ഈ ചിത്രകഥ വായിക്കൂ.. ശേഷം കുറിപ്പും..
ഒരു ബാരോമീറ്റർ ചോദ്യവും ഉത്തരത്തിലേക്കുള്ള വഴികളും
“ഈ ഉപകരണത്തിലെ റീഡിങ്ങ് എടുക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഉടനെ ഞാന്‍ വരാം സുഹൃത്തേ. നിങ്ങള്‍ പറഞ്ഞാല്‍ വരാതിരിക്കാന്‍ കഴിയില്ലല്ലോ. എനിക്ക് ഒരുപാട് ജോലികള്‍ ലാബില്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനു പുറമെ ഡിപ്പാര്‍ട്ട്മെന്റില്‍ കുറേ എഴുത്തുപണികളും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഇല്ല, ഞാന്‍ എന്റെ തിരക്കുകള്‍ അവതരിപ്പിച്ച് നിങ്ങളെ ബോറടിപ്പിക്കുന്നില്ല. ഓ കെ, ഇത് മുഴുമിപ്പിച്ച ഉടനെ ഞാന്‍ പുറപ്പെടുന്നു. നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ എന്നാല്‍ കഴിയുമോ എന്ന് നോക്കുന്നു. അതിനു ശേഷം നമുക്കൊന്നിച്ച് നല്ലൊരു ചായയുമാവാം. പോരേ. ബൈ.” പ്രൊഫസര്‍ ഫോണ്‍ താഴെ വെച്ചു.
വാഷിങ്ങ്ടണിലെ പ്രശസ്തമായ ഒരു ലബോറട്ടറിയിലെ തിരക്കുപിടിച്ച ശാസ്‌ത്രജ്ഞനാണ് പ്രൊഫസര്‍ അലക്സാണ്ടര്‍ കലാന്‍ഡ്ര . അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഒരു കോളേജ് അധ്യാപകനായിരുന്നു ഫോണ്‍ ചെയ്തത്. പേര് മക്കാന്‍സണ്‍. പ്രൊഫസര്‍ ഉടനെ കോളേജിലേക്ക് ചെല്ലണം. എന്താണ് കാര്യമെന്ന് അദ്ദേഹം പറയുന്നില്ല. നിങ്ങള്‍ വരണം. വന്ന് ഈ കുരുക്ക് അഴിക്കണം. വന്നേ പറ്റൂ.
അടിയന്തിര ജോലികള്‍ തീര്‍ത്ത് പ്രൊഫസര്‍ കോളേജ് ലക്ഷ്യമാക്കി കാറോടിച്ചു. മക്കാന്‍സണ്‍ ആകെ ബേജാറിലാണ്. പ്രൊഫസറെ കണ്ടെങ്കിലും ആ മുഖത്തെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞില്ല.
“നിങ്ങള്‍ക്കുവേണ്ടി ഞാനെന്താണ് സുഹൃത്തേ ചെയ്യേണ്ടത്. പറയൂ, ഞാനിതാ വന്നിരിക്കുന്നു.” പ്രൊഫസര്‍ കലാന്‍ഡ്ര പുഞ്ചിരിച്ചു.
“നോക്കൂ, ഇതിന് ഞാനെന്താണ് ചെയ്യേണ്ടത്. എനിക്കറിയാം നിങ്ങളായാലും മറ്റാരായാലും ഇതുതന്നെയാണ് ചെയ്തിട്ടുണ്ടാവുക. സാധാരണ ഗതിയില്‍ അതോടെ തീരേണ്ട കാര്യം. പക്ഷേ, ഇത് പുലിവാലായിപ്പോയല്ലോ കേറിപ്പിടിച്ചത്.” പ്രൊഫസറുടെ നേര്‍ക്ക് മക്കാന്‍സണ്‍ കുറച്ചു കടലാസുകള്‍ നീട്ടി. കോളേജിലെ പരീക്ഷയുടെ ഉത്തരക്കടലാസ്സ് ആയിരുന്നു അത്. അതില്‍ ചുവപ്പുമഷിയില്‍ അടയാളപ്പെടുത്തിയ ഭാഗം അദ്ദേഹം പ്രൊഫസര്‍ക്ക് കാട്ടിക്കൊടുത്തു.
“ഒരു ബഹുനിലക്കെട്ടിടത്തിന്റെ ഉയരം ബാരോമീറ്റര്‍ ഉപയോഗിച്ച് എങ്ങനെ കണ്ടെത്താം എന്ന പതിവു ചോദ്യമേ ചോദിച്ചിട്ടുള്ളൂ. ഒരുവിധമെല്ലാരും അതിന് ശരിയുത്തരം എഴുതാറുമുണ്ട്. ഭൂനിരപ്പിന്റെ ഉയരവും വായുമര്‍ദ്ദവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് കെട്ടിടത്തിന്റെ ഉയരം കണ്ടെത്തുന്ന രീതി ഈ പരീക്ഷയ്ക്കും നിരവധി പേര്‍ ശരിയായ വിധത്തില്‍ എഴുതി ഫുള്‍മാര്‍ക്കും വാങ്ങിയിട്ടുണ്ട്. പ്രൊഫസര്‍ ഇതൊന്ന് വായിച്ചു നോക്കൂ. ഇതിനൊക്കെ എങ്ങനെയാണ് മാര്‍ക്ക് കൊടുക്കുക.”
പ്രൊഫസര്‍ ഉത്തരക്കടലാസ് വാങ്ങി നോക്കി. അതില്‍ ഇങ്ങനെയായിരുന്നു ഉണ്ടായിരുന്നത്. നീളമുള്ള ഒരു ചരടിന്റെ അറ്റത്ത് ബാരോമീറ്റര്‍ കെട്ടുക. എന്നിട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ബാരോമീറ്റര്‍ നിലത്തുമുട്ടുംവരെ ചരട് താഴ്ത്തുക. ചരടിന്റെ നീളം അളന്ന് അതിനോട് ബാരോമീറ്ററിന്റെ നീളം കൂടെ കൂട്ടിച്ചേര്‍ത്താല്‍ കെട്ടിടത്തിന്റെ ഉയരം ലഭിക്കും.
“നോക്കൂ പ്രൊഫസര്‍ അവന്റെ ഉത്തരം കണ്ടില്ലെ.” മക്കാന്‍സണിന്റെ മൂക്ക് വിറക്കുന്നുണ്ടായിരുന്നു. “ആ ധിക്കാരി എന്നിട്ട് പിന്നെയും മുറത്തില്‍ കേറി കൊത്തുകയാണ്. അവന്‍ പറഞ്ഞ രീതിയില്‍ ഉയരം കണ്ടെത്താമെന്ന്. അതുകൊണ്ട് അവന് മാര്‍ക്ക് വേണമെന്ന്.”
പ്രൊഫസര്‍ തലചൊറിഞ്ഞു. “അല്ല, അങ്ങനെയും ഉയരം കണ്ടെത്താമല്ലോ.”
“പക്ഷേ, ശാസ്‌ത്രീയമായ ഉത്തരമല്ലെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ലഭിക്കേണ്ടത്. അതല്ലേ നമ്മള്‍ പഠിപ്പിച്ചതും.”
“ഏതായാലും നമുക്ക് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാം. പ്രൊഫസര്‍ പറഞ്ഞു. അയാളെ വിളിക്കൂ.”
വിദ്യാര്‍ത്ഥി ബഹുമാനപൂര്‍വം പ്രൊഫസറുടെ മുന്നില്‍ നിന്നു.
“നോക്കൂ യുവസുഹൃത്തേ, നിങ്ങള്‍ പറഞ്ഞതില്‍ തെറ്റില്ല. പക്ഷേ, നിങ്ങള്‍ക്ക് ഇതിന് മാര്‍ക്ക് തരികയാണെങ്കില്‍ ഇതുള്‍പ്പെടെ ഫിസിക്സില്‍ നിങ്ങളുടെ ഗ്രേഡ് ഉയര്‍ന്നതായി മാറുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഉയര്‍ന്ന ഗ്രേഡ് കിട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഫിസിക്സില്‍ വലിയ തോതിലുള്ള ജ്ഞാനം ഉണ്ട് എന്നാണല്ലോ അര്‍ത്ഥം. ഫിസിക്സിലെ പ്രാഥമിക കാര്യങ്ങള്‍ പോലും ഈ പരീക്ഷയില്‍ നിങ്ങള്‍ക്ക് അറിയാമെന്ന് തെളിയിച്ചിട്ടില്ല. മുന്‍ പരീക്ഷകളിലെയൊക്കെ താങ്കളുടെ പ്രകടനത്തെ മുന്‍നിര്‍ത്തി ഞാന്‍ നിങ്ങള്‍ക്ക് ഒരവസരം കൂടി തരികയാണ്. നിങ്ങള്‍ നിര്‍ദ്ദേശിച്ച രീതിയിലല്ലാതെ മറ്റേതെങ്കിലും രീതിയില്‍ ബാരോമീറ്റര്‍ ഉപയോഗിച്ച് കെട്ടിടത്തിന്റെ ഉയരം കണക്കാക്കാമോയെന്ന് ആലോചിച്ച് ഉത്തരം പറയൂ. ആറ് മിനിട്ട് സമയം നിങ്ങളുടെ മുന്നിലുണ്ട്.”
ശരിയായ ഉത്തരം വിദ്യാര്‍ത്ഥിയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രൊഫസര്‍ പറഞ്ഞു. അല്ലെങ്കില്‍ അയാള്‍ തോല്‍വി സമ്മതിക്കും.
“ആവാം സാര്‍.” ആത്മവിശ്വാസത്തോടെ വിദ്യാര്‍ത്ഥി പറഞ്ഞു. അഞ്ചുമിനിട്ട് കഴിയാറായി. എങ്കിലും അയാളിതുവരെ ഒന്നും എഴുതിയിട്ടില്ല. ഓ ഇത് വേഗം അവസാനിപ്പിച്ച് മറ്റു ജോലികള്‍ തീര്‍ക്കാം. പ്രൊഫസര്‍ മനസ്സില്‍ പറഞ്ഞു.
“സാര്‍”, വിദ്യാര്‍ത്ഥി മെല്ലെ പറഞ്ഞു. “സാര്‍, അത് ചെയ്യാന്‍ മറ്റ് അനേകം വഴികള്‍ മുന്നിലുണ്ട്. അതിലേറ്റവും നല്ലത് ഏതാണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.” പ്രൊഫസറും മക്കാന്‍സണും ഞെട്ടി. ഇയാള്‍ വീണ്ടും കളിപ്പിക്കാന്‍ പോവുകയാണോ?
“ശരി, ഒന്ന് പറയൂ”, പ്രൊഫസര്‍ തിരക്കുകൂട്ടി.
“നമുക്ക് നല്ല വെയിലുള്ള ദിവസം ബാരോമീറ്ററുമെടുത്ത് പുറത്തിറങ്ങാം. എന്നിട്ട് ബാരോമീറ്ററിന്റെ നീളവും അതിന്റെ നിഴലിന്റെ നീളവും അളക്കാം. അതേ സമയം തന്നെ കെട്ടിടത്തിന്റെ നിഴലിന്റെ നീളം കൂടി അളന്നാല്‍ ആനുപാതികമായി കെട്ടിടത്തിന്റെ നീളത്തിലേക്ക് എത്താം.”
ശരിയാണല്ലോ. അയാള്‍ പറഞ്ഞ പ്രകാരവും കെട്ടിടത്തിന്റെ നീളമളക്കാം.
“പിന്നെ.”
“അടുത്തത് നേരിട്ടുള്ള ഒരു വഴിയാണ് സാര്‍. ബാരോമീറ്ററുമെടുത്ത് നമുക്ക് കെട്ടിടത്തിന്റെ കോണി കയറാം. കയറുന്ന അവസരത്തില്‍ ബാരോമീറ്ററിന്റെ നീളം ചുവരില്‍ മാര്‍ക്കു ചെയ്തുകൊണ്ടേയിരുന്നാല്‍ മതി. അവസാനം ചുവരിലെ മാര്‍ക്കുകള്‍ എണ്ണിനോക്കി അതിനെ ബാരോമീറ്ററിന്റെ നീളം കൊണ്ട് ഗുണിച്ചാല്‍ നമുക്ക് കെട്ടിടത്തിന്റെ ഉയരം കണക്കാക്കാമല്ലോ.”
“കൊള്ളാമല്ലോ.” പ്രൊഫസര്‍ മക്കാന്‍സണിന്റെ മുഖത്തുനോക്കി. അതു ചുവന്നു തുടുത്തിരുന്നു.
“ഇനിയും വഴികളുണ്ടോ?” ശരിയുത്തരം അടുത്തതിലെങ്കിലും വരുമെന്ന് കരുതി പ്രൊഫസര്‍ ചോദിച്ചു.
“സാര്‍ ഒരു ചരടിന്റെ അറ്റത്ത് ബാരോമീറ്റര്‍ കെട്ടി, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അത് ഒരു പെന്‍ഡുലമായി ആട്ടി അതിന്റെ ദോലനത്തിന്റെ അളവുകള്‍ – കെട്ടിടത്തിന്റെ മുകളിലേയും താഴെ തറനിരപ്പിലേയും- രേഖപ്പെടുത്തിയാല്‍ നമുക്ക് അതില്‍ നിന്ന് ഉയരത്തിലേക്ക് എളുപ്പം കടന്നു വരാമല്ലോ.”
പ്രൊഫസര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ് അയാള്‍ തുടര്‍ന്നു. “ഫിസിക്സിലെ വഴികള്‍ തന്നെ വേണമെന്നില്ലെങ്കില്‍ നമുക്ക് പിന്നേയും പല രീതിയില്‍ ഉയരം കണ്ടെത്താം സാര്‍.”
പ്രൊഫസര്‍ക്ക് കൌതുകമായി. “പറയൂ.”
“സാര്‍, താഴത്തെ നിലയില്‍ ഓഫീസ് റൂമിന്റെ കതകില്‍ ബാരോമീറ്റര്‍ കൊണ്ട് മുട്ടി ഒച്ചയുണ്ടാക്കുക. അപ്പോള്‍ മാനേജര്‍ തല പുറത്തേക്കിടും. സാറേ, എന്റെ കയ്യില്‍ നല്ലൊരു ബാരോമീറ്ററുണ്ട്. ഈ കെട്ടിടത്തിന്റെ ഉയരം ആ ഫയലില്‍ നോക്കി ഒന്ന് പറഞ്ഞു ത ന്നാല്‍ അത് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനമായി നല്‍കാം എന്ന് പറയാം.”
ആള് ചില്ലറക്കാരനല്ല. പറഞ്ഞ ഒരു രീതിയിലും വസ്തുതാപരമായ തെറ്റില്ല. പ്രൊഫസര്‍ മനസ്സില്‍ പറഞ്ഞു. ഇനിയും കൂടുതല്‍ വഴികള്‍ ഇയാളെക്കൊണ്ട് പറയിപ്പിക്കണ്ട.
“അല്ല പ്രിയ സുഹൃത്തേ, ഒരു കാര്യം മാത്രമേ ഇനി ചോദിക്കുന്നുള്ളൂ. പാഠപുസ്തകത്തിലെ ഉത്തരം താങ്കള്‍ക്ക് ശരിക്കും അറിയില്ലേ.”
വിനയാന്വിതനായി വിദ്യാര്‍ത്ഥി പറഞ്ഞു. “സാര്‍, നമ്മുടെ ശാസ്‌ത്രക്ലാസുകളിലും പാഠപുസ്തകങ്ങളിലും ഒന്ന് മാത്രമേ ഇല്ലാതുള്ളൂ. വിമര്‍ശനാത്മക ചിന്തയെ ഉത്തേജിപ്പിക്കാനുള്ള കാര്യങ്ങള്‍. അവ നമ്മെ മനഃപ്പാഠമാക്കിയ ഉത്തരങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നു. ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുന്നില്ല.”
പ്രൊഫസര്‍ സന്തോഷത്തോടെ വിദ്യാര്‍ത്ഥിയെ തന്നോട് ചേര്‍ത്തുപിടിച്ചു.
(അവലംബം കറന്റ് സയന്‍സ് 1964- Alexander Calandra എഴുിയ കുറിപ്പ്.)
കഥാപാത്രങ്ങളുടെ പേരുകള്‍ കല്‍പ്പിതം. കാലങ്ങളായി പ്രചരിച്ചുപോരുന്ന ഈ കഥയിലെ വിദ്യാര്‍ത്ഥി വിഖ്യാത ശാസ്‌ത്രജ്ഞനായി മാറിയ നീല്‍സ് ബോറായിരുന്നു എന്ന് ചിലര്‍ പറയാറുണ്ട്. പ്രമുഖരായ വ്യക്തികളുടെയെല്ലാം പേരില്‍ ഇത്തരം പല കഥകളും പ്രചരിക്കാറുണ്ടല്ലോ)