Read Time:6 Minute
ഗൗസ് പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അടങ്ങിയിരിക്കാത്ത പ്രകൃതിക്കാരനായിരുന്നു കൊച്ചു ഗൗസ്. കുറേ നേരം കുട്ടികളെ അടക്കിയിരുത്താനാവശ്യമായ ഒരു ഗണിതക്രിയ കൊടുത്തു അധ്യാപകൻ. 1 മുതൽ 100 വരെയുള്ള എല്ലാ സംഖ്യകളുടെ തുക കാണുക എന്നതായിരുന്നു പ്രശ്നം. കുറച്ച് നിമിഷങ്ങൾ ആലോചിച്ച ശേഷം ഗൗസ് 5050 എന്ന ഉത്തരം എഴുതിയപ്പോൾ അധ്യാപകൻ ഞെട്ടിപ്പോയി. ഈ കൊച്ചു കുട്ടി ഇത്രയും പെട്ടെന്ന് ഇത്രയും വലിയ തുക എങ്ങനെ കണക്കാക്കിയെന്ന് ടീച്ചർക്ക് മനസ്സിലായില്ല. പക്ഷേ ഇതത്ര പ്രയാസമല്ലെന്ന് ഗൗസ് !!!
യഥാർത്ഥത്തിൽ വളരെ ലളിതമാണ് കാര്യം. 1+100=101, 2+99=101, 3+98=101, …അങ്ങനെ അക്കങ്ങൾ ജോഡികളായി ചേർത്താണ് ഗൗസ് മനക്കണക്ക് ചെയ്തത്. അതായത് 1+2+3+ ….. + 99 + 100 = (+100) + ( 2 +99) + (3+98) + ….. + (50 + 51). ആകെ 101 ന്റെ 50 ജോഡികൾ, അതായത് 5050. (= 50 X 101 = 5050)
പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി സംഖ്യകളുടെ ക്രമങ്ങളുടെ ഈ രീതി കണ്ടെത്തിയിരുന്നു എന്നത് അത്ഭുതകരമല്ലേ !! അതെ. ഗൗസ് “ഗണിത ശാസ്ത്രത്തിലെ രാജകുമാര”നായിരുന്നു. ശ്രദ്ധേയനായ കുട്ടിയായിരുന്നു. യൊഹാൻ കാൾ ഫ്രഡറിക് ഗൗസ് ( Carl Friedrich Gauss – 1777 – 1855)
ഇരുപതുകളുടെ തുടക്കത്തോടെ ഗൗസ് ഗണിതശാസ്ത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന കണ്ടെത്തലുകൾ നടത്തിയിരുന്നു. 1779 ൽ തന്റെ 22ാമത്തെ വയസ്സിൽ സമവാക്യങ്ങളുടെ നിർധാരണ മൂല്യങ്ങളെ സംബന്ധിച്ച പ്രബന്ധം തയ്യാറാക്കി. 24 മത്തെ വയസ്സിൽ സംഖ്യാശാസ്ത്രത്തെ സംബന്ധിക്കുന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. ബീജഗണിതം, ക്ഷേത്രഗണിതം, അങ്കഗണിതം എന്നിവയിലെല്ലാം മികച്ച ഗവേഷണ പ്രബന്ധങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. യൂക്ലിഡേതര ക്ഷേത്രഗണിതത്തിന്റെ ബീജാവാപം നടത്തിയത് ഗൗസാണ്. വൈദ്യുതിയുടെയും കാന്തികതയുടെയും സ്വഭാവം മനസ്സിലാക്കുന്നതിലും ഗൗസ് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ജീവിത രേഖ
ജർമ്മനിയിലെ ബ്രൺസ്‌വിക്കിൽ ഒരു തൊഴിലാളി കുടുംബത്തിലാണ് ഗൗസ് ജനിച്ചത്. അവന്റെ മാതാപിതാക്കൾക്ക് കാര്യമായ വിദ്യാഭ്യാസം ഇല്ലായിരുന്നു. മൂന്നുവയസ്സുള്ളപ്പോൾ തന്നെ തന്റെ പിതാവിന്റെ കൂലി കണക്കാക്കിയതിലെ തെറ്റ് ചൂണ്ടിക്കാണിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി !!
ജർമ്മൻ, ലാറ്റിൻ ഭാഷകൾ പഠിച്ച അദ്ദേഹം ജ്യോതിശാസ്ത്രം, ഗണിതം, ജ്യാമിതി എന്നിവ പഠിപ്പിക്കുന്ന ഗോട്ടിൻജൻ സർവകലാശാലയിൽ ചേരാൻ ബ്രൺസ്വിക്ക് പ്രദുവിൽ നിന്ന് സ്കോളർഷിപ്പ് നേടി.
യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ, അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്ന് നടത്തി. ഒരു സ്കയിലും കോമ്പസും മാത്രമുപയോഗിച്ച് അദ്ദേഹം 17-വശങ്ങളുള്ള ബഹുഭുജം നിർമ്മിച്ചു. അതുവരെ 3, 4, 5, 15 വശങ്ങളുള്ള ബഹുഭുജം വരക്കാനുള്ള മാർഗങ്ങളേ കണ്ടെത്തിയിരുന്നുള്ളൂ. 1801-ൽ, അക്കാലത്ത് പുതുതായി കണ്ടെത്തിയ കുള്ളൻ ഗ്രഹമായ സെറസിന്റെ പരിക്രമണ പാത പ്രവചിച്ച് പ്രബന്ധം തയ്യാറാക്കി. അദ്ദേഹത്തിന്റെ നിഗമനങ്ങൾ ജ്യോതിശാസ്ത്ര മേഖലയിലെ മറ്റ് വിദഗ്ധർ തയ്യാറാക്കിയതിൽ നിന്ന് തികച്ചും വ്യത്യസ്തവും ഏറ്റവും കൃത്യമായിരുന്നു. ഗൗസിന്റെ കുടുംബ ജീവിതം ദു:ഖമയമായിരുന്നു.
1805 ൽ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് മൂന്ന് കുട്ടികളുണ്ടായി. 1808-ൽ, ഗൗസിന്റെ പിതാവ് മരിച്ചു; 1809-ൽ, ഗൗസിന്റെ ഭാര്യ മരിച്ചു; ജോഹന്നയുടെ മരണത്തിന് തൊട്ടുപിന്നാലെ ഗൗസിന്റെ രണ്ടാമത്തെ മകന്റെ മരണം സംഭവിച്ചു. ഈ സംഭവങ്ങളുടെ ശൃംഖലയെത്തുടർന്ന് ഗൗസിന് വിഷാദരോഗം പിടിപെട്ടെങ്കിലും പിന്നീട് വീണ്ടും വിവാഹം കഴിക്കുകയും മിന്ന വാൾഡെക്കിൽ മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്തു.
1818-ൽ, ഗൗസ് വക്രതല ജ്യാമിതിയിൽ സുപ്രധാന സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. അടുത്ത 12 വർഷത്തിനുള്ളിൽ അദ്ദേഹം 70-ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഭൗതികശാസ്ത്രജ്ഞനായ വിൽഹെം വെബറുമായി സഹകരിച്ചു നടത്തിയ ഗവേഷണങ്ങളാണ് ഇലക്ടിക് ടെലിഗ്രാഫിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. 1855 ഫെബ്രുവരി 23-ന് ജർമ്മനിയിലെ ഗോട്ടിംഗനിൽ അന്തരിച്ചു. ഗൗസിന്റെ പേരിലാണ് കാന്തിക ഫ്ലക്സ് സാന്ദ്രത അളക്കുന്ന യൂനിറ്റ്. (G)
Related

ശ്രീനിവാസ രാമാനുജൻ നൂറ്റാണ്ടുകളുടെ ഗണിത വിസ്മയം
ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്ഷികദിനമാണ് ഇന്ന്

The Fractalist – മാൻഡൽബ്രോട്ടിന്റെ ആത്മകഥ
നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പ്രവർത്തികളിലും, പ്രകൃതിദത്തമായ കാഴ്ചകളിലും ഗണിതശാസ്ത്ര തത്വങ്ങൾ കാണാൻ സഹായിച്ച ലോകം കണ്ട മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് ബെൻവാ മാൻഡൽബ്രോട്ട്

2023 ലെ ആബെൽ പുരസ്കാരം – ഒരു വിശദീകരണം
ഗണിത ശാസ്ത്രത്തിലെ മികച്ച ഗവേഷണ നേട്ടങ്ങൾക്ക് നോർവ്വെയിലെ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേർസ് വർഷാവർഷം നൽകിവരുന്ന ആബെൽ പുരസ്കാരത്തിന് ഈ വർഷം അർഹനായിരിക്കുന്നത് അർജന്റീനക്കാരനായ ഗണിതശാസ്ത്രജ്ഞൻ ലൂയിസ് എ. കഫറെലിയാണ്.
2 thoughts on “ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ – കാൾ ഫ്രഡറിക് ഗൗസ്”