Read Time:23 Minute

പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ, പക്ഷികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ്, ഇത് മനുഷ്യരേയും,  മറ്റ് സസ്തനികളേയും  ബാധിക്കാൻ സാധ്യതയുണ്ട്. 2024-ൽ, മനുഷ്യർ, പശുക്കൾ, പൂച്ചകൾ, മറ്റ് സസ്തനികൾ  എന്നിവയുൾപ്പെടെ വിവിധ ജീവിവർഗങ്ങളെ ബാധിച്ച ഇൻഫ്ലുൻസ എ H5N1 വൈറസിന്റെ ഒരു സുപ്രധാന പൊട്ടിപുറപ്പെടൽ ഉണ്ടായി. ഇത് സസ്തനികളിൽ വളരാൻ വൈറസ് കൈവരിക്കുന്ന ശേഷിയുടെ തെളിവാണ്. ഇത്പൊതുരാജനാരോഗ്യത്തിന് ഒരു ഭീഷണി സൃഷ്ടിക്കുന്നുണ്ട്.


ചിത്രം 1: പക്ഷിപ്പനിയുടെ ഇപ്പോഴത്തെ വ്യാപനം Image source: CDC

2021 അവസാനത്തോടെ പക്ഷികളിൽ ഗുരുതര രോഗമുണ്ടാക്കുന്ന (HPAI) H5N1 ഇൻഫ്ലുൻസ എ വൈറസിന്റെ പുതിയ വിഭാഗത്തെ (H5N1 ക്ലാഡ് 2.3.4.4b) വടക്കേ അമേരിക്കയിൽ കണ്ടെത്തി. വിവിധ വിഭാഗത്തിൽ പെട്ട പക്ഷികളെയും, മനുഷ്യനുൾപ്പെടെയുള്ള സസ്തനികളെയും ബാധിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. 2024 മാർച്ച് അവസാനത്തോടെ ഇവയയുടെ സാന്നിധ്യം കറവപ്പശുക്കളിൽ കണ്ടെത്തി. തുടർന്ന് അമേരിക്കൻ ഐക്യനാടുകളിലെ 16 സംസ്ഥാനങ്ങളിലെ 900 ത്തോളം പാലുല്പാദന കേന്ദ്രങ്ങളിൽ H5N1 ക്ലാഡ് 2.3.4.4b ന്റെ സാന്നിധ്യം സ്ഥിതീകരിക്കപ്പെട്ടു. 2024 ഏപ്രിൽ ഒന്നിന്  വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ സ്ഥിതീകരിച്ചു. രോഗം ബാധിച്ച കറവപ്പശുക്കളുമായി സമ്പർക്കം പുലർത്തിയ ഒരാളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് കറവപ്പശുക്കളുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ആളുകളിൽ വൈറസിന്റെ സാന്നിധ്യം സ്ഥിതീകരിച്ചു. 2025 ജനുവരിയിൽ, അമേരിക്കൻ ഐക്യനാടുകളിലെ ലൂസിയാനയിൽ HPAI A(H5N1) മൂലം ഒരു മരണം സംഭവിച്ചു.


ചിത്രം 2; H5N1 വൈറസിന്റെ ഇലക്ട്രോൺ മൈക്രോഗ്രാഫ് (Image source: NIH)

2021-ന്നോട് കൂടിയാണ് ക്ലാഡ് 2.3.4.4b-ൽ പെട്ട H5N1 വൈറസിന്റെ സാന്നിധ്യം വ്യപകമായി കാണപ്പെട്ടത്. മുൻപെങ്ങുമില്ലാത്ത തരത്തിൽ സസ്തനികളിൽ ഈ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കാണപ്പെട്ടു. ഇത് മൃഗങ്ങളിൽ വളരാൻ തക്കവണ്ണം വൈറസുകളിൽ സംഭവിക്കുന്ന അനുകൂലനത്തിന്റെ തെളിവാണ്.

പക്ഷപ്പനി വൈറസുകളുടെ ആതിഥേയ ഗ്രാഹികൾ 

ഇൻഫ്ലുവൻസ വൈറസുകൾ അവയുടെ കോശ പ്രതലത്തിലുള്ള ഹീമാഗ്ലൂട്ടിനിൻ (HA) ഉപയോഗിച്ച്, ആതിഥേയരിലെ സിയാലിക് ആസിഡ് (SA) ഗ്രാഹികളിൽ (receptor) പറ്റിപിടിച്ചാണ് ആതിഥേയ ശരീരത്തിൽ പ്രവേശിക്കുന്നത്. പക്ഷിപ്പനി വൈറസിന്റെ ഹീമാഗ്ലൂട്ടിനിൻ α2-3 സിയാലിക് ആസിഡ് ഗ്രാഹികളുള്ള കോശങ്ങളുമായി പ്രധാനമായും പറ്റിപിടിക്കുന്നു, ഇവ കാട്ടുപക്ഷികളിലും, വളർത്തു കോഴികളിലും ധാരാളമായി കാണപ്പെടുന്നു, കൂടാതെ ഇവ മനുഷ്യന്റെ കണ്ണുകളെ ചുറ്റിപ്പറ്റിയുള്ള കോശമായ കൺജങ്ക്റ്റിവയിലും കാണുന്നു. എന്നാൽ പക്ഷിപ്പനി വൈറസുകൾക്ക് മനുഷ്യനിലേക്ക് പടരുക എളുപ്പത്തിൽ സാധ്യമല്ല. ഇതിന് കാരണം വൈറസുകൾക്ക് മനുഷ്യന്റെ മേൽ ശ്വസനവ്യൂഹത്തിൽ കാണപ്പെടുന്ന α2-6 സിയാലിക് ആസിഡമായി  പറ്റിപിടിക്കാൻ സാധ്യമല്ല എന്നതാണ്. പക്ഷിപ്പനി വൈറസിന് മനുഷ്യ ഗ്രാഹികളിൽ പറ്റിപ്പിടിക്കാനുള്ള കഴിവ് വികസിച്ചാലേ  മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക് പകരുവാൻ സാധിക്കുകയുള്ളൂ. ഇത് മനുഷ്യരുടെ ഇടയിൽ പടരുവാനുള്ള വൈറസിന്റെ ശേഷിയെ പരിമിത പെടുത്തുന്നു. 


ചിത്രം
3:

പക്ഷികളിൽ നിന്ന് കന്നുകാലികളിലേക്കും അവയിൽ നിന്ന് മനുഷ്യനിലേക്കുമുള്ള H5N1 വൈറസ് വ്യാപനത്തിന്റെ വംശവൃക്ഷത്തിന്റെ ചിത്രീകരണം Image source: https://virological.org

കാലികളിലെ പക്ഷിപ്പനി പൊട്ടിപുറപ്പെടൽ 

2024-ലെ കറവപ്പശുക്കളിലെ അണുബാധയയ്ക്ക് കാരണം Gs/GD വംശാവലിയിൽ പെട്ട ,യുറേഷ്യയിൽ നിന്ന് ഉത്ഭവിച്ച ,ക്ലാഡ് 2.3.4.4b-ൽ പെട്ട HPAI A H5N1വൈറസാണ്. അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസ്, കൻസാസ് സംസ്ഥാനങ്ങളിലെ പശുശാലകളിലാണ് ഈ വൈറസിനെ കണ്ടെത്തിയത്. ശ്രദ്ധേയമായ കാര്യം ഈ വൈറസ് ഒരു പുതിയ ജനിതക രൂപത്തിൽ (genotype B3.13) പെട്ടത്  ആയിരുന്നു. ഇത് കാലികൾക്കിടയിൽ അതി വേഗം പടർന്ന് പിടിച്ചു. കന്നുകാലികളിലെ അകിടുകളിലാണ് ഈ വൈറസ് മുഖ്യമായി കേന്ദ്രീകരിച്ചത്. തത്‌ഫലമായി, മൃഗങ്ങളുടെ പാലിൽ ഉയർന്ന തോതിലുള്ള വൈറസിന്റെ സാന്നിധ്യം കാണപ്പെട്ടു. ഇത് വൈറസിന്റെ പുതിയ പ്രസരണ മാർഗത്തെ അടയാളപ്പെടുത്തുന്നു. പൊതുജനാരോഗ്യത്തിന് ആശങ്ക സൃഷ്ടിക്കുന്ന പ്രതിഭാസമാണിത്, കാരണം രോഗം ബാധിച്ച പശുക്കളുടെ പച്ച പാൽ/തിളപ്പിക്കാത്ത പാൽകുടിക്കുന്നത് മനുഷ്യരിൽ H5N1 അണുബാധയ്ക്ക് കാരണമാകും. അതിനാൽ വൈറസിനെ ഇല്ലാതാക്കുന്നതിനും പാലുൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാൽ പാസ്ചറൈസേഷൻ/പാൽ തിളപ്പിക്കൽ എന്നീ മാർഗങ്ങൾ ഉപയോഗപ്രദമാണ്.

വിശപ്പില്ലായ്മ, കുറഞ്ഞ പാലുത്പാദനം, പാലിന്റെ അസാധാരണ രൂപം (കട്ടിയായതും , നിറം മങ്ങിയതുമായ പാല് ) എന്നീ  ലക്ഷണങ്ങൾ രോഗം ബാധിച്ച പശുക്കളിൽ   കണ്ടു. മുലയൂട്ടുന്ന പശുക്കളെയാണ്  രോഗം ഏറ്റവും കൂടുതൽ ബാധിച്ചത്. ഒരു കൂട്ടത്തിലെ 10% ൽ താഴെ പശുക്കളിൽ മാത്രമേ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളൂ. പക്ഷികളിൽ HPAI വൈറസ് ഗുരുതര അസുഖം ഉണ്ടാകുമെങ്കിലും പശുക്കളിൽ ഈ വൈറസ് വളരെ നേരിയ അസുഖമേ ഉണ്ടാക്കുകയുള്ളൂ. കൂടാതെ ഈ അണുബാധയുടെ മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ്. മൃഗങ്ങളുടെ മേയൽ രോഗവ്യാപനത്തിന് കാരണമായിരിക്കാം. കൂടാതെ , കാലി വളർത്തു കേന്ദ്രങ്ങളിൽ നിന്ന് കോഴി വളർത്തു കേന്ദ്രങ്ങളിലേക്ക് ഈ അസുഖം പടരുമെന്ന് എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. 

മനുഷ്യനിലെ പക്ഷിപ്പനി പൊട്ടിപുറപ്പെടൽ

അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെ പല രാജ്യങ്ങളിലും അങ്ങിങ്ങായി പക്ഷിപ്പനി അണുബാധ സംഭവിച്ചിട്ടുണ്ട്. അമേരിക്കയിൽ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് 2024 ഏപ്രിൽ 1 ന് ടെക്സാസിലാണ്. ഒരു വാണിജ്യ കന്നുകാലി പശുവളർത്തൽ കേന്ദ്രത്തിലെ  (commercial diary farm) ജോലിക്കാരനിലാണ് ഈ അസുഖം കണ്ടെത്തിയത്. ഈ വ്യക്തി H5N1 വൈറസ് ബാധിച്ച കന്നുകാലികളുമായി സമ്പർക്കം പുലർത്തിയിരുന്നു. രോഗം ബാധിച്ച ഒരു സസ്തനിയിൽ നിന്ന് മനുഷ്യനിലേക്ക് H5N1 ബാധിച്ച ആദ്യത്തെ അറിയപ്പെടുന്ന സംഭവമാണിത്. ഇത്തരത്തിൽ രോഗം ബാധിച്ച വ്യക്തികളിൽ കൺജക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ് എന്ന രോഗലക്ഷണമാണ് പ്രധാനമായും കാണപ്പെട്ടത് —പക്ഷികളിൽ കാണപ്പെടുന്ന അതേ ഗ്രാഹി മനുഷ്യന്റെ കൺജങ്ക്റ്റിവയിലും കാണപ്പെടുന്നു. 2025 ജനുവരി 17 വരെയുള്ള കണക്ക് പ്രകാരം യുഎസിൽ 67 സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾക്കും, കാനഡയിൽ ഒരു കേസിനും ഈ വൈറസ് കാരണമായിട്ടുണ്ട്. പക്ഷികളിൽ പ്രചരിക്കുന്ന H5N1 ജനികതരം D1.1 (genotype D1.1), കറവപ്പശുക്കളിൽ പ്രചരിക്കുന്ന H5N1 ജനികതരം B3.13 (genotype B3.13) എന്നിവയാണ് മനുഷ്യരിലെ രോഗബാധയ്ക്ക് കാരണം. പക്ഷിപ്പനി വൈറസ് കണ്ടെത്തുന്നതിനോ, രോഗം ആരംഭിക്കുന്നതിനോ, മുമ്പ് രോഗം ബാധിച്ച മിക്ക മനുഷ്യരും കോഴി, കോഴി മാർക്കറ്റുകൾ, കറവപ്പശുക്കൾ എന്നിവയുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മേൽപറഞ്ഞ രണ്ട് ജനിതക തരങ്ങളും രോഗ കാഠിന്യത്തിൽ വ്യത്യാസം പുലർത്തുന്നവയാണ്. ഇതിൽ H5N1 ജനികതരം D1.1 തീവ്ര രോഗം ഉണ്ടാകുന്നതും, H5N1 ജനികതരം B3.13 കാഠിന്യം കുറഞ്ഞ രോഗം ഉണ്ടാക്കുന്നതുമാണ്. H5N1 ജനികതരം D1.1 ബാധിച്ച രോഗികളിൽ ശ്വാസകോശ രോഗലക്ഷണങ്ങളോട് കൂടിയ ഗുരുതര രോഗബാധ കാണപ്പെട്ടു. ഇതിൽ അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിലെ രോഗി പിന്നീട് മരണപെട്ടു. ഇദ്ദേഹം അനുബന്ധ രോഗങ്ങൾ (Co-morbidities) ബാധിച്ച 65 വയസുള്ള വ്യക്തിയായിരുന്നു.

ലൂസിയാനയിലെ രോഗബാധിതനായ രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ചുള്ള ജനിതക ശ്രേണി വിശകലനത്തിൽ  (genome sequence analysis), ഇവ കാട്ടുപക്ഷികളിലും, കോഴികളിലും കണ്ടെത്തിയ D1.1 ജനികതരം വൈറസുകളുമായി അടുത്ത ബന്ധമുള്ളവയായിരുന്നുവെന്ന് കണ്ടെത്തി. D1.1 ജനികതരം വൈറസ് ബാധിച്ച പക്ഷികളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് മനുഷ്യർക്ക് അണുബാധയുണ്ടായതെന്ന് ഇത് സൂചിപ്പിക്കുന്നു. രോഗിയിൽ നിന്ന് വേർതിരിച്ച വൈറസിലെ ഹീമാഗ്ലൂട്ടിനിൻ (HA) ജീനും പക്ഷികളിൽ നിന്ന് വേർതിരിച്ച ഹീമാഗ്ലൂട്ടിനിൻ (HA) ജീനും വ്യത്യസ്തമായിരുന്നു. രോഗിയുടെ സാമ്പിളിൽ, ഗവേഷകർ H5N1 വൈറസിന്റെ ഹെമാഗ്ലൂട്ടിനിൻ (HA) ജീനിൽ ചെറിയ വ്യതിയാനങ്ങൾ (low frequency mutations) കണ്ടെത്തി. എന്നാൽ, രോഗിയുടെ പുരയിടത്തിലെ കോഴികളിൽ നിന്ന് ശേഖരിച്ച വൈറസുകളിൽ ഈ മ്യൂട്ടേഷനുകൾ കണ്ടെത്താനായില്ല , ഇത് പ്രാരംഭ അണുബാധയുടെ സമയത്ത് വൈറസിൽ ഈ ജനിതക മാറ്റങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനെ  സൂചിപ്പിക്കുന്നു. അണുബാധയ്ക്ക് ശേഷം ആതിഥേയനിൽ വച്ച് വൈറസിന് മാറ്റങ്ങൾ ഉണ്ടായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രോഗിയിൽ നിന്ന് വേർതിരിച്ച വൈറസിന്റെ ജനിതക മാറ്റങ്ങൾ,   മനുഷ്യന്റെ മേൽ ശ്വസനവ്യൂഹത്തിൽ കാണപ്പെടുന്ന α2-6 സിയാലിക് ആസിഡുമായി പറ്റിപിടിക്കുന്നതിനുള്ള വൈറസിന്റെ കഴിവ് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം എന്നാണ് സൂചിപ്പിക്കുന്നത്. വിശകലനം ചെയ്ത സാമ്പിളിൽ തിരിച്ചറിഞ്ഞ മൊത്തം വൈറസുകളിൽ ഒരു ചെറിയ ഭാഗത്തിൽ മാത്രമാണ് ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞത് എന്നത് ശ്രദ്ധേയമാണ്. 

ഫെബ്രുവരി 2023 നും ഓഗസ്റ്റ് 2024 നും ഇടയിൽ കംബോഡിയയിൽ 16 പക്ഷിപ്പനി രോഗബാധകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ 14 രോഗബാധകൾക്ക് കാരണം ക്ലാഡ് 2.3.2.1c, ക്ലാഡ് 2.3.4.4b വൈറസുകളിൽ നിന്നുള്ള ജീൻ കഷ്ണങ്ങൾ ചേർന്ന ഒരു പുതിയ തരം   H5N1വൈറസ്  ആണ്. മേൽപറഞ്ഞ രണ്ട് ക്ലാഡിലെ വൈറസുകളും കംബോഡിയയിൽ ഒരുമിച്ച് പ്രചരിച്ചിരുന്നു. ഇതിന്റെ ഫലമായി അവയുടെ ജീൻ കഷ്ണങ്ങൾ തമ്മിൽ പുനക്രമീകരണം (reassortment) നടന്നു. പുതിയ H5N1വൈറസിലെ ജനിതക മാറ്റങ്ങൾ (PB2 E627K) സസ്തനികളിൽ സസ്തനികളിൽ അണുബാധ ഉണ്ടാക്കാനുള്ള അവയുടെ മെച്ചപ്പെട്ട ശേഷിയെ സൂചിപ്പിക്കുന്നു. കാനഡയിലെ   രോഗിയിൽ നിന്ന് വേർതിരിച്ച വൈറസിലും സമാനമായ ജനിതക മാറ്റം (PB2 E627K) ഉണ്ടായിരുന്നുവെന്നാണ് ഇതിൽ ശ്രദ്ധേയമായ കാര്യം.

മേൽപറഞ്ഞ വസ്തുതകൾ സസ്തനികളുടെ ആതിഥേയ ജീവികളിൽ വൈറസ് പരിണമിക്കാനുള്ള സാധ്യതയെ കാണിക്കുന്നു.

പൂച്ചകളിലെ H5N1 ബാധ 

പൂച്ചകളിലും, മൃഗശാലകളിലെ വലിയ പൂച്ചകളിലും H5N1 വൈറസിന്റെ അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഇവ ജനികതരം B3.13-ൽ പെട്ടവയാണ്. എന്നാൽ പശുക്കളിൽ നിന്നും മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ഗുരുതരമായ അസുഖമാണ് H5N1 ജനികതരം B3.13 പൂച്ചകളിൽ ഉണ്ടാക്കിയത്.  വളർത്തുമൃഗങ്ങൾക്കുള്ള അസംസ്കൃത ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് H5N1 വൈറസ് പൂച്ചകളിലേക്ക് പടർന്നത്. 

പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളും പാൻഡെമിക് സാധ്യതകളും 

2024-ലെ പക്ഷിപ്പനി വ്യാപനം നിരവധി പൊതുജനാരോഗ്യ ആശങ്കകൾ ഉയർത്തുന്നുണ്ട്. കറവപ്പശുക്കളിൽ H5N1 കണ്ടെത്തിയതും, അസംസ്‌കൃത പാലിലൂടെ അസുഖം പകരാൻ സാധ്യതയുള്ളതും, പൊതു ജനങ്ങൾക്കിടയിൽ ഈ രോഗം വേഗത്തിൽ പടർന്ന് പിടിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. പുതിയ ജനിതകരൂപങ്ങളുടെ ആവിർഭാവവും, സസ്തനികൾക്കുള്ളിൽ പരിണമിക്കാനുള്ള വൈറസിന്റെ കഴിവും, ഭാവിയിൽ തീവ്ര രോഗലക്ഷണങ്ങൾ ഉള്ളതും, അതിവേഗത്തിൽ പടരുന്നതുമായ ഇൻഫ്ലുൻസ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പക്ഷിപ്പനി വ്യാപനം തടയാനും നേരിടാനും തയാറെടുപ്പുകൾ വേണ്ടതിന്റെ ആവശ്യകതയെ ഇത് ആവശ്യകതയെ എടുത്തുകാണിക്കുന്നു. 

പക്ഷിപ്പനി വൈറസുകൾ മനുഷ്യനുൾപ്പെടയുള്ള സസ്തനികളിൽ വളരാനുള്ള  ശേഷി  പടിപടിയായി  കൈവരിക്കുകയാണ്. കംബോഡിയ, കാനഡ റഷ്യ എന്നിവിടങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസുകളിൽ കാണപ്പെട്ട PB2 (Polymerase Basic- Part of the Viral Replication Machine) E627K മ്യൂട്ടേഷൻ സസ്തനികളെ ബാധിക്കാനുള്ള വൈറസുകളുടെ  കഴിവും, വിഭജനത്തിനുള്ള ശേഷിയും, രോഗതീവ്രതയും വർദ്ധിപ്പിക്കുന്നു. നിലവിൽ പ്രചരിക്കുന്ന H5N1 ക്ലേഡ് 2.3.4.4.b വൈറസ്, 2005 ലെ H5N1 ക്ലേഡ് 2.1.3.2 വൈറസിനേക്കാൾ മനുഷ്യന്റെ ശ്വസനവ്യവസ്ഥയിൽ നന്നായി പറ്റിപ്പിടിക്കുന്നതായി ചില പഠനങ്ങളിൽ വെളിവായിട്ടുണ്ട്.  കൂടാതെ, ലാബിൽ കൃത്രിമമായി സൃഷ്‌ടിച്ച ഹീമാഗ്ലൂട്ടിനിൻ മ്യൂട്ടേഷൻ (226L) മനുഷ്യ ഗ്രാഹികളിൽ പറ്റിപിടിക്കാൻ വൈറസിന് ശേഷി പ്രദാനം ചെയ്യുമെന്ന്  സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം തെളിയിച്ചു. ഈ മ്യൂട്ടേഷൻ മനുഷ്യ പാൻഡെമിക് സാധ്യതെയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

ഉപസംഹാരം 

2024-ലെ പക്ഷിപ്പനി പൊട്ടിപ്പുറപ്പെടൽ ഒരു സുപ്രധാന സംഭവമായിരുന്നു, അതിൽ മനുഷ്യർ, പശുക്കൾ, പൂച്ചകൾ, പക്ഷികൾ, മറ്റ് സസ്തനികൾ എന്നിവയുൾപ്പെടെ വിവിധ ജീവിവർഗങ്ങളെ ഇത് വ്യാപകമായി ബാധിച്ചു. പക്ഷിപ്പനി വൈറസുകളുടെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തുടർച്ചയായ നിരീക്ഷണം, ജൈവസുരക്ഷാ നടപടികൾ, പൊതുജനാരോഗ്യ തയ്യാറെടുപ്പ് എന്നിവയുടെ പ്രാധാന്യം ഈ രോഗവ്യാപനം എടുത്തുകാണിച്ചു. 

 പക്ഷിപ്പനി വൈറസുകളുടെ പരിണാമം നിരീക്ഷിക്കുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന പകർച്ചവ്യാധികളുടെ അപകടസാധ്യത വിലയിരുത്തുന്നതിനും തുടർച്ചയായ ഗവേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ആവശ്യകത 2024 ലെ പക്ഷിപ്പനി വ്യാപനം അടിവരയിടുന്നു. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ വളരാനും, പരിണമിക്കാനും, പൊരുത്തപ്പെടാനും ശേഷിയുള്ള   വൈറസുകൾ ഉയർന്ന് വരുന്നതിനുള്ള  സാധ്യത ശാസ്ത്രലോകത്ത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. വൈറൽ വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനും, ഫലപ്രദമായ വാക്സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിനും, ഭാവിയിലെ പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണ്. പക്ഷിപ്പനിയുടെ ആഗോള ഭീഷണിയെ നേരിടുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം നിർണായകമാണ്.

അധിക വായനയ്ക്ക്

  1. https://www.cdc.gov/bird-flu/situation-summary/index.html >>>
  2. https://www.cdc.gov/bird-flu/spotlights/h5n1-response-12232024.html >>>
  3. https://www.canada.ca/en/public-health/news/2024/11/update-on-avian-influenza-and-risk-to-canadians.html >>>
  4. https://www.biorxiv.org/content/10.1101/2024.11.27.625596v1.full >>>
  5. https://www.science.org/doi/10.1126/science.adt0180 >>>
  6. https://www.medrxiv.org/content/10.1101/2024.11.04.24313747v1 >>>
  7. https://virological.org/t/preliminary-report-on-genomic-epidemiology-of-the-2024-h5n1-influenza-a-virus-outbreak-in-u-s-cattle-part-1-of-2/970 >>>

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിത്ത് കൊറിയർ സർവ്വീസ്
Close