മറക്കാനാകാത്ത, മറക്കാന്‍ പാടില്ലാത്ത ശാസ്ത്രജ്ഞയാണ് ആദ്യം സൂര്യനുള്ള് കണ്ട പ്രൊഫസര്‍ പെയ്ന്‍-ഗപോച്കിന്‍…!


നമുക്ക് മുന്‍പേ വന്നവര്‍ തെറ്റുകള്‍ വരുത്തി എന്ന വിശ്വാസമാണ് സയന്‍സ് എന്ന് പറയാറുണ്ട്; അതായത്, മുന്‍പ് വസ്തുതകളെന്ന് ധരിച്ചിരുന്നത് തിരുത്തുന്നതാണ് സയന്‍സില്‍ ഏറ്റവും പ്രശസ്തമായ സംഭാവനകള്‍. പ്രപഞ്ചം എന്നാല്‍ ഭൂമി പോലെ തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര പാരമ്പര്യത്തെ തച്ചുടച്ച ശാസ്ത്രജ്ഞയുടെ കഥയാണിന്ന്. നക്ഷത്രങ്ങള്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവും കൊണ്ട് നിര്‍മ്മിതമാണെന്ന ഇന്നത്തെ ജ്യോതിശാസ്ത്ര ധാരണ സ്പെക്ട്രങ്ങളില്‍ ഇന്ന് ആദ്യമായി വായിച്ച സിസിലിയ പെയ്ന്‍-ഗപോച്കിന്റെ (Cecilia Payne-Gaposchkin) കഥ.

സിസിലിയയുടെ ജനനം 1900-ല്‍ ഇംഗ്ലണ്ടിലാണ്. സയന്‍സിന് ചെറുപ്പത്തിലെ താത്പര്യമുണ്ടായിരുന്നു എങ്കിലും സിസിലിയ ആദ്യം പഠിച്ച പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളില്‍ ഫിസിക്സോ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രമോ പഠിപ്പിച്ചിരുന്നില്ല; സയന്‍സിലെ താത്പര്യം ബോട്ടണിയിലേക്ക് കേന്ദ്രീകരിക്കുകയാണ് സിസിലിയ അക്കാലത്ത് ചെയ്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ന്യൂവന്‍ഹാം കോളേജില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ജ്യോതിശാസ്ത്ര ക്ലാസുകളിലിരിക്കാന്‍ സിസിലിയക്ക് കഴിയുന്നത്. സൂര്യഗ്രഹണത്തിന്റെ നിരീക്ഷണത്തിലൂടെ എങ്ങനെ അപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു എന്നതിന്റെ വിശദീകരണം നല്‍കുന്ന അങ്ങനെയൊരു ക്ലാസില്‍ വച്ച് സിസിലിയയുടെ ലോകവീക്ഷണം തന്നെ മാറിമറിഞ്ഞു; ആ ക്ലാസില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ഫിസിക്സിലും തനിക്ക് താത്പര്യമുണ്ടെന്ന് സിസിലിയ തിരിച്ചറിയുന്നത് തന്നെ. ആദ്യകൊല്ലം തന്നെ ബോട്ടണി ഉപേക്ഷിച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു സിസിലിയ.

സിസിലിയ എത്ര സമര്‍ത്ഥയായിരുന്നാലും സ്ത്രീകള്‍ക്ക് ഡിഗ്രിയോ ഗവേഷണത്തിനുള്ള സംവിധാനമോ നല്‍കാന്‍ കേംബ്രിഡ്ജിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ, കടലിനക്കരെ അമേരിക്കയിലെ ഹാര്‍വര്‍ഡില്‍ കുറച്ചധികം സ്ത്രീകള്‍ കുറച്ച് കാലമായി അവരുടെ ശാസ്ത്രഗവേഷണത്തിനുള്ള പ്രാപ്തി തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരുന്നതുകൊണ്ട് അവിടെ സ്ത്രീകള്‍ക്ക് ഒബ്സര്‍വേറ്ററിയില്‍ ചേരാം എന്ന അവസ്ഥയായിരുന്നു. 1923-ല്‍ ഹാര്‍വര്‍ഡില്‍ സ്കോളര്‍ഷിപ്പോടുകൂടി ഒബ്സര്‍വേറ്ററിയില്‍ ഗവേഷണത്തിന് സിസിലിയക്ക് അവസരം ലഭിച്ചു.

ഗവേഷണത്തിന്റെ ഭാഗമായി ഒരുപാട് നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരുന്നു സിസിലിയക്ക്; സ്പെക്ട്രങ്ങളുടെ കാവലാളായിരുന്നവളെ നിങ്ങള്‍ക്ക് ഇന്നലത്തെ കഥയില്‍ നിന്നറിയാം: ആനീ കാനന്‍. പുതിയ ഒരു ഗവേഷക സ്വന്തം ജോലി തടസ്സപ്പെടുന്നു എന്ന രീതിയില്‍ സിസിലിയയുടെ അവശ്യങ്ങള്‍ എടുക്കാനുള്ള എല്ലാ ന്യായവും ആനീക്ക് ഉണ്ടായിരുന്നു എങ്കിലും സിസിലിയയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയാണ് ആനീ ചെയ്തത്. ആനീ അടുത്ത തലമുറയുടെ ജോലികളെ ഒട്ടും കുറച്ചുകാണാതിരുന്നതുകൊണ്ട് തന്നെയാണ് ആനീയുടെ ജോലിയില്‍ നിന്ന് സിസിലിയക്ക് വെറും രണ്ട് കൊല്ലത്തിനുള്ളില്‍ നക്ഷത്രങ്ങളെ പറ്റിയുള്ള നമ്മുടെ ധാരണയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത്. അറിവ് സ്വതന്ത്രമായി പങ്കിടുന്നതിലൂടെയാണ് സയന്‍സ് പുരോഗമിക്കുന്നത്, ഒറ്റയ്ക്ക് പോകാനുള്ള ഒരു വഴിയല്ല സയന്‍സ്.

സ്പെക്ട്രത്തില്‍ സിസിലിയ കണ്ടത് അവള്‍ക്ക് മുന്‍പേ വന്നവര്‍ വരുത്തിയ തെറ്റുകളാണ്. 1925-ലെ സ്വന്തം ഗവേഷണപ്രബദ്ധത്തിന്റെ ഭാഗമായി നക്ഷത്രങ്ങളില്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണ് എന്നാണ് തന്റെ നിഗമനം എന്ന് സിസിലിയ എഴുതി. അതുവരെയുള്ള ധാരണ ഭൂമിയുടെ പ്രതലത്തിലെന്തുണ്ടോ അതാണ് സൂര്യനിലും നക്ഷത്രങ്ങളിലും എന്നായിരുന്നു! (അതായത് ഭൂമി ചൂടാക്കിയാല്‍ സൂര്യനായി മാറും എന്നായിരുന്നു അവരുടെ ഊഹങ്ങള്‍) പക്ഷേ, നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളില്‍ നിന്ന് എന്ത് മൂലകങ്ങള്‍, എത്ര അളവിലുണ്ട് എന്ന് പറയാന്‍ സാധിക്കും.

നക്ഷത്രത്തിന്റെ ഉള്ളിലുണ്ടാകുന്ന പ്രകാശം പുറത്തേക്ക് വരുന്നതിന് മുന്‍പ് നക്ഷത്രത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആറ്റങ്ങളില്‍ ഇടിക്കും; അങ്ങനെ ഇടിക്കുന്നതിലൂടെ വെള്ള പ്രകാശത്തില്‍ ചില “നിറങ്ങള്‍” (സാങ്കേതികമായി പറഞ്ഞാല്‍ ആവൃത്തി അതായത് frequency) നഷ്ടപ്പെട്ട് പോകും. ഈ നഷ്ടപ്പെട്ട നിറങ്ങള്‍ സ്പെക്ട്രത്തില്‍ കറുത്ത് (അല്ലെങ്കില്‍ സാധാരണയിലും മങ്ങി) കാണാന്‍ പറ്റും. അങ്ങനെയാണ് എന്ത് നക്ഷത്രങ്ങളിലുണ്ട് എന്ന് പറയാന്‍ കഴിയുക. പക്ഷേ, വളരെ ചെറിയ അളവിലാണെങ്കിലും ഹൈഡ്രജനും ഹീലിയവുമല്ലാത്ത മൂലകങ്ങള്‍ നക്ഷത്രങ്ങളിലുണ്ട്. (മെറ്റാലിസിറ്റി, metallicity, എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അതിന്റെ അളവിന് പറയുക) അതിന്റെ സ്പെക്ട്രം കൂടി കലര്‍ന്നിട്ടും, പിന്നെ കുറച്ച് മുന്‍വിധികളും കൂടിയിട്ടാണ് സിസിലിയക്ക് മുന്‍പുള്ള സ്പെക്ട്രം അവലോകനങ്ങള്‍ “സൂര്യന്‍ ഭൂമിപോലെ” എന്ന നിഗമനത്തിലെത്തിയത്.

പക്ഷേ, കൂടുതല്‍ ശ്രദ്ധയോടെ സ്പെക്ട്രം വായിച്ചതില്‍ നിന്നും സ്പെക്ട്രം കറുക്കല്‍/മങ്ങലിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നത് തിരിച്ചറിഞ്ഞതിലൂടേയുമാണ് സിസിലിയയുടെ ഡോക്ടറേറ്റ് പ്രബദ്ധം നക്ഷത്രങ്ങളെപ്പറ്റിയുള്ള മനുഷ്യരാശിയുടെ ധാരണ തിരുത്തിയെഴുതിയത്. ഇത് മാത്രമല്ല, സ്പെക്ട്രത്തിന്റെ നിറം കൂടുതല്‍ മങ്ങുന്നത് (ആനീയുടെ OBAFGKM ഗ്രൂപ്പ്) താപനിലയിലൂടെ ആണെന്നും സിസിലിയ കണ്ടെത്തി. ചരിത്രത്തില്‍ സയന്‍സിനെ ഇത്രയുമധികം സ്വാധീനിച്ച ഡോക്ടറല്‍ തീസിസ് ഉണ്ടാകില്ല.

25 വയസ്സില്‍ സയന്‍സ് മാറ്റിമറിച്ചതിന് ശേഷം സിസിലിയ പലതരത്തിലുള്ള നക്ഷത്രങ്ങളുടേയും സൂപ്പര്‍നോവകളുടേയും ഒക്കെ ഉള്ളടക്കമെന്ത്, മില്‍കിവേയുടെ ഘടനയെന്ത് എന്നതിലൊക്കെ ഒരുപാട് പഠനങ്ങള്‍ നടത്തി. 1956-ല്‍ ഹാര്‍വര്‍ഡില്‍ പ്രൊഫസറാകുന്ന ആദ്യ സ്ത്രീ ആയി സിസിലിയ; 1966-ല്‍ തന്റെ വിരമിക്കല്‍ വരെ ആ പദവിയില്‍ തുടര്‍ന്നു അവള്‍. 1979-ല്‍ സിസിലിയ അന്തരിച്ചു.

ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറായിട്ടല്ലാതെ മനുഷ്യനായി പരിഗണിക്കപ്പെട്ട ആദ്യ സ്ത്രീകളിലൊരാളായിരുന്നു സിസിലിയ; സിസിലിയയുടെ പാത പിന്തുടര്‍ന്ന മറ്റനേകം സ്ത്രീകളുമുണ്ട്. പക്ഷേ, ഹാര്‍വാര്‍ഡ് കമ്പ്യൂട്ടറുകളുടെ ചരിത്രഗാഥയുടെ സമാപ്തി സിസിലിയയിലാണെന്ന് പറയാം; സ്ത്രീകളോടുള്ള വിവേചനം കുറഞ്ഞ നിരക്കിലാണെങ്കിലും ഇപ്പോഴും ജ്യോതിശാസ്ത്രത്തിലടക്കം ഉണ്ടെങ്കിലും. (കഴിയുമെങ്കില്‍ ഒരു പിന്‍കുറിപ്പായിട്ട് അത് ചേര്‍ക്കാന്‍ ശ്രമിക്കാം) ഭൂതകാലത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ത്തമാനകാലത്തിന്റെ ഭംഗിയിലഭിരമിക്കാനല്ല, വര്‍ത്തമാനത്തിലെ പിഴവുകള്‍ ഭാവിയുടെ കണ്ണോടെ കാണാനുള്ള ദീര്‍ഘദൃഷ്ടി വികസിപ്പിക്കാനാണ്.

മറക്കാനാകാത്ത, മറക്കാന്‍ പാടില്ലാത്ത ശാസ്ത്രജ്ഞയാണ് ആദ്യം സൂര്യനുള്ള് കണ്ട പ്രൊഫസര്‍ പെയ്ന്‍-ഗപോച്കിന്‍…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. Cecilia Payne-Gaposchkin: an autobiography and other recollections by Cecilia Payne-Gaposchkin
  2. https://www.aip.org/history-programs/niels-bohr-library/oral-histories/4620
  3. https://ui.adsabs.harvard.edu/abs/1925PhDT………1P/abstract
  4. https://www.pnas.org/content/14/5/399

Leave a Reply

Previous post ആനീ ജമ്പ് കാനന്‍: നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!
Next post  ടബെത്ത ബോയാജിയന്‍: കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!
Close