Read Time:6 Minute


ഡോ.യു.നന്ദകുമാർ

കോവിഡ് വ്യാപനം അപ്രതീക്ഷിതമായ ഗവേഷണ സാധ്യതകളാണ് തുറന്നിട്ടത്. ചുരുങ്ങിയ കാലത്തിൽ ഇത്രയധികം ഡാറ്റ ഉല്പാദിപ്പിക്കപ്പെട്ട മറ്റൊരവസരം അടുത്തകാലത്തൊന്നും ഉണ്ടായിരിക്കാനിടയില്ല. ഡാറ്റാസയൻസ് ശക്തവും സ്വതന്ത്രവും ആയ സ്പെഷ്യൽറ്റി ആയി വികസിച്ചു വരുന്നതിനാൽ ഇതുവരെ നാം ചിന്തിച്ചിട്ടില്ലാത്ത രീതിയിൽ അവയെ ഉപയോഗിക്കാനാകും. ഡാറ്റ സ്വതന്ത്രമാക്കുക എന്നത് കോവിഡ് കാലത്തെ സുപ്രധാന ശാസ്ത്ര സങ്കല്പമായി മാറിക്കഴിഞ്ഞു.

ജയിലുകളിലെ കോവിഡ് വ്യാപനം പുതിയ ഉൾക്കാഴ്ചകൾ നൽകിയതെങ്ങനെ എന്ന് നോക്കാം.

കോവിഡിന്റെ ആദ്യ മാസങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയൻ ജയിലിൽ മൂന്നു അന്തേവാസികൾക്ക് കോവിഡ് ബാധിച്ചു. നടപടികൾ ഉടൻ ഉണ്ടായി. വർധിച്ച ടെസ്റ്റിംഗ്, ജയിലിലെ പൊതു ഇടങ്ങളിൽ വിലക്ക്, നിർബന്ധമായ മാസ്‌ക് ഉപയോഗം, സന്ദർശകർക്ക് നിയന്ത്രണം, നടപടികൾക്ക് ഫലമുണ്ടായി എന്ന് കരുതാം. 55000 പേര് കൊറിയൻ ജയിലുകളിൽ വസിക്കുന്നു; അവരിൽ ഒരാൾക്ക് മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്.

ഇനി ഇതേ കാര്യം അമേരിക്കയിൽ സംഭവിച്ചതെങ്ങനെയെന്നു നോക്കാം. കാലിഫോർണിയ ജയിലിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടു. ഉദ്ദേശം 2200 പേര് രോഗബാധിതരായി; 28 പേര് മരണപ്പെട്ടു. ന്യൂ യോർക്ക് ജയിലിൽ 1400 പേര് രോഗബാധിതരായി; മൂന്നു മരണം സംഭവിച്ചു. അക്കാലത്ത് അമേരിക്കയിലെ പ്രധാന 100 ക്സസ്റ്ററുകളിൽ 90 എണ്ണം ജയിലുകളുമായി ബന്ധപ്പെട്ടായിരുന്നു. ഇത് കോവിഡ് രോഗ വ്യാപനമായി മാത്രം കണ്ടാൽ പോരാ. ജനജീവിതത്തിന്റെ സാമൂഹ്യശാസ്ത്രം, അടിയന്തിര ഘട്ടത്തിലെ പ്രതികരണ ശേഷി, ജയിൽ വാസികളെക്കുറിച്ചുള്ള ജനങ്ങളുടെ പൊതു സമീപനം, എന്നിങ്ങനെ പല കാര്യങ്ങൾ ചർച്ചയിൽ ഇടം നേടും.1

ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളും പഠനങ്ങളും വ്യത്യസ്ത ദിശയിൽ നടക്കുകയുണ്ടായി. ഉദാഹരണത്തിന്, ആരോഗ്യവും നീതിയും പഠിക്കുന്ന യേൽ യൂണിവേഴ്സിറ്റി കേന്ദ്രത്തിന്റെ അധ്യക്ഷ ഡോ. എമിലി വാങ്(Emily wang), കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജസ്റ്റിസ് ലാബ് കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. ബ്രൂസ് വെസ്റ്റേൺ (Bruce Western), എന്നിവർ ചേർന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ ഇതേക്കുറിച്ചു എഡിറ്റോറിയൽ എഴുതുകയുണ്ടായി.2 അമേരിക്കൻ ജയിലുകൾ തിരക്കേറിയ വാസസ്ഥലങ്ങളാണെന്നും, ജയിൽ വാസികൾക്ക് വേണ്ടത്ര പരിരക്ഷ നൽകാനാവും വിധം സ്റ്റാഫ് ഇല്ലെന്നും അവർ പറഞ്ഞു.

ഉദ്ദേശം 23 ലക്ഷം ജയിൽവാസികളുണ്ട് അമേരിക്കയിൽ. ഇത് കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതോടൊപ്പം വ്യാപനനിരോധ നടപടികൾ കർശനമാക്കാനും അവർ നിർദേശിച്ചു. രോഗലക്ഷണമില്ലാത്തവരെ ടെസ്റ്റ് ചെയ്ത് അവർക്ക് രോഗമില്ലെന്നുറാപ്പ് വരുത്തുന്നത് രോഗത്തെ തളയ്ക്കാൻ സഹായിക്കും. ഒരു സെല്ലിൽ കഴിയുന്നവരിൽ നിയന്ത്രണം ഉണ്ടാകുന്നതും അത്യാവശ്യമാണ്. ശക്തമായ ജയിൽ ആരോഗ്യ പദ്ധതിക്ക് ഫലമുണ്ടാകുമെന്ന് അവരുടെ മോഡലിംഗ് പഠനം കാട്ടുന്നു. ഉദ്ദേശം 83% കോവിഡ് ബാധ തടയാനാകുമെന്നും, 450 ആശുപത്രി വാസവും 30 മരണവും തടയുമെന്നും, അവർ കണക്കാക്കി.

നവംബർ അവസാനവാരമായപ്പോൾ, അമേരിക്കൻ ജയിലുകളിൽ 207438 ജയിൽവാസികളെ കോവിഡ് ബാധിച്ചിരുന്നു. അതിൽ 1438 പേര് മരണമടഞ്ഞു. ജയിൽ സ്റ്റാഫിൽ 44600 പേർക്ക് രോഗം വരികയും 75 പേര് മരിക്കുകയുമുണ്ടായി.ഇതോടെ കോവിഡ് പ്രിസൺ പ്രൊജക്റ്റ് എന്ന പുതിയ സംരംഭം നിലവിൽ വന്നു.1

ആരോഗ്യനീതി എന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റുവർട്ട് കിന്നർ( Stuart Kinner) മറ്റു ചില പഠനങ്ങൾ നടത്തി.3 ജയിലുകളിൽ കോവിഡ് സാധ്യത മറ്റിടങ്ങളെക്കാൾ അഞ്ചിരട്ടി അധികമാണ്. ആൾത്തിരക്കും വെന്റിലേഷൻ കുറവായതും കാരണമാണ്. അതിനാൽ ഏതാണ്ട് ഒരു ലക്ഷം ജയിൽ വാസികളെ കോവിഡ് സാഹചര്യത്തിൽ തുറന്നുവിട്ടു. പക്ഷെ അവരിൽ ഏതാനും പേർക്ക് കോവിഡ് ഉണ്ടായിരുന്നതിനാൽ അവരിൽ നിന്ന് സമൂഹത്തിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. കിന്നർ പറയുന്നത്, ജയിൽ പരിഷ്‌കാരം ശരിക്കും സാമൂഹിക പരിഷ്കരണത്തിന് തുല്യമാണ്, എന്നാണ്. സമൂഹത്തിലെ ഏറ്റവും ക്ലേശമനുഭവിക്കുന്നവരിൽ ഉണ്ടാകുന്ന മാറ്റം സ്വാഗതം ചെയ്യേണ്ടതുമാണ്; അത് കോവിഡിന്റെ പേരിലായാൽപോലും.


അധികവായനയ്ക്ക്

  1. The COVID Prison Project
  2. COVID-19, Decarceration, and the Role of Clinicians, Health Systems, and Payers
  3. As Covid Roars Through U.S. Jails, Korea May Provide a Template
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്കാലത്തെ വിജ്ഞാനോത്സവം- റേഡിയോ ലൂക്ക
Next post എട്ടുകൊല്ലം കൊണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ്
Close