Read Time:4 Minute

ഡോ.ബി.ഇക്ബാൽ

ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ ആവിർഭാവത്തോടെ ആരംഭിച്ച കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങിയെങ്കിലും ഇപ്പോഴും കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വാഭാവികമായും ആശങ്കയുളവാക്കിയിട്ടുണ്ട്.

എന്നാൽ, കേരളത്തിൽ നിന്നോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും (Variants) കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒമിക്രോൺ വകഭേദമാണ് രോഗത്തിന് കാരണമെന്നാണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത് ആശുപത്രി അഡ് മിഷനോ മരണമോ വർധിച്ചിട്ടില്ല,

മഹാമാരികൾ കെട്ടടങ്ങിയാൽ അവയിൽ മിക്കവയും ഒരു പ്രാദേശിക രോഗമായി (Endemic Disease) നിലനിൽക്കുകയാണ് ചെയ്യുക. രോഗാണുക്കൾ മറ്റ് ജീവജാലങ്ങളിൽ തുടർന്നും ഉണ്ടാവും ഇടക്കിടെ അനുകൂലസാഹചര്യങ്ങളിൽ; മനുഷ്യരിലേക്ക് കടക്കയും ചെയ്യും. മനുഷ്യരിൽ മാത്രം കാണുന്ന രോഗാണുക്കളെ മാത്രമേ (മനുഷ്യർ നിശ്ചിത ആതിഥേയരായ-Definitive Host). വാക്സിനേഷനിലൂടെ പൂർണ്ണമായും ഉച്ഛാടനം ചെയ്യാൻ സാധിക്കയുള്ളു. വസൂരി, പോളിയോ വൈറസുകൾ ഈ വിഭാഗത്തിൽ പെട്ടവയായത് കൊണ്ടാണ് അവയെ നിർമ്മാർജ്ജനം (Eradication) ചെയ്യാൻ കഴിയുന്നത്. മറ്റുള്ളവയെ വാസ്കിനേഷനിലൂടെയും ഉചിതായ പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും പെരുമാറ്റരീതികളിലൂടെയും നിയന്ത്രിച്ച് നിർത്താൻ മാത്രമേ കഴിയൂ. ഇക്കാര്യത്തിൽ ഉപേക്ഷകാട്ടിയാൽ ഇടക്കിടെ രോഗം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വാക്സിനും ആന്റിവൈറൽ ചികിത്സയുമുണ്ടെങ്കിലും ഫ്ലൂ വൈറസ് രോഗം (H1N1) ഇപ്പോഴും കേരളത്തിൽ നിലവിലുണ്ട്. കുറഞ്ഞത് വർഷം തോറും 50 പേരെങ്കിലും മരണമടയുന്നുമുണ്ട്. മഹാമാരിയായിരുന്ന കോളറ പോലും ഏതാനും വർഷത്തിന് മുൻപ് ഒരാളുടെ മരണകാരണമായിട്ടുണ്ട്.

കോവിഡിന്റെ കാര്യത്തിൽ രണ്ട് – മൂന്ന് ഡോസ് വാക്സിൻ എടുക്കേണ്ടവർ ഇനിയുമുള്ളത് കൊണ്ട് രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. വലിയ തോതിൽ രോഗം വ്യാപിച്ചിരുന്ന കാലത്തുണ്ടായിരുന്ന താത്പര്യം പലർക്കും രണ്ട്, മൂന്ന് ഡോസ് വാക്സിൻ എടുക്കുന്നതിൽ കാണുന്നില്ല എന്ന യാഥാർത്ഥ്യം കാണാതിരിക്കരുത്. ഇത് പരിഹരിക്കണം. കുട്ടികളിലെ വാക്സിനേഷനും പൂർത്തിയാക്കണം.

രോഗപകർച്ചാ സാധ്യതയുള്ള സന്ദർഭങ്ങളിൽ (ആൾക്കൂട്ടം, അടഞ്ഞ മുറികൾ) മാസ്ക് തുടർന്നും ധരിക്കുന്നതാണുചിതം. പ്രത്യേകിച്ച് പ്രായാധിക്യമുള്ളവരും മറ്റ് രോഗങ്ങളൂള്ളവരും ഇത്തരം സന്ദർഭങ്ങളിൽ മാസ്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സീറോ കോവിവിഡ് (Zero Covid) എന്നൊരു സ്ഥിതി ഒരിക്കലും കൈവരിക്കാനാവില്ലെന്ന് അറിഞ്ഞിരിക്കണം. എന്നാൽ വാക്സിനേഷനും കോവിഡ് പെരുമാറ്റചട്ടങ്ങളും രോഗവ്യാപനം പരിമിതപെടുത്താനും മരണം തടയാനും തീർച്ചയായും സഹായിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.

ഏതെങ്കിലും കേന്ദ്രത്തിൽ ക്ലസ്റ്റർ രൂപത്തിൽ രോഗം പ്രത്യക്ഷപ്പെടുകയോ രോഗികളിൽ സവിശേഷ രോഗലക്ഷണങ്ങൾ പ്രത്യേക്ഷപ്പെടുകയോ ചെയ്താൽ പുതിയ ജനിതക വകഭേദങ്ങൾ ഉത്ഭവിച്ചിട്ടുണ്ടോ എന്നറിയാൻ ജനിതക പരിശോധന (Genome Sequencing) നടത്തേണ്ടതുണ്ട്‌. അതിപ്പോൾ ചെയ്തു വരുന്നുണ്ട്‌. എന്നാൽ ഇനി പുതിയൊരു വകഭേദം ആവിർഭവിച്ചാൽ തന്നെ അത് വ്യാപനസാധ്യത (Infectivity) കൂടിയതാവാമെങ്കിലും രോഗതീവ്രത (Virulence) കുറഞ്ഞതാവാനാണ് സാധ്യത.


 


Happy
Happy
20 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
80 %

Leave a Reply

Previous post നിര്‍മിതബുദ്ധി – ഒരാമുഖം
Next post കാലാവസ്ഥാശാസ്ത്ര സാക്ഷരത 
Close