Read Time:13 Minute

ISRO-യുടെ ചന്ദ്രയാൻ വാഹനത്തെയും വഹിച്ചുകൊണ്ടുള്ള മാർക്ക് III റോക്കറ്റ് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നും കുതിച്ചുയർന്നത് ഈ മാസം 14നാണ്. ഏകദേശം ഒന്നര മാസംകൊണ്ട് അത് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചേരും. ചാന്ദ്രയാൻ 3-ൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആർട്ടെമിസിന്റെ വിജയത്തിനായിക്കൂടി പ്രയോജനപ്പെടുത്തും. ചന്ദ്രനിൽ മനുഷ്യനെയും റോബോട്ടുകളെയും എത്തിക്കുന്നതിനുള്ള നാസയുടെ ദൗത്യമാണ് ആർട്ടെമിസ്.

ചന്ദ്രയാൻ ഇറങ്ങുന്ന സ്ഥലം – ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ -CH-2 and CH-3 എന്ന്. രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ Credit: LROC Quickmap / Markings by Jatan Mehta

ചന്ദ്രയാൻ 3

ISRO-യുടെ മൂന്നാമത് ചാന്ദ്രഗവേഷണ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. 2008ൽ ചാന്ദ്രയാൻ ഒന്നും 2019 ജൂലൈ 22ന് ചാന്ദ്രയാൻ രണ്ടും വിക്ഷേപിക്കപ്പെട്ടു. മനുഷ്യനിർമ്മിതമായ ഒരു പേടകത്തെ സുരക്ഷിതമായി ചന്ദ്രനിലിറക്കി ശാസ്ത്രപര്യവേഷണവും ഗവേഷണവും സാധ്യമാക്കുക എന്നതായിരുന്നു ഈ ദൗത്യങ്ങളുട ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങാൻ കഴിയുന്ന ഒരു പേടകവും (lander) ചന്ദ്രനെ വലംവയ്ക്കുന്ന ഒരു ഓർബിറ്ററുമായിരുന്നു (Lunar Orbiter) ചാന്ദ്രയാൻ 1-ന്റെ പ്രധാന ഭാഗങ്ങൾ. ചാന്ദ്രയാൻ രണ്ടിലാകട്ടെ ഓർബിറ്റർ, ലാൻഡർ എന്നിവയെ കൂടാതെ പ്രഗ്യാൻ എന്ന ഒരു റോവറും ഉൾപ്പെട്ടിരുന്നു. ചന്ദ്രന്റെ പ്രതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനമാണ് റോവർ.

ചന്ദ്രയാൻ 2 ഒരു സമ്പൂർണ്ണ വിജയമായിരുന്നില്ല. ചന്ദ്രോപരിതലത്തിൽ ശ്പർശിക്കുന്നതിനു സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെ ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടുകയാണുണ്ടായത്. എങ്കിലും 98% വിജയകരമായ ഒരു പദ്ധതിയായിരുന്നു ചന്ദ്രയാൻ 2 എന്ന് കണക്കാക്കുന്നു. അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ ചന്ദ്രയാൻ മൂന്നിന്റെ സവിശേഷതകൾ എന്തെല്ലാമെന്നു നോക്കാം.

ചന്ദ്രയാൻ 3-ന്റെ ലക്ഷ്യം

ചന്ദ്രയാൻ 2-ലേതിനു സമാനമായ ഒരു ലാൻഡറും റോവറുമാണ് ചാന്ദ്രയാൻ 3-ൽ ഉൾപ്പെട്ടിട്ടുള്ളത്; ഓർബിറ്റർ ഉൾപ്പെട്ടിട്ടില്ല. ചന്ദ്രയാൻ 3 ദൗത്യത്തിന് മൂന്ന് പ്രധാന ലക്ഷ്യങ്ങളാണുള്ളത്.

  1. റോവറും ലാൻഡറും അടങ്ങുന്ന മൊഡ്യൂളിനെ സുരക്ഷിതമായി ചാന്ദ്രോപരിതലത്തിൽ ഇറക്കുക;
  2. റോവറിനെ ചന്ദ്രോപരിതലത്തിൽ വിജയകരമായി പ്രവർത്തിപ്പിക്കുക;
  3. ചാന്ദ്രോപരിതലത്തിൽ വിജയകരമായി ശാസ്ത്രപരീക്ഷണങ്ങൾ നിർവ്വഹിക്കുക.
ചന്ദ്രയാൻ 3 – യാത്രാപഥം – കടപ്പാട് ISRO

ചന്ദ്രനിലേയ്ക്ക്

പ്രൊപ്പൽഷൻ, ലാൻഡർ, റോവർ എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകൾ ഒന്നിച്ചു ചേർന്ന ഒരു സംയോജിത മൊഡ്യൂളാണ് (integrated module) മാർക്ക് III എന്ന റോക്കറ്റിലേറി ചന്ദ്രനിലേക്ക് യാത്ര ആരംഭിക്കുന്നത്. ഭൂമിക്കു ചുറ്റും പരിക്രമണം ചെയ്യാൻ കഴിയുന്ന ഒരു പാതയിൽ സംയോജിത മൊഡ്യൂളിനെ എത്തിക്കുന്നതോടെ മാർക്ക് III റോക്കറ്റിന്റെ ദൗത്യം അവസാനിക്കുന്നു. തുടർന്ന് സംയോജിത മൊഡ്യൂൾ ദീർഘവൃത്താകാരമായ ഒരു പാതയിൽ ഭൂമിയെ വലംവയ്ക്കാനാരംഭിക്കും.

ചന്ദ്രനിലേക്ക് പുറപ്പെടുന്ന സംയോജിതമൊഡ്യൂൾ (integrated module) – കടപ്പാട് ISRO

ക്രമേണ, പ്രൊപ്പൽഷൻ മൊഡ്യൂളിലെ എഞ്ചിൻ പ്രവർത്തിപ്പിച്ച്, സംയോജിത മൊഡ്യൂൾ അതിന്റെ ദീർഘവൃത്തപാതയുടെ ദൈർഘ്യം ഓരോ പരിക്രമണത്തിലും വർദ്ധിപ്പിക്കുന്നു. ഇങ്ങനെ, പാതയുടെ ദൈർഘ്യം വർദ്ധിച്ച് വർദ്ധിച്ച്, ഒരവസരത്തിൽ സംയോജിത മൊഡ്യൂൾ ചന്ദ്രനടുത്ത്, ചന്ദ്രനിൽ നിന്നും ഏകദേശം 100 കി.മീറ്റർ. ഉയരത്തിൽ, ചന്ദ്രന്റെ ഗുരുത്വാകർഷണ പരിധിയിൽ എത്തിച്ചേരും. അപ്പൊൾ സംയോജിത മൊഡ്യൂളിന ചന്ദ്രൻ പിടിച്ചെടുക്കുകയും അത് ചന്ദ്രനെ പരിക്രമണം ചെയ്യാനാരംഭിക്കുകയും ചെയ്യും. പിന്നീട് ലാൻഡർ-റോവർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേർപെട്ട് ചന്ദ്രിലേക്കിറങ്ങാനാരംഭിക്കുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ 100 കി.മീ. ഉയരെയുള്ള പരിക്രമണപഥത്തിൽ തന്നെ സ്ഥിതി ചെയ്യും.

ലാൻഡർ-റോവർ മൊഡ്യൂളിന്റെ ചിത്രീകരണം – കടപ്പാട് ISRO

2023 ഓഗസ്റ്റ് 23ന് ലാൻഡറും റോവറും അടങ്ങുന്ന മൊഡ്യൂൾ വിജയകരമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയെ ചന്ദ്രോപരിതലത്തിനു മുകളിൽ 100കി.മീ. യരത്തിലുള്ള ഭ്രമണപഥത്തിൽ വരെ എത്തിക്കുന്നത് പ്രൊപ്പൽഷൻ മൊഡ്യൂളാണ്. ഭ്രമണപഥത്തിൽ സ്ഥിതിചെയ്തുകൊണ്ട് തന്നെ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറും.

ചന്ദ്രയാൻ 3-ന്റെ പ്രതീക്ഷിത ദൗത്യകാലം

സൗരോർജ്ജം ഉപയോഗിച്ചാണ് മൊഡ്യൂൾ ഉപകരണങ്ങൾ പ്രധാനമായും പ്രവർത്തിക്കുക, അതിനാൽ ദൗത്യത്തിന്റെ ദൈർഘ്യം ചന്ദ്രന്റെ ഒരു പകലായാണ് നിശ്ചയിച്ചിരിക്കുന്നത് (14 ഭൌമദിനങ്ങളാണ് ചന്ദ്രന്റെ ഒരു പകൽ). ഇന്ധനം മിച്ചമുള്ള പക്ഷം കുറച്ച് ദിവസങ്ങൾകൂടി ഈ ഉപകരണങ്ങൾക്ക് പ്രവർത്തിക്കാനാകും

ലാൻഡർ

ഒരു പെട്ടിയുടെ ആകൃതിയിലുള്ള ലാൻഡറിൽ ചന്ദ്രോപരിതലത്തിൽ മെല്ലെ ഇറങ്ങാനാകുന്ന (soft landing) തരത്തിൽ നിർമ്മിച്ചിട്ടുള്ള നാല് കാലുകളും ലാൻഡറിന്റെ വീഴ്ചകുറയ്ക്കാനായി അതിനെ മുകളിലേക്ക് തള്ളുന്ന നാല് ചെറു റോക്കറ്റുകളും (ത്രസ്റ്ററുകൾ) ഘടിപ്പിച്ചിരിക്കുന്നു. ഏകദേശം 26കിലോഗ്രാമാണ് ലാൻഡറിന്റെ ഭാരം.

ലാൻഡറിലെ പ്രധാന ഉപകരണങ്ങൾ (payloads) ഇവയാണ്:

  • ഛചന്ദ്രോപരിതലത്തിലെ താപനില, താപചാലകത എന്നിവ അളക്കുന്നതിനുള്ള ChaSTE (Chandra’s Surface Thermo physical Experiment).
  • ചന്ദ്രോപരിതലത്തിലെ ഭൂകമ്പങ്ങൾ കണ്ടെത്തുന്നതിനുള്ള ILSA (Instrument for Lunar Seismic Activity).
  • ചാന്ദ്രോപരിതലത്തിലെ പ്ലാസ്മാമവസ്ഥയിലുള്ളതോ അത്യുന്നത താപനിലയിലുള്ളതോ ആയ വാതകങ്ങളുടെ സാന്ദ്രതയെ പറ്റി പഠിക്കുന്നതിനുള്ള ലാങ്മുയർ പ്രോബ് (Langmuir Probe – LP).
  • ലേസർ രശ്മികളുപയോഗിച്ച് ദൂരം അളക്കുന്നതിനായി NASA വികസിപ്പിച്ച ഒരു ലേസർ ദർപ്പണവ്യൂഹം (Laser Retroreflector Array).
റോവർ മാതൃക – കടപ്പാട് ISRO

റോവർ

ആറു ചക്രങ്ങൾ ഘടിപ്പിച്ച ചതുരാകൃതിയിലുള്ള ചട്ടത്തിൽ ഉറപ്പിച്ചിട്ടുള്ള ഒരു ചെറു വാഹനമാണ് റോവർ. റോവറിൽ നിന്നുള്ള സന്ദേശങ്ങൾ ലാൻഡറിന് കൈമാറുകയും ലാൻഡർ ഈ സന്ദേശങ്ങളെ ഭൂമിയിൽ എത്തിക്കുകയും ചെയ്യും.

ലാൻഡറിൽ നിന്നും റോവർ പുറത്തുവരുന്നതിന്റെ ചിത്രീകരണം. കടപ്പാട് : ISRO

ചന്ദ്രോപരിതലത്തിലെ മണ്ണിലും പാറകളിലുമുള്ള മൂലകങ്ങളെ തിരിച്ചറിയാനും ഇവയുടെ രാസഘടന തിരിച്ചറിയാനും സാധിക്കുന്ന ഒരു ആൽഫാകണ എക്സ്-റെ സ്പെക്ട്രോമീറ്റർ (Alpha Particle X-ray Spectrometer – APXS), ഒരു ലേസർ അധിഷ്ടിത സ്പെക്ട്രോമീറ്റർ (Laser Induced Breakdown Spectroscope – LIBS) എന്നിവ റോവറിൽ ഘടിപ്പിച്ചിരിക്കുന്നു.

റോവറിന്റെ ഘടന

പ്രൊപ്പൽഷൻ മൊഡ്യൂൾ

ഏകദേശം 2 ടൺ ഭാരമുള്ള പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ഒരു വശത്ത് വലിയ ഒരു സോളാർ പാനലും മറുപശത്ത് വലിയ ഒരു സിലിണ്ടറും ഘടിപ്പിച്ചിരിക്കുന്നു. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഘടിപ്പിച്ച നിലയിലാണ് ലാൻഡറും റോവറും ഭൂമിയിൽ നിന്നും ചന്ദ്രന്റെ ആകാശം വരെ എത്തുന്നത്. പിന്നീട് ലാൻഡറും റോവറും ഉൾപ്പെടുന്ന ഭാഗം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേർപെട്ട് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നു.

പ്രത്യാശയുടെ മൂന്നാം യാനം

വളരെ മികച്ച സാങ്കേതികവിദ്യകളും ഉപകരണങ്ങളുമാണ് ദൌത്യത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ISRO അവകാശപ്പെടുന്നു. ചന്ദ്രനിലേതിന് സമാനമായ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് ഈ ഉപകരണങ്ങൾ ഭൂമിയിൽ പരീക്ഷിച്ച് വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചന്ദ്രനിലേതുപോലെ അതികഠിനമായ തണുപ്പിൽ ഉപകരണങ്ങളെ പ്രവർത്തിപ്പിക്കുവാനും പരുപരുത്തതും പാറകളും പൊടിയും നിറഞ്ഞതുമായ പ്രതലത്തിൽ റോവറിനെ ഓടിക്കാനും സാധിച്ചു. ഇവ ഇപ്രകാരം തന്നെ ചന്ദ്രോപരിതലത്തിലും വിജയകരമായി പ്രവർത്തിക്കുമെന്നും പുതിയ നിരവധി ശാസ്ത്രവിവരങ്ങൾ മാനവരാശിക്ക് സംഭാവനചെയ്യും എന്നും നമുക്ക് പ്രത്യാശിക്കാം


പങ്കെടുക്കാം
Happy
Happy
24 %
Sad
Sad
3 %
Excited
Excited
64 %
Sleepy
Sleepy
0 %
Angry
Angry
3 %
Surprise
Surprise
6 %

Leave a Reply

Previous post തക്കാളി പഴമാണോ ?, പച്ചക്കറിയാണോ ?
Next post ഡൈനസോറുകൾ ഗർജ്ജിച്ചിരുന്നോ?
Close