു കീഴിലുള്ള കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സമിതി സൊസൈറ്റി, ഫെഡറേഷൻ എന്നിവയ്ക്ക് അനുമതി നൽകും. കള്ള് ചെത്ത് മേഖലയിലുള്ളവർക്ക് നീര ചെത്തുന്നതിന് മുൻഗണന നൽകുകയും ആവശ്യത്തിന് തൊഴിലാളികൾ ലഭ്യമല്ലെങ്കിൽ പരിശീലനം നൽകി നീര ടെക്‌നിഷ്യൻസിനെ നിയോഗിക്കുകയും ചെയ്യാവുന്നതാണ്.
* ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നീരയും നീരയിൽനിന്നുള്ള മറ്റു മൂല്യവർദ്ധിത ഉല്പന്നങ്ങളും ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയേക്കാളേറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ട്. നീരയിൽ നിന്നും തയ്യാറാക്കുന്ന നാളികേര പഞ്ചസാര പ്രതിവർഷം 10 ലക്ഷം ടൺ എന്ന തോതിൽ ഇന്തോനേഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്.
* നീര ഉല്പാദിപ്പിക്കുന്നതിന് മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലാബറട്ടറി (DFRL), കേരള കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് മേഖലാ കേന്ദ്രം, കാസറഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം എന്നീ സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക വിദ്യകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അവ വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ ഫലപ്രാപ്തി നിർണ്ണയം നടത്തി സാങ്കേതിക വിദ്യകളുടെ നവീകരണം സാദ്ധ്യമാക്കുന്നതിന് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ‘നീര’ കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കുന്നതിനുതകുന്ന രീതിയിൽ സാങ്കേതിക വിദ്യകളുടെ നവീകരണം വേണം. കൂടാതെ നീരയ്ക്കും, നീരയിൽനിന്നും തയ്യാറാക്കുന്ന മറ്റു മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കും ഉപഭോക്താക്കളുടെ ഇടയിൽ ലഭ്യമാകുന്ന സ്വീകാര്യതയെക്കുറിച്ചും അവരുടെ താൽപര്യങ്ങളെക്കുറിച്ചും അവരുടെ താൽപ്പര്യങ്ങളെക്കുറിച്ചും മറ്റും പഠനങ്ങൾ നടത്തുകയും ആഭ്യന്തര വിപണിയിലേക്കും കയറ്റുമതിക്കുമായി വിപണന തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയും വേണം.
* ഓരോ ജില്ലയ്ക്കും അനുവദിക്കപ്പെട്ട നീര ഉല്പാദന-സംസ്‌ക്കരണ യൂണിറ്റ് നടത്തിക്കൊണ്ടുപോകുന്നതിനായി കോക്കനറ്റ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി/ഫെഡറേഷനുകളെ തെരഞ്ഞെടുക്കൽ, ആവശ്യത്തിനുള്ള ലഭ്യമാക്കൽ, അനുയോജ്യമായ തെങ്ങിൻതോട്ടങ്ങൾ തെരഞ്ഞെടുക്കൽ, അനുവദിക്കപ്പെട്ട എണ്ണം തെങ്ങുകൾ ചെത്തുന്നതിനാവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കൽ, ശേഖരിച്ച നീര സംസ്‌ക്കരിച്ച് വിപണിയിലേക്കെത്തിക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിന് ഫലപ്രദമായ ആസൂത്രണം ആവശ്യമാണ്.
* നീര ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നതുവഴി പ്രതിമാസം ഒരു തെങ്ങിൽ നിന്ന് 1000-1500 രൂപ ലഭ്യമാക്കാമെന്ന് ഗവേഷണസ്ഥാപനങ്ങളിലെ പഠന നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രായോഗിക തലത്തിൽ കൈവരിക്കാൻ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദന-സംസ്‌കരണ-വിപണന പ്രവർത്തനങ്ങൾ ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
* നാളികേര ചക്കര, നാളികേര പഞ്ചസാര തുടങ്ങിയ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും വിപണനത്തിനുമുള്ള പദ്ധതികളും കാര്യക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.
* പരമ്പരാഗത ചെത്ത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാതെ കേര കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്ന വിധത്തിൽ നീര ഉല്പാദന സംസ്‌ക്കരണ വിപണന പദ്ധതികൾ നടപ്പിലാക്കണം.
* നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ തെങ്ങു കൃഷിക്കാരുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനത്തിനായി തെങ്ങിന്റെ ഉല്പാദനക്ഷമത മെച്ചപ്പെടുത്തുകയും കൃഷി ചെലവ് കുറയ്ക്കുന്നതിനും ഉല്പന്ന വൈവിദ്ധ്യവൽക്കരണത്തിലൂടെ കൂടുതൽ വരുമാനം നേടുന്നതിനുമായി കേര കർഷക കൂട്ടായ്മകൾ രൂപീകരിച്ചു വരികയാണ്. ഒരു പ്രദേശത്തെ 40 മുതൽ 100 വരെ കർഷകരെ ഉൾപ്പെടുത്തി (ഏതാണ്ട് 4000-5000 തെങ്ങുകൾ) ഒരു കോക്കനറ്റ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി എന്ന വിധത്തിലാണ് കേരകർഷകരെ സംഘടിപ്പിക്കുന്നത്. ചുരുങ്ങിയത് 10 തെങ്ങെങ്കിലുമുള്ള കർഷകർക്ക് അംഗങ്ങളാകാം. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും അതിനുശേഷം നാളികേര വികസനബോർഡുമായി അഫിലിയേറ്റ് ചെയ്യുകയും വേണം. ഇതേവരെയായി കേരളത്തിൽ 2961 സൊസൈറ്റികൾ നാളികേര വികസന ബോർഡുമായി അഫിലിയേറ്റ് ചെയ്തുകഴിഞ്ഞു. കൂടാതെ 3750 സൊസൈറ്റികൾ രജിസ്‌ട്രേഷനുള്ള നടപടികളുടെ പല ഘട്ടങ്ങളിലുമാണ്. കോക്കനറ്റ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികൾ ചേർന്നുള്ള ഫെഡറേഷനുകളും, കമ്പനികളും രൂപീകരിച്ചു വരുന്നുണ്ട്. ഇതിനകം 136 ഫെഡറേഷനുകൾ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ 190 ഫെഡറേഷനുകൾ രൂപീകരിച്ചു വരുന്നു. കൂടാതെ 11 കോക്കനറ്റ് പ്രൊഡ്യൂസേഴ്‌സ് കമ്പനികളും രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
* നാളികേര വികസന ബോർഡ്, കൃഷി വകുപ്പ്, ത്രിതല പഞ്ചായത്തുകൾ, മറ്റ് കേര വികസന ഏജൻസികൾ തുടങ്ങിയവ നടപ്പിലാക്കുന്ന കേര വികസന പദ്ധതികൾ കർഷക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഉല്പാദക സംഘങ്ങളെയും ഫെഡറേഷനുകളെയും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കേണ്ടതാണ്.
* തെങ്ങു കയറ്റത്തൊഴിലാളികളെ ആവശ്യത്തിനു കിട്ടാനില്ലാത്തതും ഉയർന്ന കൂലി നിരക്കും കേരകർഷകർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഗ്രാമീണ യുവാക്കളെ തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റം പരിശീലിപ്പിക്കുന്നതിനും അതോടൊപ്പം വിളപരിപാലനം, കീടരോഗ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കി കേരകർഷകർക്ക് സേവനം ലഭ്യമാക്കുന്നതിനായി ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ എന്ന പേരിൽ നാളികേര വികസന ബോർഡ് ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ 16,000-ത്തോളം യുവതീയുവാക്കൾ ഇതിനകം പരിശീലിപ്പിക്കപ്പെട്ടു.
* “തെങ്ങിന്റെ ചങ്ങാതിക്കൂട്ടം” പരിപാടിയുടെ ഭാഗമായി പരിശീലനം നേടിയ യുവതീ യുവാക്കളുടെ സേവനം കേരകർഷകരുടെ ആവശ്യത്തിനായി ഫലപ്രദമായി വിനിയോഗിക്കുന്നതിനും തെങ്ങുകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി വിവിധ ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുമായി കേര കർഷക-കർഷകത്തൊഴിലാളി കൂട്ടായ്മകൾ ഗ്രാമ തലങ്ങളിൽ പ്രോത്സാഹിപ്പിക്കണം.
* തെങ്ങുകൃഷിയുടെ അഭിവൃദ്ധിക്കായി ഒട്ടേറെ ഏജൻസികൾ വികസന പദ്ധതികളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വികസന-വിജ്ഞാന-വ്യാപന-ഗവേഷണ ഏജൻസികളുടെ ഏകോപിച്ചുള്ള പ്രവർത്തനം തെങ്ങുകൃഷി മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് അനിവാര്യമാണ്. ത്രിതല ഗ്രാമപഞ്ചായത്തുകൾ, കൃഷി വകുപ്പ്, നാളികേര വികസന ബോർഡ് തുടങ്ങിയ വ്യത്യസ്ത സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേര വികസന പദ്ധതികൾ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് കേര കർഷകരുടെ സജീവ പങ്കാളിത്തത്തോടെയവണം നടപ്പിലാക്കേണ്ടത്. കേര കർഷക കൂട്ടായ്മകൾക്ക് ഉല്പാദന-സംസ്‌ക്കരണ വിപണന കേന്ദ്രങ്ങളിൽ പലപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മുൻകൈയെടുക്കാൻ കഴിയണം.
കേര കർഷകർക്ക് അനുകൂലമായ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുക, കൃഷിച്ചെലവ് കുറയ്ക്കുന്നതിനും ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും സമീപനങ്ങളും പ്രാവർത്തികമാക്കുക, തെങ്ങ് ഏകവിള എന്നതിനുപകരം തെങ്ങിനെ അടിസ്ഥാനമാക്കിയുള്ള ബഹുവിള സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കുക, ഉല്പാദനവൈവിദ്ധ്യവൽക്കരണത്തിലൂടെ കൂടുതൽ വരുമാനം കൈവരിക്കുക തുടങ്ങിയ സമീപനങ്ങൾ തെങ്ങുകൃഷി മേഖല പരിരക്ഷിക്കുന്നതിനും കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
(വികസന കോൺഗ്രസ് അവതരണം)