വീണ്ടും അന്ധവിശ്വാസ മരണങ്ങൾ
ചെറുപ്പക്കാരുടെ പെരുമാറ്റങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഉൾവലിയൽ, ചുരുങ്ങിപ്പോകുന്ന സാമൂഹിക പരിസരം, എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കുകയാണ് പ്രശ്നങ്ങൾ കണ്ടെത്താനുള്ള മാർഗം.
കേരളത്തിൽ വീണ്ടും അന്ധവിശ്വാസ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇക്കുറി മരണം തിരഞ്ഞെടുത്ത മൂന്ന് യുവാക്കൾ കയ്യെത്താവുന്നതിലും ദൂരെയൊരു സ്ഥലം തിരഞ്ഞെടുത്താണ് മരണം എന്ന അനുഷ്ടാനം നടപ്പാക്കിയത്. അന്ധവിശ്വാസവും മതാധിഷ്ഠതയും ചേർന്ന് ഉണ്ടാകുന്ന മനസികവ്യതിയാനം ഇതിനു കരണമായിക്കാണുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അതിമതാധിഷ്ഠത (Hyper-religiosity) കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ അനവധി അനുഷ്ടാനങ്ങളിലേയ്ക്ക് വിശ്വാസിയുടെ മനസ്സിനെ കൊണ്ടുപോകും. അങ്ങനെയുള്ളപ്പോൾ മതചിന്തകളിൽ നിന്ന് മാനസിക വ്യതിയാനങ്ങളിലേയ്ക്ക് തെന്നി മാറുന്നത് ഇതിന്റെ പ്രയോക്താക്കൾ തിരിച്ചറിയാറില്ല. സ്വയം ഹനനം (self harm), വീരമൃതു, നക്ഷത്രാന്തര യാത്ര, ഇതരഗ്രഹ സുഖവാസം, സ്വർഗ്ഗപ്രാപ്തി, പുനർജ്ജന്മം, എന്നിങ്ങനെ അനവധി അന്ധവിശ്വാസങ്ങൾക്ക് ഉതകും വിധം ആചാരാനുഷ്ടാനങ്ങളുണ്ടാവും. ഇതെല്ലാം പ്രചരിപ്പിക്കുന്നതും അനുഷ്ടാനങ്ങൾ നടപ്പിലാക്കുന്നതും രഹസ്യ സങ്കേതങ്ങളിൽ വെച്ചായതിനാൽ നാമറിയാറില്ല. ഇവരുടെ അംഗസംഖ്യ പരിമിതമായതിനാൽ മാധ്യമ ശ്രദ്ധയും ഉണ്ടാകാറില്ല.
ദുർമന്ത്രവാദം (black magic) ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ പോലാണ്: അന്ധവിശ്വാസം പ്രചരിപ്പിക്കാൻ പറ്റിയ മീഡിയം.
മാനസിക സമ്മർദ്ദം നേരിടുന്ന ചെറുപ്പക്കാർ, മനസികാരോഗ്യപ്രശ്‌നം അലട്ടുന്നവർ, എന്നിവർക്ക് ഇത്തരം വ്യതിയാനങ്ങളിൽ ആകൃഷ്ടരാകാനും മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ പെടാനും സാധ്യതയുണ്ട്. പൊതുവെ മതാഭിമുഖ്യം ഉള്ള ചെറുപ്പക്കാരാണ് അലൗകികവും പ്രകൃത്യാതീതവുമായ അനുഭവസിദ്ധിക്കായി പോകുന്നത്. ബിബിസിയിൽ (BBC, April, 2018) ബെനഡിക്ട് ആറ്റ്കിൻസ് (Benedict Atkins) എഴുതിയ ലേഖനം ദൃഷ്ടാന്തമായി (‘Satanism became my life’) കാണാം.
അയാൾക്ക് 15 വയസ്സുള്ളപ്പോൾ സാത്താൻറ്റെ ഉപാസകനായി. മതാന്തരീക്ഷത്തിൽ വളർന്ന രാത്രി ജീവിതത്തിൽ ആസക്തിയുള്ളവനായി. പട്ടയം കൂത്തും മദ്യവും ലഹരിയും അയാൾക്ക് ഹരമായി. കുട്ടിയായിരിക്കുമ്പോൾ തന്നെ ആദ്യ ലൈംഗികാനുഭവം ഉണ്ടായി. അങ്ങനെയൊരുനാളിൽ അയാൾ സാത്താൻറെ ബൈബിൾ സുഹൃത്തിൻറെ വീട്ടിൽ കണ്ടു. അതുവായിച്ചപ്പോൾ യഥാർത്ഥ രക്ഷകൻ സാത്താനാണെന്നും ദൈവമല്ലെന്നും അയാൾക്ക് തോന്നി.
സാത്താൻ ബൈബിൾ 1969 ൽ ആന്റൺ ലാവെയ് (Anton LaVey) രചിച്ചതാണ്; ഇതിനകം പത്തുലക്ഷം കോപ്പികൾ വിട്ടുകഴിഞ്ഞു. എന്തായാലും ബെനഡിക്ട് ആറ്റ്കിൻസ് തൻറെ അബദ്ധ വിശ്വാസങ്ങളിൽ നിന്ന് പുറത്തുവന്നു. അക്കഥ ലേഖനത്തിൽ പറയുന്നു.
അമിതാന്ധവിശ്വാസത്തിൽ പെട്ടുഴറുന്നവർക്ക് ഇതത്ര എളുപ്പമാവില്ല; അതിനുള്ള അവസരം അവർക്ക് ചിലപ്പോൾ ലഭിക്കുകയില്ല. അതിനുമുമ്പുതന്നെ എന്തെങ്കിലും മാരകമായ അനുഷ്ടാനങ്ങളിൽ ബന്ധിക്കപ്പെട്ടുകഴിയും. ചെറുപ്പക്കാരുടെ പെരുമാറ്റങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഉൾവലിയൽ, ചുരുങ്ങിപ്പോകുന്ന സാമൂഹിക പരിസരം, എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കുകയാണ് പ്രശ്നങ്ങൾ കണ്ടെത്താനുള്ള മാർഗം. ഇത് സാധിക്കാത്തത് മതചിന്തകളും വിശ്വാസങ്ങളും നന്മയുടെ അടയാളമായി നാം കാണുന്നു എന്നത് കൊണ്ടും കൂടിയാണ്.
എല്ലാ കാര്യങ്ങളോടും അന്വേഷണാത്മകമായ സമീപനം സയന്റിഫിക് റീസണിങ്, എന്നിവ കുട്ടിക്കാലം മുതൽ പ്രയോഗത്തിൽ കൊണ്ടുവരുന്നതും ചിന്തിക്കേണ്ടതാണ്. തീർച്ചയായും ദൗർഭാഗ്യകരമാണ്; ദുഖകരമാണ് ഇത്തരം വാർത്തകൾ…