Read Time:9 Minute

ഡോ.അനുഷ സത്യനാഥ്
നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി

കാലാവസ്ഥാശാസ്ത്ര സാക്ഷരത 

“രണ്ട് ഇംഗ്ലീഷുകാർ കണ്ടുമുട്ടുമ്പോൾ, അവരുടെ ആദ്യത്തെ സംസാരം കാലാവസ്ഥയെക്കുറിച്ചാണ്.” 1758-ൽ ഇംഗ്ലീഷ് എഴുത്തുകാരനായ സാമുവൽ ജോൺസൺ പറഞ്ഞതാണിത്. 250 വർഷങ്ങൾക്ക് ശേഷം ഇന്ന് 2022 ഇൽ കൂടുതൽ ആളുകളുടെ സംസാരവിഷയമായി മാറിക്കഴിഞ്ഞു കാലാവസ്ഥ. മനുഷ്യരാശിക്കും ജൈവമണ്ഡലത്തിനും ഏറ്റവും അടിയന്തിരമായ അസ്തിത്വ ഭീഷണിയായി കാലാവസ്ഥാ വ്യതിയാനം മാറിക്കഴിഞ്ഞു എന്നതാണ് ഇതിന്റെ കാരണം. കാലാവസ്ഥ-പാരിസ്ഥിതിക (Climate-Environmental) അടിയന്തരാവസ്ഥകളുടെ ശാസ്ത്രീയ പശ്ചാത്തലം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ശാസ്ത്രജ്ഞർ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ള ഒന്നാണ് (Ripple et al. 2020, IPCC 2022, IPBES 2019). ഇക്കാലമത്രയും ശാസ്ത്രജ്ഞർ അവരുടെ പഠനങ്ങൾ അവതരിപ്പിക്കുകയും കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് കൈമാറുകയും ചെയ്തു കൊണ്ടിരുന്നു എന്നിരുന്നാലും, ഈ അറിവ് ആവശ്യമായ മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ വരുത്തിയില്ല.

കാലാവസ്ഥാ ശാസ്‌ത്ര സാക്ഷരത എന്നത് നിങ്ങൾക്കും നിങ്ങൾ ജീവിക്കുന്ന സമൂഹത്തിനും മേലുള്ള കാലാവസ്ഥയുടെ സ്വാധീനത്തെക്കുറിച്ചും തിരിച്ചു കാലാവസ്ഥയുടെ മേൽ മനുഷ്യരെന്ന നിലയിൽ നമ്മൾക്കുള്ള സ്വാധീനത്തെക്കുറിച്ചും ഉള്ള ഒരു അടിസ്ഥാന ധാരണയാണ്.

ഇത് ആർക്കും എളുപ്പത്തിൽ ആർജിക്കാവുന്ന ഒന്നാണ്, അതിനു കാലാവസ്ഥ ശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണ്ട. എന്നാൽ കാലാവസ്ഥ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്ന ഈ കാലത്തു ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും. കാലാവസ്ഥാ പഠനങ്ങൾക്കും പ്രവചനങ്ങൾക്കും പ്രശസ്തമായ അമേരിക്കൻ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) കാലാവസ്ഥാ-സാക്ഷരയായ വ്യക്തിയെ നിർവചിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം : ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്ന, കാലാവസ്ഥയെക്കുറിച്ചു ശാസ്ത്രീയമായി വിശ്വസനീയമായ വിവരങ്ങൾ എങ്ങനെ വിലയിരുത്താമെന്ന് അറിയുന്ന, കാലാവസ്ഥയെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് അർത്ഥവത്തായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന, സർവോപരി മനുഷ്യ ഇടപെടലുകൾ എങ്ങനെ കാലാവസ്ഥയെ ബാധിക്കുന്നു എന്നും അതിനാൽ തന്നെ എങ്ങനെയാണു നാം ചെയ്യുന്ന ഓരോ കാര്യങ്ങളിലും ഉത്തരവാദിത്തമുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുക എന്നും അറിയുന്ന ആളാണ് കാലാവസ്ഥ സാക്ഷരയായ വ്യക്തി. പാരിസ്ഥിതിക നീതിയെ കുറിച്ചും, കാലാവസ്ഥാ വ്യതിയാനം വ്യത്യസ്‌ത സമൂഹങ്ങളെ വ്യത്യസ്ത തോതിൽ ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും, അതേ സമൂഹങ്ങൾ എങ്ങനെയാണ് പരിഹാരങ്ങളുടെ ഭാഗമാകുന്നത് എന്നതിനെക്കുറിച്ചും ഇതോടൊപ്പം നാം മനസ്സിലാക്കേണ്ടതാണ്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

കാലാവസ്ഥാശാസ്ത്ര സാക്ഷരത പ്രധാനമാകുന്നത് എന്തുകൊണ്ട്?

  • ഇരുപതാം നൂറ്റാണ്ടിൽ, ഭൂമിയുടെ ആഗോള ശരാശരി ഉപരിതല താപനില ഏകദേശം 0.6°C വർദ്ധിച്ചു. 2000 മുതൽ ഇതുവരെ 0.14°C-ൽ കൂടുതൽ ചൂട് കൂടിയതായി കണക്കാക്കുന്നു. മൊത്തത്തിലുള്ള വർദ്ധനവ് ചെറുതായി തോന്നാമെങ്കിലും, കഴിഞ്ഞ 10,000 വർഷങ്ങളിലെ മാറ്റങ്ങളെ അപേക്ഷിച്ച് അസാധാരണമാം വിധം വേഗത്തിലുള്ള മാറ്റമാണ് ഇത് പ്രതിനിധീകരിക്കുന്നത്.
  • 21-ാം നൂറ്റാണ്ടിൽ, ഭൂമിയുടെ താപനില 20-ാം നൂറ്റാണ്ടിൽ ഉണ്ടായതിനേക്കാൾ വളരെ കൂടുതലായി വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് IPCC അറിയിപ്പ് നൽകുന്നു. ആഗോള സമുദ്രനിരപ്പ് ഉയരുന്നതും ഉഷ്ണതരംഗങ്ങൾ, വരൾച്ചകൾ, വെള്ളപ്പൊക്കം എന്നിവയുടെ ആവൃത്തിയും തീവ്രതയും വർദ്ധിക്കുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. ഈ മാറ്റങ്ങൾ സാമ്പത്തിക അഭിവൃദ്ധി, മനുഷ്യന്റെയും പരിസ്ഥിതിയുടെയും ആരോഗ്യം, ദേശീയ സുരക്ഷ എന്നിവയുൾപ്പെടെ മനുഷ്യ സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ബാധിക്കും.
  • കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ ഒന്നടങ്കം ഒരേ സമയം ഒരേ തോതിൽ ബാധിക്കുന്ന ഒന്നല്ല. ആനുപാതികമായി അവശരും ദുർബലരുമായ ജനങ്ങൾ,ചില തദ്ദേശവാസികൾ, കാർഷിക തീരദേശ ഉപജീവനമാർഗ്ഗങ്ങളെ ആശ്രയിക്കുന്ന പ്രാദേശിക സമൂഹങ്ങൾ എന്നിവരെ ആദ്യം കൂടുതലുമായി ബാധിക്കും.ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ആർട്ടിക് പരിസ്ഥിതി വ്യവസ്ഥകൾ, വരണ്ട പ്രദേശങ്ങൾ, ചെറിയ ദ്വീപ്കൾ, വികസ്വര- അവികസിത രാജ്യങ്ങൾഎന്നിവ ഉൾപ്പെടുന്നു.
  • എല്ലാ ശാസ്ത്ര നിരീക്ഷണങ്ങളും റിപ്പോർട്ട്കളും സൂചിപ്പിക്കുന്നത്, ഭൂമിയുടെ ആഗോള ശരാശരി ഉപരിതല താപനിലയിലെ വർദ്ധനയുടെയും പ്രാഥമിക കാരണം മനുഷ്യന്റെ ഇടപെടലുകളാണെന്നാണ്.
  • കാലാവസ്ഥാ വ്യതിയാനം സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികളും അതോടൊപ്പം അവസരങ്ങളും കൊണ്ടുവരും, കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് ധാരണയുള്ള പൗരന്മാർ രണ്ടിനോടും പ്രതികരിക്കാൻസജ്ജരായിരിക്കും.
  • കാലാവസ്ഥാ രീതികളും വ്യതിയാനവും മനസ്സിലാക്കുകയും അവരുടെ ജീവിത ഇടങ്ങളിലും കരിയറിലും ഇടപഴകുന്നതും ആ അറിവ് എങ്ങനെ പ്രയോഗിക്കണമെന്ന് അറിയുകയും ചെയ്യുന്ന പൗരന്മാരെ സമൂഹത്തിന് ആവശ്യമാണ്
  • കാലാവസ്ഥാ വ്യതിയാനം പൊതു സംവാദത്തിന്റെ ഒരു പ്രധാന ഘടകമായി തുടരും. കാലാവസ്ഥാ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നത് എല്ലാ ആളുകളെയും വാർത്തകൾ വിലയിരുത്താനും വിവരമുള്ള പൗരന്മാരെന്ന നിലയിൽ അവരുടെ ദൈനംദിന സംഭാഷണങ്ങളിൽ സംഭാവന നൽകാനും സഹായിക്കും.

കാലാവസ്ഥാ സാക്ഷരരായിരിക്കുക വഴി, രാജ്യവും ഗ്രഹവും നേരിടുന്ന ഭീഷണികളെ നേരിടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നമ്മുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റങ്ങൾ പ്രാപ്തമാക്കുന്നതിന് ശരിയായ നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും ഉണ്ടെങ്കിൽ, 2050-ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം 40-70% കുറയ്ക്കാൻ കഴിയും എന്ന് തന്നെയാണ് 2022 ലെ IPCC റിപ്പോർട്ടും നമ്മളോട് പറയുന്നത്. കൂടാതെ കാലാവസ്ഥ വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ജീവിതരീതിയിലും ഉപഭോഗത്തിലും നേരിട്ട് സ്വാധീനം ചെലുത്തും. മാതാപിതാക്കൾക്കിടയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്ക വളർത്താൻ കുട്ടികൾക്ക് കഴിയും. ഇതുവഴി അവർക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയും (ലോസൺ, 2019). കാറ്റ് ടർബൈനുകളോ (47 ജിഗാടൺ) സോളാർ പാനലുകളോ (19 ജിഗാടൺ) സ്ഥാപിക്കുന്നതിനേക്കാൾ കൂടുതൽ സ്വാധീനവും മാറ്റവും സമൂഹത്തിൽ കൊണ്ടുവരാൻ ഇതിനു കഴിയും (ക്വാക്ക്, 2021)

അവലംബം

  1. https://www.climate.gov/teaching/what-is-climate-science-literacy
  2. Climate Literacy: The Essential Principles of Climate Sciences, (USGCRP, 2009)
  3. https://www.climateedpolicy.org/resources/what-climate-literacy
Happy
Happy
0 %
Sad
Sad
14 %
Excited
Excited
57 %
Sleepy
Sleepy
14 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post ഇപ്പോഴും കോവിഡ്‌ വ്യാപനം എന്തുകൊണ്ട്‌ ?
Next post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം ഉദ്ഘാടനം
Close