എട്ടുകൊല്ലം കൊണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ്


ജി.ഗോപിനാഥന്‍

ഇതൊരു ഫോട്ടോഗ്രാഫ് തന്നെയാണ്, എന്നാലൊരു വ്യത്യാസമുണ്ട് ഇതെടുത്തത്  എട്ടുകൊല്ലം കൊണ്ടാണെന്നുമാത്രം. അതായത് ക്യാമറക്കണ്ണ് എട്ടുകൊല്ലം തുടർച്ചയായി തുറന്നുവച്ചിട്ടാണ് ഈ ചിത്രം കിട്ടിയത്. സത്യമാണ് പറയുന്നത്.

ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ (Hrtfordshire) യൂണിവേഴ്സിറ്റിയിലെ ഒരു പോസ്റ്റ് ഗ്രാഡ്യുവേറ്റ് വിദ്യാര്‍ത്ഥിനിയായ റെജീനാ വാക്കന്‍ബോര്‍ഗ് (Rejina Valknborgh) ആണ് ഇതെടുത്തത്. ക്യാമറയാകട്ടെ ഒരു ഒരു ബീയര്‍ക്യാന്‍.  അതിലൊരു പിന്‍ ഹോളിടുകയും ഉള്ളില്‍ പിറകിലൊരു ഫോട്ടോഗ്രാഫിക് പേപ്പ‍ര്‍ വെയ്ക്കുകയും ചെയ്തു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിന്റെ സമാപനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോളാണ് ആ പെണ്‍കുട്ടി യൂണിവേഴ്സിറ്റിയുടെ ഒബ്സര്‍വേറ്ററിയുടെ ഒരുവശത്ത് ഈ പരുക്കന്‍ ക്യാമറ സ്ഥാപിച്ചത്. പിന്‍ഹോള്‍ക്യാമറകളുമായി ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുന്ന ആളായിരുന്നു കക്ഷി. അതിനിടയിലാണ് സൂര്യോദയവും അസ്തമനവും കുറച്ചു കാലം പകര്‍ത്തണമെന്ന വിചാരത്തോടുകൂടി  ഈ താല്കാലികക്യാമറ കൊണ്ടുപോയി വച്ചത്. പിന്നീട്  അക്കാര്യം ശ്രദ്ധിച്ചതേയില്ല.  അവളത് മറന്നേ പോയി. ക്യാമറയാകട്ടെ അവിടെത്തന്നെ യാതൊരു ശല്യവുമില്ലാതെ സൂര്യനെത്തന്നെ കണ്ണുതുറന്ന് നോക്കിയിരുന്നു. (ഇംഗ്ലണ്ടിലാകുമ്പോള്‍ തെക്കോട്ട് തിരിച്ചുവച്ച ക്യാമറയെ ഒരിക്കലും സൂര്യന്‍ മറികടക്കുകയില്ലല്ലോ. സൂര്യന്‍ എല്ലാക്കാലവും തെക്കുഭാഗത്തു മാത്രമായിരിക്കും.) അങ്ങിനെ  2020 സെപ്തംബറിലൊരു ദിവസം ക്യാമറ തിരിച്ചെടുക്കുന്നതിനിടയില്‍ സൂര്യന്റെ കമാനാകൃതിയിലുള്ള സഞ്ചാരപഥം തുടര്‍ച്ചയായി 2953 വട്ടം അത് പിടിച്ചെടുത്തുകഴിഞ്ഞു.

റെജീനാ വാക്കന്‍ബോര്‍ഗ് ബീയര്‍ക്യാന്‍ പിന്‍ഹോള്‍ ക്യാമറയുമായി കടപ്പാട് .itv.com
“ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം അതിന്റെ പാരമ്യത്തിലിരിക്കുന്ന ഇക്കാലത്ത് വെറുമൊരു പാട്ടപ്പെട്ടികൊണ്ടുണ്ടാക്കിയ പിന്‍ഹോള്‍ ക്യാമറയ്ക്കും വലിയൊരു മൂല്യമുണ്ട് എന്നതാണ് ഏറ്റവും  ആവേശമുണ്ടാക്കിയത്” എന്നാണ് റെജീന പറഞ്ഞത്.
ഏതുതരം ഡിജിറ്റല്‍ ക്യാമറയിലും സെറ്റുചെയ്തുവയ്ക്കാന്‍ കഴിയുന്നതിനേക്കാളും  ഏറ്റവും കുറഞ്ഞ ഷട്ടര്‍ സ്പീഡിലും ഒരു ഫോട്ടോ എടുക്കാന്‍ ഇത്ര ലളിതമായ ക്യാമറയ്ക്കും കഴിയുന്നു. ഇതില്‍ കിട്ടിയ ചിത്രം തികച്ചും അനന്യമാണ്. സൂര്യപ്രകാശത്തിന്റെ ഫോട്ടോണുകള്‍ ആ പിന്‍ഹോളിലൂടെ കടന്ന് ക്യാനിനകത്തുള്ള  ഫോട്ടോഗ്രാഫിക് പേപ്പറില്‍ പതിച്ചിരിക്കുന്നു. “നിങ്ങള്‍ക്ക് നിങ്ങളുടെ പാദമുദ്ര ഒരു കമ്പുകൊണ്ട് അടയാളപ്പെടുത്താനാകും, എന്നാല്‍  മണലില്‍ പതിപ്പിക്കുന്ന നിങ്ങളുടെ പാദമുദ്രയുമായി അത് താരതമ്യം ചെയ്തുനോക്കൂ. അതുപോലാണ് സൂര്യന്‍ തന്റെ പാദമുദ്ര ഈ ഫോട്ടോയില്‍ പതിപ്പിച്ചിരിക്കുന്നത് ” എന്ന് അവര്‍ പറഞ്ഞു.

ഉത്തരാര്‍ദ്ധഗോളത്തിലെ ആകാശത്തുനിന്നു കാണുന്ന സൂര്യന്റെ സഞ്ചാരപഥമാണ് ഈ ചിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും ഉയരത്തിലുള്ള ചാപം ഉത്തരായനത്തിന്റെ അവസാനദിവസവും (അന്നാണല്ലോ പകല്‍ ഏറ്റവും കൂടുതലുള്ളത്.) ഏറ്റവും താഴെയുള്ളത് ദക്ഷിണായനത്തിന്റെ അവസാനദിവസവും (പകല്‍ ഏറ്റവും കുറഞ്ഞ ദിവസം) കാണിക്കുന്നു. രേഖകളിലെ വിടവുകള്‍ മേഘാവൃതമായ ആകാശവും തെളിമയുള്ള ഭാഗം നല്ല വെയിലുള്ള ദിവസങ്ങളും കാണിക്കുന്നു.

“പിന്‍ഹോള്‍ ക്യാമറയുടെ ലളിതമായ ഈ രീതി ഞാന്‍ മുമ്പും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ഈര്‍പ്പം തട്ടി നശിച്ചുപോവുകയും ഫോട്ടോഗ്രാഫിക് പേപ്പര്‍ ചുരുണ്ടുപോവുകയുമൊക്കെയാണ്  പതിവ്. ഇത്ര ദീര്‍ഘകാലത്തെ ഒരു ചിത്രം ഞാന്‍  ഉദ്ദേശിച്ചതേ ഇല്ല” എന്നും ഇത് ഇക്കാലമത്രയും അതിജീവിച്ചു എന്നത് അതിശയകരമാണെന്നും അവര്‍ പറഞ്ഞു. ഒരു പക്ഷേ ഏറ്റവും ദീര്‍ഘമേറിയ സമയത്തെ ക്യാമറ എക്സ്പോഷര്‍ ആയിരിക്കും ഇത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

സൂര്യപഥത്തിന്റെ ഫോട്ടോഗ്രാഫിന് സോളാര്‍ഗ്രാഫ് എന്നാണ് വിളിക്കുന്നത്. ഈ സോളര്‍ഗ്രാഫിന് വെയിലിലെ ദിനങ്ങള്‍ (Days in th Sun) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഒബ്സര്‍വേറ്ററിയുടെ 50- ആം വാര്‍ഷികാഘോഷം നടക്കുന്ന വര്‍ഷമാണ് ഈ ഫോട്ടോ പ്രകാശനം ചെയ്തത്.  ഒബ്സര്‍വേറ്ററി നിലനിന്ന കാലഘട്ടത്തിന്റെ 16 ശതമാനവും എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്തിന്റെ 12 ശതമാനവും സ‍ര്‍വ്വോപരി ഫോട്ടോഗ്രാഫിയുടെ ആരംഭം മുതലുള്ള കാലത്തിന്റെ 4 ശതമാനവും കാലം ക്യാമറ ആകാശത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു എന്നാണ് ഒബ്സര്‍വേറ്ററി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയത്.


അവലംബം : MOTHERBOARD Tech by Vice, Dec 14 20202.

 

Leave a Reply