Read Time:47 Minute


ഡോ.ഗോപകുമാർ ചോലയിൽ

വായു മലിനീകരണം അത്യധികം ഉള്ളയിടങ്ങളിൽ അന്തരീക്ഷത്തിൽ കാണുന്ന കട്ടിയേറിയ പുകരൂപത്തിലുള്ള മാലന്യപാളികളാണ് തവിട്ട് മേഘങ്ങൾ (brown clouds). പേരുകൊണ്ട് മേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ മേഘഗണത്തിൽപ്പെടുന്നവയല്ല. മലിനീകരണത്തിന്റെ ഉപോല്പന്നങ്ങളാണ് ഇവയുടെ ഘടകങ്ങൾ എന്നതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ മികച്ച സൂചകങ്ങൾ കൂടിയാണ് തവിട്ട് മേഘങ്ങൾ. എന്നാൽ, വ്യവസായാധിഷ്ഠിത സമ്പദ്ഘടനയ്ക്ക് പ്രാമുഖ്യം ഏറിവരുന്ന ഒരു കാലഘട്ടത്തിൽ അന്തരീക്ഷ മലിനീകരണവും അതിന്റെ ഉപോല്പന്നമായ തവിട്ട് മേഘങ്ങളും സർവ്വസാധാരണമാകുമെന്നതിൽ സംശയമില്ല. കൂടാതെ, താപനം ഏറുന്ന സാഹചര്യത്തിൽ, കാട്ടുതീയൊക്കെ കാരണം, അന്തരീക്ഷത്തിലേക്ക് വൻതോതിൽ കാർബൺ അടങ്ങിയ പുകപടലങ്ങൾ എത്തുന്നതും തവിട്ട് മേഘങ്ങളുടെ സാന്നിധ്യം ഏറുവാനിടയാക്കുന്നു.

തവിട്ടുമേഘങ്ങൾ – ചൈനയിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രം

തവിട്ട് മേഘങ്ങളിൽ ഉള്ളത്

അന്തരീക്ഷ മലിനീകരണത്തിന്റെ ഉത്പന്നങ്ങളായ സൾഫേറ്റുകൾ, നൈട്രേറ്റുകൾ, ചാരം, കരിപ്പൊടി (soot) എന്നിവയുടെ സൂക്ഷ്മകണങ്ങൾ കൂടിച്ചേർന്ന് അന്തരീക്ഷത്തിൽ രൂപം കൊള്ളുന്ന ഒരു അർദ്ധതാര്യ മാലിന്യപാളിയാണ് തവിട്ട് മേഘങ്ങൾ. ഏഷ്യയിലെ വിവിധ മേഖലകളിൽ, കട്ടിയേറിയ പുകമഞ്ഞിന്റെ രൂപത്തിൽ പ്രാദേശികമായി രൂപം കൊള്ളുന്ന മാലിന്യ പടലമാണ് “ഏഷ്യയിലെ തവിട്ട് മേഘങ്ങൾ” എന്നറിയപ്പെടുന്നത്.
ശീതകാലത്ത് ഇന്ത്യയിലെയും ചൈനയിലെയും ചില പ്രദേശങ്ങൾക്കുമീതെ ഏതാനും മാസങ്ങളോളം ഇവ നിലകൊള്ളാറുണ്ട്. കൽക്കരി പ്ലാന്റുകൾ, മോട്ടോർ വാഹനങ്ങൾ, കാർഷികാവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങളുടെ ഒരു മിശ്രിതമാണ് “തവിട്ട് മേഘങ്ങൾ”. മലിനീകരണത്തിന്റ ഉത്ഭവസ്ഥാനം, തോത് എന്നിവയനുസരിച്ച് പ്രാദേശികമായാണ് ഇവയുടെ രൂപീകരണം. ഫോസിൽ ഇന്ധനങ്ങളുടെ അപൂർണ്ണ ദഹനം വഴിയുണ്ടാകുന്ന ബ്ലാക്ക് കാർബൺ (black carbon), ചാരപ്പൊടികൾ (fly ash), പൊടിപടലങ്ങൾ, നൈട്രജൻ ഓക്‌സൈഡുകൾ എന്നിവ തവിട്ട് മേഘങ്ങളിൽ ധാരാളമായി അടങ്ങിരിയിരിക്കുന്നു. സൂര്യകിരണങ്ങൾ ആഗിരണം ചെയ്യുകയും ചിതറിക്കുകയും ചെയ്യുന്നതു മൂലമാണ് തവിട്ടുമേഘങ്ങൾക്ക് ആ നിറം ലഭിക്കുന്നത്. എയ്‌റോസോൾ കണങ്ങളോടൊപ്പം നൈട്രജൻ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്, സൾഫർ ട്രൈഓക്‌സൈഡ്, അമോണിയ തുടങ്ങിയ വാതകങ്ങൾ, മറ്റ് നിരവധി ജൈവവാതകങ്ങൾ, അമ്ലങ്ങൾ എന്നിവയുടെ സമ്മിശ്രണം തവിട്ട് മേഘങ്ങളിൽ കാണാം. ഇന്ത്യൻ മേഖലയിൽ ഡിസംബർ മുതൽ മാർച്ച് വരെ നീളുന്ന വരണ്ട ഋതുവിലാണ് ഇവ സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളത്. ഈ കാലയളവിൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനാവശ്യമായ മഴ ലഭിക്കാറില്ല എന്നതും ഇവയുടെ രൂപീകരണത്തിന് സഹായകരമാവുന്നു. ഭൂനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ വരെ ഉയരത്തിലാണ് ഈ മാലിന്യപാളിയുടെ വ്യാപനം.

ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം, ജൈവഇന്ധനം ഉപയോഗിച്ചുള്ള പാചകരീതികൾ, സസ്യാവശിഷ്ടങ്ങൾ കത്തിക്കൽ തുടങ്ങി ജനങ്ങളുടെ ജീവിതശൈലികൾ മുഖേന അന്തരീക്ഷത്തിലേക്കെത്തിച്ചേരുന്നവയാണ് ഈ മാലിന്യങ്ങൾ. ഒരേ സമയം മലിനീകാരി എന്ന നിലയിലും, ഹരിതഗൃഹവാതകം എന്ന നിലയിലും വർത്തിക്കുന്ന ഓസോൺ വാതകത്തിന്റെ രൂപീകരണത്തിൽ ഗണ്യമായ പങ്കുള്ളവയാണ് തവിട്ട് മേഘങ്ങളിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നീ വാതകങ്ങളും ബാഷ്പീകരണ സ്വഭാവമുള്ള ചില ഓർഗാനിക് സംയുക്തങ്ങളും. ഇവ ഓസോൺ വാതക രൂപീകരണ പ്രക്രിയയുടെ സൂചകങ്ങൾ ആയി അറിയപ്പെടുന്നു.

സൗരോർജത്തോത് കുറയ്ക്കുന്നു

ഭൗമോപരിതലത്തിനും അന്തരീക്ഷത്തിനുമിടക്കുള്ള സൗരോർജവ്യാപനത്തെ നിയന്ത്രിക്കുക വഴി തവിട്ട് മേഘങ്ങളിൽ അടങ്ങിയിരിക്കുന്ന എയ്‌റോസോളുകൾ കാലാവസ്ഥയിലും ജൈവമണ്ഡലത്തിലും ഇടപെടുന്നു. ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തെയും ഭൗമോപരിതലത്തെയും ഒരുപോലെ ചൂടേറ്റുന്നു. എന്നാൽ തവിട്ട് മേഘങ്ങളാകട്ടെ അന്തരീക്ഷത്തിന് ചൂടേറ്റുമെങ്കിലും ഭൗമോപരിതലത്തിൽ ചൂട് കുറയാനിടയാക്കുകയാണ് ചെയ്യുന്നത്. സൗരോർജം ഭൂമിയിലെ ഉപരിതലത്തിലെത്തുന്നതിനു മുൻപേ തവിട്ട് മേഘങ്ങളിലെ എയ്‌റോസോളുകൾ അവ ഒന്നുകിൽ ആഗിരണം ചെയ്യുകയോ അഥവാ ബഹിരാകാശത്തേക്ക് തിരിച്ച് പ്രതിഫലിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ഇത് മൂലം അന്തരീക്ഷതാപനില, മഴ, ആവാസ വ്യവസ്ഥകളിലെ ഉല്പാദന പ്രക്രിയകൾ എന്നിവയിൽ താളപ്പിഴകൾ ഉണ്ടാകുന്നു. സൗരോർജ ആഗിരണം അന്തരീക്ഷത്തിന് ചൂടേറ്റുന്നു. എന്നാൽ, സൂര്യപ്രകാശത്തിന്റെ പ്രതിഫലനം ഭൂമിയുടെ അന്തരീക്ഷത്തിന് മങ്ങൽ സൃഷ്ടിക്കുന്നു. ഏത് വിധത്തിലായാലും തവിട്ട് മേഘങ്ങളുടെ സാന്നിധ്യം ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൗരോർജത്തോതിൽ കുറവുണ്ടാക്കുകയാണ് ചെയ്യുന്നത്.

മേഘരൂപീകരണത്തിന്നാവശ്യമായ ഖനീഭവന കേന്ദ്രങ്ങളായി (Condensation nuclei) വർത്തിക്കാനാവുമെന്നതിനാൽ, തവിട്ട് മേഘങ്ങളിലടങ്ങിയിരിക്കുന്ന എയ്‌റോസോളുകൾ മേഘരൂപീകരണം മെച്ചപ്പെടുത്തുന്നു. ഇവയെ കേന്ദ്രീകരിച്ച് രൂപം കൊള്ളുന്ന അതിസൂക്ഷ്മ ജലകണങ്ങൾ പ്രകാശപ്രതിപതനം വർധിപ്പിക്കുന്നു. ഇത് ഭൂമിയിലെത്തുന്ന പ്രകാശം മങ്ങുന്നതിന് ഇടയാക്കുന്നു. എയ്‌റോസോളുകൾ ധാരാളമായി അടങ്ങിയിട്ടുള്ള തവിട്ട് മേഘങ്ങളിൽ അവ ഓരോന്നും ഖനീഭവന കേന്ദ്രങ്ങളായി വർത്തിക്കുകയും, തൽഫലമായി വലിപ്പം കുറഞ്ഞ അനേകം ജലകണങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇവയിൽ നിന്നുതിരുന്ന മഴത്തുള്ളികൾക്കും വലിപ്പം കുറവായിരിക്കും. ഇത്തരം മേഘങ്ങൾ താരതമ്യേന കൂടുതൽ സമയം നിലനിൽക്കുന്നവയാണ്. മികച്ച പ്രകാശപ്രതിപതനശേഷി മൂലം തവിട്ട് മേഘങ്ങൾ പ്രകാശമാനമായി കാണപ്പെടുന്നു. മാലിന്യം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രകാശമാനമായ തവിട്ട് മേഘങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും. തവിട്ട് മേഘങ്ങളുടെ സാന്നിധ്യം ഉള്ള ഇടങ്ങളിൽ മങ്ങിയ പ്രകാശവും താരതമ്യേന കുറഞ്ഞ അന്തരീക്ഷ താപവും ആയിരിക്കും ഉണ്ടാവുക.

2001-2003 കാലയളവിൽ 4 സീസണുകളിലായുള്ള Anthropogenic aerosol optical depth (AOD) ന്റെ തോത് കടപ്പാട് :  epj-conferences.org

 

മാലിന്യ വ്യാപനപരിധിക്ക് കീഴിൽ വരുന്ന പ്രദേശങ്ങളുടെ മേലെയാണ് തവിട്ട് മേഘങ്ങളുടെ രൂപീകരണം. ചില അവസരങ്ങളിൽ ഇവ വൻകര ഒട്ടാകെയും സമുദ്രമേഖലകൾക്ക് മേലെയും വ്യാപിക്കാറുണ്ട്. ഏഷ്യൻ തവിട്ട് മേഘങ്ങൾ ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങൾക്കുപുറമെ, ബംഗാൾ ഉൾക്കടലിലും പ്രത്യക്ഷപ്പെടാറുണ്ട്. മാലിന്യജന്യമായ തവിട്ട് മേഘങ്ങൾ ഏഷ്യയിൽ മാത്രമല്ല, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു.

ബ്ലാക്ക് കാർബൺ ഉത്സർജ്ജനത്തിൽ ഉണ്ടായ വർധന 1850 – 2000 കാലയളവിൽ

ബ്ലാക്ക് കാർബൺ എന്ന വില്ലൻ

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഉണ്ടായ സത്വര സാമ്പത്തിക വികസന പരിപാടികളുടെ പാർശ്വഫലമെന്നോണം ഇന്ത്യയിലും ചൈനയിലും അന്തരീക്ഷ മലിനീകരണത്തോത് കുതിച്ചുയരാനിടയായി. 1950-കൾ മുതൽക്കുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ നിലവിൽ ഇന്ത്യയിലെ സൾഫർ ഡയോക്‌സൈഡ് ഉത്സർജനം 600-700 ശതമാനം കണ്ട് വർധിച്ചിട്ടുള്ളതായി കാണുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ മാത്രം ഇന്ത്യയിൽ നൈട്രജൻ ഓക്‌സൈഡ്, സൾഫർഡയോക്‌സൈഡ് എന്നീ വാതകങ്ങളുടെ അന്തരീക്ഷ പുറം തള്ളലിൽ 50 ശതമാനം കണ്ട് വർദ്ധനവുണ്ടായിട്ടുണ്ട്. ഇതേ കാലഘട്ടത്തിൽ അന്തരീക്ഷ ധൂളീകണങ്ങളുടെ സാന്നിധ്യം 300 ശതമാനം കണ്ട് വർധിച്ചു. ചൈനയിൽ ബ്ലാക്ക് കാർബൺ ഉത്സർജനം 500 ശതമാനം കണ്ട് ഉയർന്നു. ഇന്ത്യയും ചൈനയുമാണ് ബ്ലാക്ക് കാർബൺ ഉത്സർജനത്തിന്റെ കാര്യത്തിൽ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന രണ്ട് ലോക രാഷ്ട്രങ്ങൾ. ആഗോള ബ്ലാക്ക്കാർബൺ ഉത്സർജനത്തിന്റെ 35 ശതമാനത്തോളവും ഈ രണ്ടു രാജ്യങ്ങളിൽ നിന്നാണ്. ഏഷ്യൻ മേഖലയിലെ തവിട്ട് മേഘങ്ങളിലെ പ്രധാന ഘടകമാണ് ബ്ലാക്ക് കാർബൺ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രധാന കാരണമായി വർത്തിക്കുന്നതും ബ്ലാക്ക് കാർബണുകളാണ്. കൽക്കരി, ഡീസൽ എന്നിവയുടെ അപൂർണ്ണ ദഹനം വഴിയും, തടി, സസ്യാവശിഷ്ടങ്ങൾ എന്നിവ കത്തിക്കുന്നതിലൂടെയും ആണ് ഇവ അന്തരീക്ഷത്തിൽ എത്തപ്പെടുന്നത്. കാർബൺഡയോക്‌സൈഡ് വാതകം കഴിഞ്ഞാൽ കാലാവസ്ഥാവ്യതിയാനത്തിനും ആഗോള താപനത്തിനും ആക്കം കൂട്ടുന്ന രണ്ടാമത്തെ ഘടകം ബ്ലാക്ക് കാർബൺ ആണ്.

കണ്ടെത്തിയത് സമുദ്രപര്യവേഷണ വേളയിൽ

1999 ൽ ഇന്ത്യൻ മഹാസമുദ്ര പര്യവേഷണം (INDOEX- Indian Ocean Experiment) നടക്കുന്നതിനിടയിൽ തികച്ചും ആകസ്മികമായിട്ടാണ് തവിട്ട് മേഘങ്ങൾ പര്യവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിക്കുന്ന വായുമലിനീകരണ വ്യാപനതോത് സംബന്ധിച്ച് മൂന്ന് മാസം നീണ്ടുനിന്ന ഒരു ബഹുരാഷ്ട പഠന സംരംഭമായിരുന്നു INDOEX. ഉപഗ്രഹ ചിത്രങ്ങൾ, വ്യോമയാനങ്ങൾ, കപ്പലുകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ വഴി വായു മലിനീകരണ തോത് ഈ പഠനത്തിൽ കണക്കാക്കപ്പെട്ടു. ദക്ഷിണേഷ്യ, ഉത്തര ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളിൽ കാർബൺ സമ്പന്നമായ ഒരു മാലിന്യപാളി അന്തരീക്ഷത്തിൽ നിലനിൽക്കുന്നുവെന്ന് പഠനത്തിൽ വെളിപ്പെട്ടു. ഈ മാലിന്യപാളിയിലെ മാലിന്യാംശങ്ങളിൽ ഭൂരിഭാഗവും മനുഷ്യരുടെ പ്രവർത്തന ശൈലി മൂലം അന്തരീക്ഷത്തിലെത്തപ്പെട്ടവയായിരുന്നു. മാലിന്യാധിക്യമുള്ള മഹാനഗരങ്ങളുടെ മേലെ പ്രാദേശികാടിസ്ഥാനത്തിൽ തവിട്ട് മേഘങ്ങളുടെ സാന്നിധ്യം വളരെക്കാലം മുൻപേ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടങ്കിലും അത്തരം മേഘങ്ങളുടെ ഭൂഖണ്ഡാന്തര സഞ്ചാരത്തെക്കുറിച്ച് ശാസ്ത്രലോകത്തിന് വലിയ ധാരണയില്ലായിരുന്നു. എന്നു തന്നെയുമല്ല, ഇത്തരം മാലിന്യജന്യ മേഘങ്ങൾക്ക് അന്തരീക്ഷതാപനം, മഴ, കാർഷിക രംഗം എന്നിവയിൽ ഉളവാക്കാനാവുന്ന പരിണത ഫലങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ ബോധവാന്മാരായിരുന്നില്ല.

കാലാവസ്ഥാവ്യൂഹത്തെ സ്വാധീനിക്കുക ബഹുവിധത്തിൽ

ദക്ഷിണേഷ്യൻ മേഖലയിലെ തവിട്ട് മേഘങ്ങൾ കാലാവസ്ഥാവ്യൂഹത്തെ അഞ്ച് തരത്തിലാണ് സ്വാധീനിക്കുന്നത്.

  1. അന്തരീക്ഷതാപത്തിൽ ഉണ്ടാകുന്ന വർദ്ധനവ്: തവിട്ട് മേഘങ്ങളിൽ അടങ്ങിയിരിക്കുന്ന എല്ലാത്തരം എയ്‌റോസോളുകളും ഒരേ പ്രകൃതമുള്ളവയല്ല. സൾഫേറ്റ്, നൈട്രേറ്റ് ചില ജൈവസംയുക്തങ്ങൾ തുടങ്ങിയ എയ്‌റോസോളുകൾ താപവികിരണത്തെ തിരിച്ച് പ്രതിപതിപ്പിച്ച് ഭൂമിക്ക് ശീതളിമ ഏകുന്നവയാണ്. എന്നാൽ, ബ്ലാക്ക് കാർബൺ പോലെയുള്ള എയ്‌റോസോളുകൾ ആകട്ടെ സൂര്യതാപം ആഗിരണം ചെയ്യുക വഴി അന്തരീക്ഷത്തിലും, ഭൗമോപരിതലത്തിലും ചൂടേറ്റുന്നവയാണ്. ബ്ലാക്ക്കാർബണുകളുടെ താപനിയന്ത്രണ പ്രക്രിയ രണ്ട് തരത്തിലാണ്:- ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്താനിടയുള്ള സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയാണ് ഒരു രീതി. ഇത്തരം സാഹചര്യങ്ങളിൽ, അന്തരീക്ഷത്തിലെ മേൽഭാഗത്തുള്ള വായുമണ്ഡലം മാത്രം ചൂടേറിയും ഭൂമിയുടെ ഉപരിതലം താരതമ്യേന ചൂട് കുറഞ്ഞതും ആയ അവസ്ഥയിൽ ആയിരിക്കും. ഈ ഘട്ടത്തിൽ കൂമ്പാരമേഘങ്ങളുടെ (cumulus clouds) രൂപീകരണം കുറയുന്നു. രണ്ടാമത്തെ രീതിയിൽ ഭൂമിയുടെ ഉപരിതലം, അന്തരീക്ഷം, മേഘങ്ങൾ എന്നിവയിൽ നിന്ന് പ്രതിപതിക്കുന്ന താപവികിരണങ്ങളെ ബ്ലാക്ക് കാർബണുകളുടെ കണങ്ങൾ ആഗിരണം ചെയ്യുന്നു. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലും ഉപരിതലത്തിലും ചൂടേറുവാനിടയാക്കുന്നു. ഭൗമോപരിതലത്തിനോടടുത്ത അന്തരീക്ഷമണ്ഡലമായ ട്രോപോസ്ഫിയറിലെ താപനില ഇപ്രകാരം ഏകദേശം ഇരട്ടികണ്ട് വർധിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ലഭിക്കുന്ന മഴയുടെ ക്രമവും പ്രകൃതവും ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്ന അധികതാപം മൂലം ക്രമരഹിതമാവുകയും അത് മേഖലയിലെ ജലപരിക്രമണ ചക്രത്തിൽ താളപ്പിഴകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
  2. പ്രകാശം മങ്ങൽ പ്രഭാവവും അനുബന്ധമായ അന്തരീക്ഷ മാറ്റങ്ങളും: എയ്‌റോസോളുകളുടെ പ്രവർത്തനത്തിന്റെ കൂട്ടായ പ്രഭാവം മൂലമാണ് “മങ്ങൽ”(Dimming) എന്ന റിയപ്പെടുന്ന പ്രകാശം നന്നേ കുറഞ്ഞ അവസ്ഥയുണ്ടാകുന്നത്. 125 വര്ഷം മുൻപുണ്ടായിരുന്ന അവസ്ഥയെ അപേക്ഷിച്ച് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ ഭൗമോപരിതലത്തിനോടടുത്ത പ്രകാശ തീവ്രതയിൽ ഏകദേശം ആറ് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. സൂര്യപ്രകാശതീവ്രത കുറയുന്ന അവസ്ഥയിൽ ഭൂമിയുടെ ഉപരിതലത്തിൽ ശീതളിമ അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ഹരിതഗൃഹവാതകങ്ങൾ മൂലം ഉണ്ടായ താപനത്തിന്റെ തീവ്രത പൂർണ്ണമായ തോതിൽ അനുഭവവേദ്യമാകാതിരിക്കാൻ കാരണം തവിട്ട് മേഘങ്ങളുടെ സാന്നിധ്യമാണ്. കാർബൺ ഡയോക്‌സൈഡ് ആധിക്യം മൂലം ഭൗമോപരിതലത്തിൽ ചൂടേറുമ്പോൾ താപനത്തിന്റെ യഥാർഥ പ്രഭാവം ഏകദേശം പകുതി കണ്ട്കുറയുന്നതും തവിട്ടു മേഘങ്ങളുടെ സാന്നിധ്യം മൂലമാണ്.
  3. മേഘരൂപീകരണം:ഴമേഘങ്ങളുടെ രൂപീകരണത്തിലും തവിട്ട് മേഘങ്ങൾക്ക് സ്വാധീനമുണ്ട്. ശുദ്ധമായ വായുവിനെ അപേക്ഷിച്ച് മലിനമായ വായുവിൽ ജലത്തിൽ ലയിക്കുന്ന പ്രകൃതമുള്ള ധാരാളം സൂക്ഷ്മകണങ്ങൾ ഉണ്ട്. മേഘരൂപീകരണത്തിന്റെ കാര്യമെടുത്താൽ എത്രകണ്ട് കൂടുതൽ സൂക്ഷ്മകണങ്ങളുണ്ടോ അത്രകണ്ട് ചെറിയ ജലകണങ്ങൾ ധാരാളമായി രൂപം കൊള്ളുകയാണ് ചെയ്യുന്നത്. ഇത്തരം സൂക്ഷ്മജലകണങ്ങൾ അവ അടങ്ങുന്ന മേഘത്തിന്റെ പ്രതിപതന ശേഷി വർധിപ്പിക്കുകയും സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് തിരിച്ച് പ്രതിപതിപ്പിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തിലെ അന്തരീക്ഷമണ്ഡലത്തിലും കൂടുതൽ ശീതളിമ നൽകുന്നതിന് ഈ പ്രക്രിയ കാരണമാവുകയും ചെയ്യുന്നു. എയ്‌റോസോളുകൾ മൂലം ഉണ്ടാകുന്ന ശീതളിമ അവ മൂലം തന്നെ ഉണ്ടാകുന്ന താപന പ്രഭാവത്തെക്കാൾ വളരെ കൂടുതലാണ്. അതിനാൽ എയ്‌റോസോളുകളെ അന്തരീക്ഷത്തിലേക്ക് വിമുക്തമാക്കുന്ന ഉത്സർജന പ്രക്രിയകൾ നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടേറുവാനിടയുണ്ട്. ഒരുതരത്തിൽ ഗുണകരവും, മറ്റു തരത്തിൽ ദോഷകരവുമായ പ്രത്യാഘാതങ്ങളാണ് ഇതിന്റെ അനന്തര ഫലം. ചൂടേറിയ ജലം കൂടുതൽ ബാഷ്പീകരണത്തിന് വിധേയമാകുന്നു. അതുവഴി കൂടുതൽ മേഘരൂപീകരണവും, കൂടുതൽ വർഷപാതവും ഉണ്ടാവുന്നു. പരിധിയിലേറെ മഴ ലഭിക്കുമ്പോൾ അത് പ്രളയ സാഹചര്യത്തിലേക്ക് നയിക്കുന്നു എന്നതാണ് ഇതിന്റെ ദോഷഫലം.
  4. മഴക്കുറവ്: ഭൗമോപരിതലത്തിൽ എത്തുന്ന സൗരവികിരണങ്ങളുടെ തോതിൽ കുറവുണ്ടാകുന്ന പക്ഷം അത് ഭൂമിയുടെ ഉപരിതലതാപനില താഴാനിടയാക്കുന്നു. ഉപരിതലതാപനില കുറയുമ്പോൾ ബാഷ്പീകരണത്തിൻ്റെ തോത് കുറയുകയും അതിലൂടെ മേഘ രൂപീകരണം, തുടർന്ന് ലഭിക്കുന്ന മഴ എന്നിവയിലും കുറവുണ്ടാകുന്നു.
  5. പ്രാദേശിക-ആഗോള കാലാവസ്ഥ വ്യൂഹത്തിൽ ചെലുത്തുന്ന സ്വാധീനം  – കിഴക്കൻ ചൈനയിലെ മൺസൂൺ ദക്ഷിണ ഭാഗത്തേക്ക് നീങ്ങുന്നതുമായി അന്തരീക്ഷത്തിലെ തവിട്ട്മേഘങ്ങൾക്ക് ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. 1930 കൽ മുതൽ ഇന്ത്യയിൽ ലഭിക്കുന്ന മൺസൂൺ മഴയിൽ കുറവുണ്ടാകാനുള്ള പ്രധാന ഘടകം തവിട്ട് മേഘങ്ങളുടെ സാന്നിധ്യമാണെന്ന് വിശ്വസിക്കുന്നു. തവിട്ട് മേഘങ്ങളുടെ സാന്നിധ്യം കൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉത്തരമേഖലയിൽ അനുഭവപ്പെടുന്ന ശീതളിമ മൂലം മൺസൂൺ വ്യൂഹം വഴിമാറി പോകുകയോ ശക്തിക്ഷയിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ചൂടേറിയ സമുദ്രജലവും ഉയർന്ന ബാഷ്പീകരണത്തോതുമാണ് മെച്ചപ്പെട്ട മൺസൂൺ മഴക്കാധാരം. ഈ മേഖലയിൽ ചൂട് കുറയുന്നതിന്റെ ഫലമായി മൺസൂൺ മേഘങ്ങൾ ദക്ഷിണഭാഗത്തേക്ക് വ്യതിചലിക്കുന്നു. തൽഫലമായി ഇന്ത്യൻ മഹാസമുദ്രത്തിൽ മെച്ചപ്പെട്ട മൺസൂൺ മഴ ലഭിക്കുമെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴക്കുറവ് ഉണ്ടാകുന്നു.

തവിട്ട് മേഘങ്ങൾ മൂലം ഓസ്‌ട്രേലിയയിലെ കിംബെർലി, ടോപ് എൻഡ് (Top End) മേഖലകളിൽ കനത്ത മഴ ലഭിക്കുന്നു. ഓസ്‌ട്രേലിയൻ ഗവേഷണ ഏജൻസിയായ CSIRO (Commonwealth Scientific and Industrial Research Organisation) യുടെ ഒരു വിലയിരുത്തൽ പ്രകാരം കിഴക്കൻ ഏഷ്യയിലെ അന്തരീക്ഷം തവിട്ട്മേഘങ്ങളുടെ സാന്നിധ്യം മൂലം തണുക്കാനിടയാകുമ്പോൾ മൺസൂൺ മേഘങ്ങൾ കൂടുതൽ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും തൽപ്രദേശങ്ങളിൽ കനത്ത മഴ നൽകുകയും ചെയ്യുന്നു. 

കടപ്പാട് : Nicolle Rager Fuller, National Science Foundation

ഹിന്ദുക്കുഷ് ഹിമാലയൻ മേഖലകളിൽ ഹിമാനികൾ വൻതോതിൽ ഉരുകി പിൻവാങ്ങുന്നതിനും തവിട്ട് മേഘങ്ങൾ വഴിവെക്കുന്നു. ഇന്ത്യൻ മേഖലയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന മാലിന്യങ്ങൾ ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിൽ എത്തിച്ചേരുന്നു. മാലിന്യങ്ങളിൽ അടങ്ങിയിട്ടുള്ള ബ്ലാക്ക് കാർബൺ കണികകൾ താപവികിരണങ്ങൾ ആഗിരണം ചെയ്ത് തൽപ്രദേശങ്ങളിൽ ചൂടേറ്റുന്നു. മാത്രമല്ല, സൂര്യപ്രകാശത്തിന്റെ പതന-പ്രതിപതന അനുപാതം (albedo) കുറക്കുകയും ചെയ്യുന്നു. ഈ സവിശേഷതമൂലം പ്രസ്തുത മേഖലയിൽ ചൂടേറുകയും ഹിമാനികൾ വൻ തോതിൽ ഉരുകി ശോഷിക്കുകയും ചെയ്യുന്നു. സിന്ധു-ഗംഗാ നദീ തടങ്ങളിൽ നീണ്ട് നിൽക്കുന്ന മൂടൽ മഞ്ഞും മാലിന്യപടലവും (haze) ഉണ്ടാവുന്നതിനും തവിട്ട് മേഘങ്ങൾ കാരണമാവുന്നു. തന്മൂലം തത്പ്രദേശങ്ങൾ കൂടിയ തോതിലുള്ള അന്തരീക്ഷ മലിനീകരണത്തിന് അടിപ്പെടുകയും, മൂടൽമഞ്ഞ് മൂലം ദൃശ്യത (visibility) വളരെ കുറഞ്ഞ നിലവാരത്തിലെത്തുകയും ചെയ്യുന്നു. കാർഷിക-വിനോദ സഞ്ചാരമേഖലകളിൽ വൻ തിരിച്ചടി സൃഷ്ടിക്കുവാൻ കഴിയുന്ന സാഹചര്യങ്ങളാണിവ.

അറബിക്കടലിലെ ചുഴലിക്കാറ്റുകളും എയ്‌റോസോളുകളും 

2007 മുതലാണ് അറബിക്കടലിൽ ചുഴലിക്കാറ്റിന്റെ രൂപീകരണം കൂടിവരുന്ന സാഹചര്യം കണ്ടുതുടങ്ങിയത്. ഇതിൻറെ ഒരു കാരണം, തവിട്ട് മേഘങ്ങളുടെ സാന്നിധ്യമാണ് എന്ന് വിലയിരുത്തപ്പെടുന്നു. വ്യത്യസ്ത തിരശ്ചീനതലങ്ങളിൽ വീശുന്ന കാറ്റുകൾക്ക് അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്തേക്ക് പോകും തോറും വേഗത കുറഞ്ഞ് വരുന്ന അവസ്ഥ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകളായി മാറുന്നതും തീവ്രതയാർജിക്കുന്നതും. രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്ക് മുൻപ് വരെ കാറ്റുകളുടെ ശക്തി ക്ഷയിക്കുന്ന സാഹചര്യം പ്രായേണ വിരളമായിരുന്നു. എന്നാൽ, കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി അന്തരീക്ഷത്തിൽ ഉണ്ടായ എയ്‌റോസോളുകളുടെ അധിക സാന്നിദ്ധ്യമാണ് കാറ്റുകളുടെ ശക്തിക്ഷയത്തിന് (wind shear) പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. മൺസൂൺകാലത്ത് അന്തരീക്ഷത്തിൽ താഴ്ത്തട്ടിൽ തെക്കുപടിഞ്ഞാറൻ കാറ്റുകൾ, മുകൾത്തട്ടിൽ വീശുന്ന ശക്തിയേറിയ കിഴക്കൻ കാറ്റുകൾ എന്നിവക്ക് ശക്തിക്ഷയം ഉണ്ടായതായി നിരീക്ഷിക്കപ്പെടുന്നു. തന്മൂലമാണ് അറബിക്കടൽ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ ശക്തിയേറിയ ചുഴലിവാതങ്ങളായി രൂപാന്തരം പ്രാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നത്. മുൻകാലങ്ങളിൽ ശക്തമായി വീശിയിരുന്ന തെക്കുപടിഞ്ഞാറൻ/കിഴക്കൻകാറ്റുകളുടെ ശക്തിക്ഷയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്തെത്തിപ്പെടുന്ന ബ്ലാക്ക് കാർബൺ, സൾഫേറ്റ് കണങ്ങൾ എന്നിവയുടെ വർധിത സാന്നിധ്യമാണെന്ന് കരുതുന്നു. എയ്‌റോസോളുകളുടെ സാന്നിധ്യവും കാറ്റുകളുടെ ശക്തിക്ഷയവും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തത കൈവരിക്കേണ്ടതുണ്ട്. ഇവ സൂര്യപ്രകാശം ഭൂമിയിൽ എത്താതെ തടയുന്നതുമൂലം ഭൂമിയുടെ ഉപരിതല പ്രദേശങ്ങളിൽ പ്രകാശം മങ്ങുന്ന അവസ്ഥയുണ്ടാകുന്നു. ഈ സാഹചര്യത്തിൽ, ഭൂമിയുടെ ഉപരിതലത്തിൽ ലഭിക്കുന്ന സൗരതാപത്തോതിലും കുറവുണ്ടാകുന്നു. ഇവ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയും പ്രാദേശിക കാലാവസ്ഥയെ മാറ്റി മറിക്കാൻ തക്കവിധം നിലകൊള്ളുകയും ചെയ്യുന്നു. അതിനാൽ അടിയന്തിരമായി ഉത്സർജനം കുറക്കുക എന്ന നിർദ്ദേശം കൂടുതൽ പ്രസക്തമാവുകയാണ്. അറബിക്കടലിന്റെ സംഭരിത-ഉപരിതല താപവും വർദ്ധിച്ചു കൊണ്ടിരിക്കുന്നതാണ് ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിന് പ്രധാന കാരണമാവുന്നത്. സമീപവർഷങ്ങളിൽ ശക്തിയേറിയ ചുഴലിക്കാറ്റുകളാണ് അറബിക്കടലിൽ ഉണ്ടായത്. 2019 ൽ ബംഗാൾഉൾക്കടലിനെ അപേക്ഷിച്ച് കൂടുതൽ ചുഴലികൾ അറബിക്കടലിൽ രൂപം പ്രാപിച്ചു എന്നതും ഓർക്കേണ്ട കാര്യമാണ്.

ആർട്ടിക് മേഖലയിലെ വർധിച്ച മഞ്ഞുരുക്കത്തിനും പ്രധാനകാരണം തവിട്ട് മേഘങ്ങളാണ്. ഇത്തരം മേഘങ്ങളിലെ ബ്ലാക്ക് കാർബണുകൾ ദക്ഷിണേഷ്യയിലെ അന്തരീക്ഷ മലിനീകരണം വഴി എത്തപ്പെടുന്നവയാണ്. ബ്ലാക്ക്കാർബൺ കണങ്ങൾ ഹിമപാളികളിൽ പതിക്കാനിടയായാൽ അവയുടെ പ്രതലം ഇരുളുകയും അത് ഹിമപാളികളുടെ പ്രതിഫലന ശേഷി കുറയ്ക്കുവാനിടയാക്കുകയും ചെയ്യുന്നു. ഇത് മൂലം ചൂടേറുകയും മഞ്ഞ് ഉരുകുന്ന പ്രക്രിയയ്ക്ക് വേഗതയേറുകയും ചെയുന്നു. അന്തരീക്ഷത്തിലേക്ക് ബ്ലാക്ക്കാർബൺ പുറം തള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ മേഖലയാണ് ദക്ഷിണേഷ്യ. ഇവ അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ എത്തിച്ചേരുകയും അവിടെ നിന്ന് ഉത്തരധ്രുവത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇത് മൂലമാണ് ഉത്തരധ്രുവത്തിൽ ചൂട് വർധിച്ച് മഞ്ഞുരുക്കത്തിന് ആക്കം കൂടിയത്.

ജന ജീവിതത്തെയും ബാധിക്കുന്നു

ജനജീവിതവുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളെയാണ് തവിട്ട് മേഘങ്ങളുടെ സാന്നിധ്യം കൂടുതലായി ബാധിക്കുന്നത്.

കൃഷിയും ഭക്ഷ്യ ശീലങ്ങളും: കാലാവസ്ഥയിൽ, പ്രത്യേകിച്ച് വർഷപാത തോതിൽ വ്യതിയാനമുണ്ടാക്കുവാൻ തവിട്ട് മേഘങ്ങൾക്ക് കഴിയും എന്നതിനാൽ കാർഷിക മേഖലയെയാണ് ഇവ കൂടുതൽ ബാധിക്കുന്നത്. വിളകളുടെ ഇനമനുസരിച്ച്, ബാധിക്കുന്ന രീതിയുടെ പ്രകൃതത്തിൽ മാറ്റം വരാം. 1985-1998 കാലഘട്ടത്തിൽ ഇന്ത്യയിലെ നെല്ലുല്പാദനത്തിൽ 6.2 മില്യൺ മെട്രിക് ടണ്ണിന്റെ ഇടിവുണ്ടായി. കടുത്ത അന്തരീക്ഷമലിനീകരണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട തവിട്ട് മേഘങ്ങളുടെ സാന്നിധ്യവുമായി ഈ ഇടിവിന് ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഭൂനിരപ്പിനോടടുത്ത് ഓസോൺ വാതകത്തിന്റെ അന്തരീക്ഷസാന്ദ്രതയിൽ ഉണ്ടാകുന്ന വർധനവും കാർഷികോല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തവിട്ട് മേഘങ്ങളിൽ അടങ്ങിയിരിക്കുന്ന ഓസോൺ വാതകത്തിന് കാർഷികോല്പാദനം 20 മുതൽ 40 വരെ ശതമാനം കണ്ട് കുറക്കാനാവുമെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ആരോഗ്യരംഗം: ഉയർന്ന അന്തരീക്ഷമലിനീകരണം ഉള്ളയിടങ്ങളിലെ മാലിന്യപാളിപോലെയുള്ള തവിട്ട് മേഘങ്ങൾ ആരോഗ്യത്തിന് അത്യധികം ഹാനികരമാണ്. തവിട്ട് മേഘങ്ങളിൽ അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മ രൂപത്തിലുള്ള പൊടിപടലങ്ങൾ, ബ്ലാക്ക്കാർബൺ എന്നിവ ഹൃദയ/ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, മരണം എന്നിവയ്ക്ക് കാരണമാകുന്നു. മലിനീകൃതമായ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഓസോണിന് ആസ്ത്മ (asthma) ഉണ്ടാക്കുവാനും ശ്വാസകോശത്തെ ദുർബലപ്പെടുത്തുവാനും കഴിയും. ക്യാൻസറിന് കാരണമാവുന്ന നിരവധി ഘടകങ്ങൾ തവിട്ട് മേഘങ്ങളിൽ ഉണ്ട്.

സാമ്പത്തിക രംഗം: ഏഷ്യൻ തവിട്ട് മേഘങ്ങളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മമാലിന്യ കണങ്ങൾ മൂലം 2019ൽ ഇന്ത്യയിലെ മൊത്ത ആഭ്യന്തരഉല്പാദനത്തിൽ 2.2 ശതമാനത്തിന്റെയും ചൈനയുടെ മൊത്ത ആഭ്യന്തരഉല്പാദനത്തിൽ 3.6 ശതമാനത്തിന്റെയും ഇടിവ് ഉണ്ടായതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ മൂല്യം ഇന്ത്യയുടേത് 70 ബില്യൺ അമേരിക്കൻ ഡോളറും ചൈനയുടേത് 550 ബില്യൺ അമേരിക്കൻ ഡോളറും ആണ്. ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് തവിട്ട് മേഘങ്ങൾക്കുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ യാഥാർദ്ധ്യം ഉൾക്കൊണ്ടുകൊണ്ടാണ് “അന്താരാഷ്ട്ര അന്തരീക്ഷത്തവിട്ട് മേഘപദ്ധതിക്ക്” ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം രൂപം നൽകിയത്. അന്തരീക്ഷത്തിൽ വളരെക്കുറച്ച് സമയം മാത്രം നിലനിൽക്കുന്ന മലിനീകാരികളെ തിരിച്ചറിയുവാനും അത് ആഗോളകാലാവസ്ഥാ വ്യതിയാന ലഘൂകരണ പരിപാടികളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുവാനും ഈ പദ്ധതി മുഖാന്തരം സാധിച്ചു.

തവിട്ട് മേഘങ്ങളും മൺസൂണും: ശൈത്യമാസങ്ങളിലാണ് തവിട്ട് മേഘങ്ങൾ ഏഷ്യൻ മേഖലയിൽ കാണപ്പെടുന്നത്.  മെയ് അവസാനത്തോടെയോ ജൂണിലോ മൺസൂൺ ആരംഭിക്കുന്ന പക്ഷം ഇവ നീക്കം ചെയ്യപ്പെടുന്നു. എന്നാൽ, മൺസൂൺ മാസങ്ങളിലും ചൂടുള്ളവായുവിനാൽ വഹിക്കപ്പെട്ട് മലിനീകാരികൾ ട്രോപോസ്ഫിയറിന്റെ ഏറ്റവും മുകൾ ഭാഗത്ത് എത്തുകയും അവിടെ നിന്ന് ഇതരമേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യാറുണ്ട്. പൊടിപടലങ്ങലും വാതക രൂപത്തിലുള്ള മലിനീകാരികളും മൺസൂൺ മേഘങ്ങളുടെ മുകൾ ഭാഗത്തേക്ക് എത്തപ്പെടുന്നു. അന്തരീക്ഷത്തിലെ/ട്രോപോസ്ഫിയറിന്റെ ഉയർന്ന വിതാനങ്ങളിൽ നിലകൊള്ളുന്ന പ്രതിചക്രവാത (anticyclone) വ്യൂഹത്തിൽപ്പെട്ട് ഇവ ആഗോളതലത്തിൽ വ്യാപിക്കാനിടയാവുന്നു. ഇതുകൂടാതെ ദക്ഷിണേഷ്യൻ മേഖലയിൽനിന്നുള്ള സൾഫർ ഡയോക്‌സൈഡ് ഉത്സർജനത്തിന്റെ ഏകദേശം 60 ശതമാനത്തോളം ട്രോപോസ്ഫിയർ മണ്ഡലത്തിൽ എത്തിച്ചേരുന്നു. ഇത് പ്രസ്തുത മണ്ഡലത്തിലെ ഓസോൺ വാതക പാളിയെ ബാധിക്കുന്നു. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ഒഴുക്കിക്കളയുന്നതോടൊപ്പം തന്നെ അവ ലോകമാകമാനം വ്യാപിക്കുന്നതിനും കാലവർഷം കാരണമാകുന്നു.

തവിട്ട് മേഘങ്ങൾ: ചില എതിർ വാദങ്ങൾ 

ഏഷ്യൻ തവിട്ട് മേഘങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച UNEP റിപ്പോർട്ടിന് പരക്കെ ലഭിച്ച പ്രചാരം, പ്രാദേശിക-ആഗോള തലത്തിൽ ആരോഗ്യം, കൃഷി, കാലാവസ്ഥ എന്നിവയിൽ തവിട്ട് മേഘങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ബഹുമുഖപ്രത്യാഘാതങ്ങൾ എന്നിവ പൊതുവേ  ചില ആശങ്കകൾക്കിടയാക്കി. ചില നിരീക്ഷണങ്ങളുടെയും, ശാസ്ത്രീയമായി വ്യക്തമാക്കപ്പെട്ട ചില നിഗമനങ്ങളുടെയും സമ്മിശ്രണമാണ് UNEP റിപ്പോർട്ട് എന്നും അതല്ല വെറും നാമമാത്ര ശാസ്ത്രീയ അടിസ്ഥാനം മാത്രമുള്ള ഉദ്യേഗജനകമായ പ്രസ്താവനകൾ മാത്രമാണ് അതെന്നുമുള്ള രണ്ട് തരത്തിലുള്ള വാദഗതികൾക്ക് വഴി തെളിഞ്ഞു. INDOEX (Indian Ocean Experiment) എന്ന ഒരു പര്യവേഷണ പദ്ധതിയുടെ കണ്ടെത്തലുകളെ ആധാരമാക്കിയാണ് UNEP റിപ്പോർട്ട്. ദക്ഷിണേഷ്യ, ഇന്ത്യൻ സമുദ്ര മേഖല, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ജനുവരി മുതൽ മാർച്ച് വരെ പ്രത്യക്ഷമാവുന്ന “തവിട്ട്” നിറത്തിലുള്ള മാലിന്യപാളിയെ (haze) വിശേഷിപ്പിക്കുവാനാണ് തവിട്ട്മേഘങ്ങൾ എന്ന പദം INDOEX ഗവേഷകർ ഉപയോഗിച്ചത്. എന്നാൽ, ഏഷ്യൻ മേഖലയിലോ ചുറ്റുമുള്ള സമുദ്രമേഖലയിലോ സ്ഥിരമായി നിലനിൽക്കുന്ന ഒരു പ്രതിഭാസമല്ല തവിട്ട് നിറത്തിലുള്ള ഈ മാലിന്യപാളി. തെക്കുപടിഞ്ഞാറൻ/വടക്കു കിഴക്കൻ കാലവർഷത്തെ തുടർന്ന് ജനുവരി മുതൽ മാർച്ച് വരെയാണിത് കാണപ്പെടാറുള്ളത്. UNEP റിപ്പോർട്ട് പ്രകാരം സൗദി അറേബ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറ് ഏഷ്യയിൽ ലഭിക്കുന്ന മഴയിൽ കുറവുണ്ടാകും എന്നതാണ് ഒരു നിഗമനം. എന്നാൽ, തൽപ്രദേശത്തെ വർഷപാത പ്രകൃതത്തിൽ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് നടത്തിയ പഠനങ്ങളും അനുമാനിത പ്രവചനവും യാഥാർത്ഥസ്ഥിതിഗതികളും തമ്മിൽ പൊരുത്തപ്പെടുന്നില്ലയെന്നതിനാൽ അത് UNEP റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. ദക്ഷിണേഷ്യയിലെ കാർഷിക മേഖലയെ അന്തരീക്ഷത്തിലെ വിശാലമായ മാലിന്യപാളി അമ്പേ താളം തെറ്റിക്കും എന്ന UNEP റിപ്പോർട്ടിലെ വെളിപ്പെടുത്തലിനും അടിസ്ഥാനമില്ല. കാരണം, കാർഷിക മേഖലയിൽ ഇവ സൃഷ്ടിക്കാനിടയുള്ള ആഘാതത്തിന്റെ പ്രതീക്ഷിതതോത് വളരെ ചെറുതാണ്. ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം, തവിട്ട് മേഘങ്ങൾ ഏഷ്യയിൽ മാത്രം കാണപ്പെടുന്നവയോ മറ്റൊരിടത്തും കാണാത്തവയോ അല്ല. മലിനീകരണം മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണ നിരക്ക് പെരുപ്പിക്കുന്നതിൽ തവിട്ട്മേഘങ്ങൾക്ക് അത്ര വലിയ പങ്കുമില്ല. മാത്രമല്ല, UNEP റിപ്പോർട്ട് പ്രകാരം ദക്ഷിണേഷ്യയിലെ ശൈത്യകാലം മാത്രമാണ് ആകെ പഠന വിധേയമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തവിട്ട്മേഘങ്ങൾ കാലാവസ്ഥാ ഘടനയെ മാറ്റിമറിക്കുമെന്നോ, അതിശക്തമായ കാലാവർഷമഴ, വെള്ളപ്പൊക്കം, വരൾച്ച എന്നിവക്ക് കാരണമാകുമെന്നോ ഉള്ള കണ്ടെത്തലുകൾ അടിസ്ഥാനരഹിതവുമാണ് (J. Sreenivasan and Sulochana Gadgil, 2002).

UNEP നിരീക്ഷണ പ്രകാരം അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ദക്ഷിണേഷ്യ എന്നീ മേഖലകളുടെ ഒട്ടുമുക്കാൽ ഭാഗങ്ങളെയും ദക്ഷിണേഷ്യൻ തവിട്ട് മേഘങ്ങൾ ആവരണം ചെയ്യുന്നുണ്ട്. ഇവ എല്ലാ വർഷവും പ്രത്യക്ഷപ്പെടാറുണ്ട്. നവംബർ മുതൽ ഏപ്രിൽ വരെയോ, ചിലപ്പോൾ അതിലുമേറെയോ നീണ്ട് നിൽക്കാറുമുണ്ട്. തവിട്ട് മേഘങ്ങളിലടങ്ങിയിരിക്കുന്ന ബ്ലാക്ക്കാർബൺ, ഇതര സൂക്ഷ്മകണങ്ങൾ എന്നിവ അന്തരീക്ഷത്തിൽ ഒരാവരണം പോലെ വർത്തിച്ച് സമുദ്രങ്ങൾ ചൂടേറ്റുന്നതിൽ 10 ശതമാനത്തോളം കുറവ് വരുത്തുന്നു. എന്നാൽ, ഈ കണങ്ങളുടെ സൗരതാപ ആഗിരണ ശേഷി മൂലം തവിട്ട് മേഘപാളിക്ക് മുകളിലുള്ള അന്തരീക്ഷം 50 മുതൽ 100 ശതമാനം വരെ കൂടുതൽ തോതിൽ താപനത്തിനടിപ്പെടുന്നു (Ramanathan,V. et al.,1999).

മാലിന്യപാളിയുടെ നിലനിൽപ്പ് കാലദൈർഘ്യം, പാളിയിലെ ബ്ലാക്ക് കാർബൺ തോത്, നിർദിഷ്ട മേഖലയിൽ ലഭിക്കുന്ന സൗരോർജ് തോത്, പ്രസ്തുത സാഹചര്യങ്ങളിൽ ലഭിക്കുന്ന മഴയുടെ അനുമാനിത വിന്യാസക്രമം എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെടുന്നപക്ഷം വിശകലന ഫലങ്ങൾ തത്പ്രദേശങ്ങളിലെ ജലലഭ്യത, ജലഉപഭോഗം, കൃഷി, ആരോഗ്യം എന്നീ രംഗങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും. മനുഷ്യരുടെ പ്രവർത്തന ശൈലിയിലൂടെ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന എയ്‌റോസോളുകളുടെ തോത്, ദക്ഷിണേഷ്യൻ മേഖലയിൽ കാലവർഷമഴയിൽ ഉണ്ടായിട്ടുള്ള ഇടിവ് എന്നിവ തമ്മിലുള്ള ബന്ധം UNEP റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപേതന്നെ 15 കമ്പ്യൂട്ടർ മോഡൽ പഠനങ്ങൾ വഴി സ്ഥിരീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ റിപ്പോർട്ടിലെ പരാമർശങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ രാമനാഥൻ അടിവരയിടുന്നു.

തവിട്ട് മേഘങ്ങളെക്കുറിച്ചുള്ള UNEP റിപ്പോർട്ട് അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ഒരു അവബോധം സൃഷ്ടിക്കുവാൻ ഉതകി എന്നതിൽ തർക്കമില്ല. നഗരമേഖലകളിൽ നിന്ന് അത്യധികം അന്തരീക്ഷദോഷകാരികളായ മാലിന്യങ്ങൾ പുറം തള്ളുന്നതിൽ കർശന നിയന്ത്രണം വേണമെന്ന് നിബന്ധിക്കുന്ന കാര്യപരിപാടികൾക്ക് ഈ റിപ്പോർട്ട് വഴിപാകി. ഇത്തരം മാലിന്യപാളികൾ തങ്ങളുടെ ആരോഗ്യത്തിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് ഏഷ്യയിലെ ജനങ്ങൾ പൊതുവേ  ബോധവാന്മാരാകേണ്ടതുണ്ട്. സമീപകാലപാരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ച് സാധാരണ ജനങ്ങൾ ഒട്ടുംതന്നെ അവബോധമില്ലാത്തവരായതിനാൽ പരിസരമലിനീകരണം ദിനംപ്രതി എന്നോണം വർധിച്ചു കൊണ്ടേയിരിയ്ക്കുന്നു. ഓട്ടോമൊബൈൽ വാഹന ഉപഭോഗത്തിലുണ്ടായ വർദ്ധനവ്, വ്യവസായ വൈപുല്യം, ദൈന്യംദിനജീവിത ക്രമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മലിനീകരണം എന്നിവയാണ് മാലിന്യാധിക്യം രൂക്ഷമാക്കുന്നത്. ഇത് കൂടാതെ ഉത്സവക്കാലങ്ങളിലെ അത്യധികമായ കരിമരുന്ന് ഉപയോഗവും, കാർഷികാവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയും അന്തരീക്ഷമാലിന്യം വർധിക്കുവാൻ ഇടയാക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോളതാപനസംബന്ധമായി നടത്തപ്പെട്ട കാര്യപരിപാടികൾ പ്രധാനമായും ഗവേഷണമേഖലയിലെ ഉന്നതതലസമ്മേളനങ്ങൾ, ശില്പശാലകൾ എന്നിവയിൽ മാത്രമായി ഒതുക്കപ്പെട്ടിരിക്കുന്നു. തന്മൂലം, ആഗോളതാപനം സൃഷ്ട്ടിക്കുന്ന അതിഭീകരമായ പ്രശ്നങ്ങളെക്കുറിച്ച് സാമാന്യ ജനങ്ങൾക്ക് നാമമാത്ര ധാരണയേയുള്ളു. അതുപോലെ അധികരിച്ച അന്തരീക്ഷ മലിനീകരണ പ്രതീകമായ ഏഷ്യൻ തവിട്ട്മേഘങ്ങളെ പറ്റിയും ജനങ്ങൾക്കിടയിൽ വലിയ ധാരണയില്ല. നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന അതീവ സംഹാരശേഷിയുള്ള ഒരു പാരിസ്ഥിതികപ്രശ്നം എന്ന നിലയിൽ ആഗോളതാപനം എന്ന പ്രതിഭാസം ലോകമാകമാനം ചർച്ചചെയ്യപ്പെട്ടതോടെയാണ് ഏഷ്യൻ തവിട്ട്മേഘങ്ങളെ പാരിസ്ഥിതിക കാഴചപ്പാടിൽ നോക്കി കാണാൻ തുടങ്ങിയത് തന്നെ; പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ. മലിനീകരണം, താപനം എന്നീ രണ്ട് പ്രശ്നങ്ങൾക്കും പൊതുവായ ചില കാരണങ്ങളും പ്രതിരോധപരിപാടികളും ഉണ്ട്. അനുദിനം രൂക്ഷതയാർജ്ജിക്കുന്ന അതിവിനാശകാരികളായ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ജനങ്ങൾക്കിടയിൽ ബോധം ഉളവാക്കുക എന്നതാണ് കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. മാലിന്യപാളി സൃഷ്ടിക്കുന്ന മങ്ങൽപ്രഭാവം താപനത്തിന്റെ തീവ്രത കുറയ്ക്കുമെന്നത് ശരിതന്നെ; എന്നാൽ, ഇത് ആരോഗ്യകരമായതോ, ആശാസ്യമായതോ ആയ ഒരു പരിഹാരമല്ല. മലിനീകരണത്തിനെതിരെ, താപനത്തിനെതിരെ, ഒരേ സമയം പ്രതിരോധിക്കുക എന്നതാണ് ഈ ഘട്ടത്തിൽ കരണീയം. കാർബൺ ഉത്സർജനം ഫലത്തിൽ തീരെ ഇല്ലാത്ത ഊർജ്ജ-ഉപഭോഗ സംവിധാനങ്ങളിലേക്ക് തിരിയുവാൻ പല ലോകരാഷ്ട്രങ്ങളും സന്നദ്ധത കാണിച്ചുതുടങ്ങിയിരിക്കുന്നു. ചില രാഷ്ട്രങ്ങൾ ഫോസ്സിൽ ഇന്ധനങ്ങൾ പാടെ ഉപേക്ഷിച്ച് ഉത്സർജനവിമുക്തമായ പാരമ്പര്യേതര ഊർജ ഉപഭോഗം അവലംബിക്കുകയും ചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയത് തുടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ തീർച്ചയായും ശുഭസൂചന നൽകുന്നവയാണ്.


ലേഖകൻ കേരള കാർഷിക സർവകലാശാല, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി ശാസ്ത്ര കോളേജിലെ സയറിഫിക് ഓഫീസറും കാലാവസ്ഥ കോളമിസ്റ്റുമാണ്.

മറ്റു ലേഖനങ്ങൾ


Happy
Happy
0 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ആദ്യത്തെ മനുഷ്യനിർമ്മിത ക്വാസി ക്രിസ്റ്റൽ
Next post ബഹിരാകാശ ചവറ്റുകൂന ! 
Close