നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള, സൗരയൂഥത്തിന്റെ അതിരെന്ന് വിശേഷിപ്പിക്കുന്ന ഊർട്ട് മേഖലയിൽ നിന്ന്, നീളൻ വാലുള്ള ഒരു ചങ്ങാതി നമുക്കരികിൽ എത്തിയിട്ടുണ്ട്. “𝐂/𝟐𝟎𝟐𝟑 𝐀𝟑 (𝐓𝐬𝐮𝐜𝐡𝐢𝐧𝐬𝐡𝐚𝐧-𝐀𝐓𝐋𝐀𝐒)” എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ധൂമകേതു! (Comet/വാൽനക്ഷത്രം)
സൗരയൂഥത്തിന്റെ അറ്റം മുതൽ സൂര്യന്റെ തൊട്ടടുത്ത് വരെ നീളുന്ന വളരെ വലിയ പരിക്രമണപഥങ്ങളാണ് മിക്ക ധൂമകേതുക്കളുടേയും. ഇത് വരെ നിരീക്ഷിച്ച സഞ്ചാരപാത വച്ച് കണക്ക് കൂട്ടി നോക്കിയതിൽ നിന്നും മനസ്സിലാവുന്നത്, നമ്മുടെ ധൂമകേതു സൂര്യനെ ഒരു തവണ ചുറ്റാൻ എൺപതിനായിരം വർഷങ്ങളെടുക്കുമെന്നാണ്. അതായത്, ഇതിന് മുന്നേ കക്ഷി ഇതുവഴി പോയിട്ടുണ്ടെങ്കിൽ അത് 80000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യർ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഭൂമിയുടെ മറ്റുഭാഗങ്ങളിലേക്ക് ചേക്കേറി തുടങ്ങുന്ന കാലത്തായിരുന്നിരിക്കണം!
ഇനിയും ഒരു വരവുണ്ടെങ്കിൽ, അത് ഇനി 80000 വർഷങ്ങൾ കഴിഞ്ഞാവും!
എന്താണ് വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതു ?
വാൽനക്ഷത്രങ്ങൾ, വാലുള്ള നക്ഷത്രങ്ങളല്ല! (അതുകൊണ്ടുതന്നെ ധൂമകേതു എന്ന വാക്കാണ് ഉചിതം) അവ സൗരയൂഥം ഉണ്ടായ കാലത്ത് രൂപപ്പെട്ട പാറയും പൊടിപടലങ്ങളും ഐസും ഉറഞ്ഞുകൂടിയുണ്ടായ കുഞ്ഞൻ വസ്തുക്കളാണ്. സൂര്യനിൽ നിന്നും വളരെ അകലെയായിരിക്കുമ്പോൾ അവയ്ക്ക് വാലും ഉണ്ടാവില്ല. സൂര്യന്റെ അടുത്തടുത്തേക്ക് വരുമ്പോൾ, തണുത്തുറഞ്ഞ ഐസും പൊടിപടലവുമെല്ലാം മെല്ലെ ചൂടായി നീരാവിയും വാതകങ്ങളുമായി ഒരു വാല് രൂപപ്പെടുന്നു. സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ കൊണ്ട് എപ്പോഴും ഈ വാൽ, സൂര്യന്റെ നേരെ എതിർവശത്തേക്ക് തിരിഞ്ഞിരിക്കും. ഏതാനും കിലോമീറ്ററുകൾ നീളമുണ്ടാവും ഈ വാലിന്. ധൂമകേതു സ്വയം പ്രകാശിക്കുന്നില്ല. സൂര്യപ്രകാശം അതിൽ തട്ടി പ്രതിഫലിക്കുന്നതാണ് നമ്മൾ കാണുന്നത് – ചന്ദ്രനേയും ഗ്രഹങ്ങളെയും കാണുന്ന പോലെ.
പേരിനു പിന്നിൽ…
C/2023 A3 (Tsuchinshan-ATLAS) – മനോഹരമായ ധൂമകേതുവിന് എന്തൊരു ബോറൻ പേരാണല്ലേ!
എന്നാൽ ഈ പേരിടലിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ.
പേരിന്റെ ആദ്യത്തെ അക്ഷരമായ “C”, Non-Periodic Comet നെ സൂചിപ്പിക്കുന്നു. 200 വർഷങ്ങൾക്ക് മുകളിൽ പരിക്രമണ കാലം കണക്കാക്കിയ ധൂമകേതുക്കളെയാണ് Non-Periodic Comet എന്ന് പറയുന്നത്. 200 വർഷത്തിൽ താഴെ പരിക്രമണ കാലമുള്ളവയെ Periodic Comets എന്ന് പറയുന്നു. (ഉദാഹരണം ഹാലിയുടെ ധൂമകേതു). ഇവയെ “P” എന്ന അക്ഷരം വച്ചാവും സൂചിപ്പിക്കുക.
പേരിന്റെ അടുത്ത ഭാഗം, ധൂമകേതു കണ്ടെത്തിയ വർഷം സൂചിപ്പിക്കുന്നു. നമ്മുടെ ഘൂമകേതു 2023ൽ കണ്ടെത്തിയതാണ്. അതുകൊണ്ട് C/2023.
തുടർന്ന് വരുന്ന അക്ഷരം, കണ്ടെത്തിയ മാസം സൂചിപ്പിക്കുന്നു. (കൃത്യമായി പറഞ്ഞാൽ മാസത്തിന്റെ പകുതി സൂചിപ്പിക്കുന്നു)
ജനുവരി ആദ്യ പകുതിക്ക് “A”, രണ്ടാം പകുതിക്ക് “B”, ഫെബ്രുവരി ആദ്യ പകുതി “C”, രണ്ടാം പകുതി “D” അങ്ങനെ പോവും, “Y” വരെ. (അക്കം 1 ഉം ആയി മാറിപ്പോവതിരിക്കാൻ I ഉപയോഗിക്കാറില്ല). തുടർന്ന് വരുന്ന അക്കം, ആ മാസപ്പകുതിയിൽ കണ്ടെത്തിയ എത്രാമത്തെ ധൂമകേതുവാണ് ഇതെന്ന് സൂചിപ്പിക്കുന്നു.
C/2023 A3 എന്ന് പറഞ്ഞാൽ, 2023 ജനുവരി ആദ്യ പകുതിയിൽ കണ്ടെത്തിയ മൂന്നാമത്തെ ധൂമകേതു.
2023 ജനുവരി 9ന്, ചൈനയിലെ Purple Mountain Observatory എന്നറിയപ്പെടുന്ന Tsuchinshan ഒബ്സർവേറ്ററിയിൽ നിന്നാണ് കണ്ടെത്തിയത്. ശേഷം ദക്ഷിണാഫ്രിക്കയിലെ ATLAS ടെലിസ്കോപ്പിലും സ്വതന്ത്രമായി കണ്ടെത്തുകയുണ്ടായി.
കണ്ടെത്തിയവരുടെ പേരാണ്, ധൂമകേതുവിന്റെ പേരിന്റെ അവസാന ഭാഗം.
അങ്ങനെയാണ് നമ്മുടെ ധൂമകേതുവിന് C/2023 A3 (Tsuchinshan-ATLAS) എന്ന അർഥഗംഭീരമായ പേര് ലഭിച്ചത്!
ഫോട്ടോയെക്കുറിച്ച്
പൊതുവെ, മങ്ങിയ ആകാശ വസ്തുക്കളുടെ ഫോട്ടോയെടുക്കുമ്പോൾ നമ്മൾ സാധാരണ കണ്ണ് കൊണ്ട് കാണുന്നതിനേക്കളും കൂടുതൽ പ്രകാശം ക്യാമറ ഉപയോഗിച്ച് ശേഖരിക്കേണ്ടതുണ്ട്. ഫോട്ടോയെടുക്കേണ്ട വസ്തുവിന് നേരെ ക്യാമറ കുറച്ചധികം നേരം അനക്കാതെ തുറന്നു പിടിച്ച് കൂടുതൽ പ്രകാശം പിടിച്ചെടുക്കുകയാണ് അടിസ്ഥാനപരമായി ചെയ്യാറ്. ഈ എടുത്ത ചിത്രത്തിൽ, 8 സെക്കന്റ് നേരമാണ് ഇങ്ങനെ ക്യാമറയുടെ ഷട്ടർ ധൂമകേതുവിന് നേരെ തുറന്ന് പിടിച്ചത്.
സെപ്തംബർ 27ന് സൂര്യന്റെ ഏറ്റവും അടുത്തെത്തിയ ധൂമകേതു, തുടർന്നുള്ള ദിവസങ്ങളിൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യോദയത്തിനു തൊട്ടു മുൻപ് കിഴക്കൻ ചക്രവാളത്തിലാണ് ദൃശ്യമായത്. ഒക്ടോബർ 2 ന് പുലർച്ചെ 5 മണിയോട് അടുപ്പിച്ചാണ് ഈ ഫോട്ടോ എടുത്തത്. ധൂമകേതു ചക്രവാളത്തിൽ നിന്നും കുറച്ച് ഉയരത്തിൽ എത്തുമ്പോൾ തന്നെ സൂര്യന്റെ വെളിച്ചം നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കൂടുതൽ സൂര്യന്റെ അടുത്തേക്ക് മാറി, ചക്രവാളത്തിൽ കൂടുതൽ താഴെ പ്രത്യക്ഷമായതിനാൽ സൂര്യപ്രഭയിൽ കാണാൻ സാധിച്ചിരുന്നില്ല.
കൊള്ളിയാനും കോമെറ്റും
പലരും ധരിച്ച് വച്ചിരിക്കുന്നത് ഉൽക്ക അല്ലെങ്കിൽ shooting സ്റ്റാർ ആണ് വാൽനക്ഷത്രമെന്നാണ്.
തെളിഞ്ഞ ആകാശത്ത് നോക്കി നിൽക്കുമ്പോൾ ചിലപ്പോൾ പെട്ടെന്ന് വര പോലെ ഒരു വെളിച്ചം പോയിമറയുന്നത് കാണാറില്ലേ, ഒരു സെക്കൻ്റ് നേരത്തേക്ക്? അതാണ് Shooting Star അഥവാ Meteor/ഉൽക്ക/കൊള്ളിയാൻ. ബഹിരാകാശത്ത് നിന്ന്, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന ചെറിയ പൊടിപടലങ്ങളും കുഞ്ഞു പാറക്കഷ്ണങ്ങളുടെ തരികളും, ഘർഷണം കൊണ്ട് ചൂടായി കത്തിത്തീരുന്നതാണ് നമ്മൾ ഉൾക്കകളായി കാണുന്നത്.
ധൂമകേതു നമ്മൾ നോക്കുമ്പോൾ ചലിക്കുന്നതായി തോന്നില്ല. ആകാശത്ത് അനങ്ങാതെ നിൽക്കുന്നത് പോലെയാണ് കാണുക. പിറ്റേന്ന് നോക്കുമ്പോൾ സ്ഥാനം അല്പം മാറിയാണ് കാണുക എന്ന് മാത്രം.
എവിടെ, എപ്പോൾ, എങ്ങനെ കാണാം?!
ഇപ്പോൾ ആകാശത്ത് രാവിലെ സൂര്യോദയത്തിനു തൊട്ടു മുന്നേ കിഴക്കൻ ചക്രവാളത്തിൽ താഴ്ന്ന് നിൽക്കുന്ന ധൂമകേതു ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനോട് വളരെ അടുത്തായതിനാൽ കാണാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞല്ലോ.. കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ, ആകാശത്ത് സൂര്യനെ മറികടക്കുന്ന ധൂമകേതു സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്ത് പ്രത്യക്ഷപ്പെടും. ഒക്ടോബർ 12നു ശേഷം ഓരോ ദിവസം കഴിയുംതോറും പടിഞ്ഞാറ് കൂടുതൽ കൂടുതൽ ഉയരത്തിൽ സൂര്യാസ്തമയത്തിന് ശേഷം ധൂമകേതുവുണ്ടാകും.
മൊബൈൽ ഫോണിൽ “Stellarium” ആപ്പ് അല്ലെങ്കിൽ അതേ പോലെയുള്ള മറ്റു ആപ്പുകൾ (Sky Safari / Star Walk 2) ഡൗൺലോഡ് ചെയ്ത് നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് നിന്ന് നോക്കിയാൽ കാണുന്ന ധൂമകേതുവിന്റെ സ്ഥാനവും ദിശയും മനസ്സിലാക്കാം.
സൗരയൂഥത്തിലെ തന്റെ സഞ്ചാരപാതയിൽ, സെപ്തംബർ 27ന് സൂര്യന്റെ ഏറ്റവും അടുത്ത് എത്തിയ ധൂമകേതു അതിനു ശേഷം ഓരോ ദിവസം കഴിയുന്തോറും സൂര്യനിൽ നിന്ന് ദൂരേക്ക് ദൂരേക്ക് പോവുകയാണ്. ഒക്ടോബർ 12നാണ് ഈ പാതയിൽ അത് ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുന്നത്. തുടർന്ന് ഭൂമിയിൽ നിന്നുള്ള അകലവും കൂടി കൂടി വരും. ധൂമകേതു, സൗരയൂഥത്തിന്റെ അതിരുകളിലേക്ക് മടങ്ങിപ്പോവുകയാണ്. ദൂരേക്ക് ദൂരേക്ക് പോകുമ്പോൾ തിളക്കം കുറഞ്ഞ് കുറഞ്ഞ് വരും. വാലിന്റെ നീളവും കുറഞ്ഞ് കുറഞ്ഞ് വരും.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, ഒക്ടോബർ 12 ന് ശേഷം പടിഞ്ഞാറൻ ആകാശത്ത് ഓരോ ദിവസം കഴിയുംതോറും മുകളിലേക്ക് മുകളിലേക്ക് മാറുകയും, സൂര്യാസ്തമയത്തിന് ശേഷം കൂടുതൽ നേരം ആകാശത്തുണ്ടാവുകയും, വൈകി വൈകി അസ്തമിക്കുകയും ചെയ്യും. അതേ സമയം, ഓരോ ദിവസം കഴിയുന്തോറും മങ്ങി മങ്ങി പോവുകയും ചെയ്യും.
ആകാശത്തുള്ള സ്ഥാനത്തെ കുറിച്ച് പറഞ്ഞു. ഇനിയുള്ള ചോദ്യമിതാണ് : നമ്മൾ നോക്കുമ്പോൾ എങ്ങനെയാവും ഇത് കാണുക? വെറും കണ്ണ് കൊണ്ട് കാണുമോ? എത്രത്തോളം തിളക്കമുണ്ടാവും?
ഓൺലൈൻ/സമൂഹ മാധ്യമങ്ങളുടെ പൊലിപ്പിക്കലും പ്രതീക്ഷയുടെ അമിതഭാരവും!
ഫോട്ടോയിൽ കാണുന്നത് പോലെ ആകാശത്ത് തിളങ്ങി നിൽക്കുന്ന ധൂമകേതു കാണാനാവുമോ? നിരാശപ്പെടുത്തുന്നത്തിൽ ദുഃഖമുണ്ട്, അങ്ങനെ കാണാനാവില്ല.
ഫോട്ടോ എടുത്ത ദിവസം തന്നെ, ചെറിയ ഒരു മങ്ങിയ ബിന്ദു പോലെ കേന്ദ്രഭാഗവും, നേർത്ത ഒരു പുക പോലെ വാലിൻ്റെ ചെറിയ ഒരു ഭാഗവും വെറും കണ്ണ് കൊണ്ട് കാണാനായിരുന്നു.
പടിഞ്ഞാറൻ ആകാശത്ത് വരുമ്പോളും, പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാഴ്ച എന്ന് പറയുന്നത് ധൂമകേതു ഒരു കുഞ്ഞു പൊട്ടു പോലെ അവിടെ ഉണ്ട് എന്ന് തിരിച്ചറിയാൻ പറ്റുന്നത് മാത്രമാണ്. നേർത്ത പുക പോലെ വാലും. ഇൻ്റർനെറ്റിൽ കാണുന്ന ഫോട്ടോകൾ വച്ച് പ്രതീക്ഷകൾ ഉണ്ടാക്കരുത്! കാഴ്ചയെ ബാധിക്കുന്ന മറ്റു മൂന്ന് കാര്യങ്ങൾ കൂടിയുണ്ട്.
- ഒന്ന്: ഒട്ടും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം വേണം. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വച്ച് ഇത് വളരെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.
- രണ്ടാമത്തെ കാര്യം, പ്രകാശ മലിനീകരണമാണ്. നഗരങ്ങളിൽ നിന്ന് മാറി, വെളിച്ചം കുറഞ്ഞ സ്ഥലങ്ങൾ തെരഞ്ഞെടുക്കണം നിരീക്ഷണത്തിന്.
- മൂന്നാമത്തെ കാര്യം, ചന്ദ്രന്റെ സാന്നിധ്യമാണ്. മേഘങ്ങളില്ലാത്ത മറ്റു വെളിച്ചമില്ലാത്ത ആകാശമാണെങ്കിലും നിലാവ് കാഴ്ചയെ കുറച്ച് ബാധിക്കും.
ആകാശത്തിൽ മറ്റ് നക്ഷത്രങ്ങൾ തെളിഞ്ഞ് കാണുന്നുണ്ടെങ്കിൽ മാത്രം ധൂമകേതുവിനെ കാണാൻ പറ്റുമെന്ന് ചുരുക്കം.
എന്നാലും ഒക്ടോബർ 13 മുതൽ 17 വരെയുള്ള ദിവസങ്ങൾ ധൂമകേതുവിനെ കാണാൻ ഏറ്റവും സാധ്യത കൂടിയ സമയം തന്നെയാണ്. നല്ല ആകാശവും കാഴ്ചയും കിട്ടുമോയെന്ന് കാത്തിരുന്ന് കാണാം!. ബൈനോക്കുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ നോക്കാൻ പറ്റുമെങ്കിൽ കുറച്ച് കൂടി വ്യക്തമായി കാണാം.
ഒരു പൊട്ടുപോലെയെങ്കിലും നേരിട്ട് കാണാൻ സാധിച്ചാൽ, മനസ്സിലോർക്കണം, സൗരയൂഥത്തിന്റെ അതിരിൽ നിന്നും ആയിരക്കണക്കിന് വർഷങ്ങൾ സഞ്ചരിച്ച് നമുക്ക് അടുത്തെത്തിയ ഒരു വസ്തുവാണ് കൺമുന്നിലെന്ന്! സൂര്യനും ഭൂമിയും ഗ്രഹങ്ങളും ഉണ്ടായ സമയത്ത് രൂപപ്പെട്ട ഒരു പാറക്കഷ്ണവും പൊടിപടലവും ഐസ് കണങ്ങളും..! സൂര്യൻ്റെ സാമീപ്യത്തിൽ വാല് രൂപപ്പെടുന്നു..! സൂര്യപ്രകാശം തട്ടി അത് തിളങ്ങുന്നു..!