Read Time:28 Minute

പി. കെ.ബാലകൃഷ്ണൻ.

വല്ലാതെ ചൂട് വർധിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ചൂടുള്ള വർഷമാണ് ഈ  വർഷമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റമാണിതെന്നും അവർ പറയുന്നു. ഒരോ  വർഷവും തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ ചൂടുള്ള വർഷമെന്നാണ് 2015 മുതൽ തുടർച്ചയായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇപ്പാൾ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ അവലോകന റിപ്പോർട്ടിൽ പറയുന്നത് 2019 ഓടെ പൂർത്തിയായ ദശകം ലോകത്തെ ഏറ്റവും ചൂടു കൂടിയ ദശകമായിരുന്നു എന്നാണ്. ഈ താപ വർധന ഭൂമിയിൽ വലിയ തോതിലുള്ള കാലാവസ്ഥാ മാറ്റമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ മാറ്റത്തിൻ്റെ ശാസ്ത്രം.

കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിന് കാരണം അന്തരീക്ഷ താപനിലയിൽ വന്നു കൊണ്ടിരിക്കുന്ന വർധനവാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ വർധിക്കുന്നതു മൂലമാണ് അന്തരീക്ഷ താപനില ഉയരുന്നത്. ഈ പ്രക്രിയയെ ഹരിത ഗൃഹപ്രഭാവം(Greenhouse effect) എന്നാണ് പറയുന്നത്.ജല ബാഷ്പം, കാർബൺ ഡൈ ഓക്സൈഡ് (CO2) ,കാർബൺ മോണോക്സൈഡ്,മീഥെയിൻ തുടങ്ങിയവയാണ് ഹരിത ഗൃഹ വാതകങ്ങൾ. അന്തരീക്ഷവാതകങ്ങളിൾ അളവിൽ ആനുപാതികമായി കുറവാണെങ്കിലും താപ വർധനവിന്  മുഖ്യമായും കാരണമായിട്ടുള്ളത് CO2 വിൻ്റ അളവ് കൂടിക്കൊണ്ടിരിക്കുന്നതാണ്. ഹരിത ഗൃഹ വാതകങ്ങളും അന്തരീക്ഷ താപനവും തമ്മിലുള്ള ബന്ധം രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായിരുന്ന ജോസഫ് ഫൗറിയർ(Joseph Fourier) ആണ് കണ്ടെത്തിയത്.പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം ഒരു വർഷം നീണ്ടു നിന്ന ശ്രമകരമായ പരീക്ഷണങ്ങൾക്കു ശേഷം 1895 ൽ സ്വീഡിഷ് ഭൗതിക രസതന്ത്രജ്ഞനും സ്വീഡനിലെ ആദ്യ നൊബേൽ സമ്മാന ജേതാവുമായ സ്വാന്തെ അർഹീനിയസ് (Svante Arrhenius) ഹരിത ഗൃഹ പ്രഭാവം എന്ന പരികൽപന മുന്നോട്ടുവെച്ചു. ഇദ്ദേഹത്തെ കാലാവസ്ഥാ വ്യതിയാന ശാസ്ത്രത്തിൻ്റെ പിതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്.

നമ്മൾ മനുഷ്യർ നമുക്കാവശ്യമായ ഊർജം ഉല്പാദിപ്പിക്കാൻ ഫോസിൽ ഇന്ധനങ്ങളെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറത്തേക്ക് വമിക്കുന്ന CO2 അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടുന്നു.ഇതിൻ്റെ ഒരു ഭാഗം ഭൂമിയിലെ സമുദ്രങ്ങളും,വൃക്ഷങ്ങളും ചെടികളും ആഗിരണം ചെയ്യുന്നു.എന്നാൽ നാം ഇപ്പോൾ അന്തരീക്ഷത്തിൽ ഉത്സർജിക്കുന്ന CO2 ഇങ്ങിനെ ആഗിരണം ചെയ്യപ്പെടുന്ന CO2 വിൻ്റെ അളവിനേക്കാൾ എത്രയോ കൂടുതലാണ്.ഇത് അനുദിനം വർധിക്കുകയുമാണ്.

അന്തരീക്ഷത്തിലെ CO2 ശാസത്രജ്ഞർ ഇപ്പോൾ കൃത്യമായി അളന്നു തിട്ടപ്പെടുത്തുന്നുണ്ട്. ഈ അളവിൻ്റെ യൂനിറ്റിനെ പാർട്ട്സ് പെർ മില്ല്യൺ (ppm) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഒരു ദശലക്ഷം(1 മില്യൺ) വായു തന്മാത്രകളിലെ CO2 തൻമാത്രകളുടെ ശരാശരി എണ്ണമാണിതു കൊണ്ടുദ്ദേശിക്കുന്നത്. യഥാർത്ഥത്തിൽ  ഹരിത ഗൃഹ വാതകങ്ങളുടെ സാന്നിധ്യമാണ്  ഭൂമിയെ നമുക്ക് വാസയോഗ്യമാക്കി തീർത്തത്. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് വരുന്ന രശ്മികൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ അതിൻ്റെ ഒരു ഭാഗം ഭൂമി ആഗിരണം ചെയ്യും. മറ്റൊരു ഭാഗം പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് മടങ്ങും. ഇങ്ങിനെ പ്രതിഫലിച്ച് തിരികെ അന്തരീക്ഷത്തിലേക്കെത്തുന്ന താപ രശ്മികളെ (infrared rays) ഹരിത ഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യും.ഇതുമൂലം അന്തരീക്ഷ താപനില വർധിക്കും.ഈ പ്രക്രിയ നടന്നില്ലായിരുന്നെങ്കിൽ ഭൂമിയുടെ ശരാശരി അന്തരീക്ഷ താപനില  – 18°c മാത്രമെ ഉണ്ടാവുള്ളുമായിരുന്നു. അത്തരം ഒരു അതിശൈത്യാവസ്ഥയിൽ നമുക്കിവിടെ ജീവിക്കുക സാധ്യമാവില്ലല്ലൊ. ഹൃരിത ഗൃഹ വാതങ്ങളുടെ സാന്നിധ്യം മൂലം ഭൂമിയുടെ അന്തരീക്ഷ താപനില ശരാശരി15°C ആയി നിലനിൽക്കുന്ന സ്ഥിതിവിശേഷം സംജാതമായി.

എന്നാൽ ഇപ്പോൾ അന്തരീക്ഷത്തിലെ CO2 വിൻ്റെ അളവ് ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ അന്തരീക്ഷ താപനിലയും വർധിക്കുന്നു.

വ്യവസായ വിപ്ലവത്തിനു മുൻപ് ആയിരക്കണക്കിനു വർഷങ്ങളായി ഭൂമിയുടെ അന്തരീക്ഷത്തിലെ CO2വിൻ്റെ ശരാശരിഅളവ് 280 ppm ന് അടുത്തായിരുന്നു. വ്യവസായ വിപ്ലവത്തിനു ശേഷം ഇത് വർധിക്കാൻ തുടങ്ങി. ആദ്യം കൽക്കരിയും, പിന്നീട് പെട്രോളിയം ഉൽപ്പന്നങ്ങളും കത്തിച്ചുള്ള ഊർജ ഉല്പാദനം നാം  ആരംഭിച്ചതിനു ശേഷമാണ് അന്തരീക്ഷത്തിലെ CO2 വർധിക്കാൻ തുടങ്ങിയത്.1958ൽ അമേരിക്കയിൽ ഹവായിലെ മൗനാ ലോവ കുന്നിൻ മുകളിലെ നിരീക്ഷണ കേന്ദ്രത്തിൽ ചാൾസ് ഡേവിഡ് കീലിംഗ് എന്ന ഒരു ശാസ്ത്രജ്ഞനാണ് അന്തരീക്ഷത്തിലെ CO2 കൃത്യമായി അളന്നു തിട്ടപ്പെടത്തുന്ന രീതി ആവിഷ്ക്കരിച്ചത്.

ചാൾസ് ഡേവിഡ് കീലിംഗ്

അതിനു ശേഷമുള്ള ഒരോ വർഷത്തെയും അന്തരീക്ഷത്തിലെ CO2വിൻ്റെ ശരാശരി അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവുകളുടെ ക്രമത്തിലുള്ള വർധനയുടെ രേഖാചിത്രത്തെ കീലിംഗ് കെർവ്( Keeling curve) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.1958ൽ കീലിംഗ് ആദ്യമായി അളക്കാൻ തുടങ്ങിയപ്പോൾ അന്തരീക്ഷത്തിലെ CO2 വിൻ്റെ ശരാശരി അളവ് 310ppm ആയിരുന്നു.എന്നാൽ ഇപ്പോൾ അത് 410ppm ന് മുകളിലാണ്.ഇതിൻ്റെ ഫലം അന്തരീക്ഷ താപനിലയിലെ ഇപ്പോഴത്തെ ശരാശരി വർധന വ്യവസായ വിപ്ലവത്തിനു മുമ്പുള്ളതിനേക്കാൾ 1.1°C കൂടുതലാണ് എന്നതാണ്. ഇത് ശരാശരി വർധനവാണ്. ഈ വർധനവ് ഭൂമിയിൽ വർഷത്തിലെ പല സമയത്തും, പല സ്ഥലത്തും പല രൂപത്തിലായിരിക്കും. കേരളത്തിൽ നാമിപ്പോൾ ചില ജില്ലകളിൽ 2 ഡിഗ്രി മുതൽ 3ഡിഗ്രി വരെ ചൂടു വർധിക്കുന്നതിൻ്റെ വാർത്തകളാണ് കേൾക്കുന്നത്.

1958 മുതൽ 2019 വരെയുള്ള അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ (CO2) സാന്ദ്രതകാണിക്കുന്ന ഗ്രാഫ് കടപ്പാട് വിക്കിപീഡിയ

അന്തരീക്ഷത്തിൽ CO2 വിൻ്റെ അളവ് കൂടുന്നതിന് ആനുപാതികമായി ഇനിയുള്ള വർഷങ്ങളിൽ ചൂടു കൂടും എന്നതാണ് സ്ഥിതി. ഗുരുതരമായ രീതിയിലാണ് CO2 വിൻ്റെ അളവ് വർധിക്കുന്നത്. 1960 കളിൽ ശരാശരി ഒരു വർഷം 0.6ppm നിരക്കിലായിരുന്നു ഈ  വർധനവെങ്കിൽ ഇപ്പോൾ അത് 2.3ppm എന്ന നിലയിൽ ഉയർന്നിരിക്കുന്നു. കഴിഞ്ഞ അറുപത് വർഷക്കാലത്തിനിടയിലെ വർധനവ് അതിനു മുൻപത്തെ സ്വാഭാവിക വർധനവിൻ്റെ 100 മടങ്ങായിരിക്കുകയാണത്രെ. ഇപ്പോൾ ഭൂമിയുടെ പല ഭാഗത്തുമുണ്ടായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ കാലാവസ്ഥാ ദുരന്തങ്ങൾക്ക് കാരണം അന്തരീക്ഷ താപനിലയിൽ ഇപ്പോഴുണ്ടായിട്ടുള്ള മാറ്റമാണ്.

ഒരോ വർഷവും ലോകത്തിൻ്റെ പല ഭാഗത്തുമായി വലിയ കാലാവസ്ഥാ ദുരന്തങ്ങൾ സംഭവിക്കുന്നു.

സമീപകാല കാലാവസ്ഥാ ദുരന്തങ്ങൾ.

2019 ആഫ്രിക്കയിൽ ആഞ്ഞടിച്ച ഇഡായ് കൊടുങ്കാറ്റ് സിംബാവേ, മലാവി ,മൊസാംബിക്ക് എന്നീ രാജ്യങ്ങളിലെ രണ്ടര ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതത്തെയാണ് പ്രയാസത്തിലാക്കിയത്. നിരവധി കുടുംബങ്ങളുടെ വിടുകളും, കൃഷിസ്ഥലങ്ങളും നശിച്ചുപോവുകയും മറ്റു ജീവനോപാധികൾ നഷ്ടപ്പെട്ടു പോവുകയും ചെയ്തു.

കടപ്പാട് വിക്കിപീഡിയ

കഴിഞ്ഞ വർഷം ജൂൺ ജൂലായ് മാസങ്ങളിൽ യൂറോപ്പിലുണ്ടായ ഉഷ്ണ തരംഗം അവരുടെ ചരിത്രത്തിൽ മുമ്പൊരിക്കലും അനുഭവപ്പെടാത്തതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.  അന്തരീക്ഷത്തിലെ ഈർപ്പാവസ്ഥയും ഉഷ്ണവും ചേർന്നുണ്ടാവുന്ന അത്യുഷ്ണം മനുഷ്യർക്ക് ഏറെ ഹാനികരമാണ്. യൂറോപ്പിൽ ഈ അവസ്ഥ കഴിഞ്ഞ മൂന്നു നാലു ദശകത്തിനിടയിൽ വർധിച്ചു കൊണ്ടിരിക്കുന്നതായാണ് നാസയുടെ പoനങ്ങൾ പറയുന്നത്. 2003 ൽ അവിടെയുണ്ടായിരുന്ന ഉഷ്ണ തരംഗത്തിൽ 70,000 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞവർഷം അവിടെ പല സ്ഥലത്തും അന്തരീക്ഷ താപനില 38°c മുതൽ46°c വരെ ഉയർന്നു.ഇതേ കാലയളവിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗവും വലിയ തോതിലുള്ള വരൾച്ചയുമുണ്ടായി. ബീഹാർ, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ അന്തരീക്ഷ താപനില വലിയ തോതിൽ വർധിക്കുകയുണ്ടായി. കഴിഞ്ഞ ഒരു വർഷക്കാലം മാത്രം ലോകത്തിൻ്റെ പല ഭാഗത്തുമായി നിരവധി ദുരന്തങ്ങളാണുണ്ടായത്. കാലിഫോർണിയ, ആസ്ട്രേലിയ, ആമസോൺ മഴക്കാടുകൾ എന്നിവിടങ്ങളിലുണ്ടായ തീപ്പിടുത്തങ്ങൾ ലോകത്തെ നടുക്കിയ ദുരന്തങ്ങളാണ്. ആമസോൺ കാടുകളുടെ നാശം അന്തരീക്ഷത്തിലെ CO2 ആഗിരണം ചെയ്യുന്ന ഒരു പ്രധാന പാരിസ്ഥിതിക ഘടകത്തിൻ്റെ നാശമായാണ് മാറുക.

അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ 90 ശതമാനവും ആഗിരണം ചെയ്തു കൊണ്ടിരുന്ന സമുദ്രങ്ങളുടെ ആഗിരണ ശേഷി പരമാവധിയാവുകയും കടൽ ജലത്തിൻ്റെ താപം വർദ്ധിക്കുകയുമാണ്.ഇത് മൂലം ആർട്ടിക്ക് പ്രദേശത്തെയും, അൻ്റാർട്ടിക്കയിലേയും മഞ്ഞുപാളികൾ വളരെ വേഗം ഉരുകി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് സമുദ്രനിരപ്പ് ഉയരാനുള്ള സാഹചര്യമാണ് സംജാതമാക്കുന്നത്. ഗ്രീൻലാൻഡിൽ നിന്നു തന്നെ കഴിഞ്ഞ ഒരു വർഷക്കാലത്തിന്നിടയിൽ 329 ശതകോടി ടൺ മഞ്ഞുപാളികൾ ഉരുകിയൊഴുകിയത്രെ. ആർട്ടിക് മഞ്ഞുപാളികൾ നശിക്കുമ്പോൾ മറ്റ് ചില അപകട സാധ്യതകൾ കൂടിയുള്ളതായും പറയുന്നു. മഞ്ഞുപാളികളുടെ ധവള പ്രതലം നഷ്ടമാവുമ്പോൾ സൂര്യനിൽ നിന്നുള്ള താപ രശ്മികൾ പ്രതിഫലിപ്പിക്കപ്പെടാതെ കടൽ ജലം ആഗിരണം ചെയ്യുന്ന അവസ്ഥയുണ്ടാവും. കടൽ ജലത്തിൻ്റെ താപം ഇതുമൂലം വീണ്ടും കൂടും. ഇതിനു പുറമെ മഞ്ഞുപാളികൾ ഉരുകി ഒഴുകുമ്പോൾ അവയ്ക്കകത്തെ ശീതീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന പല തരം ജൈവാണുക്കളും, വൈറസുകളും പുറത്ത് വന്ന് പുതിയതരം രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാഹചര്യവും സംജാതമാവും. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് ഒരു മൃഗജന്യ(zoonotic) വൈറസാണെങ്കിൽ ഭാവിയിൽ മറ്റു ചില വൈറസുകൾ കൂടി നമുക്ക് ഭീഷണിയായിത്തീരാനുള്ള സാധ്യത കൂടിയാണുണ്ടാവുക. ഇതിനു പുറമെ കടൽ ജലത്തിൻ്റെ അസഡിറ്റി വർധിക്കുകമൂലം മത്സ്യസമ്പത്തിന് വലിയ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യയിലെ മൺസൂൺ പാറ്റേണിൽ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നതായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരോവർഷവും വേനൽക്കാലം വർധിച്ചു വരുന്ന വരൾച്ചയുടെയും, അത്യുഷ്ണത്തിൻ്റെയും കാലമായി മാറുന്നു.മൺസൂൺ വൈകി എത്തുന്നു.മൺസൂണിൻ്റെ തുടക്കത്തിൽ മഴക്കുറവ് അനുഭവപ്പെടുന്നു. പിന്നീട് അതി ശക്തിയായ മഴയും അതിൻ്റെ ഭാഗമായുള്ള കാലാവസ്ഥാക്കെടുതികളും ഉണ്ടാവുന്നു.

നമ്മുടെ കേരളത്തിലാണെങ്കിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായ പ്രളയക്കെടുതികളും അതിനു മുമ്പുണ്ടായ ഓഖി കൊടുങ്കാറ്റുമെല്ലാം കാലാവസ്ഥയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിൻ്റെ ഫലമാണ്. ഈ വർഷം ഇപ്പോൾ നാം അത്യുഷണമാണനുഭവിക്കുന്നതെങ്കിൽ തുടർന്ന് വരുന്ന മഴക്കാലം എങ്ങിനെ ആയിരിക്കുമെന്ന് ഇപ്പോൾ നമുക്ക് ഊഹിക്കാൻ കഴിയില്ല.

ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിനു കാരണം മനുഷ്യൻ പ്രകൃതിയിൽ നടത്തിയിട്ടുള്ള ഇടപെടൽ മൂലമാണ് എന്നത് കൊണ്ട് ഈ മാറ്റത്തെ മനുഷ്യനിർമിത കാലാവസ്ഥാമാറ്റം (Anthropogenic climate change) എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. അതു കൊണ്ട് നാം ജീവിക്കുന്ന വർത്തമാന ജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ (Anthropocene) എന്നു നാമകരണം ചെയ്തിരിക്കുകയാണ്.ഭൂമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ജിയോളജിക്കൽ കാലഘട്ടങ്ങളെ നിർണയിക്കുന്നതും നാമകരണം ചെയ്യുന്നതും. മനുഷ്യൻ 12000 വർഷങ്ങൾക്ക് മുൻപ് ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയതുമുതലുള്ള കാലത്തെ ഹോളോസീൻ (Holocene) എന്നാണ് പേരിട്ടു വിളിച്ചിരുന്നത്. വ്യവസായ വിപ്ലവത്തിനു ശേഷം ഭൂമിയിൽ മനുഷ്യൻ്റ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന ഭൌതികമാറ്റങ്ങളെ കണക്കിലെടുത്ത് 1800 മുതലുള്ള കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്ന് പേരിട്ടു വിളിക്കാനുള്ള നിർദ്ദേശം രസതന്ത്ര നൊബേൽ സമ്മാന ജേതാവായ ഡച്ച് ശാസ്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട് സെൻ (Paul Jozef Crutzen) മുന്നോട്ടു വെക്കുകയും അത് ശാസ്ത്രലോകം അംഗീകരിക്കുകയുമായിരുന്നു.

പോൾ ജോസഫ് ക്രൂട്ട് സെൻ (Paul Jozef Crutzen) കടപ്പാട് വിക്കിപീഡിയ

കാലാവസ്ഥാ മാറ്റത്തിൻ്റെ രാഷ്ട്രീയം.

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്നും അതിൻ്റെ ഫലമായുണ്ടാവാനിടയുള്ള ദുരന്തങ്ങളെ നേരിടാൻ നാം കൂട്ടായി ചില തയാറെടുപ്പുകൾ നടത്തണമെന്നും വ്യക്തമായിരിക്കുകയാണ്.

ആഗോളതലത്തിലുള്ള കൂട്ടായശ്രമങ്ങളിലൂടെ മാത്രമെ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മനുഷ്യൻ്റെ നില നില്പുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയായി വളരുന്നതിനെ തടയാൻ കഴിയുകയുള്ളൂ. ഈ ഒരു ശ്രമത്തിൻ്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ കാലാവസ്ഥാ ഉച്ചകോടികൾ (UNFCC) നടന്നുവരുന്നത്. അന്തരീക്ഷത്തിലെ CO2 വിൻ്റെ കഴിഞ്ഞ കാലങ്ങളിലെ ആകെ വർധനവിൽ  25 ശതമാനത്തിൻ്റെ ഉത്തരവാദിത്വം അമേരിക്കയ്ക്കും 22 ശതമാനത്തിൻ്റെ ഉത്തരവാദിത്വം യൂറോപ്യൻയൂനിയനുമാണ്. അന്തരീക്ഷത്തിലെ CO2 വിൻ്റെ അളവു കുറയ്ക്കാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ കാലാവസ്ഥാ ഉച്ചകോടികൾ നടക്കുകയും കരാറുകൾ ഉപ്പുവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കയുടെ നിഷേധാത്മക നിലപാട്  ഉടമ്പടികളുടെ നടത്തിപ്പിന് വിഘാതമായിത്തീരുകയാണ് പതിവ്. 1997ൽ ജപ്പാനിലെ ക്യോട്ടോവിൽ ചേർന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ക്യോട്ടോ പ്രോട്ടക്കോൾ (Kyoto protocol)എന്ന പേരിൽ അറിയപ്പെട്ട അന്നത്തെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം അന്തരീക്ഷത്തിലെ CO2 വിൻ്റെ അളവ് കുറയ്ക്കാനുള്ള അധിക ഉത്തരവാദിത്വം വികസിതരാജ്യങ്ങൾ ഏറ്റെടുക്കണമായിരുന്നു.അതോടൊടൊപ്പം ഈ ആവശ്യത്തിനാവശ്യമായ സാങ്കേതിക വിദ്യാ സഹായങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് ലഭ്യമാക്കാൻ ഒരു ആഗോള ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ബിൽക്ലിൻറൺ ഈ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും അമേരിക്കൻ സെനറ്റിൻ്റെ അംഗീകാരം തേടിയില്ല. പിന്നീട് വന്ന പ്രസിഡൻ്റ് ജോർജ് ബുഷ് കരാറിൽ നിന്നു പിന്മാറുകയും ചെയ്തു.

2015 ഡിസംബർ മാസം പാരീസിൽ UN ൻ്റെ ആഭിമുഖ്യത്തിൽ നടന്ന കാലാവസ്ഥാഉച്ചകോടിയിൽ 196 രാഷ്ട്രങ്ങൾ പങ്കെടുത്ത് ഒരു കരാറിന് രൂപം നൽകാൻ തീരുമാനിച്ചു.ഈ കരാറിന് അന്തിമ രൂപം നൽകി പങ്കാളികളായ രാഷ്ട്രങ്ങൾ ഒപ്പുവെച്ചത് 2016ൽ ഭൗമ ദിനമായ ഏപ്രിൽ 22നാണ്. കരാറിൽ ഭൂമിയുടെ അന്തരീക്ഷ താപനില വ്യവസായ വിപ്ലവത്തിനു മുമ്പത്തേതിനേക്കാൾ പരമാവധി  2°Cവർധനവിനുള്ളിൽ പരിമിതപ്പെടുത്താനും അതിന്നാവശ്യമായ നടപടികൾ 1.5°C എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്ക്കരിച്ച് നടപ്പിലാക്കാനും തീരുമാനിച്ചു. എന്നാൽ പിന്നീട് അമേരിക്കയിൽ  റൊണാൾഡ് ട്രംമ്പ് പ്രസിഡൻ്റായി വന്ന ശേഷം കരാറിൽ നിന്ന് പിന്മാറാനുള്ള തീരുമാനമാണുണ്ടായത്. അമേരിക്കൻ ഭരണകൂടത്തിൽ സ്വാധീനമുള്ള ഫോസിൽ ഇന്ധന ലോബികളുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു ഈ പിന്മാറ്റമെന്നാണ് പറയപ്പെടുന്നത്. അമേരിക്കയുടെ ഈ നടപടിയിൽ ലോകജനതയുടെ പ്രതിഷേധം നിലനില്ക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ ശാസ്ത്രത്തെ തന്നെ തള്ളിപ്പറയുന്ന ഒരു നിലപാടാണ് അമേരിക്കൻ പ്രസിഡൻ്റ് കൈക്കൊണ്ടിട്ടുള്ളത്.

ഇതെല്ലാം സൂചിപിക്കുന്നത് മനുഷ്യനിർമിതമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാലാവസ്ഥാമാറ്റം ഒരു മൂലധന വ്യവസ്ഥയുടെ നിർമിതിയാണെന്നും അതിനുള്ള ആഗോള സമൂഹത്തിൻ്റെ പരിഹാരശ്രമങ്ങൾക്ക് തടസ്സമായി നിൽക്കുന്നതും ഈ വ്യവസ്ഥ തന്നെയാണെന്നുമാണ്. അതിനാൽ തന്നെ ചില പ്രമുഖ വിമർശകരുടെ അഭിപ്രായം ഇപ്പോഴത്തെ കാലാവസ്ഥാമാറ്റത്തെ മനുഷ്യനിർമിതമെന്നതിനു പകരം മൂലധ നിർമിതമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നാണ്.

കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള സമയം ഏറെ വൈകിപ്പോയിരിക്കയാണെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. 11000ത്തിലധികം ശാസ്ത്രജ്ഞർ ചേർന്ന് ഒരു ആഗോള കാലാവസ്ഥാ അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
കാലാവസ്ഥാ മാറ്റത്തിൻ്റെ ദുരന്തങ്ങൾ ഏറെയും അനുഭവിക്കേണ്ടി വരിക വരും തലമുറകളാണ്.ഈ തിരിച്ചറിവിൽ സ്വീഡിഷ് സ്ക്കൂൾ വിദ്യാർത്ഥിനിയായ ഗ്രെറ്റാ തും ബെർഗിൻ്റെ നേതൃത്വത്തിൽ ഫ്രൈഡെയിസ്‌ ഫോർ ഫ്യൂച്ചർ (Fridays for future) എന്ന പേരിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ഒരു പ്രക്ഷോഭം തന്നെ രൂപപ്പെടുകയുണ്ടായി.ലോക രാഷ്ട്രങ്ങളിലെ ഭരണ നേതൃത്വങ്ങളുടെ അടിയന്തരിശ്രദ്ധ ആവശ്യപ്പെടുന്ന ഒരു പ്രക്ഷോഭമായാണിത് വളർന്നത്.

കാലാവസ്ഥാ മാറ്റത്തെപ്പോലെ മനുഷ്യൻ്റ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന COVID -19 വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒരു മഹാമാരിയായി ഭൂമിയിലാകെ പടർന്നു പിടിച്ചിട്ടുള്ള ഈ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായുള്ള അടച്ചിടലുകളും സാമൂഹ്യ അകലം പാലിക്കലും എല്ലാം ചേർന്ന് ഉല്പാദന പ്രവർത്തനങ്ങളെ നിശ്ചലാവസ്ഥയിൽ എത്തിച്ചിരിക്കയാണ്. ഊർജ ഉപഭോഗത്തിലും ഗതാഗതത്തിലും വന്നിട്ടുള്ള കുറവ് അന്തരീക്ഷത്തിലെ CO2 വിൻ്റെ അളവ് കുറച്ചിരിക്കുകയാണ്.ഇത് ഭാവിയിൽ രണ്ടു പ്രവണതകൾക്ക് സാഹചര്യമൊരുക്കും. ഒന്ന് CO2 വിൻ്റെ അളവ് കുറച്ചു കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിൻ്റെ പാഠങ്ങൾ പഠിച്ച് അതിനുള്ള പരിശ്രമങ്ങൾക്കാരംഭം കുറിക്കും.മറ്റൊന്ന് പൂർവാധികം ഊർജ ഉപഭോഗത്തിന് സാഹചര്യമൊരുക്കുന്ന വികസന സമീപനം പല രാഷ്ട്രങ്ങളും കൈക്കൊള്ളും. ഇതിൽ ആദ്യത്തേത് നടക്കണമെങ്കിൽ വിപണീ കേന്ദ്രീകൃതമായ മൂലധന വ്യവസ്ഥ ഉപേക്ഷിക്കുകയും സാമൂഹ്യ ഉല്പാദന വ്യവസ്ഥ സ്വീകരിക്കുകയും വേണം. അങ്ങിനെ ഒരു മാറ്റത്തിലേക്ക് ലോകം പോയില്ലെങ്കിൽ രണ്ടാമത്തെ സ്ഥിതിവിശേഷമാണ് ഉണ്ടാവുക.COVID -19 സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി ഇത്തരം ബദൽ ചിന്തകളുടെ അന്തരീക്ഷം ലോകത്ത് സംജാതമാക്കിയിട്ടുണ്ട് എന്നത് മാറ്റങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ചെറിയ ചില പ്രതീക്ഷകൾ നല്ക്കുന്നുണ്ട്. വിപണീ കേന്ദ്രീകൃതമായ മൂലധന വ്യവസ്ഥയ്ക്ക് മനുഷ്യരുടെ ജീവൻ പോലും സംരക്ഷിക്കാൻ സാധ്യമല്ല എന്ന ഒരു തിരിച്ചറിവിലേക്ക് ഒരു പക്ഷെ ഈ മഹാമാരി ലോകജനതയെ എത്തിച്ചേക്കാം.

ഇപ്പോൾ നമുക്ക് ഒരു മഹാമാരിയോടും, കാലാവസ്ഥാ മാറ്റത്തോടും ഒപ്പം ജീവിക്കേണ്ടുന്ന അവസ്ഥയാണുള്ളത്. രോഗത്തെയും കാലാവസ്ഥാ ദുരന്തങ്ങളെയും  പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ അവ നമ്മോടൊപ്പം നിലനില്ക്കുന്ന യാഥാർത്ഥ്യങ്ങളാണ്  എന്ന അവബോധത്തോടെയുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളുമാണ് ഇന്ന് ആവശ്യമായിട്ടുള്ളത്.

ഈ കാര്യത്തിൽ കേരളത്തിൽ നാം നടത്തുന്ന പ്രവർത്തനങ്ങൾ എറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. കാലാവസ്ഥാ മാറ്റത്തിൻ്റെ വിവിധ രൂപത്തിലുള്ള ദുരന്ത സാധ്യകളുള്ള ഒരു ഭൂപ്രദേശമാണ് നമ്മുടെ സംസ്ഥാനം. രണ്ടു പ്രളയങ്ങളെ അഭിമുഖീകരിച്ചതിൽ നിന്നും നാം ചില പാഠങ്ങൾ പഠിച്ചിട്ടുണ്ട്. COVID -19 മറ്റു ചില പാഠങ്ങൾ കൂടി പഠിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ സംജാതമാക്കിയിട്ടുള്ളത്.ഭാവി കേരളത്തിൻ്റെ വികസനം ഈ അനുഭവങ്ങളെ കണക്കിലെടുത്തു കൊണ്ടായിരിക്കണം എന്നും നാം തിരിച്ചറിയുന്നു. അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെയും അപ്രതീക്ഷിതമായി എത്താൻ സാധ്യതയുള്ള മഹാമാരികളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തയാറെടുപ്പുകൾക്കാവണം നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്.


അധിക വായനയ്ക്ക്,

  1. Climate change, What every one needs to know by Joseph Romm.
  2. Why are waiting by Nocholas Stern.
  3. Climate leviathan by Geoff Mann &Joel Wein Wright.
  4. The madhouse effect by Michael E Mann & Tom Toles.
  5. Falter by Bill MacKibben.
  6. https://climateandcapitalism.com/2011/12/20/barry-commoner-ecology-and-social-action

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “അത്യുഷ്ണം പിന്നെ അതിവർഷം – കാലാവസ്ഥ മാറുന്നു.

Leave a Reply

Previous post പരിസ്ഥിതിക്ക് സാവധാന മരണം
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 14
Close