Read Time:4 Minute
പ്രൊഫ.കെ.ആർ.ജനാർദ്ദനൻ

ബോംബാർഡിയർ വണ്ടിന്റെ പ്രതിരോധതന്ത്രം

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര..ബോംബാർഡിയർ ബിറ്റിൽസ് എന്നയിനം വണ്ടുകളുടെ കെമിക്കൽ സ്പ്രേ – പ്രതിരോധ തന്ത്രത്തെക്കുറിച്ച് വായിക്കാം…

ട്ടിയേറിയ ഒരുജോഡി മുൻചിറകുകളുള്ള ഷഡ്പദമാണല്ലോ വണ്ട് (Beetle). ഷഡ്പദങ്ങളിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് വണ്ടുകളടങ്ങുന്ന  ‘coleptera’ എന്ന ഓർഡറിലാണ്. അതിതീവ്ര സ്പർദയുടെ ചുറ്റുപാടിൽ നിലനിൽക്കാൻ ഷഡ്പദങ്ങളും ചെറുജീവികളും പലരൂപത്തിലുള്ള അതിജീവന സങ്കേതങ്ങൾ (survival techniques) പ്രയോജനപ്പെടുത്താറുണ്ട്.

ചില അതിജീവന തന്ത്രങ്ങൾ

ചില ഉദാഹരണങ്ങൾ ഇവിടെ സൂചിപ്പിക്കാം. ചുറ്റുപാടുകൾക്കിണങ്ങുന്ന തരത്തിൽ നിറംമാറ്റാനുള്ള കഴിവ് ഓന്തുകൾ (chameleons) വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൊണാർക് ബട്ടർഫ്‌ളൈ (Monarch butterfly) എന്നയിനം   ചിത്രശലഭങ്ങൾ ഇരപിടിയന്മാരിൽനിന്നും രക്ഷപ്പെടുന്നത് അതിന്റെ വിഷമുള്ള ശരീരവും തികച്ചും അരോചകമായ രുചിയും ആയുധമാക്കിയാണ്. എന്നാൽ മൊണാർക് ബട്ടർഫ്‌ളൈയുടെ രൂപവും ഭാവവും സമർത്ഥമായി മിമിക് ചെയ്യാൻ ലിമെനിറ്റിസ് (Limenitis) എന്നയിനം ചിത്രശലഭങ്ങൾക്കു കഴിയും.അങ്ങനെ ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ച് സ്വയരക്ഷ ഉറപ്പാക്കാൻ അവയ്ക്ക് കഴിയുന്നു.

കെമിക്കൽ സ്‌പ്രേ

അത്ര നിഷ്‌ക്രിയമല്ലാത്ത ഒരു പ്രതിരോധതന്ത്രമാണ് ബോംബാർഡിയർ ബിറ്റിൽസ് (Bombardier beetles) എന്നയിനം വണ്ടുകൾ സ്വീകരിക്കുന്നത്. ഒരു കെമിക്കൽ സ്‌പ്രേ (chemical spray)യാണ് അവയുടെ  ആയുധം.

ബോംബാർഡിയർ ബീറ്റലിന്റെ ഉദര (abdomen)ത്തിന്റെ അഗ്രത്തിൽ ഒരുജോഡി ഗ്രന്ഥികൾ (glands) ഉണ്ട്. ഓരോ ഗ്രന്ഥിക്കും രണ്ട് അറകൾ വീതമുണ്ട്. അവയിൽ ഉൾഭാഗത്തുള്ള അറയിൽ ഹൈഡ്രോക്വിനോണിന്റെയും (hydroquinone) ഹൈഡ്രജൻ പെറോക്‌സൈഡിന്റെയും (hydrogen peroxide) ജലലായനി നിറച്ചിരിക്കുന്നു. ബാഹ്യ അറയിൽ ചില എൻസൈമുകളുടെ (enzymes) മിശ്രിതങ്ങളാണുള്ളത്. ജൈവരാസ പ്രക്രിയകൾക്ക് ഉൽപ്രേരകമായി പ്രവർത്തിക്കുന്ന പ്രോട്ടീനുകളാണ്  എൻസൈമുകൾ. ശത്രുഭീഷണി നേരിടുമ്പോൾ വണ്ട് അതിന്റെ ഉൾഭാഗത്തെ അറ ഞെക്കി കുറച്ച്  ദ്രവം (fluid) പുറമേയുള്ള അറയിലേക്ക് ചെലുത്തുന്നു. അപ്പോൾ എൻസൈമുകളുടെ സാന്നിധ്യത്തിൽ ഒരു താപമോചന രാസപ്രവർത്തനം (exothermic reaction) നടക്കുന്നു.

ഈ പ്രതിപ്രവർത്തനത്തിൽ 204 കിലോ ജൂൾ /മോൾ താപോർജം മോചിതമാകുന്നു. ആ ഉയർന്ന താപം, മിശ്രിതത്തെ തിളനിലയിൽ എത്തിക്കുന്നു. ഉദരാഗ്രത്തെ തുടർച്ച ചുറ്റിച്ച്, ബാഷ്പത്തെ ഒട്ടും  സംശയിക്കാത്ത ഇരപിടിയന്റെ നേരെ പീച്ചി ഒരു നേർത്ത പുകമഞ്ഞ് വണ്ട് സൃഷ്ടിക്കുന്നു. താപപ്രഭാവം കൂടാതെ ക്വിനോൺ കീടങ്ങളെ ആട്ടിപ്പായിക്കാൻ ശക്തിയുള്ള രാസികംകൂടിയാണ്. അതിവേഗത്തിൽ തുടരെ തുടരെ 20-30 തവണ ഒറ്റയടിക്ക് പീച്ചാൻ ആവശ്യമായ അഭികാരകങ്ങൾ വഹിക്കാൻ ബോംബാർഡിയർ വണ്ടിന് കഴിയും. തെരുതെരെ വെടിയുണ്ട പായിക്കുന്നതുപോലെ ചെറുശബ്ദത്തോടെയാണ് രാസികമിശ്രിതം ഉത്‌സർജിക്കപ്പെടുന്നത്. അതിനാലാണ് ഈ വണ്ടുകൾക്ക് ബോംബാർഡിയർ എന്ന പേർ വന്നത്. (Bombard  =  തെരുതെരെ ബോംബിടുക.)

0
പേർ ഇതിനകം ലേഖനം വായിച്ചു
Happy
Happy
54 %
Sad
Sad
0 %
Excited
Excited
23 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
23 %

Leave a Reply

Previous post മദപ്പാടിന്റെ കാമശാസ്ത്രം
Next post ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?
Close