Read Time:22 Minute

ഡോ. അരുൺ കെ ശ്രീധർ

ഏഷ്യയിലെ ഉയർന്ന പർവത മേഖലകളിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ശ്രദ്ധേയമായ താപനത്തോട് കൂടിയ കാലാവസ്ഥാവ്യതിയാനം ഗണ്യമായി നടന്നുകൊണ്ടിരിക്കുന്നു. തൽഫലമായി വലിയൊരു പ്രദേശത്ത് ഉണക്കലും നനവും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഏഷ്യയിലെ ഉയർന്ന പർവ്വത മേഖലകളിലെ ശുദ്ധജല വിതരണത്തിന്‍റെ സമയത്തെയും അളവിനെയും കാലാവസ്ഥാവ്യതിയാനം ശക്തമായ രീതിയിൽ സ്വാധീനിക്കുന്നു. ഈ ശുദ്ധജലമാണ് താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾ ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും നിത്യോപയോഗത്തിനും ഉപയോഗിക്കുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ ഏഷ്യയിലെ ഉയർന്ന പർവ്വത മേഖലകളിലുള്ള ഹിമാനികൾക്ക്, പ്രദേശത്തെ ജലബഡ്ജറ്റിന്‍മേലുള്ള സ്വാധീനത്തെപ്പറ്റി വളരെ കുറച്ച് പഠനങ്ങളെ നടന്നിട്ടുള്ളൂ. എന്നാൽ ചെറിയ പ്രദേശങ്ങളുടെ സ്കെയിലില്‍ ഇങ്ങനെ ഉള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഏഷ്യയിലെ ഉയർന്ന പർവത മേഖലകളിൽ ഉള്ള ഹിമാനികളില്‍ സംഭരിച്ചു വെച്ചിരിക്കുന്ന ജലത്തെക്കുറിച്ച് (snow water equivalent -SWE) കൃത്യവും വിശദവുമായ ആയ വിവരങ്ങൾ ലഭ്യമല്ല. ഇതിന്റെ കാരണം SWE റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് നിരീക്ഷിക്കാൻ പ്രയാസമാണ് എന്നുള്ളതാണ്.

എന്നിരുന്നാലും ഏഷ്യയിലെ ഉന്നത പർവത മേഖലകളിൽ നടക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രക്രിയകളെ പുറത്തു കൊണ്ടുവരുന്നതിന് ഹിമാനികളില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജലത്തിന് പ്രദേശത്തെ ജലബബഡ്ജറ്റിന്‍മേലുള്ള സ്വാധീനത്തെപ്പറ്റി മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ആഗോളതാപനവും മഞ്ഞുരുകലും

ലോകത്തിലെ ഹിമാനികളുടെ 7.7% സ്ഥിതിചെയ്യുന്നത് തെക്കേ ഏഷ്യയിൽ ആണ്. ലോകജനസംഖ്യയുടെ 10% ജലത്തിനുവേണ്ടി വേണ്ടി ആശ്രയിക്കുന്നത് ഈ ഹിമാനികളെ ആണ്. കാലാവസ്ഥാവ്യതിയാനംമൂലം മഞ്ഞുരുകി ഹിമാനികളുടെ പിൻമാറ്റം സംഭവിക്കുന്നു. കിഴക്കേ ഹിമാലയത്തെ അപേക്ഷിച്ച് പടിഞ്ഞാറൻ ഹിമാലയത്തിലാണ് ഇത്തരത്തിലുള്ള പിന്മാറ്റം കൂടുതലായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹിമാലയത്തിൽ മഞ്ഞിലൂടെ ഒഴുകുന്ന ഹിമാനി ഉരുകിയ വെള്ളം. കടപ്പാട്: വിക്കിപീഡിയ

ആഗോളതലത്തിൽ ഉണ്ടാകുന്ന ഹിമാനികളുടെ പിണ്ഡനഷ്ടവുമായി തട്ടിച്ചുനോക്കുമ്പോൾ ഹിമാലയത്തിൽ ഉണ്ടാകുന്ന ഹിമാനികളുടെ നിർദിഷ്ട നഷ്ടം വളരെ കുറവാണ്. എന്നാൽ ഹിമാലയത്തിൽ ഉയർന്ന നിരക്കിലുള്ള താപനം ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പൊരുത്തക്കേട് ഹിമാലയത്തിലെ ഹിമാനികളെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയതിലെ അനിശ്ചിതത്വത്തിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ഹിമാലയത്തിലെ ഹിമാനികളുടെ പിണ്ഡ നഷ്ടം വളരെ വേഗത്തിൽ സംഭവിക്കുമെന്നാണ്.

തെക്ക് -കിഴക്കൻ ഏഷ്യയിൽ വളരെ കുറഞ്ഞ വേഗതയിലാണ് താപനം നടക്കുന്നത്. എന്നാൽ തെക്കൻ ഏഷ്യയിലും കിഴക്കൻ ഏഷ്യയിലും ശക്തമായ രീതിയിൽ താപനം നടക്കുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഉള്‍ഭാഗങ്ങളിൽ വളരെ ശക്തമായ രീതിയിൽ താപനം നടക്കുന്നു. ടിബറ്റൻ പീഠഭൂമി ഭൂമി ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശങ്ങളിൽ പ്രബലമായ ആയ രീതിയിൽ താപനം നടക്കുന്നു.

പഠനങ്ങൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ 100 വർഷങ്ങളായി ഹിമാലയൻ പ്രദേശത്ത് ആഗോള ശരാശരിയേക്കാൾ (0.74 ഡിഗ്രി സെല്‍ഷ്യസ്) വളരെ കൂടിയ തോതിലാണ് താപനം നടക്കുന്നത് എന്നാണ്. നേപ്പാളിലും, ടിബറ്റൻ പീഠഭൂമിയിലും ഉയരം കൂടുന്നതിനനുസരിച്ച് താപനം കൂടുന്നു. ഈ പ്രതിഭാസം ഹിമാലയൻ പ്രദേശത്ത് ഉടനീളം കാണുന്നു.

ലോക ശരാശരിയേക്കാൾ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികൾ പിൻവാങ്ങിക്കൊണ്ടിരിക്കുന്നത്. ടിബറ്റൻ പീഠഭൂമിയിലെ ഹിമാനികളുടെ വിസ്തീര്‍ണ്ണം കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 4.5%-ഉം കഴിഞ്ഞ 40 വർഷത്തിനുള്ളിൽ 7% -ഉം കുറയുകയുണ്ടായി. ഹിമാനികളുടെ പിൻവാങ്ങൽ മൂലം അപകടകരമായ മണ്ണിടിച്ചിലും അതുപോലെതന്നെ മിന്നൽ പ്രളയവും ഉണ്ടാകാനുള്ള ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. കഴിഞ്ഞ 30 വർഷങ്ങളിൽ ഗംഗോത്രി ഹിമാനി (Gangotri Glacier) പിൻവാങ്ങിയത് കഴിഞ്ഞ് 200 വർഷങ്ങളിൽ പിൻവാങ്ങിയതിന്‍റെ 3 ഇരട്ടിയാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഹിമാലയത്തിലെ സ്ഥിരമായി മഞ്ഞുമൂടപ്പെട്ട പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം വളരെ വേഗത്തിൽ കുറയുന്നു എന്നാണ്. ഇത് ഈ പ്രദേശത്തെ ജലചക്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

പഠനങ്ങൾ സൂചിപ്പിക്കുന്നത് 1979 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ഏഷ്യയിലെ ഉന്നത പർവ്വത മേഖലകളിൽ ഉള്ള മഞ്ഞുകട്ടകളില്‍ സംഭരിച്ചു വച്ചിരിക്കുന്ന പരമാവധി വാർഷിക ജലത്തിന്റെ അളവിൽ കുറവു സംഭവിച്ചു എന്നാണ്. ഏഷ്യയിലെ ഉന്നത പർവ്വത മേഖലകളിലെ കിഴക്കൻ ഭാഗത്തുള്ള വരണ്ട ഉൾപ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന SWE -ൽ ഉള്ള കേവല മാറ്റങ്ങൾ വളരെ കുറവാണെങ്കിലും അപേക്ഷിക മാറ്റങ്ങൾ വളരെ വലുതാണ് എന്നാണ്. ബ്രഹ്മപുത്രയുടെ ഉയർന്ന ഭാഗങ്ങൾ, ഐരാവതി, സാൽമീൻ, മെക്കോങ്ങ, യാങ്സി തുടങ്ങിയ നദീതട പ്രദേശങ്ങളിൽ ഉള്ള ഹിമപാളികളില്‍ കാര്യമായ കുറവ് സംഭവിച്ചിരിക്കുന്നു. ഹിമപാളികളില്‍ കുറവ് സംഭവിച്ചിരിക്കുന്നതിനു അനുസരിച്ച് ആല്‍ബിഡോവിലും (Albedo) കാര്യമായ ആയ കുറവ് സംഭവിച്ചിരിക്കുന്നു (മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവാണ് ആല്‍ബിഡോ).

വാർഷിക ശരാശരി മഞ്ഞുരുകൽ താപവ്യതിയാനത്തോടും മഴയിൽ ഉണ്ടാകുന്ന വ്യതിയാനത്തോടും കാണിക്കുന്ന സംവേദനക്ഷമത ഏഷ്യയിലെ ഉന്നത പറവ പർവത മേഖലകളിൽ ഉടനീളം വലിയ അന്തരമാണ് പ്രദർശിപ്പിക്കുന്നത്. കിഴക്കുഭാഗത്തുള്ള മഞ്ഞനദിയും, യാംഗ്‌സേ നദിയും താപവ്യതിയാനത്തോടും, മഴയിൽ ഉണ്ടാകുന്ന വ്യതിയാനത്തോടും കൂടുതൽ സംവേദനക്ഷമത കാണിക്കുന്നു. എന്നിരുന്നാലും താപനില ആശ്രയിച്ചുള്ള മഞ്ഞുരുകൽ തുടക്കത്തിൽ വളരെ ശക്തമാണെങ്കിലും രേഖീയമായല്ല പ്രവർത്തിക്കുന്നത്. നേരെ മറിച്ച് സിന്ധു-ഗംഗ നദീതടങ്ങൾ താപവ്യതിയാനത്തോട് വളരെ കുറച്ച് സംവേദനക്ഷമതയേ കാണിക്കുന്നുള്ളൂ മാത്രമല്ല ഈ നദീതടങ്ങളിലെ മഞ്ഞുരുകൽ താപനിലയുമായി രേഖീയമായ ബന്ധം പ്രദർശിപ്പിക്കുന്നു.

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഹിമാലയത്തിൽ 9575 ഹിമാനികൾ ഉണ്ട്, ഇവ സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഹിമാനികളില്‍ 90% അധികവും ചെറുതോ, വളരെ ചെറുതോ ആണ് (ഭൂരിഭാഗവും 5 കിലോമീറ്ററിൽ കുറവ് നീളമുള്ളതും ഒരു ചതുരശ്രകിലോമീറ്ററിൽ കുറവ് വിസ്തീർണ്ണം ഉള്ളവയുമാണ്) സിയാച്ചെൻ, ഗംഗോത്രി, സെമു (Siachen, Gangotri, Zemu) തുടങ്ങിയ കുറച്ച് ഹിമാനികൾക്ക് മാത്രമാണ് പത്ത് ചതുരശ്രകിലോമീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ളത്. ഹിമാലയത്തിലെ ജനനിബിഡമായ ജില്ലകളിലാണ് ഇന്ത്യൻ ഹിമാനികൾ സ്ഥിതിചെയ്യുന്നത് അതുകൊണ്ടുതന്നെ പ്രാദേശിക മലിനീകരണം മഞ്ഞുരുകൽ എന്ന പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കുന്നു.

ഒരു ഹിമാനിയുടെ ഏറ്റവും ഉയർന്ന കൊടുമുടിക്ക് മേലെയാണ് Equilibrium Line Altitude അഥവാ ELA എങ്കിൽ ആ ഹിമാനി പതുക്കെ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു. മഞ്ഞുപാളികള്‍ കുമിഞ്ഞു കൂടുന്നതിനെയും, മഞ്ഞുരുകുന്നതിനെയും വേര്‍തിരിക്കുന്ന രേഖയാണ് ELA. ഈ രേഖയില്‍ ഒരു വര്‍ഷത്തിലെ Glacier accumulation-ന്‍റെ തോതും, glacier melting-ന്‍റെ തോതും തുല്യമായിരിക്കും. ഈ രേഖക്ക് മുകളില്‍ Glacier accumulation-നും, താഴെ Glacier melting-ഉം നടക്കുന്നു. അതുകൊണ്ട് ELA-ക്ക് താഴെ ആണ് ഒരു ഹിമ കൊടുമുടി എങ്കില്‍ അത് glacier melting മൂലം പതുക്കെ അപ്രത്യക്ഷമാകാന്‍ തുടങ്ങും. കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഹിമാലയത്തിലെ ELA 300 m മുകളിലേക്ക്  മാറ്റപ്പെട്ടു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹിമാലയത്തിലെ കാലാവസ്ഥ

ഹിമാലയം വലിയതോതിൽ അസ്ഥിരമായ കാലാവസ്ഥയാണ് പ്രദർശിപ്പിക്കുന്നത്. ഹിമാലയത്തിലെ ഹിമാനികൾ ഏഷ്യൻ മൺസൂൺ, Westerlies തുടങ്ങിയവയുടെസ്വാധീനത്തിലാണ് (30 ഡിഗ്രി മുതൽ 60 ഡിഗ്രി അക്ഷാംശങ്ങൾക്കിടയില്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ട് വിടുന്ന ശക്തമായ കാറ്റുകളെ ആണ് Westerlies എന്നുപറയുന്നത്) ഹിമാലയ പർവ്വതം വേനൽക്കാല മൺസൂൺ സമയത്തും അതുപോലെതന്നെ winter Westerlies-ന്‍റെ സമയത്തും ഉണ്ടാകുന്ന അന്തരീക്ഷ ചംക്രമണത്തെ തടയുന്നു. കിഴക്കൻ ഹിമാലയത്തിൽ മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള 8 മാസങ്ങളിൽ വേനൽക്കാല മൺസൂൺ ഉണ്ടാകുന്നു. മധ്യ ഹിമാലയത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസങ്ങളിൽ വേനൽക്കാല മൺസൂൺ ഉണ്ടാകുന്നു. എന്നാൽ പടിഞ്ഞാറൻ ഹിമാലയത്തിൽ ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് ആണ് വേനൽക്കാല മന്‍സൂണ്‍ ഉണ്ടാകുന്നത്. കിഴക്കൻ ഹിമാലയത്തിൽ നിന്നും പടിഞ്ഞാറേക്ക് മണ്‍സൂണുകളുടെ സ്വാധീനം കുറഞ്ഞു വരുന്നു. Westerlies-ന്റെ സ്വാധീനം പടിഞ്ഞാറുനിന്നും കിഴക്കോട്ട് കുറഞ്ഞുവരുന്നു. ഈ കാലാവസ്ഥ വൈവിധ്യങ്ങളോട് ഹിമാനികൾ പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ് ആണ്.

വടക്കുപടിഞ്ഞാറൻ ഹിമാലയത്തിലെ വിവിധ കാലാവസ്ഥാ മേഖലകളും കടപ്പാട് Negi et al.(2018)

1951 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ പടിഞ്ഞാറെ അറ്റത്തുള്ള ജമ്മു കാശ്മീർ ഹിമാലയത്തിൽ ഏറ്റവും കൂടിയ ശരാശരി താപനില, ഏറ്റവും കുറഞ്ഞ ശരാശരി താപനില, വാർഷിക ശരാശരി താപനില എന്നിവയിൽ കുറവ് വന്നതായി Indian Meteorological Department റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കിഴക്കേ അറ്റത്തുള്ള സിക്കിമിലും അരുണാചൽപ്രദേശിലും മുകളിൽ പറഞ്ഞിരിക്കുന്ന ഘടകങ്ങളൊക്കെ കൂടുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1982 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ഹിമാലയത്തില്‍ 1.5 ഡിഗ്രി സെൽഷ്യസ് അധികം ചൂട് അനുഭവപ്പെട്ടു. 21 നൂറ്റാണ്ടിന്റെ പകുതിയാവുമ്പോഴേക്കും ഹിമാലയത്തിൽ 1 മുതൽ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആൽപ്സ് പർവതത്തിന്റെ 2.2% മാത്രമാണ് ഹിമാനികൾ ഉള്ളത്. എന്നാൽ ഹിമാലയപർവതത്തിന്റെ 17% ഹിമാനികളാല്‍ മൂടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹിമാലയത്തിലെ ഹിമാനികളില്‍ വലിയ അളവിൽ ശുദ്ധജലം സംഭരിക്കപ്പെട്ടിരിക്കുന്നു. ഹിമാലയ പ്രദേശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏഷ്യൻ മൺസൂൺ, winter westerlies ഇന്ത്യയിൽ ആരംഭിക്കുന്ന സമയത്തിലും ഇവയുടെ ശക്തിയിലും കാലാവസ്ഥാവ്യതിയാനം വലിയ മാറ്റങ്ങൾ വരുത്തുന്നു.

IPCC-യുടെ (Intergovernmental Panel on Climate Change) നാലാമത്തെ അസെസ്മമെന്റ് റിപ്പോർട്ട് പറയുന്നത് 1950 ശേഷം ഉണ്ടായിരിക്കുന്ന ആഗോളതാപനത്തിന്റെ 90% സംഭവിച്ചിരിക്കുന്നത് ഹരിതഗൃഹവാതകങ്ങളുടെ പ്രസരണം മൂലമാണ് എന്നാണ്. ആഗോളതാപനം ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളെയും അതുപോലെതന്നെ പ്രദേശത്തെ കാലാവസ്ഥയും സാരമായി ബാധിക്കും.

ഹിമാലയൻ നദികൾ

ലോകത്തിലെ നദികളിലൂടെ ഒഴുകുന്ന ജലത്തിന്റെ 50% ഉത്ഭവിക്കുന്നത് പർവ്വത പ്രദേശങ്ങളിൽ നിന്നാണ്. അതുപോലെതന്നെ ലോകജനതയുടെ ആറിലൊന്ന് ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്നത് ഹിമാനികളെ ആണ്. വീട്ടാവശ്യങ്ങൾക്ക് വേണ്ടിയും, കൃഷിക്ക് വേണ്ടിയും, വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയും ഹിമജലത്തെ ആശ്രയിക്കുന്ന ജനസാന്ദ്രതയേറിയ താഴ്ന്ന പ്രദേശങ്ങളിൽ കാലാവസ്ഥവ്യതിയാനം ഉളവാക്കുന്ന ഫലങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്.

ഹിമാലയത്തിലെ വിവിധ പ്രദേശങ്ങൾ. കടപ്പാട് Kulkarni et al.(2018)

Greater Himalayan region ലോകത്തിന്റെ മേൽക്കൂര എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രദേശം ഏഷ്യയിലെ പത്ത് വലിയ നദികളുടെ ഉത്ഭവ സ്ഥാനമാണ് ഈ നദീതടങ്ങളിൽ 7 മഹാ നഗരങ്ങളിലായി 1.3 ബില്യൻ ആളുകൾ താമസിക്കുന്നു. ഹിമാലയന്‍ പ്രദേശത്തെ ജിഡിപിയുടെ അടിസ്ഥാനം എന്ന് പറയുന്നത് ഈ നദീതടങ്ങളിലെ പ്രകൃതിദത്ത വിഭവങ്ങളാണ്. ഹിമാലയൻ നദികളിലൂടെ ഒഴുകുന്ന ജലത്തിന്റെ രണ്ടു മുതൽ 50% വരുന്നത് മഞ്ഞുരുകുന്നത് മൂലമാണ്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളാണ് ഇന്ത്യയിലെ ഉപയോഗപ്രദമായ ഉപരിതലത്തില ജലത്തിന്റെ 50% നൽകുന്നത്. ഒരുവർഷം മഞ്ഞുരുകുന്നത് മൂലം ലഭിക്കുന്ന ജലത്തിന്റെ 60% സിന്ധു നദിയിലേക്കും, 9 ശതമാനം ഗംഗാനദി യിലേക്കും 21% ബ്രഹ്മപുത്ര നദിയിലേക്കും പോകുന്നു. ഗംഗാനദീതടത്തില്‍ മാത്രമായി 50 കോടി ആളുകളാണ് താമസിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം വേഗത്തിൽ മഞ്ഞുരുകുന്നതിനാല്‍ നദികളിലേക്ക് കൂടുതൽ ജലം എത്തിപ്പെടുന്നു എന്നാൽ ഭാവിയിൽ ഹിമാനികളുടെ വ്യാപ്തി കുറയുന്നതിനാൽ ഇങ്ങനെ എത്തിപ്പെടുന്ന ജലത്തിന്റെ അളവ് കുറയുമെന്ന് Miller et al (2012) നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഹിമാലയൻ നദികൾ കടപ്പാട് unacademy

ആഘാതങ്ങൾ

വരൾച്ച, ഉഷ്ണതരംഗം, മിന്നൽപ്രളയം തുടങ്ങിയവയുടെ എണ്ണം കൂടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ആണ്. വിളകൾ നശിക്കുക, പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങൾ പട്ടിണിമരണങ്ങൾ പകർച്ചവ്യാധികളുടെ വ്യാപനം തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരോക്ഷമായ ആഘാതങ്ങൾ ആണ്.

United Nations International Strategy for Disaster Reduction (UNISDR) അഭിപ്രായമനുസരിച്ച് 2008ലും 2007ലും ഉണ്ടായ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച 10 പ്രകൃതിദുരന്തങ്ങളില്‍ 7 എണ്ണം ഉണ്ടായിരിക്കുന്നത് Afghanistan, China, India, Myanmar, Bangladesh, Pakistan തുടങ്ങിയ ICIMOD (international centre for integrated mountain development) അംഗ രാജ്യങ്ങളിലാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തോടൊപ്പം പ്രകൃതിദുരന്തങ്ങളും കൂടുമെന്നാണ്. കിഴക്കൻ ഹിമാലയത്തിലും മധ്യ ഹിമാലയത്തിലും കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞുരുകുന്നത് കൊണ്ട് നിരവധി അപകടകാരികളായ ഹിമതടാകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

ടിബറ്റൻ പീഠഭൂമിയിലുള്ള സസ്യജാലങ്ങളുടെ സ്ഥാനവും വിസ്തീർണവും കാലാവസ്ഥാവ്യതിയാനം മൂലം മാറ്റപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം ഹിമാലയത്തിലെ പുൽമേടുകളുടെ ഉത്പാദനക്ഷമതയേയും, സസ്യജാലങ്ങളുടെ വിതരണത്തേയും ഘടനയെയും സാരമായി ബാധിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം മിതശീതോഷ്ണ പുൽമേടുകളും ശീത മിതോഷ്ണ പൈൻ വനങ്ങളും വികസിക്കുന്നു. എന്നാൽ എന്നാൽ ശീത-മിതോഷ്ണ മരുഭൂമി പ്രദേശങ്ങള്‍ ചുരുങ്ങുന്നു. സസ്യജാലങ്ങളുടെ ലംബമായ വിതരണം കൂടുതൽ ഉയരങ്ങളിലേക്ക് മാറ്റപ്പെടുന്നു.

treeline കടപ്പാട് tropecol

കാലാവസ്ഥാ വ്യതിയാനം മൂലം വനാതിർത്തികളുടെ അക്ഷാംശം മാറ്റപ്പെടുകയും, treeline (ഉയർന്ന പർവ്വത പ്രദേശങ്ങളിൽ മരങ്ങൾക്ക് വളരാൻ സാധിക്കുന്ന പ്രദേശത്തെ അതിർത്തി രേഖയാണ് treeline. ഇതിനു മുകളിൽ മരങ്ങൾക്ക് വളരാൻ സാധ്യമല്ല) കൂടുതൽ ഉയരങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. കൂടാതെ ജീവജാതികളുടേയും സസ്യങ്ങളുടെയും ഘടനയിൽ മാറ്റം സംഭവിക്കുകയും പ്രാഥമിക ഉത്പാദനം കൂടുകയും ചെയ്യുന്നു.

ഹിമാലയത്തിലെ ഹൈഡ്രോ പവർ പ്ലാന്റുകൾ, റോഡുകൾ, പാലങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, തുടങ്ങിയവ കാലാവസ്ഥാവ്യതിയാനം മൂലമുള്ള അപകട ഭീഷണി നേരിടുന്നവയാണ്. കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിലെ പർവ്വതനിവാസികളുടെ ജീവിതത്തെയും, ഉപജീവനമാർഗ്ഗത്തെയും അനിശ്ചിതാവസ്ഥയിൽ ആക്കുന്നു. ആഗോളതാപനം മൂലം വനനശീകരണം സംഭവിക്കുകയും, വന്യ ജീവികളുടെ വാസസ്ഥലം നശിക്കുകയും, ജീവജാലങ്ങൾക്ക് വംശ നാശം സംഭവിക്കുകയും, കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയും, കൃഷി നശിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസങ്ങൾ അപകടകരമായ സാമൂഹിക സമ്മർദം ഉരുത്തിരിയാന്‍ കാരണമാകുന്നു.


ലേഖകൻ ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയിൽ ജിയോളജിസ്റ്റാണ്

അധിക വായനയ്ക്ക്

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ

Leave a Reply

Previous post തക്കുടൂന്റെ യാത്രകള്‍ | തക്കുടു 18
Next post കടലിലും വേണം ദേശീയോദ്യാനങ്ങൾ
Close