Read Time:5 Minute


അഭിജിത് സുദർശനൻ

വായുമാത്രം ഭക്ഷിച്ചു എങ്ങനെ ജീവിക്കും എന്നാവും ആലോചിക്കുന്നത്, അല്ലേ? ജീവിവർഗങ്ങൾ എല്ലാം ഊർജ്ജത്തിനു വേണ്ടി പലതരം സ്രോതസ്സുകളെ ഉപയോഗിക്കുന്നുണ്ട്. ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി രാസതന്മാത്രകളിൽ നിന്ന് ഊർജജം ഉത്പാദിപ്പിക്കുന്നവർ (Chemosynthetic organisms), സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നവർ (Photosynthetic organisms)  എന്നെല്ലാം തരംതിരിക്കാം. അപ്പോഴും നമ്മുടെ ചോദ്യം ബാക്കി നിൽക്കുകയാണ്. വായുമാത്രം ഭക്ഷിച്ചു ജീവിക്കാനാകുമോ?

കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നത് എങ്കിൽ അത് സാധ്യമല്ല എന്നായിരിരുന്നു ഉത്തരം. പക്ഷെ കാര്യങ്ങൾ പിന്നീട് മാറി.  2017 ൽ ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ന്യൂ വെയിൽസിലെ ചില ഗവേഷകർ അന്റാർട്ടിക്കയിലെ മഞ്ഞുറഞ്ഞ പ്രദേശത്തുനിന്ന് ചില ബാക്ടീരിയകളെ കണ്ടെത്തുകയുണ്ടായി. പോഷകാംശങ്ങൾ തീരെയില്ലാത്ത, ആർദ്രത ഒട്ടുമില്ലാത്ത കാർബണും നൈട്രജനും വളരെ കുറവായ ആ പ്രദേശത്തുനിന്ന് കണ്ടെത്തിയ ബാക്ടീരിയകൾ ജീവൻ നിലനിർത്തിയിരുന്നത് അന്തരീക്ഷ വായു ഉപയോഗിച്ചായിരുന്നു. അന്തരീക്ഷ വായുവിലുള്ള ഹൈഡ്രജൻ പോലുള്ള വാതകങ്ങൾ അവർ ഊർജ്ജ ഉത്പാദനത്തിനായി ഉപയോഗിച്ചു. ഈ പ്രക്രിയയെ ഗവേഷകർ Atmospheric Chemosynthesis എന്ന് വിളിക്കുന്നു.

പഠനത്തിൽ അന്റാർട്ടിക്കയുടെയും ആർട്ടിക്കിന്റെയും ടിബറ്റൻ പ്ലാറ്റുവിന്റെയും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 122 മണ്ണ് സാമ്പിളുകൾ ശേഖരിച്ചു. കടപ്പാട് frontiersin.org

അത്ഭുതങ്ങൾ പക്ഷെ അവിടെ അവസാനിക്കുന്നില്ല. 2017 ൽ നടന്ന പഠനത്തിന്റെ തുടർപഠനം ഈ അടുത്ത് ഫ്രൊണ്ടിയേഴ്സ് (Frontires) എന്ന സ്വതന്ത്ര ശാസ്ത്ര ജേർണലിൽ ‘Soil Microbiomes With the Genetic Capacity for Atmospheric Chemosynthesis Are Widespread Across the Poles and Are Associated With Moisture, Carbon, and Nitrogen Limitation’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു. അന്റാർട്ടിക്കയിൽ കണ്ട ബാക്ടീരിയകൾ വേറെ പ്രദേശങ്ങളിൽ ഉണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. പഠനത്തിന്റെ ഭാഗമായി ആർട്ടിക്കിന്റെയും ടിബറ്റൻ പ്ലാറ്റുവിന്റെയും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 122 മണ്ണ് സാമ്പിളുകൾ സംഘം പരിശോധിച്ചപ്പോൾ അന്റാർട്ടിക്കയിൽ നിന്ന് കണ്ടെത്തിയ ബാക്ടീരിയയിൽ Atmospheric Chemosynthesis ന് സഹായിക്കുന്ന rbcL1E, hhyL എന്നീ രണ്ട്‌ ജീനുകൾ പല അളവിൽ (ആ പ്രദേശത്തെ പോഷണത്തിന്റെ അടിസ്ഥാനത്തിൽ) മുഴുവൻ മണ്ണ് സാമ്പിളുകളിലും കണ്ടെത്താൻ കഴിഞ്ഞു. അതായത് Atmospheric Chemosynthesis അന്റാർട്ടിക്കയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിഭാസമല്ല എന്നുസാരം.

ബെലിന്റ ഫെറാറിയെ Belinda Ferrari

പ്രസ്തുത ബാക്ടീരിയകളെ ലാബിൽ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ എന്ന് മുഖ്യ ഗവേഷകയായ ബെലിന്റ ഫെറാറിയെ (Belinda Ferrari) ഉദ്ധരിച്ചുകൊണ്ട് ന്യു അറ്റ്ലസ് (New Atlas) എന്ന വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിക്ക് പുറത്തും ജീവൻ നിലനിൽക്കുന്നുണ്ടാകാം എന്ന ഊഹത്തിന് ശക്തിപകരുന്നതാണ് ഈ പുതിയ പഠനം. കൂടാതെ കൂടുതൽ കഠിനമായ പശ്ചാത്തലത്തിലും ജീവൻ ഉണ്ടാകാം എന്നും ഈ പഠനം പറയുന്നു. മാത്രമല്ല അമേരിക്കയുടെ പുതിയ ചൊവ്വാ ദൗത്യം ചൊവ്വയിലെ മണ്ണിൽ നടത്താൻ പോകുന്ന ഗവേഷണങ്ങളും ഈ പഠനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

പഠനസംഘം അന്റാർട്ടിക്കയിൽ കടപ്പാട് frontiersin.org

അധികവായനയ്ക്ക്

  1. Ferrari Belinda, Aleks Terauds, Mukan Ji et.al (2020) ‘Soil Microbiomes With the Genetic Capacity for Atmospheric Chemosynthesis Are Widespread Across the Poles and Are Associated With Moisture, Carbon, and Nitrogen Limitation’. Frontiers.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post സെപ്റ്റംബർ 21 -ശാസ്ത്രചരിത്രത്തിൽ ഇന്ന്
Next post കോവിഡാനന്തര രോഗങ്ങൾ
Close