Read Time:76 Minute


പ്രൊഫ കെ.പാപ്പൂട്ടി

2022 ആഗസ്റ്റ് മാസം ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ  ലേഖനം. വിവിധ വിഷയമേഖലകളിൽ ഇന്ത്യയിലെ ശാസ്ത്രചരിത്രത്തെയും വർത്തമാനകാലമുന്നേറ്റങ്ങളെയും പ്രതിസന്ധികളെയും വിശകലനം ചെയ്യുന്ന ലേഖനങ്ങളും, വീഡിയോ അവതരണങ്ങളും വരുംദിവസങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ദീകരിക്കുന്നതാണ്.

പ്രാചീന ഇന്ത്യയിൽ ഗണിതവും ജ്യോതിശ്ശാസ്ത്രവും എത്രകണ്ട് വികസിച്ചിരുന്നു എന്ന് കൃത്യമായി പറയാനുള്ള തെളിവുകളൊന്നും ഇന്ന് ലഭ്യമല്ല. എന്നാൽ അവ നന്നായി വികാസം പ്രാപിച്ചിരുന്നു എന്നും അവ പരസ്പരപൂരകമായാണ് വളർന്നതെന്നും വിശ്വസിക്കാൻ വേണ്ടത്ര സൂചനകളുണ്ടുതാനും. പ്രാചീന ലോകത്തെ വികസിത സംസ്‌കാരങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ഇന്നത്തെ അതിരുകൾക്കുള്ളിൽ ആയിരുന്നില്ല എന്നുമാത്രം.

എല്ലാ വിജ്ഞാനവും (ശാസ്ത്രം ഉൾപ്പെടെ) ആദ്യമുണ്ടായത് ആർഷഭാരതത്തിലാണെന്നും നമ്മളത് പ്രതിഫലമൊന്നും വാങ്ങാതെ ലോകത്തിനു മുഴുവൻ നൽകുകയായിരുന്നു എന്നും മറ്റുമുള്ള ‘അതിദേശഭക്തരുടെ’ വിടുവായത്തമൊന്നും യുക്തിഭദ്രമല്ലാത്തതുകൊണ്ട് തന്നെ ഗൗരവമായെടുക്കേണ്ടതില്ല. ഇന്ത്യയിൽ നാഗരികത വളർന്നു തുടങ്ങിയ കാലത്ത് ആർഷഭാരതമായിരുന്നില്ല എന്നും നമുക്കറിയാം. ഒരു ജനതയുടെ സംസ്‌കാരത്തെ, അത് വൈദികജനതയുടേതായാൽ പോലും, കുറച്ച് ഋഷികൾ സൃഷ്ടിച്ച സംസ്‌കാരമായി കണക്കാക്കുന്നത് തന്നെ യുക്തിരഹിതമാണ്. വൈദിക സംസ്‌കാരത്തിന്റെ പ്രായം ഏതാണ്ട് 3600 വർഷമേ വരൂ എന്ന് നമ്മൾ കാണും. എന്നാൽ, അതിനുമെത്രയോ മുമ്പ്  സിന്ധു-സരസ്വതീ തടങ്ങളിൽ (സരസ്വതി പിന്നീട് അപ്രത്യക്ഷമായി) ഒരു വികസിത കാർഷിക സംസ്‌കാരം നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകൾ ഇന്നു ലഭ്യമാണ്. ഹാരപ്പ, മോഹൻജോദാരോ, കാലിഭംഗൻ, രാഖി തുടങ്ങി ആയിരത്തിലേറെ ഇടങ്ങളിൽ നിന്ന് അതിന്റെ അവശിഷ്ടങ്ങൾ ഉത്ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. 12.5 ലക്ഷത്തോളം ച.കി.മീ. വിസ്തൃതിയുണ്ടായിരുന്നു ആ അധിവാസമേഖലയ്ക്ക്. സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമുണ്ട് ഈജിപ്ഷ്യൻ, മെസപ്പൊട്ടേമിയൻ സംസ്‌കാരങ്ങൾക്ക് എന്ന് കാർബൺ ഡേറ്റിംഗ് പോലുള്ള കാലഗണനാരീതികൾ സൂചിപ്പിക്കുന്നുണ്ട്. അപ്പോൾ ‘ആർഷഭാരതം’ എങ്ങനെ അവർക്കെല്ലാം വിജ്ഞാനത്തിന്റെ വിത്തുകൾ നൽകും?

മോഹൻജദാരോയിലെ ഇഷ്ടികയിൽ തീർത്ത സ്നാനഘട്ടം

ഏതാണ്ട് 50 ലക്ഷത്തോളം മനുഷ്യർ സിന്ധുനദീതടങ്ങളിൽ അധിവസിച്ചിരുന്നു എന്നാണ് സൂചന. നന്നായി ആസൂത്രണം ചെയ്ത നഗരസംവിധാനങ്ങൾ അവർക്കുണ്ടായിരുന്നു. ചുട്ടെടുത്ത ഇഷ്ടികപാകിയ വീഥികൾ, അതിനിരുപുറവും ഇഷ്ടികകൊണ്ടു നിർമിച്ച വീടുകൾ, വിശാലമായ പൊതുകുളങ്ങളും കുളിസ്ഥലങ്ങളും, അഴുക്കുചാൽ സംവിധാനം, ജലവിതരണ സജ്ജീകരണങ്ങൾ – ഇതെല്ലാം അവിടെ കണ്ടെത്തിയിട്ടുണ്ട്. മെസപ്പൊട്ടേമിയ, പേർഷ്യ തുടങ്ങിയ നാടുകളുമായി അവർക്ക് വ്യാപാരബന്ധങ്ങളും ഉണ്ടായിരുന്നു. സ്വാഭാവികമായും അന്നിവിടെ ജീവിച്ചിരുന്ന ജനതയ്ക്ക് ഗണിതവും ജ്യോതിശ്ശാസ്ത്രവും നിശ്ചയമുണ്ടായിരുന്നിരിക്കണം. കാരണം, ഒരു വികസിത കാർഷിക സംസ്‌കാരത്തിൽ ഏതെങ്കിലും തരത്തിലുള്ള കലണ്ടർ വ്യവസ്ഥ ഉണ്ടാകണം. അത് കാലാവസ്ഥ മുൻകൂട്ടി അറിഞ്ഞ് കൃഷിക്ക് ഒരുക്കങ്ങൾ നടത്താൻ അതാവശ്യമാണ്. അതുപോലെ വ്യാപാരാവശ്യങ്ങൾക്ക് സഞ്ചരിക്കാൻ ദിക്കറിയണം (അന്ന് റോഡുകളില്ലെന്നു വേണം കരുതാൻ). മരുഭൂമികൾ താണ്ടി പേർഷ്യയിലേക്കും ബാബിലോണിയയിലേക്കും പോകാൻ രാത്രികാലമാണ് നല്ലത്. അപ്പോൾ ദിക്കറിയാൻ നക്ഷത്രങ്ങളെയാണ് ആശ്രയിക്കുക.

മോഹൻജോദാരോ റൂളർ കടപ്പാട് harappa.com

വ്യാപാരബന്ധങ്ങൾ സാധ്യമാകണമെങ്കിൽ ഗണിതം കൂടിയേ കഴിയൂ. അളവുകളും തൂക്കങ്ങളും വേണം. പക്ഷേ, അവരതൊന്നും എഴുതിവച്ചിട്ടില്ല. അല്പസ്വല്പം മുദ്രകളൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുമില്ല. ലഭ്യമായ അറിവുകൾ ഇതൊക്കെയാണ്: ഉറപ്പുള്ള ഇഷ്ടികകൾ ചുട്ടെടുക്കാൻ അവർക്ക് അറിയാമായിരുന്നു. അതിന്റെ വ്യാപ്തം എത്ര ആയാലും വശങ്ങൾ 1 : 2 : 4 എന്ന അനുപാതത്തിലായിരുന്നു. നീളം അളക്കുന്ന ഏകകം 1. 24 സെന്റിമീറ്ററിന് തുല്യമായിരുന്നു. അതിനെ 10 അംശങ്ങളാക്കി ഭാഗിച്ചിരുന്നു. മോഹൻജോദാരോ റൂളർ എന്നാണത് ഇന്നറിയപ്പെടുന്നത്. ഭാരം അളക്കാൻ മൈക്ക അടങ്ങിയ, തിളക്കവും ഉറപ്പുമുള്ള ഒരിനം ആഗ്നേയശിലകൊണ്ടുള്ള തൂക്കക്കട്ടികളാണ് ഉപയോഗിച്ചത്. അത് ചതുരക്കട്ടിയോ സിലിണ്ടറോ ആകാം. ഏകകം 28 ഗ്രാമിനുതുല്യം. അതിന്റെ 1, 2, 5, 10, 20, 50, 100, 200, 500 മടങ്ങുള്ള കട്ടികളും കണ്ടുകിട്ടിയിട്ടുണ്ട്. അവരുടെ ഗണിതത്തിന്റെയും ജ്യോതിശ്ശാസ്ത്രത്തിന്റെയും പല അംശങ്ങളും പിൽക്കാല വൈദിക ജനതയുടെ വിജ്ഞാനത്തിന്റെ ഭാഗമായിത്തീർന്നതിന് തെളിവുകളുണ്ട്.

ആര്യന്മാർ എന്ന് പൊതുവേ അറിയപ്പെടുന്ന, (ആര്യഭാഷ സംസാരിച്ചിരുന്ന) വൈദികജനതയെ സംബന്ധിച്ച വിവരങ്ങൾ അവരുടെ ശ്രുതികളിലൂടെയും സ്മൃതികളിലൂടെയും ലഭ്യമാണ്. വേദസംഹിതകളും ബ്രാഹ്‌മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമെല്ലാം അക്കാല ജീവിതത്തെക്കുറിച്ച് നമുക്ക് സൂചനകൾ തരും. എല്ലാം ശ്രുതികളായി തലമുറകൾ കൈമാറിയതുകൊണ്ട് പല കൂട്ടിച്ചേർക്കലും പിൽക്കാലത്ത് നടന്നിട്ടുണ്ടാകാം. എങ്കിലും കുറെയൊക്കെ വിവരങ്ങൾ ലഭ്യമാണ്.

വൈദികസാഹിത്യത്തിനുള്ള ഒരു വലിയ പരിമിതി, അവ മുഖ്യമായും വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാക്രമങ്ങളും ഒക്കെയാണ് ചർച്ചചെയ്യുന്നത്, വിജ്ഞാനത്തിന്റെ പല മേഖലകളും അതിൽ കാണില്ല എന്നതാണ്. ഉദാഹരണത്തിന്, അക്കാലത്ത് അവർക്കറിയാമായിരുന്ന ഗണിതം മുഴുവൻ അതിൽ വരില്ല. ബലികർമങ്ങൾക്കും മറ്റും വേണ്ട പീഠങ്ങളുടെയും ഹോമത്തറകളുടെയും ജ്യാമിതിയും, അവ നിർമിക്കാൻ വേണ്ട ഇഷ്ടികകളുടെ രൂപവും എണ്ണവും, ദിക്നിർണയവും ശുഭനക്ഷത്രങ്ങളുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങളുമൊക്കെയേ അതിൽ വരൂ. ഗ്രഹങ്ങളെ ഋഗ്വേദകാലത്ത് തിരിച്ചറിഞ്ഞിരുന്നില്ല. ശുക്രനും വ്യാഴവുമൊക്കെ അന്ന് ‘താര’മായിരുന്നു. സൂര്യന്റെ അയനചലനം ശ്രദ്ധയോടെ നിരീക്ഷിച്ച് കാലം ഗണിച്ചിരുന്നു. ചാതുർമാസ്യ ബലികളും മറ്റും നടത്തി അയനത്തിൽ വിഘ്‌നങ്ങൾ ഒഴിവാക്കുന്നതിലായിരുന്നു ഊന്നൽ. ഗണിതത്തിൽ ചതുഷ്‌ക്രിയകൾ അവർക്ക് നിശ്ചയമുണ്ടായിരുന്നു എന്ന് ഊഹിക്കാൻ പറ്റും; കാരണം വിവിധതരം യാഗശാലകളുടെ നിർമിതിയ്ക്ക് അതിലും ഉയർന്ന ഗണിതം ആവശ്യമായിരുന്നു.

ഋഗ്വേദകാലത്ത് വൈദികജനത നഗരങ്ങളൊന്നും നിർമിച്ചതായി സൂചനയില്ല. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജ്യാമിതിയുടെ ആവശ്യം പരിമിതമായിരുന്നു. പ്രകൃതിശക്തികളെ ഒട്ടു സ്‌നേഹിച്ചും ഒട്ടു ഭയന്നും ആരാധിച്ചു പ്രീതിപ്പെടുത്താൻ ശ്രമിച്ചും ജീവിച്ച ആ ജനതയുടെ ദൈവങ്ങൾ വരുണനും മിത്രനും സൂര്യനും ഇന്ദ്രനും അഗ്നിയും വായുവും ഒക്കെ ആയിരുന്നു. ഇവരിൽ ആദ്യത്തെ മൂന്നുപേരും പേർഷ്യക്കാർക്കും ദൈവങ്ങളായിരുന്നു എന്നത് ഈ രണ്ടു ജനതകളുടെ പൊതുപൈതൃകത്തിന്റെ സൂചനയാകാം. എന്തായാലും ആടുമാടുകളെ മേച്ചാണ് അവർ ഉപജീവനം നടത്തിയത്. സ്ഥിരം കൃഷിയിടങ്ങൾ ഉണ്ടായിരുന്നില്ല.

അക്കാലത്ത് അവർ അധിവസിച്ച സ്ഥലങ്ങളെക്കുറിച്ച് ഋഗ്വേദത്തിൽത്തന്നെ സൂചനകളുണ്ട്. അതിലൊന്നാണ് സുവാസ്തു. നല്ല വാസസ്ഥലം എന്നർഥം. കാബൂളിനടുത്തുള്ള സ്വാത് മേഖലയാണ് ഇന്നത്. കാബൂൾ അവർക്ക് ‘കുഭാ’ആയിരുന്നു. ഗോമതി, ക്രുമു (ഇപ്പോൾ കുറാം) ഇവയും പരാമർശിക്കപ്പെടുന്നുണ്ട്. സിന്ധു, ദൃഷദ്വതി (ഇപ്പോൾ ഗഘാർ), ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പുരുഷ്ണി (രവി), വിതസ്ത (ഝലം) എന്നീ നദികളെക്കുറിച്ചും പരാമർശമുണ്ട്. എന്നാൽ യമുന മുതൽ കിഴക്കോട്ട് ഒരു നദിയും (ഗംഗയുൾപ്പെടെ) ഒരു പ്രദേശവും പരാമർശിക്കപ്പെടുന്നില്ല. പിൽക്കാലവേദങ്ങളിൽ ഗംഗയാണ് പുണ്യനദി. ഗംഗാതടത്തിലെത്തിയ ശേഷമാണ് വൈദികജനത കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയതും നഗരങ്ങൾ നിർമിച്ചതും രാജാവും കൊട്ടാരവുമെല്ലാം അവർക്കുണ്ടായതും. മഗധയ്ക്കും പാടലീപുത്രത്തിനും എല്ലാം കഷ്ടിച്ച് മൂവായിരം വർഷത്തിനടുത്ത പ്രായമേയുള്ളൂ

ചുരുക്കത്തിൽ, ഋഗ്വേദ രചന നടന്ന കാലത്ത് വൈദികജനത ഇന്നത്തെ ഇന്ത്യയിൽ എത്തിയിട്ടില്ല. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ പ്രദേശത്താണവർ ഉള്ളത്. എന്നായിരുന്നു അത്? അതിനുള്ള സൂചനയും നമുക്ക് വേദസാഹിത്യങ്ങളിൽ നിന്നു തന്നെ കിട്ടും. വിഷുവസ്ഥാനത്തെക്കുറിച്ച് ഐതരേയ ബ്രാഹ്‌മണം പറയുന്നതിങ്ങനെയാണ്. ”വർഷമധ്യത്തിൽ അവർ (പുരോഹിതർ) ഏകവിംശദിനം (വിഷുവം) ആചരിക്കും. അന്നാണ് ദേവന്മാർ സൂര്യനെ സ്വർഗലോകത്തേക്ക് (ഉച്ചസ്ഥാനത്തേയ്ക്ക്) ഉയർത്തുന്നത്. അതിന് പത്തുദിവസം മുമ്പേ ഏകവിംശനെ സ്തുതിക്കുന്ന മന്ത്രങ്ങൾ അവർ ചൊല്ലിത്തുടങ്ങും. അത് പത്തുദിവസം കൂടി തുടരുകയും ചെയ്യും.” കാർത്തികയുടെ തുടക്കത്തിലാണ് അന്ന് വിഷുവസ്ഥാനം. 27 ജന്മനക്ഷത്രങ്ങളിൽ ആദ്യത്തേത് അന്ന് കാർത്തികയാണ്. വിഷുവസ്ഥാനം സ്ഥിരമല്ല, അത് പശ്ചിമദിശയിൽ, 72 വർഷം കൊണ്ട് ഒരു ഡിഗ്രി എന്ന കണക്കിന് മാറിക്കൊണ്ടിരിക്കും. ഇതിനെ പശ്ചാദ്ഗമനം എന്നുപറയും. മലയാള കലണ്ടർ നിർമിച്ച കാലത്ത് വിഷുവം അശ്വതിയിലായിരുന്നു. അതുകൊണ്ട് നാളുകളുടെ തുടക്കവും അശ്വതിയായി. ഇന്ന് വിഷുവം ഉത്രട്ടാതിയുടെ ഒന്നാംപാദത്തിലാണ്. എന്നാൽ വിഷുദിനം അതനുസരിച്ചു മാറ്റാൻ ജ്യോതിഷികൾ (അവരാണല്ലോ പഞ്ചാംഗം ഗണിക്കുന്നത്) തയ്യാറായിട്ടില്ല. ഋഗ്വേദകാലത്തേതിൽ നിന്ന് വിഷുവസ്ഥാനത്തിന് ഏകദേശം 50° (3¾നക്ഷത്രം) പശ്ചാദ്ഗമനം സംഭവിച്ചിരിക്കുന്നു. അതായത്, 50×72 = 3600 വർഷം കഴിഞ്ഞുപോയിരിക്കുന്നു.

നക്ഷത്രം, വിഷുവം, പുരസ്സരണം

ജ്യോതിശ്ശാസ്ത്രത്തിന് ഇന്ത്യയുടെ സംഭാവനയാണ് നക്ഷത്രം അഥവാ നാൾ എന്ന കാലഗണനാസമ്പ്രദായം. ഏതാനും ദിവസമോ മാസമോ വരുന്ന ചെറിയ കാലഗണനകൾക്കാണത് ഉപയോഗിച്ചിരുന്നത്. 27 ജന്മനക്ഷത്രങ്ങളെക്കുറിച്ചുള്ള പരാമർശം ഋഗ്വേദത്തിൽത്തന്നെ കാണാം. ചന്ദ്രൻ ഭൂമിക്ക് ചുറ്റും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതും വൃദ്ധിക്ഷയങ്ങൾക്ക് വിധേയമാകുന്നതും അന്നത്തെ വാനനിരീക്ഷകർ മനസ്സിലാക്കി. ചന്ദ്രൻ ഒരു നക്ഷത്രത്തിന്റെ സമീപത്തുനിന്നാരംഭിച്ച്, ഭൂമിയെ ഒന്നുചുറ്റി വീണ്ടും അതേ നക്ഷത്രത്തിൽ തിരിച്ചെത്താൻ 27⅓ ദിവസമെടുക്കും. എങ്കിൽ ചന്ദ്രൻ പോകുന്ന പഥത്തെ 27 തുല്യഭാഗങ്ങളാക്കിയാൽ ഓരോ ഭാഗവും ഭൂമികേന്ദ്രമായ വൃത്തത്തിന്റെ 13⅓ ഡിഗ്രി ഭാഗം ആയിരിക്കുമല്ലോ. അവിടെ ചന്ദ്രൻ ഒരു ദിവസം (ഒരു നാൾ) വീതം ഉണ്ടായിരിക്കും. ഈ 13⅓ ഡിഗ്രി വരുന്ന ആകാശഭാഗമാണ് ഒരു നക്ഷത്രം അഥവാ നാൾ. ഓരോ 13⅓ ഡിഗ്രി ഭാഗത്തുമുള്ള പ്രമുഖ നക്ഷത്രത്തിന്റെ/നക്ഷത്രഗണത്തിന്റെ പേരിലാണ് ആ നാൾ അറിയപ്പെടുക. ഉദാഹരണത്തിന്, അശ്വമുഖം (കുതിരത്തല) പോലെ മൂന്ന് നക്ഷത്രങ്ങളുള്ള നാൾ അശ്വതി, അടുത്തത് ഭരണി (അതും 3 നക്ഷത്രം തന്നെ), കൈവട്ടകപോലെ 7 നക്ഷത്രങ്ങളുള്ളത് കാർത്തിക, ഒറ്റലുപോലെ (ഇംഗ്ലീഷിലെ V രൂപം) രോഹിണി… ഇങ്ങനെ 27 എണ്ണം. ഇവയിൽ ഏതെങ്കിലും ഒന്നിലാവും ചന്ദ്രൻ നിൽക്കുക. ചന്ദ്രൻ അശ്വതിയിൽ നിൽക്കുന്ന ദിവസം ഒരു കുഞ്ഞു പിറന്നാൽ അതിന്റെ നാൾ അശ്വതിയായിരിക്കും. കാർത്തികയിൽ നിൽക്കുന്ന ദിവസമാണെങ്കിൽ കാർത്തികയും. ഇതുപയോഗിച്ച് കാലഗണന നടത്താം. ഉദാ: കുഞ്ഞ് ജനിച്ചത് കാർത്തികയിലും ഇന്ന് മകവും ആണെങ്കിൽ കുഞ്ഞിന് പ്രായം 7 ദിവസം. അത് 27 + 7 ദിവസമോ, 54 + 7 ദിവസമോ ഒക്കെ ആകാം, കുഞ്ഞിന്റെ ജനനശേഷം എത്രാമത്തെ തവണയാണ് ചന്ദ്രൻ അവിടെ എത്തുന്നത് എന്നതിനനുസരിച്ച്. കുഞ്ഞുങ്ങളുടെ പ്രായം മാത്രമല്ല, വിവാഹനാൾ, ഉത്സവനാൾ തുടങ്ങിയവ കുറിയ്ക്കാനും നക്ഷത്രഗണന മതി. ഋഗ്വേദരചനാ കാലത്ത് കാർത്തികയിലായിരുന്ന വിഷുവം ഇപ്പോൾ 3¾ നാൾ പിന്നാക്കം പോയി ഉത്രട്ടാതിയുടെ ആദ്യ ഭാഗത്ത് ¼ എത്തിയെങ്കിൽ, അത് 3 x ¾ x 13x⅓ = 50° യാണ് പടിഞ്ഞാറോട്ട് നീങ്ങിയത്.

ഇനി, വിഷുവം എന്താണെന്നു നോക്കാം. ഭൂമിക്കുചുറ്റും ഗോളാകൃതിയിൽ കാണുന്ന ആകാശത്തെ ഖഗോളം എന്നുവിളിക്കുന്നു. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി ഖഗോളത്തിൽ ഒരു വൃത്തം സങ്കല്പിച്ചാൽ അതിനെ ഖമധ്യരേഖ എന്നും വിളിക്കാം. ഇതുകൂടാതെ, സൂര്യൻ ഭൂമിയെ ഒരു കൊല്ലം കൊണ്ട് വലംവയ്ക്കുന്നതായി നമുക്കു തോന്നുന്ന ഒരു വൃത്തവുമുണ്ട്. (ശരിക്കും ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് ഇപ്പോൾ നമുക്കറിയാം, പണ്ട് തിരിച്ചായിരുന്നു കരുതിയത്.) ഇതിനെ ക്രാന്തിവൃത്തം എന്നുവിളിക്കും. ഈ രണ്ടുവൃത്തങ്ങളും തമ്മിൽ 23½ ഡിഗ്രി ചരിവുണ്ട്. ഭൂമിയുടെ അക്ഷത്തിന്റെ ചരിവാണ് ഇതിനു കാരണം. രണ്ടു വൃത്തങ്ങളും തമ്മിൽ ഭൂമിയ്ക്ക് ഇരുവശത്തുമായി രണ്ടു സ്ഥാനങ്ങളിൽ പരസ്പരം ഖണ്ഡിക്കും. ഇവയെയാണ് വിഷുവസ്ഥാനങ്ങൾ എന്ന് പറയുക. സൂര്യൻ വർഷത്തിൽ ഓരോ തവണ ഈ സ്ഥാനങ്ങളിലൂടെ കടന്നുപോകും, ഒരിക്കൽ വസന്തത്തിലും, പിന്നെ ഗ്രീഷ്മത്തിലും. അവയെ യഥാക്രമം വസന്തവിഷുവം അഥവാ പൂർവ വിഷുവം (മാർച്ച് 21-ന്/മീനം 7-ന്) എന്നും ഗ്രീഷ്മവിഷുവം അഥവാ ഉത്തര വിഷുവം (സെപ്റ്റംബർ 22/കന്നി 7) എന്നും പറയും. ആ ദിവസങ്ങൾ സമരാത്രദിനങ്ങളായിരിക്കും. പൂർവവിഷുവം കഴിഞ്ഞാൽ സൂര്യൻ ഭൂമിയുടെ ഉത്തരാർധഗോളത്തിന് മുകളിൽ ആയിരിക്കും കാണപ്പെടുക. ഉത്തര വിഷുവം കഴിഞ്ഞാൽ ദക്ഷിണാർധഗോളത്തിനു മുകളിലും.

മലയാള കലണ്ടർ നിർമിച്ച കാലത്ത് വിഷുവസ്ഥാനം മേടാരംഭത്തിൽ (മേഷാദി, അശ്വതിയുടെ തുടക്കത്തിൽ) ആയിരുന്നു. പശ്ചാദ്ഗമനം കാരണം ഇപ്പോഴത് മീനം 7-ൽ (ഉത്രട്ടാതിയിൽ) ആണ്. മലയാള കലണ്ടർ പിന്നീട് പരിഷ്‌കരിക്കാതിരുന്നതുകൊണ്ട് വിഷു നമ്മളിപ്പോഴും മേഷാദിയിൽത്തന്നെ ആഘോഷിക്കുന്നു. പശ്ചാദ്ഗമനം പണ്ടേ ജ്യോതിഷികൾ കണ്ടിരുന്നുവെങ്കിലും അതിന്റെ കാരണം മനസ്സിലാക്കാൻ അന്ന് കഴിയുമായിരുന്നില്ല. കാരണം, അതിന് ഭൂഅക്ഷത്തിന്റെ ചരിവും ഭൂമിയുടെ സ്വയംഭ്രമണവും അറിയണമായിരുന്നു.

ഭൂ അക്ഷത്തിന്റെ ഒരു സവിശേഷ ചലനമാണ് പുരസ്സരണം (precession) എന്നറിയപ്പെടുന്നത്. ഭൂമിയുടെ ഭ്രമണ അക്ഷം പരിക്രമണ(സൂര്യനെ ചുറ്റുന്ന) അക്ഷവുമായി 23½ ഡിഗ്രി ചരിവ് മാറാതെയാണീ കറക്കം. ഒന്നു കറങ്ങിവരാൻ 25800 കൊല്ലം വേണം. ഒരു ഡിഗ്രി കറങ്ങാൻ 72 വർഷവും. ഇതാണ് പുരസ്സരണം. ഇതിന്റെ ഫലമായി ഭൂഅക്ഷം ഖഗോളത്തിലേക്കു ചൂണ്ടുന്ന സ്ഥാനം മാറും. അവിടെ ഒരു നക്ഷത്രമുണ്ടെങ്കിൽ അതിനെ ധ്രുവനക്ഷത്രം എന്നു വിളിക്കും. ഈജിപ്തിലെ പിരമിഡുകൾ നിർമിച്ച കാലത്ത് ഡ്രാകോരാശിയിലെ തൂബൻ നക്ഷത്രമായിരുന്നു ധ്രുവൻ. പിന്നീട് ധ്രുവസ്ഥാനം തൂബനിൽ നിന്ന് അകന്നകന്ന് ഇപ്പോൾ കാനിസ് മൈനർ ഗണത്തിലെ പൊളാരിസ് നക്ഷത്രത്തിൽ എത്തിയിരിക്കുന്നു. അതിനിയും അകന്നുകൊണ്ടിരിക്കും.

പുരസ്സരണം കാരണം ധ്രുവബിന്ദു മാത്രമല്ല സ്ഥാനം മാറുക, ഖമധ്യരേഖ ക്രാന്തിപഥത്തെ ഖണ്ഡിക്കുന്ന വിഷുവസ്ഥാനങ്ങളും മാറും. വിഷുവബിന്ദു 72 വർഷത്തിൽ ഒരു ഡിഗ്രി വച്ച് പടിഞ്ഞാറുദിശയിൽ മാറും. ഇതാണ് പശ്ചാദ്ഗമനം.

ഇന്ത്യൻ ജ്യോതിശ്ശാസ്ത്രവും ബാബിലോണിയൻ – ഗ്രീക്ക് ജ്യോതിശ്ശാസ്ത്രവും തമ്മിൽ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങൾ ഉണ്ട്. നമ്മൾ ചാന്ദ്രപഥത്തെയും നക്ഷത്രങ്ങളെയും ആണ് കാലം ഗണിക്കാൻ എടുത്തത്. ചന്ദ്രൻ ഭൂമിയെ ഒന്നു ചുറ്റി പ്രാരംഭനക്ഷത്രത്തിൽ

തിരിച്ചെത്താൻ എടുക്കുന്ന കാലം (27⅓ ദിവസം) ഒരു നക്ഷത്രചന്ദ്രമാസം എന്നെടുത്തു. ഇതുകൂടാതെ, ഇതേ നക്ഷത്രങ്ങളിലൂടെത്തന്നെ സൂര്യനും ഭൂമിയെ ചുറ്റുന്നതായി അവർ കണ്ടു. അതിന് ഒരു വർഷം വേണം. സൂര്യൻ ഒരു നക്ഷത്രത്തിൽ എത്തിയാൽ രണ്ടാഴ്ചയോളം അതിലുണ്ടാകും. കാരണം, സൂര്യന്റെ കാന്തിവൃത്തത്തിലൂടെയുള്ള നീക്കം ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി ആണ്. (ശരിക്കും ഒരു ഡിഗ്രിയിൽ അൽപം താഴെ. കാരണം സൂര്യൻ ദിവസം കൊണ്ടാണ് 360¼ ഡിഗ്രി സഞ്ചരിക്കുന്നത്) അപ്പോൾ ഡിഗ്രി വരുന്ന നാൾ കടക്കാൻ 13 – 14 ദിവസം വേണം. ഇത്രയും കാലത്തെയാണ് നാം ഞാറ്റുവേല എന്നുപറയുന്നത്. (ഞായറുള്ള വേള – സൂര്യനുള്ള കാലം എന്നർഥം). അപ്പോൾ അശ്വതി ഞാറ്റുവേല, ഭരണി ഞാറ്റുവേല… തിരുവാതിര ഞാറ്റുവേല… എന്നിങ്ങനെ 27 ഞാറ്റുവേലകൾ ആണ് ഒരു കൊല്ലം. കൃഷിക്കാരുടെ കലണ്ടറാണ് യഥാർഥത്തിൽ ഞാറ്റുവേല അഥവാ ‘സൂര്യന്റെ നക്ഷത്രചാരം’. ബാബിലോണിയർ സൂര്യപഥത്തെ 12 ആക്കി ഭാഗിച്ച് രാശി എന്ന സങ്കല്പമാണ് അവതരിപ്പിച്ചത്. ഒരു രാശിയിൽ സൂര്യൻ ഒരു മാസം വീതം ഉണ്ടാകും. മേടം, ഇടവം… മീനം എന്നിവ രാശിനാമങ്ങളുമാണ് മാസനാമങ്ങളുമാണ്.

ഇന്ത്യൻ ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു പരിമിതി, നമ്മൾ ചന്ദ്രന്റെയും സൂര്യന്റെയും പഥത്തിലുള്ള നക്ഷത്രങ്ങൾക്കേ പ്രാധാന്യം കൊടുത്തുള്ളൂ എന്നതാണ്. (സപ്തർഷികൾ, ധ്രുവൻ, അഗസ്ത്യൻ, ത്രിശങ്കു തുടങ്ങിയ ഏതാനും എണ്ണം അതിനു പുറമേയുണ്ട്.) എന്നാൽ ബാബിലോണിയർ മൊത്തം ആകാശത്തെ പരിഗണിക്കുകയും അവയെ രാശികളാക്കി തിരിച്ച് പേര് നൽകുകയും ശോഭയുടെ അടിസ്ഥാനത്തിൽ നക്ഷത്രങ്ങളെ പട്ടികപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അതായത്, വെറും കലണ്ടർ നിർമാണം എന്ന ലക്ഷ്യത്തിൽ അവർ ഒതുങ്ങിനിന്നില്ല. ഈ സമീപനമാണ് പിന്നീട് ഗ്രീക്കുകാർ വികസിപ്പിച്ചെടുത്തത്. ജ്യോതിശ്ശാസ്ത്രത്തിന്റെ പിൽക്കാല വളർച്ചയെ ഇതു സഹായിച്ചു. എന്നാൽ, ഇന്ത്യൻ ജ്യോതിശ്ശാസ്ത്രത്തിന്റെ ഗുണപരമായ ഒരു വശം, ബാബിലോണിയയിലേതുപോലെ അത് പ്രവചന ജ്യോതിഷം എന്ന കപടശാസ്ത്രത്തിലേക്കു പോയില്ല എന്നതാണ്. ചില നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ദൃശ്യസാന്നിധ്യത്തിന് ചില കർമങ്ങളിൽ (ഉദാ: ഹോമം, വിവാഹം) ശുഭാശുഭത്വം കല്പിച്ചതല്ലാതെ വ്യക്തികളുടെ ഭാവി പ്രവചിക്കാൻ ജനനസമയത്തെ അവയുടെ സ്ഥാനം ഉപയോഗപ്പെടുത്തുകയുണ്ടായില്ല. അത് പിൽക്കാലത്ത് ഗ്രീസ്സിൽ നിന്നാണ് ഇന്ത്യയിൽ എത്തുന്നത്.

ഋഗ്വേദം ജന്മനക്ഷത്രങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 27 നക്ഷത്രങ്ങളുടെ പൂർണ പട്ടിക അതിൽനിന്ന് ലഭ്യമല്ല. യജുർവേദത്തിലും അതിന്റെ വ്യാഖ്യാനങ്ങളിലുമാണത് കാണുന്നത്. നക്ഷത്രസംബന്ധിയായ നിരവധി പുരാണകഥകളും വ്യാഖ്യാനങ്ങളിൽ കാണാം. അഥർവവേദമാകട്ടെ നക്ഷത്ര സംഖ്യ 28 ആയാണ് കണക്കാക്കിയത്. ഉത്രാടത്തിനും തിരുവോണത്തിനും ഇടയിൽ അഭിജിത് (Vega) എന്ന നക്ഷത്രത്തെക്കൂടി ഉൾപ്പെടുത്തി.

ഗ്രഹണം, പ്രത്യേകിച്ച് സൂര്യഗ്രഹണം അക്കാലത്ത് എല്ലാവരേയും ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു പ്രതിഭാസമായിരുന്നു. ഋഗ്വേദപാഠമനുസരിച്ച് സ്വർഭാനു എന്ന അസുരൻ തന്റെ മായാശക്തിയാൽ സൂര്യനെ ഇരുട്ടുകൊണ്ടു മൂടുന്നതാണ് സൂര്യഗ്രഹണം. അത്രിമഹർഷി മന്ത്രങ്ങൾ ചൊല്ലി സൂര്യനെ മോചിപ്പിക്കുന്നതായി പഞ്ചവിംശബ്രാഹ്‌മണം പറയുന്നു. പരമ്പരയായി വാനനിരീക്ഷണവും ഗ്രഹണ പഠനവും നടത്തിയിരുന്നവരായിരിക്കണം അത്രിഗോത്രക്കാർ.

അഥർവവേദകാലമായപ്പോഴേയ്ക്കും സ്വർഭാനു കഥ പോയി രാഹുകേതുസങ്കല്പം വന്നു. ക്രാന്തിവൃത്തവും ചാന്ദ്രപഥവും മാനത്ത് അന്യോന്യം ഖണ്ഡിക്കുന്ന (അവ തമ്മിൽ 50ºചരിവുണ്ട്) രണ്ട് സ്ഥാനങ്ങളാണ് രാഹുവും കേതുവും. രാഹുവിലോ കേതുവിലോ സൂര്യചന്ദ്രന്മാർ ഒന്നിച്ചെത്തുമ്പോൾ സൂര്യനെ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഇത്ര കൃത്യമായിട്ടല്ലെങ്കിലും ചന്ദ്രനാണ് ഗ്രഹണമുണ്ടാക്കുന്നതെന്ന് അക്കാലത്തെ ജ്യോതിശ്ശാസ്ത്രജ്ഞർക്കറിയാമായിരുന്നു എന്നുവേണം കരുതാൻ. ഗ്രഹണം പ്രവചിക്കാനും മന്ത്രോച്ചാരണത്തിന് തയ്യാറായിരിക്കാനും അത്രി മഹർഷിമാർക്ക് കഴിഞ്ഞിരിക്കണം. ശതപതബ്രാഹ്‌മണത്തിലെ അമാവാസി വർണന ശ്രദ്ധിക്കൂ :”അമാവാസി ദിനത്തിൽ ആദിത്യൻ ചന്ദ്രനെ വിഴുങ്ങുന്നു. അതിനാലാണ് കിഴക്കും പടിഞ്ഞാറും ആകാശത്തിലൊരിടത്തും അവനെ കാണാത്തത്. സൂര്യൻ ഇന്ദ്രനും ചന്ദ്രൻ മിത്രനും ആണല്ലോ. അവർ തമ്മിലുള്ള ശത്രുത പ്രകൃത്യാ ഉള്ളതാണ്.” കാവ്യാത്മകമായ ഈ വർണനയും ശ്രദ്ധിക്കൂ. ”തലേന്ന് അവൻ സൂര്യനിൽ നിന്ന് അകലെയായിരുന്നു. ഇപ്പോൾ അവൻ അവന്റെ തുറന്ന വായിലേക്ക് നീങ്ങുകയാണ്. അവനെ ഉറിഞ്ഞുകുടിച്ചശേഷം തുപ്പുന്നു. അവൻ ആകാശത്തിൽ വീണ്ടും വളർന്നുവരുന്നു, സൂര്യനു ഭക്ഷണമാകാൻ വേണ്ടി.” ഇത്ര ശ്രദ്ധയോടെ അമാവാസിയെ നിരീക്ഷിച്ച അവർക്ക്, അമാവാസിയിൽ മാത്രം സംഭവിക്കുന്ന ഗ്രഹണത്തിന്റെ കാരണം ഊഹിക്കാൻ തീർച്ചയായും കഴിഞ്ഞിരിക്കണം. ശതപഥബ്രാഹ്‌മണം ഇങ്ങനെ ശാസ്ത്രരീത്യാ കാര്യങ്ങളെ കാണുമ്പോൾ തന്നെ യാജ്ഞവൽക്യൻ രാഹുകേതുക്കളെ പാലാഴിമഥന കഥയിലെ അമൃത് മോഷണവുമായി ബന്ധിപ്പിക്കുന്നു. സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന സർപ്പങ്ങളാണതിൽ രാഹുവും കേതുവും. ഗ്രഹണമോചനത്തിന് മന്ത്രം ചൊല്ലുന്ന ബ്രാഹ്‌മണർക്ക് വലിയ അളവിൽ ധനലബ്ധി ഉള്ള കാര്യം ചിന്തിക്കുമ്പോൾ ഇത് പൗരോഹിത്യത്തിന്റെ താൽപര്യം അനുസരിച്ച് സൃഷ്ടിച്ച വിശ്വാസമാണ് എന്നുവ്യക്തം.

ആദ്യകാലത്ത് വൈദിക ജ്യോതിഷികൾ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും തിരിച്ചറിഞ്ഞിരുന്നില്ല എന്നു സൂചിപ്പിച്ചല്ലോ. മൈത്രായനി ഉപനിഷത്തിലാണ് ഗ്രഹസങ്കല്പം ആദ്യമായി കാണുന്നത്. യാജ്ഞവൽക്ക്യ സ്മൃതികളിൽ ഗ്രഹാരാധനയും പ്രത്യക്ഷപ്പെടുന്നു. കഴിയുന്നത്ര ആരാധനകൾക്ക് സാധ്യതയൊരുക്കി പുരോഹിത താൽപര്യം സംരക്ഷിക്കുന്നതിൽ യാജ്ഞവൽക്ക്യൻ മുമ്പനായിരുന്നു.

വേദാംഗജ്യോതിഷം

വേദസംഹിതകളിൽ ജ്യോതിശ്ശാസ്ത്രസംബന്ധിയായ സൂചനകൾ മാത്രമേയുള്ളൂ. വിശദാംശങ്ങൾ ലഭിക്കുന്നത് ലഗധമുനിയുടെ വേദാംഗജ്യോതിഷം എന്ന കൃതിയിൽ നിന്നാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ജ്യോതിഷഗ്രന്ഥമായാണ് അതിനെ കണക്കാക്കുന്നത്. അതിൽ സൂചിപ്പിക്കുന്ന ഉത്തര – ദക്ഷിണ അയനാന്ത സ്ഥാനങ്ങളിലെ നക്ഷത്രങ്ങളുടെ അന്നത്തെയും ഇന്നത്തെയും സ്ഥാനങ്ങളിൽ നിന്ന്, പുരസ്സരണം കണക്കാക്കി കൃതിയുടെ പഴക്കം നിർണയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബി സി 11-12 നൂറ്റാണ്ടുകളിലെ ആകാശമാണതിൽ വർണിക്കുന്നത്. കൃതി രചിക്കപ്പെട്ടത് പിന്നീടാകാനും മതി. ലഗധൻ മുമ്പുണ്ടായിരുന്ന അറിവുകളെ ക്രോഡീകരിച്ചതാകാം. വേദാംഗ ജ്യോതിഷത്തിന് രണ്ടു സരണികളുണ്ട്. 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും 44 ശ്ലോകങ്ങളുള്ള യജുർവേദ ജ്യോതിഷവും. രണ്ടിലും ഏതാണ്ട് ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്.

വേദാംഗജ്യോതിഷം നിയതാർഥത്തിൽ ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥമല്ല, കർമങ്ങൾ അനുഷ്ഠിക്കുന്നവർക്കുള്ള കൈപ്പുസ്തകമാണ്. പ്രഭാതം മുതൽ പ്രഭാതം വരെയാണ് അന്ന് ദിവസം കണക്കാക്കിയിരുന്നത്. 183 ദിവസങ്ങൾ വീതമുള്ള രണ്ട് അയനങ്ങൾ ചേർന്നതാണ് ഒരു വർഷം. ഉത്തരായന കാലത്ത് പകലിന്റെ നീളം ദിവസേന ഒരു പ്രസ്തം വീതം വർധിക്കുമെന്ന് ലഗധൻ പറയുന്നു. രാത്രിയിൽ അത്ര തന്നെ കുറയുകയും ചെയ്യും. എത്രയാണ് ഒരു പ്രസ്തം എന്ന് വ്യക്തമല്ല. അന്നത്തെ ഏതോതരം ജലഘടികാരമാത്രയാകാം. എന്തായാലും പകലിനു വരാവുന്ന കൂടിയ വ്യതിയാനം 6 മുഹൂർത്തം ആണെന്നു പറയുന്നുണ്ട്. അതായത് 6 x 48 മിനുട്ട്. പകലും രാത്രിയും തമ്മിൽ ഇത്രയും വ്യത്യാസം ഗംഗാതടത്തിൽ ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് വേദാംഗ ജ്യോതിഷം പ്രതിപാദിക്കുന്ന ആകാശം സിന്ധു തടത്തിൽ ഏകദേശം 34 ഡിഗ്രി അക്ഷാംശത്തിൽ വരുന്നതാണ്. വൈദികജനത അവിടെ അധിവസിച്ചിരുന്ന കാലത്തെ ഗണനയാകാം.

വേദാംഗ ജ്യോതിഷത്തിലെ ശ്രദ്ധേയമായ ഒരു കാര്യം പഞ്ചവർഷയുഗം എന്ന ആശയമാണ്. അതിൽ 67 നക്ഷത്ര ചന്ദ്ര മാസങ്ങളും (27⅓ ദിവസം വീതം), 62 ചന്ദ്രമാസങ്ങളും (ഒന്നിടവിട്ട് 29, 30 ദിവസം വീതം) 1830 സൗരദിനങ്ങളും 1835 നക്ഷത്രദിനങ്ങളും, 135 ഞാറ്റുവേലകളും അടങ്ങിയിരിക്കുന്നു. എല്ലാം പൂർണസംഖ്യയായി കിട്ടുന്ന ഏറ്റവും ചെറിയ കാലഘട്ടം ആയിരിക്കാം ഒരു പഞ്ചവർഷയുഗം. കൃഷി ചെയ്യാനും കർമങ്ങൾ അനുഷ്ഠിക്കാനുമെല്ലാം അനുയോജ്യമായ ഒരു കലണ്ടറിനുവേണ്ടിയുള്ള അന്വേഷണമാണ് നാം അതിൽ കാണുന്നത്. യുഗത്തിലെ അഞ്ച് വർഷങ്ങൾക്കും പേരുകൾ നൽകിയിട്ടുണ്ട്. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ്‌വത്സരം എന്നിങ്ങനെ. വേദങ്ങളിലും ഈ യുഗഗണന കാണാം. ഒരു യുഗത്തിൽ രണ്ടുതവണ (ഒന്ന് ആദ്യവർഷവും ഒന്ന് മധ്യത്തിലും) ഓരോ അധിക മാസങ്ങൾ കൂടിച്ചേർത്ത് (2 വർഷങ്ങൾക്ക് 13 മാസം വീതമുണ്ടാകും എന്നർഥം) ഋതു ചക്രങ്ങളെ താളത്തിൽ നിർത്തിയിരിക്കുന്നു. പർവം, വിഷുവം, യോഗം, പലതരം വർഷഗണനകൾ, ഭാഗ, കല തുടങ്ങിയ കോണളവുകൾ, നാഴിക, വിനാഴിക മുതലായ സമയഗണനകൾ ഇവയെല്ലാം അതിൽ നിർവചിച്ചിട്ടുണ്ട്. 30 തിഥികൾ ചേർന്ന സംയുതി മാസം എന്ന ആശയവും ശ്രദ്ധേയമാണ്. ചന്ദ്രൻ സൂര്യനിൽ നിന്ന് 12 ഭാഗ (ഡിഗ്രി) അകലാൻ വേണ്ടിവരുന്ന സമയം (ഏതാണ്ട് ഒരു ദിവസം) ആണ് ഒരു തിഥി. ഞാറ്റുവേല (സൂര്യന്റെ നക്ഷത്രചാരം) എന്ന ആശയവും വേദാംഗ ജ്യോതിഷത്തിൽ കാണാം.

വേദങ്ങളിലും വേദാംഗസാഹിത്യങ്ങളിലും നിരവധി ജ്യോതിഷി ഗോത്രങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. അതിൽ അത്രി, വസിഷ്ഠ, വിശ്വാമിത്ര, പൈതാമഹ, കാശ്യപ ഗോത്രങ്ങൾ ജ്യോതിഷവും വാനനിരീക്ഷണവും കുലത്തൊഴിലാക്കിയവരായിരുന്നു. കൂടാതെ ഭൃഗു, മയൻ, സൂര്യൻ, ബാദരായണൻ, നാരദൻ, വിഷ്ണുഗുപ്തൻ തുടങ്ങിയ പേരുകളും പിൽക്കാലത്ത് പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇവരിലാരുടെയും കൃതികളൊന്നും കിട്ടിയിട്ടില്ല, അവർ എന്നാണ് ജീവിച്ചിരുന്നതെന്നതിനും കൃത്യമായ തെളിവൊന്നുമില്ല. വരാഹമിഹിര വ്യാഖ്യാതാവായ ഉൽപാദൻ ചിലരുടെ കൃതികളിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളേ നമുക്കറിയൂ.

ഋഗ്വേദകാലത്ത് വൈദികജനത പ്രകടിപ്പിച്ച പ്രകൃതിയോടുള്ള അത്ഭുതാദരങ്ങളോ പ്രപഞ്ചോൽപ്പത്തിയെയും കാലത്തെയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണത്തെയും കുറിച്ചുള്ള അന്വേഷണങ്ങളോ പിൽക്കാലത്ത് നാം കാണുന്നില്ല. സമൂഹത്തിൽ പൗരോഹിത്യം ആധിപത്യം ഉറപ്പിച്ചതും അവരുടെ ധനമോഹം എല്ലാത്തിനെയും ചടങ്ങുകളും ആചാരങ്ങളുമാക്കി മാറ്റിയതും അധ്വാനിക്കുന്ന മനുഷ്യരെ     (ശൂദ്രരെയും പഞ്ചമരെയും) അക്ഷരവിദ്യയിൽ നിന്നും അറിവിൽ നിന്നും അകറ്റിയതും വിജ്ഞാനരംഗത്ത് വലിയ തകർച്ചയിലേക്കാണ് നയിച്ചത്. അറിവിന്റെ കുത്തക ഉണ്ടായിരുന്ന പുരോഹിതവിഭാഗത്തിന്റെ കയ്യിലാകട്ടെ എല്ലാ അറിവുകളും ശാസ്ത്രങ്ങളും പ്രയോഗത്തിൽ നിന്നകന്ന് കപടശാസ്ത്രങ്ങളായി മാറുകയും ചെയ്തു.

ബുദ്ധ – ജൈന കാലഘട്ടം

ശാസ്ത്രാന്വേഷണങ്ങൾ നിർജീവമാവുകയും ബ്രാഹ്‌മണ്യവും ചാതുർവർണ്യവും പിടിമുറുക്കുകയും ചെയ്ത കാലഘട്ടത്തിൽ വേദങ്ങളുടെ തന്നെ പ്രാമാണ്യത്തെ ചോദ്യം ചെയ്തുകൊണ്ടും മനുഷ്യതുല്യതയ്ക്കുവേണ്ടി വാദിച്ചുകൊണ്ടും രംഗത്തുവന്ന രണ്ടുപ്രസ്ഥാനങ്ങളാണ് ജൈനമതവും ബുദ്ധമതവും. ബി സി ആറ്, അഞ്ച് നൂറ്റാണ്ടുകളിൽ വർണ്ണവ്യവസ്ഥക്കെതിരെ ഒരു കൊടുങ്കാറ്റായി രണ്ടും മാറി. ശ്രാവസ്തി, ചമ്പ (ഇന്നത്തെ ഭഗൽപൂർ), രാജഗൃഹം (രാജ്ഗർ), സാകേതം, കാശി തുടങ്ങി 60 ഓളം നഗരങ്ങൾ അന്ന് ഗംഗ, യമുന തീരങ്ങളിലായി ഉണ്ടായിരുന്നു. അവിടങ്ങളിൽ വളർന്നുവന്ന പുതിയ വ്യാപാര സമൂഹവും കർഷകരും ഒരുപോലെ ബുദ്ധന്റെ പിന്നിൽ അണിനിരന്നു. കാരണം മഹാവീരൻ, അഹിംസയ്ക്ക് ഊന്നൽ നൽകിയപ്പോൾ ബുദ്ധൻ മൃഗബലിയെ ശക്തമായി എതിരിടുകയും ജാതി വ്യവസ്ഥയെ നിരാകരിക്കുകയും ചെയ്തു. മാംസവും മത്സ്യവും ഭക്ഷിക്കരുതെന്ന് ബുദ്ധൻ പറഞ്ഞില്ല.

ഇതൊക്കെയാണെങ്കിലും ബൗദ്ധർ ജ്യോതിശ്ശാസ്ത്രത്തോട് ഒട്ടും താൽപ്പര്യം കാട്ടിയില്ല. അതിനുകാരണം ശകുനം ഗണിക്കലും ഗ്രഹണപരിഹാര പൂജകളും താര – ഗ്രഹാരാധനയും ഒക്കെയായിരുന്നു അന്ന് ജ്യോതിഷികളുടെ മുഖ്യമായ തൊഴിൽ. ഒരു ഗ്രഹണമോ ധൂമകേതുവിന്റെ വരവോ ഉണ്ടായാൽ അവർ ജനങ്ങളെ ഭയപ്പെടുത്തി വലിയ വരുമാനമുണ്ടാക്കിയിരുന്നു. ബൗദ്ധർ തുടക്കത്തിൽ ജ്യോതിഷത്തെ വിമർശിച്ചുവെങ്കിലും പിൽക്കാലത്ത് അനേകം ബുദ്ധഭിക്ഷുക്കൾ ജ്യോതിശ്ശാസ്ത്രം പഠിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ഇന്ത്യൻ ജ്യോതിഷത്തെ ബുദ്ധമതത്തോടൊപ്പം ചൈനയിൽ എത്തിച്ചതിൽ അവർ മുഖ്യ പങ്കുവഹിച്ചു. ഇന്ത്യൻ നക്ഷത്ര വ്യവസ്ഥ ‘സ്യൂസ്’ എന്ന പേരിൽ ചൈനയിൽ പ്രചാരം നേടി. ചൂ – താൻസി-തീ എന്ന ഭിക്ഷു ഭാരതീയ കലണ്ടർ ‘ച്യു – ചി – ലി’ എന്ന പേരിൽ ചൈനീസ് ഭാഷയിലാക്കി. ഗൗതമൻ, കശ്യപകുമാരൻ തുടങ്ങിയവർ ചൈനയിൽ ജ്യോതിശ്ശാസ്ത്രം പഠിപ്പിച്ചിരുന്നു എന്നും ചൈനീസ് രേഖകൾ പറയുന്നു.

ജൈനർ ജ്യോതിശ്ശാസ്ത്രത്തിൽ സ്വന്തമായി ഒരു പാത വെട്ടിത്തുറക്കാനാണ് ശ്രമിച്ചത്. ശാന്തിചന്ദ്രഗണൻ എഴുതിയ ജംബുദ്വീപ പ്രജ്ഞപ്തിയുടെ ആമുഖത്തിൽ ജൈനപുരോഹിതർ ജ്യോതിഷം അറിഞ്ഞിരിക്കണമെന്നും മതകർമങ്ങളുടെ സ്ഥലവും കാലവും നിർണയിക്കാൻ അതുകൂടിയേ കഴിയൂ എന്നും പറയുന്നുണ്ട്. ജൈന ജ്യോതിശ്ശാസ്ത്രത്തിന്റെ സ്രോതഗ്രന്ഥം സൂര്യപ്രജ്ഞപ്തിയാണ്. സാധാരണ ജനങ്ങളുടെ സംസാരഭാഷയായ പ്രാകൃതത്തിലും പാലി ഭാഷയിലുമാണ് ജൈനരും ബൗദ്ധരും ഗ്രന്ഥരചന നടത്തിയത്. ജൈനരുടെ പ്രപഞ്ചചിത്രം വിചിത്രമാണ്. രണ്ടു സൂര്യന്മാരും രണ്ട് സെറ്റ് നക്ഷത്രങ്ങളും അവർക്ക് ഉണ്ട്. പ്രപഞ്ചം ഒന്നിനു പുറമേ ഒന്നായി കുറേ വലയങ്ങളാണ്. അവ കടലുകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രവൃത്തം ജംബുദ്വീപമാണ്. അതിന്റെ മധ്യത്തിൽ സുദർശനമേരു എന്ന പർവതമുണ്ട്. ജംബുദ്വീപത്തിനു ചുറ്റും ലവണസമുദ്രം. അതിനപ്പുറം ധാതുകീ ദ്വീപം അതിനു പുറത്ത് കാളോദധി എന്ന സമുദ്രം. പിന്നെ പുഷ്‌ക്കരദ്വീപം. അതിന്റെ വക്കത്ത് മാനുഷോത്തരം എന്ന വമ്പൻ പർവതനിരകൾ..

ജംബുദ്വീപത്തെ നാലു വൃത്തപാദങ്ങളായി തിരിച്ചിരിക്കുന്നു. സുദർശനമേരുവിന്റെ തെക്കുഭാഗത്ത് ഒന്നാംപാദം ഭാരതവർഷം. അവിടെ പകൽ ‘ഭാരത’മെന്ന സൂര്യൻ ഉണ്ടാകും. രണ്ടാംപാദത്തിലേക്ക് ‘ഭാരതം’ പോയാൽ ഒന്നാംപാദത്തിൽ രാത്രിയാകും. വടക്കുഭാഗത്ത് ‘ഐരാവതം’ എന്ന സൂര്യൻ മൂന്നും നാലും പാദങ്ങളിൽ ഇതേപോലെ. അടുത്ത ദിവസം ‘ഭാരത’വും ‘ഐരാവത’വും പരസ്പരം സ്ഥാനം മാറും. ഏറെ പരിഹാസത്തിനു പാത്രമായെങ്കിലും ജൈന ജ്യോതിശ്ശാസ്ത്രം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിൽ പ്രയോജനകരമായ പല പ്രവർത്തനങ്ങൾക്കും ഇടയാക്കുകയും ചെയ്തു. ജൈനർക്കുശേഷം സിദ്ധാന്ത കാലഘട്ടം വരെ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രത്തിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല.

വേദകാല ഗണിതം

വേദകാല ഗണിതത്തിന്റെ ഒരു സവിശേഷത വലിയ സംഖ്യകൾക്കു പേരു നൽകുന്നതിൽ കാണിച്ച ശ്രദ്ധയാണ്. ഗ്രീക്കുകാർക്ക് 10,000 വരെയുള്ള സംഖ്യകൾക്കേ പേരുണ്ടായിരുന്നുള്ളൂ. ബാബിലോണിയർക്കും ഈജിപ്തുകാർക്കും കോടികൾക്കുവരെ സംഖ്യാ സൂചകങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഭാരതീയർക്ക് ലക്ഷം കോടി (1012) വരെ, 10ന്റെ ഓരോ ഘാതത്തിനും പേരുണ്ടായിരുന്നു. അശ്വമേധത്തിലെ അന്നഹോമത്തിൽ ഉരുവിട്ട മന്ത്രങ്ങളിൽ ഇവ പ്രത്യക്ഷപ്പെടുന്നു. ശതം, സഹസ്രം, അയുതം (104), നിയുതം, പ്രയുതം, അർബുദം (107), ന്യാർബുദം, സമുദ്രം, മാധ്യം (1010), അന്തം, പരാർധം (1012) എന്നിങ്ങനെ. ഇതുപോലെ ഭിന്നങ്ങൾക്കും പേരുണ്ടായിരുന്നു. അർധം, പാദം (¼), ത്രിപാദം (¾) എന്നിങ്ങനെ ഋഗ്വേദത്തിലും സാഫ (⅛), കുസ്തം (1/12), കാലാ (1/16) എന്നിങ്ങനെ മൈത്രായനി സംഹിതയിലും കാണാം. ത്രിഭാഗ (⅓), പഞ്ചമഭാഗ (⅕), ദ്വിസപ്തമ (2/7), പഞ്ചദശഭാഗ (1/15) എന്നിങ്ങനെ പേരുനൽകുന്ന രീതിയും കാണാം.

ബി സി 700 – 400 കാലത്ത് രചിക്കപ്പെട്ട ശുൽബസൂത്രങ്ങൾ ആണ് വേദകാല ഗണിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതികൾ. ശുൽബ അഥവാ ശൂൽവ എന്ന വാക്കിനർഥം ചരട്, കയർ എന്നൊക്കെയാണ്. നീളം, വിസ്തീർണം എന്നിവയുടെ അളവുമായി ബന്ധപ്പെട്ടതാണ് ശൂൽബസൂത്രം. കർമാനുഷ്ഠാനങ്ങളുടെ സാഹിത്യമായ ശ്രൗതസൂത്രത്തോടനുബന്ധിച്ചാണ് ശൂൽബസൂത്രങ്ങളുള്ളത്. കൃഷ്ണയജുർവേദികളായ ബൗധായനൻ, ആപസ്തംബൻ, വാഡുലൻ, ഹിരണ്യകേശിൻ, ശുക്ലയജുർവേദിയായ കാത്യായനൻ ഇവരുടെ ശൂൽബസൂത്രങ്ങളാണ് ഏറെ പ്രശസ്തം. ബൗധായനന്റേതാണ് ഏറ്റവും പ്രാചീനം (ബി സി 600 – 500). യാഗവേദികളുടെ സ്ഥാനനിർണയം, നിർമാണം, വിവിധതരം അഗ്നിവേദികളുടെ നിർമിതി, സൂര്യഘടികാര നിർമിതി, ശരിയായി ദിശ നിർണയിക്കാനുള്ള തന്ത്രം എന്നിവയെല്ലാം ശൂൽബസൂത്രങ്ങളിൽ വർണിച്ചിട്ടുണ്ട്. ഒരേ വിസ്തൃതിയുള്ള ബലിപീഠങ്ങൾ പല രൂപത്തിൽ നിർമിക്കുക, ഒരേ രൂപമുള്ളവ തന്നെ പല വലുപ്പത്തിൽ നിർമിക്കുക, ചതുരരൂപത്തെ വൃത്തമാക്കുക, വൃത്തത്തെ തത്തുല്യമായ ചതുരമാക്കുക തുടങ്ങിയ പരിശ്രമങ്ങൾക്കിടയിൽ ആചാര്യന്മാർ ഗണിതത്തിലെ അനേകം സവിശേഷബന്ധങ്ങൾ കണ്ടെത്തി. പൈതഗോറസ് സിദ്ധാന്തം എന്ന് ഇന്നു നാം വിളിക്കുന്ന തത്വം പൈതഗോറസിനും മുമ്പ് ഇവിടെ ഉപയോഗിച്ചിരുന്നു. ”ഒരു ദീർഘ ചതുരത്തിന്റെ അക്ഷയരജ്ജു (diagonal rope/hypotenuse) ഉണ്ടാക്കുന്ന സമചതുരം) പാർശ്വമനി, തിര്യങ്മനി രജ്ജുക്കൾ ഉണ്ടാക്കുന്നതിന്റെ തുകയ്ക്ക് തുല്യമായിരിക്കും” എന്നതാണ് സൂത്രം. (3, 4, 5), (12, 5, 13), (8, 15, 17), (12, 35, 37) തുടങ്ങിയ പിത്തഗോറിയൻ ത്രികങ്ങൾ സൂൽബസൂത്രങ്ങളിൽ കാണാം. എന്നാൽ ബാബിലോണിയർക്ക് ബി സി 1850ൽത്തന്നെ ഇത്തരം 15 ത്രികങ്ങൾ (13500, 12709, 1854 വരെ) അറിയാമായിരുന്നു എന്ന് ‘പ്ലിംപ്ടൺ 322” പട്ടിക (ലണ്ടൻ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി) വെളിവാക്കുന്നു. ചൈനക്കാർ സിദ്ധാന്തത്തിന് തെളിവ് അവതരിപ്പിച്ചിരുന്നു എന്നും കാണുന്നു. എന്തായാലും ഭാരതീയർ ഗണിതത്തിൽ ഒട്ടും പിന്നിലായിരുന്നില്ല എന്നുവ്യക്തം. വൃത്തത്തെ ചതുരമാക്കാനുള്ള ശ്രമത്തിൽ ബൗധായനൻ പൈ (π) യുടെ മൂല്യം 3.088 വരെ കൃത്യതയോടെ നിർണയിച്ചിരുന്നു എന്നും കാണാം. മാനവശൂൽബസൂത്രത്തിൽ ഇത് കുറേക്കൂടി കൃത്യമായി 3.16049 എന്നും കണക്കാക്കിയിരിക്കുന്നു. ജ്യാമിതിയുടെ കാര്യത്തിൽ ഇന്ത്യയും ഈജിപ്തും ഏതാണ്ട് സമാനമായരീതിയിലാണ് മുന്നേറിയത്. വിസ്തീർണവും വ്യാപ്തവും കണക്കാക്കുക രണ്ടു കൂട്ടർക്കും അത്യാവശ്യമായിരുന്നു. ഇന്ത്യയിൽ യാഗശാലയുടെയും ചിതയുടെയും നിർമിതിക്കുവേണ്ടി ആയിരുന്നെങ്കിൽ ഈജിപ്തിൽ നൈൽനദീതടത്തിലെ ഭൂമി കൃഷിക്കാർക്ക് അളന്നു നൽകുന്നതിനും പിരമിഡുകളുടെയും മറ്റും വ്യാപ്തം അളക്കുന്നതിനും വേണ്ടിയായിരുന്നു. പിൽക്കാലത്ത് ഗ്രീസിൽ ഉണ്ടായതുപോലെ ഗണിതയുക്തിയിൽ അടിയുറച്ച ഒരു ഗണിതശാഖയായി ജ്യാമിതിയെ വളർത്തുന്നതിൽ രണ്ടുകൂട്ടരും ശ്രദ്ധിച്ചതായി കാണുന്നില്ല.

ലോകത്ത് ബീജഗണിതം (algebra) ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലാണെന്ന് പലരും കരുതുന്നു. ഇവിടെയും യജ്ഞവേദികളുടെ നിർമാണം തന്നെ ആയിരുന്നു പ്രശ്‌നം. ഒരു മാതൃകാമഹാവേദിക്ക് ഒരു സമഭുജ ട്രപീസിയത്തിന്റെ രൂപമുണ്ട്. രൂപത്തിൽ മാറ്റമില്ലാതെ നിശ്ചിത മടങ്ങ് വിസ്തൃതിയുള്ള മറ്റൊരു മഹാവേദിയുണ്ടാക്കാനുള്ള ബീജഗണിത സൂത്രങ്ങൾ എല്ലാ ശൂൽബസൂത്രങ്ങളിലും ഉണ്ട്. അൽക്വാരിസ്മി 8-ാം നൂറ്റാണ്ടിൽ ആൾജിബ്ര ലോകത്തിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ അതിന്റെ ഉറവിടം ഇന്ത്യയാണെന്നു സൂചിപ്പിക്കാൻ മടിച്ചില്ല എന്നോർക്കണം.√2,√3, √4 പോലുള്ള രാശികൾക്ക് ശൂൽബങ്ങൾ ഉപയോഗിക്കുന്ന പദങ്ങൾ ദ്വികരണി, ത്രികരണി, ചതുഷ്‌കരണി എന്നിങ്ങനെയാണ്. √⅓ ,√⅐ മുതലായവയ്ക്ക് തൃതീയ കരണി, സപ്തമകരണി എന്നിങ്ങനെയും. , ഇവ അപരിമേയമാണെന്നറിയാമായിരുന്നു. ശൂൽബസൂത്രങ്ങൾ അനുസരിച്ച് അവയുടെ ഏകദേശമൂല്യം ഇപ്രകാരമാണ്. എന്നാൽ ഇതെങ്ങനെ കിട്ടി എന്നുപറയുന്നില്ല.

 

വിവിധതരം ശ്രേണികൾ, അവയുടെ തുക കാണുന്ന രീതികൾ ഇവയും വേദകാലത്തു തന്നെ അറിയാമായിരുന്നു. തൈത്തിരീയസംഹിതയിൽ, 1, 3, 5,… 99 (അയുഗ്മശ്രേണി) 2, 4, 6… (യുഗ്മശ്രേണി) തുടങ്ങിയവ കാണാം. പൂജാബലികൾക്ക് പുരോഹിതർക്ക് നൽകേണ്ട ദക്ഷിണ അവയുടെ സ്വഭാവവും സമയദൈർഘ്യവും അനുസരിച്ച് 12, 24, 48, 96… 196608… സ്വർണനാണയങ്ങൾ വീതം ഗുണോത്തര ശ്രേണിയിൽ വേണമെന്ന് പഞ്ചവിംശബ്രാഹ്‌മണം പറയുന്നു.

ശൂന്യം (പൂജ്യം), അനന്തം, എന്നീ ആശയങ്ങൾ ആദ്യം തത്വചിന്തയുടെ ഭാഗമായും പിന്നീട് ഗണിതത്തിന്റെ ഭാഗമായും വേദകാലത്തു തന്നെ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടതായി കാണാം. എന്നാൽ പൂജ്യത്തിനെ ഒരു സംഖ്യയായി പരിഗണിക്കുകയും സംഖ്യകളുടെ സ്ഥാനവിലയിൽ അതിന് ഇടം നൽകുകയും ചെയ്തത് എന്നുമുതലാണെന്നതിനോ, നമ്മൾ തന്നെയാണ് അത് ആദ്യം ചെയ്തത് എന്നതിനോ തെളിവൊന്നും ലഭ്യമല്ല. ഉദാഹരണം ആയിരത്തി എണ്ണൂറ്റി അഞ്ച് എന്നതിന് 1805 എന്ന് അക്കത്തിലെഴുതുമ്പോൾ 10 ന്റെ സ്ഥാനത്താണല്ലോ പൂജ്യം (ബക്ഷാലി സ്‌ക്രിപ്റ്റിൽ ‘0’ എന്നതിനുപകരം ഒരു ബിന്ദുവാണ് ഉപയോഗിച്ചു കാണുന്നത്). ബാബിലോണിയർക്കും ചീനർക്കും സ്ഥാനവിലയെക്കുറിച്ച് ധാരണ ഉണ്ടായിരുന്നെങ്കിലും അവർ പൂജ്യം വരേണ്ടിടത്ത് സ്ഥാനം ഒഴിച്ചിടുകയാണത്രേ ചെയ്തിരുന്നത്. ഇത് പലപ്പോഴും അവ്യക്തതയ്ക്ക് ഇടവരുത്തിയിരുന്നു.

ജൈനമതം ഗണിതപഠനത്തിന് പ്രാധാന്യം നൽകിയത് ആ ശാസ്ത്രത്തെ പുരോഹിത വിഭാഗത്തിന്റെ കൈപ്പിടിയിൽ നിന്നും മുക്തമാക്കി സാധാരണക്കാരിലെത്തിക്കാൻ സഹായിച്ചു. സാധാരണക്കാരുടെ സംസാരഭാഷയായ പാലിയിലാണവർ കൃതികൾ രചിച്ചത്. അവരുടെ ഗണിതകൃതികളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ബി സി ഒന്നാംശതകത്തിൽ രചിക്കപ്പെട്ട മതഗ്രന്ഥമായ സ്ഥാനാംഗസൂത്രത്തിൽ അക്കാലത്ത് അവർ അഭ്യസിച്ചിരുന്ന ഗണിതഭാഗങ്ങളെപ്പറ്റി പറയുന്നുണ്ട്. സംഖ്യായനം (സംഖ്യാശാസ്ത്രം), പരികർമം (അടിസ്ഥാന ക്രിയകൾ), വ്യവഹാര രജ്ജു (ജ്യാമിതി), രാശി (വ്യാപ്തഗണനം), കലാശവർണം (ഭിന്നിതങ്ങൾ), യാവത് – താവത് (ബീജീയ സമീകരണങ്ങൾ), വർഗം, ഘനം, വർഗവർഗം (നാലാംഘാതം), വികർപ്പം (പെർമ്യൂട്ടേഷൻ – കോംബിനേഷൻ) എന്നിവയെല്ലാം അതിൽപ്പെടും. സംഖ്യകളെ എണ്ണാവുന്നവ (സംഖ്യേയം), എണ്ണാൻ കഴിയാത്തവ     (അസംഖ്യേയം), അനന്തം എന്നിങ്ങനെയും അവയെ വീണ്ടും മൂന്നു വീതമായും വിഭജിച്ചതായി കാണാം. ഉദാ. അനന്തം തന്നെ ‘ഏതാണ്ട് അനന്തം’, ‘ശരിക്കും അനന്തം’, ‘അനന്തമായും അനന്തം’ എന്നിങ്ങനെ. (ഇവിടെ ഗണിതവും തത്വചിന്തയും കൂടിക്കുഴയുന്നു.) ഘാതാങ്കനിയമങ്ങൾ (am x an= am+n, (am)n= amn തുടങ്ങിയവ) അവർക്കറിയാമായിരുന്നു.

ഇന്ത്യൻ ഗണിതശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു കണ്ടെത്തലായിരുന്നു 1881ൽ പാകിസ്ഥാനിലെ പെഷവാറിനടുത്ത് ബക്ഷാലി ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയ, ബിർച്ച് മരത്തൊലിയിൽ എഴുതിയ 70 പേജു വരുന്ന ‘ബക്ഷാലി മാനുസ്‌ക്രിപ്റ്റ്. ശാരദലിപിയിലാണ് എഴുത്ത്. പല പേജുകളുടെയും കഷണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാണിവ എഴുതപ്പെട്ടത് എന്നറിയില്ലെങ്കിലും ക്രിസ്ത്വബ്ദാരംഭത്തിന് തൊട്ടുമുമ്പോ പിമ്പോ ആണെന്നാണ് സൂചന. ഇന്ത്യയിൽ രചിക്കപ്പെട്ട മറ്റു ഗണിതരചനകളിൽ നിന്നു വ്യത്യസ്തമായി ഇതിൽ അങ്കഗണിതത്തിന്റെയും ബീജഗണിതത്തിന്റെയും ജ്യാമിതിയുടെയും നിയമങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല അനുയോജ്യമായ ഉദാഹരണങ്ങളോടെ വ്യക്തമാക്കുകയും അവ നിർധരിച്ചു കാണിക്കുകയും ചെയ്യുന്നു എന്ന സവിശേഷതയുണ്ട്. എങ്കിലും അതുവരെ അറിയപ്പെടാത്ത പുതിയ കാര്യങ്ങളൊന്നും ബക്ഷാലി സ്‌ക്രിപ്റ്റിൽ ചർച്ചചെയ്യുന്നില്ല.

സിദ്ധാന്തകാലഘട്ടം

ബുദ്ധ – ജൈന കാലഘട്ടത്തിനുശേഷം ഇന്ത്യയിൽ പതുക്കെയെങ്കിലും ബ്രാഹ്‌മണ്യം പിടിമുറുക്കി. എല്ലാ പുതുചിന്തകളോടുമൊപ്പം ശാസ്ത്രവും മൃതപ്രായമായി. ഈ കാലഘട്ടത്തിലാണ് ഗ്രീസിൽ നിന്ന് നമുക്ക് അതുവരെ പരിചയമില്ലാതിരുന്ന ജ്യോതിശ്ശാസ്ത്രത്തിന്റെ പുത്തൻ രീതികളും, ഒപ്പം പ്രവചന ജ്യോതിശ്ശാസ്ത്രവും ഇങ്ങോട്ട് പ്രവേശനം നടത്തിയത്. ഗ്രീക്ക് – ബാബിലോണിയൻ സംസ്‌കാരങ്ങളുമായി നമുക്കുമുമ്പേ വാണിജ്യ – സാംസ്‌കാരിക ബന്ധങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അലക്‌സാണ്ടർ ചക്രവർത്തിയുടെ വരവോടെയാണ് അത് ഒരു വലിയ പ്രവാഹമായി മാറിയത്.

ബി സി 326ൽ ആണ്, അതുവരെ നടത്തിയ എല്ലാ യുദ്ധങ്ങളും വിജയിച്ച്, അലക്‌സാണ്ടർ പഞ്ചാബ് അതിർത്തിയിൽ എത്തുന്നത്. അവിടെ പൗരവരാജാവായ പോറസിന്റെ (പുരൂരവസ് ) പ്രതിരോധത്തെ മറികടക്കാനാകാത്തതുകൊണ്ടോ, വലിയ വ്യാപാര സാധ്യതയുള്ള ഇന്ത്യയിൽ ശത്രുക്കളെ സൃഷ്ടിക്കുന്നതിലും നല്ലത് മിത്രങ്ങളെ സൃഷ്ടിക്കുന്നതാവും എന്നു കരുതിയിട്ടോ എന്തോ, അലക്‌സാണ്ടർ പോറസ്സുമായി സൗഹൃദം സ്ഥാപിച്ചു മടങ്ങി. തുടർന്നുള്ള ഏതാനും നൂറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ വിപുലമായ ഒരു ഗ്രീക്കുസമൂഹം സ്ഥാനമുറപ്പിച്ചു. അതിൽ വ്യാപാരികളും പണ്ഡിതരുമുണ്ടായിരുന്നു. ഇന്ത്യയിലെ ജ്യോതിശ്ശാസ്ത്ര തൽപരർ ഗ്രീക്ക് ജ്യോതിശ്ശാസ്ത്രവും ഗണിതവുമായി പരിചയപ്പെട്ടു. അതിന്റെ ഫലമായി വികസിച്ചുവന്നതാണ് സിദ്ധാന്തകാല ജ്യോതിശ്ശാസ്ത്രം. പിന്നീട് ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്രവും ഗണിതവും വേർപെടുത്താനാവാത്തവിധം ഒന്നിച്ചാണ് വളർന്നത്. എല്ലാ വലിയ ജ്യോതിശ്ശാസ്ത്രജ്ഞരും – ആര്യഭടനും ബ്രഹ്‌മഗുപ്തനും ഭാസ്‌കരൻ I ഉം II ഉം എല്ലാം – മികച്ച ഗണിതജ്ഞർ കൂടി ആയിരുന്നു.

സിദ്ധാന്തകാല ജ്യോതിശ്ശാസ്ത്രത്തിന്, അതിനു പ്രചോദനമായ ഗ്രീക്ക് ജ്യോതിശ്ശാസ്ത്രത്തിൽനിന്ന് ഒരു വ്യത്യാസമുണ്ടായിരുന്നു. ഗ്രീക്കുകാർ ഗണിത നിർധാരണത്തിലൂടെയോ നിരീക്ഷണങ്ങളിലൂടെയോ ഒരു അന്തിമ നിഗമനത്തിലെത്തിയാൽ, നിഗമനത്തോടൊപ്പം അതിലേക്കെത്തിയ വഴികളും പറയും. എന്നാൽ ഇന്ത്യൻ ജ്യോതിഷികൾ അന്തിമ നിഗമനം – സിദ്ധാന്തം – മാത്രമേ പറയൂ. എത്തിയ വഴി ശിഷ്യന്മാർക്കേ നൽകൂ. അതല്ലെങ്കിൽ വ്യാഖ്യാതാക്കൾ എഴുതണം.

ഗ്രീക്കു ജ്യോതിശ്ശാസ്ത്രവുമായുള്ള മറ്റൊരു വ്യത്യാസം ഇതാണ്. ഗ്രീക്കുകാർ ആകാശം മുഴുവനും ഉള്ള നക്ഷത്രങ്ങളെ ശോഭയുടെ (കാന്തിമാനത്തിന്റെ) അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയും രാശികളായി തിരിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ ജ്യോതിഷികൾ ചന്ദ്രന്റെയും സൂര്യന്റെയും പഥങ്ങളിലുള്ള നക്ഷത്രങ്ങൾക്കു മാത്രം പ്രാധാന്യം നൽകുകയും നക്ഷത്രങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ഗ്രഹങ്ങൾക്ക് (സൂര്യനും ചന്ദ്രനും ഉൾപ്പെടെ) നൽകുകയും ചെയ്തു. എന്നാൽ ഇവയെ നിരീക്ഷിക്കുന്നതിലും സ്ഥാനം പ്രവചിക്കുന്നതിലും ഗണിക്കുന്നതിലും എല്ലാം അവർ ഗ്രീക്കുകാരെ കവച്ചുവച്ചു. ഇന്ത്യയിൽ ജ്യോത്സ്യം നേടിയ പ്രാമാണ്യമാകാം ഇതിനുകാരണം.

ജ്യോത്സ്യവും ജ്യോതിശ്ശാസ്ത്രവും ഗ്രീസിൽ ഒരുപോലെ വികാസം പ്രാപിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ജ്യോതിഷികൾ രണ്ടുകയ്യും നീട്ടി ആദ്യം സ്വീകരിച്ചത് ജ്യോത്സ്യത്തെയാണ്. ജ്യോതിശ്ശാസ്ത്രം പ്രാധാന്യം നേടാൻ നൂറ്റാണ്ടുകളെടുത്തു. ഗ്രീക്കു ജ്യോതിഷത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ ആദ്യമായി വിശദമായ ഒരു ജ്യോത്സ്യഗ്രന്ഥം രചിച്ചത് വൃദ്ധഗർഗൻ എന്നറിയപ്പെടുന്ന ഗർഗമുനി ആണെന്നു കരുതപ്പെടുന്നു. ഗർഗസംഹിത എന്നറിയപ്പെടുന്ന ആ കൃതിയിൽ ഉപയോഗിച്ച സാങ്കേതികപദങ്ങൾ (രാശിനാമങ്ങളും ഗ്രഹനാമങ്ങളും മറ്റും) ഗ്രീക്ക് പദങ്ങൾ തന്നെയായിരുന്നു, അല്പം ചില മാറ്റങ്ങളോടെ. പിന്നീട് പരാശരന്റെ പരാശരഹോര എന്ന കൃതി വന്നു. (എ ഡി ഏഴാം നൂറ്റാണ്ടിൽ മറ്റൊരു പരാശരൻ രചിച്ച ബൃഹദ് പരാശര സംഹിതയല്ല ഇത്). ഹോര എന്ന പദം തന്നെ മണിക്കൂർ എന്നർഥമുള്ള ഗ്രീക്കുപദമാണ്. (അഹോരാത്രം എന്ന പദത്തിന്റെ മധ്യാക്ഷരങ്ങൾ ആണ് തങ്ങളുടെ ഹോര എന്നാണ് ഇന്ത്യയിൽ ജ്യോത്സ്യന്മാർ ഇപ്പോൾ അവകാശപ്പെടുന്നത്). പഞ്ചസിദ്ധാന്തികയിൽ വരാഹമിഹിരൻ എടുത്തുപറയുന്ന പൗലീശൻ, രോമകൻ എന്നിവരുടെ കൃതികളും ഇന്ത്യൻ ജ്യോത്സ്യന്മാർക്ക് അന്ന് പരിചിതമായിരുന്നിരിക്കണം. പൗലീശൻ ‘പൗലസ് അലക്‌സാൻഡ്രി നസ്’ എന്ന പ്രശസ്ത ഗ്രീക്കു ജ്യോതിഷി ആണെന്നും രോമകൻ റോമൻ ജ്യോതിഷത്തിന്റെ പ്രതിനിധിയാണെന്നും കരുതപ്പെടുന്നു.

എ.ഡി. 150ൽ ഉജ്ജയ്‌നിയിൽ രുദ്രദാമൻ എന്ന ചക്രവർത്തിയുടെ സദസ്സിൽ അവിടുത്തെ ഗ്രീക്കു സമൂഹത്തിന്റെ തലവനായിരുന്ന യവനേശ്വരൻ ഒരു ഗ്രീക്ക് ജ്യോതിഷഗ്രന്ഥത്തിന്റെ ഗദ്യപരിഭാഷ അവതരിപ്പിച്ചു. അത് ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും സ്ഫുജിദ്വജൻ എന്നൊരാൾ അത് യവനജാതകം എന്ന പേരിൽ പദ്യത്തിലാക്കിയത് കിട്ടിയിട്ടുണ്ട്. (എ ഡി 270). 79 അധ്യായങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥമാണത്. ജാതകം, പ്രശ്‌നം, യാത്ര (യുദ്ധത്തിനുള്ള പുറപ്പാട്), മുഹൂർത്തം, ഗണിതജ്യോതിശ്ശാസ്ത്രം എന്നീ വിഷയങ്ങൾ അതിൽ ചർച്ച ചെയ്യുന്നു. പിൽക്കാലത്ത് ഇന്ത്യയിൽ രചിക്കപ്പെട്ട മിക്ക ജ്യോതിഷഗ്രന്ഥങ്ങളും അതിന്റെ ചുവടുപിടിച്ചുള്ളവയാണ്. ഉജ്ജയിനിയിൽ തന്നെ രുദ്രസിംഹൻ രണ്ടാമന്റെ കാലത്ത് (എ ഡി 300 – 325) രചിക്കപ്പെട്ട മീനരാജയുടെ ‘വൃദ്ധയവനജാതക’വും ഒരു ഗ്രീക്കുഗ്രന്ഥത്തിന്റെ സംസ്‌കൃത പരിഭാഷയാണ്.

അക്കാലത്തെ ഇന്ത്യൻ ജ്യോതിഷത്തിൽ രണ്ടു സരണികൾ കാണാം. ഒന്ന്, പിതാമഹ, വസിഷ്ഠ, കാശ്യപകുലങ്ങളും വിഷ്ണുഗുപ്തൻ, അസിതദേവാളൻ, ബാദരായണൻ തുടങ്ങിവരും പിന്തുടർന്ന പ്രാചീന ഇന്ത്യൻ രീതിയും സിദ്ധാന്ത ജ്യോതിഷം എന്നറിയപ്പെടുന്ന പുത്തൻ രീതിയും. ഇതിൽ ആദ്യ വിഭാഗത്തിൽപ്പെട്ട കൃതികളൊന്നും ഇന്നു കിട്ടാനില്ല. വരാഹമിഹിരശിഷ്യനായ ഉൽപാദൻ ഉദ്ധരിക്കുന്ന കാര്യങ്ങളേ നമുക്കറിയൂ. എന്തായാലും ഫലഭാഗം ഇന്ത്യയിൽ അതിവേഗം വേരുപിടിച്ചു. വരാഹമിഹിരന്റെ ‘വരാഹഹോര’ എന്നറിയപ്പെടുന്ന ബൃഹജ്ജാതകം ആണ് ആ രംഗത്തെ ആധികാരിക ഗ്രന്ഥം. വരാഹൻ സൂര്യപുത്രനായാണ് ചിത്രീകരിക്കപ്പെട്ടത്. ചോദ്യംചെയ്യപ്പെടാതെ കപടശാസ്ത്രങ്ങൾ സ്വീകരിക്കപ്പെടാൻ അവയുടെ ഉപജ്ഞാതാക്കൾ ദിവ്യജന്മങ്ങളാണെന്ന കഥ പ്രചരിപ്പിക്കുന്നരീതി ഇന്ത്യയിൽ അന്നും ഇന്നും വ്യാപകമാണല്ലോ. വേദങ്ങൾ ബ്രഹ്‌മാവിന്റെ ദാനവും, ജ്യോതിഷം സുബ്രഹ്‌മണ്യന്റെ കണ്ടുപിടുത്തവും ഒക്കെയായി ചിത്രീകരിക്കപ്പെട്ടത് അതിനാണ്.

ഗ്രീക്ക് ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിതഭാഗം മാത്രം സ്വീകരിച്ച ഏക ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്യഭടൻ ആണെന്നുതോന്നുന്നു. അതിനുശേഷംവന്ന വരാഹനും ബ്രഹ്‌മഗുപ്തനുമെല്ലാം മികച്ച ജ്യോതിശ്ശാസ്ത്രജ്ഞരായിരുന്നിട്ടും ജ്യോത്സ്യത്തിനും ഒപ്പം പ്രാധാന്യം നൽകിയത് ഒരുപക്ഷേ ശുദ്ധ ജ്യോതിശ്ശാസ്ത്രം ഒരു വരുമാനവും നൽകാതിരിക്കുകയും ജ്യോത്സ്യം അതു വേണ്ടത്ര നൽകുകയും ചെയ്തതുകൊണ്ടാകാം. അവർക്കുമേൽ പൗരോഹിത്യത്തിന്റെ സമ്മർദവും ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. ഉദാഹരണം സൂര്യഗ്രഹണകാരണം ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതാണെന്നും ചന്ദ്രഗ്രഹണ കാരണം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണെന്നും ആര്യഭടൻ സ്ഥാപിക്കുകയും അതുപയോഗിച്ച് ഗ്രഹണം എങ്ങനെ പ്രവചിക്കാം എന്നു ഗണിതരൂപേണ കാണിച്ചുതരികയും ചെയ്തു. വരാഹനും ബ്രഹ്‌മഗുപ്തനും ഗ്രഹണം ചർച്ചചെയ്യുമ്പോൾ തുടക്കത്തിൽ ആര്യഭടനെ പരിഹസിക്കുകയും രാഹു-കേതുക്കൾ വിഴുങ്ങുന്നതല്ലെങ്കിൽ ഗ്രഹണ സമയത്ത് പുരോഹിതർ നടത്തുന്ന മന്ത്രോച്ചാരണവും മറ്റു കർമങ്ങളും നിരർഥകമാകില്ലേ, അതുകൊണ്ട് രാഹു – കേതുകഥ സത്യമാകാതെ പറ്റില്ല എന്നു വാദിക്കുകയും ചെയ്യുന്നു. എന്നാൽ അവർതന്നെ പിന്നീട് ഗ്രഹണം പ്രവചിക്കുന്ന ഗണിതഭാഗം ചർച്ച ചെയ്യുമ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും കോണീയ വലുപ്പവും തിഥി അകലവും മറ്റും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതുകാണാം. പുരോഹിതപ്രീതി നിലനിർത്താനുള്ള ഈ കപടനാട്യത്തെ പ്രശസ്ത അറബ് പണ്ഡിതൻ അൽബിറൂണി കഠിനമായി വിമർശിക്കുന്നുണ്ട്.

എന്തുകൊണ്ടാവാം ഇന്ത്യയിൽ ഗ്രീക്കുജ്യോതിശ്ശാസ്ത്രത്തിനു മുമ്പേ ഗ്രീക്കു ജ്യോത്സ്യം സ്വീകാര്യമായത്? പ്രവചന ജ്യോതിഷം ജനിച്ചു വികാസം പ്രാപിച്ച ബാബിലോണിയയിലും ഗ്രീസിലും റോമിലുമെല്ലാം അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ട ഇക്കാലത്തുപോലും ഇന്ത്യയിൽ അതിത്ര ശക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാവാം. നമ്മുടെ ജനതയിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള പുനർജന്മ വിശ്വാസവും ജാതിവ്യവസ്ഥയുമാണ് അതിന് കാരണമെന്ന് തോന്നുന്നു. നിങ്ങൾ ഈ ജീവിതത്തിൽ സുഖം അനുഭവിക്കുമോ അതോ ദുരിതം അനുഭവിക്കുമോ എന്നതിന്റെ സൂചന നിങ്ങളുടെ ഗ്രഹനില പറഞ്ഞുതരും. പക്ഷേ ദുരിതങ്ങൾ ഏറെയും അനുഭവിക്കേണ്ടിവരുന്നത് താഴ്ന്നജാതിയിൽ – ശൂദ്രനായും പഞ്ചമരായും – പിറക്കുന്നവരാണ്. അവർ ഉയർന്ന ജാതികൾക്ക് സേവനം ചെയ്ത് അടിമജീവിതം നയിക്കേണ്ടവരാണ്. അതിനുകാരണമോ, അവരുടെ മുജ്ജന്മ കർമഫലങ്ങളും. കഴിഞ്ഞ ജന്മത്തിൽ പാപം ചെയ്തവർക്ക് ദുരിതം അനുഭവിച്ച് മുക്തിനേടാനുള്ള അവസരമാണ് ലഭിക്കുന്നത്. അങ്ങനെ ജാതിയും ജാതകവുമെല്ലാം കർമഫലങ്ങളായി മാറുകയും സംസ്‌കൃതജ്ഞാനമുള്ള ജ്യോതിഷപണ്ഡിതർ അത് ഗ്രഹനിലവച്ച് നിങ്ങൾക്ക് പറഞ്ഞുതരികയും ചെയ്യുന്നു. ദാരിദ്ര്യവും വിവേചനവും പീഡനങ്ങളും ഒന്നും ചൂഷണഫലമല്ല, ജനനസമയത്തുതന്നെ നിശ്ചയിക്കപ്പെടുന്നതാണ് എന്നാണ് ഫലഭാഗജ്യോതിഷം പറയുന്നത്.

സിദ്ധാന്തകാല ജ്യോതിശ്ശാസ്ത്രം ചെയ്തത് ഇതാണ് : അത് ഗ്രഹസ്ഥാനനിർണയം, ഗ്രഹണസമയനിർണയം, വക്രഗതിഗണനം ഇവ സുഗമമാക്കി. ഗ്രീക്ക് ജ്യോതിർഗണിതത്തിലെ അധിചക്രം, ഉൽകേന്ദ്രപഥം തുടങ്ങിയ അഭ്യാസങ്ങളെല്ലാം നമ്മുടെ ജ്യോതിഷികളും വശമാക്കി. പക്ഷേ അതിന്റെയെല്ലാം അന്തിമലക്ഷ്യം കൃത്യതയുള്ള ജാതകഗണനയും ഗ്രഹണം പ്രവചിച്ച് കർമങ്ങൾക്കുള്ള സമയം നിശ്ചയിക്കലും മറ്റുമായിരുന്നു. പ്രപഞ്ചത്തെ മനസ്സിലാക്കാനോ നക്ഷത്രജ്യോതി കണക്കാക്കാനോ ഉള്ള ഒരു ശ്രമവും ഇവിടെ ഉണ്ടായില്ല. ഇതിൽനിന്ന് വ്യത്യസ്തരായി രണ്ടുപേരുണ്ടായിരുന്നു. ഒന്ന് ആര്യഭടനാണ്. അദ്ദേഹം ജ്യോത്സ്യത്തിന് കീഴടങ്ങിയില്ല. വാനവസ്തുക്കൾ ഭൂമിയെ ചുറ്റുകയല്ല, ഭൂമി സ്വയം ഒരക്ഷത്തിൽ കറങ്ങുമ്പോൾ നമുക്കങ്ങനെ തോന്നുന്നതാണ് എന്നദ്ദേഹം പറഞ്ഞു. (പലരും ധരിക്കും പോലെ ഭൂമി സൂര്യനെ ചുറ്റുന്നു എന്നദ്ദേഹം പറഞ്ഞിട്ടില്ല). ദിവസം കണക്കാക്കുന്നത് അർധരാത്രി മുതലാകുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടുകാര്യങ്ങളും പക്ഷേ അന്നത്തെ ജ്യോതിഷികൾക്ക് സ്വീകാര്യമായില്ല.

രണ്ടാമത്തെയാൾ ഏതാണ്ട് ഒരു സഹസ്രാബ്ദത്തിനുശേഷം ജീവിച്ച നീലകണ്ഠസോമയാജി (1444 – 1545) എന്ന കേരളീയ ജ്യോതിഷിയാണ്. കോപ്പർനിക്കസിനും ഒരു നൂറ്റാണ്ടുമുമ്പ് അദ്ദേഹം ഒരു സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. എല്ലാ ഗ്രഹങ്ങളും (ചന്ദ്രൻ ഒഴികെ) സൂര്യനെയാണ് ചുറ്റുന്നതെന്നും എന്നാൽ സൂര്യൻ (അവയോടൊപ്പം) ഭൂമിയെ ചുറ്റുന്നു എന്നുമായിരുന്നു സോമയാജി പറഞ്ഞത്. ഇതിൽ ഒടുവിൽ പറഞ്ഞ അബദ്ധം ഇല്ലായിരുന്നെങ്കിൽ ആദ്യത്തെ സൗരകേന്ദ്രസിദ്ധാന്തം കേരളീയന്റേതാകുമായിരുന്നു. ഗ്രീക്കുകാർ തുടങ്ങിവച്ച മറ്റൊരു പണി, നക്ഷത്രങ്ങളെ കാന്തിമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുക എന്നത്, ഇന്ത്യൻ ജ്യോതിഷികൾ അവഗണിച്ചു. അതിന് ഫലഭാഗത്തിൽ പ്രസക്തിയില്ലാത്തതുകൊണ്ടാകാം.

സിദ്ധാന്തകാല ജ്യോതിശ്ശാസ്ത്രം യഥാർഥത്തിൽ വിപ്ലവം സൃഷ്ടിച്ചത് ഗണിതശാസ്ത്രത്തിലാണ്. ഗ്രഹസ്ഥാന നിർണയത്തിനുവേണ്ട ത്രികോണമിതിയുടെയും ഗോളീയജ്യാമിതിയുടെയും വളർച്ച, ഏകഘാത, ബഹുഘാത സമവാക്യങ്ങളുടെ നിർധാരണം, അനിർധാര്യ സമവാക്യങ്ങളുടെ ഏകദേശ നിർധാരണത്തിനുവേണ്ട കുട്ടക രീതി, πയുടെ മൂല്യം നാലിലധികം ദശാംശസ്ഥാനങ്ങൾക്ക് കൃത്യമാക്കൽ, അജ്ഞാതരാശികളെ അക്ഷരംകൊണ്ട് പ്രതിനിധീകരിക്കുന്ന രീതിയുടെ വികാസം, അന്തർ – ബഹിർവേശനങ്ങൾ, വർധമാനശ്രേണികൾ തുടങ്ങിയ അനേകം മേഖലകളിൽ വമ്പിച്ച മുന്നേറ്റമുണ്ടായി. ആര്യഭടനും ബ്രഹ്‌മഗുപ്തനും ഭാസ്‌കരാചാര്യരും മികച്ച ജ്യോതിശ്ശാസ്ത്രജ്ഞരും ഗണിതജ്ഞരും ആയിരുന്നു. അക്കാലത്ത് എഴുതപ്പെട്ട ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം ഗണിതവും വിശദമായി ചർച്ചചെയ്യപ്പെട്ടു. ആര്യഭടീയത്തിന്റെ പകുതിയോളം വരുന്ന ഗണിതപാദവും ഗോളപാദവും ഗണിതത്തിനായി നീക്കിവച്ചു. ഗ്രഹങ്ങളുടെ സ്ഥൂലഗതിയും സൂക്ഷ്മഗതിയും വേറിട്ടു പഠിക്കാനുള്ള ശ്രമത്തിൽ ഭാസ്‌കരൻ രണ്ടാമൻ അവകലനത്തിന്റെ  (differentiation) പ്രാഥമിക ധാരണ ന്യൂട്ടനും നൂറ്റാണ്ടുകൾക്കുമുമ്പേ രൂപപ്പെടുത്തിയിരുന്നതായും കാണാം.

ജയ്പൂരിലെ ജന്തർ – മന്തർ

സിദ്ധാന്തകാലഘട്ടത്തിന്റെ തുടക്കത്തിലെ ആവേശം ക്രമേണ ക്ഷയിക്കുകയും ഇന്ത്യൻ ജ്യോതിശ്ശാസ്ത്രത്തെ പൂർണമായും ജ്യോത്സ്യം കീഴടക്കുകയും ചെയ്തഘട്ടത്തിൽ പുത്തൻ ആവേശവുമായി വാനനിരീക്ഷണരംഗത്തേക്കുവന്ന ഒരു വ്യക്തി ആയിരുന്നു ജയ്പൂരിലെ സവായ് ജയ് സിങ്ങ്. മുഗൾ ചക്രവർത്തിയുടെ കീഴിൽ ആഗ്ര – മാൽവാ ഗവർണർ ആയിരുന്ന ആ ജ്യോതിശ്ശാസ്ത്ര കുതുകിയെ സഹായിക്കാൻ ചക്രവർത്തി മുഹമ്മദ്ഷാ പിശുക്കുകാട്ടിയില്ല. സമർഖണ്ഡിലെ ഉലുഗ് ബേഗിന്റെ മാതൃക സ്വീകരിച്ച് 1721 -24 കാലത്ത് ഡൽഹിയിലെ വാനനിരീക്ഷണകേന്ദ്രം ‘ജന്തർ – മന്തർ’ ജയ്‌സിങ്ങ് നിർമിച്ചു. തുടർന്ന് ജയ്പൂർ, മഥുര, ഉജ്ജയ്ൻ, വാരണാസി എന്നിവിടങ്ങളിലും ജന്തർമന്തറുകൾ ഉയർന്നു. ജ്യോതിശ്ശാസ്ത്ര തൽപരനെങ്കിലും ജയ്‌സിങ് ആ രംഗത്ത് ലോകത്തു നടക്കുന്ന പുതിയ കാര്യങ്ങൾ അറിയാതെ പോയി. 1609 ൽ ഗലീലിയോ ആദ്യമായി ടെലിസ്‌കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതുമുതൽ കൂടുതൽ മികച്ച ടെലിസ്‌കോപ്പുകൾ നിർമിക്കാനുള്ള മത്സരമായിരുന്നു യൂറോപ്പിൽ. ഫ്രാൻസും ഇംഗ്ലണ്ടുമായിരുന്നു അന്നത്തെ ജ്യോതിശ്ശാസ്ത്രത്തിന്റെ ആസ്ഥാനങ്ങൾ. ഇതൊന്നും ഗൗനിക്കാതെയാണ് ജയ്‌സിങ്ങ് പഴയരീതിയിലുള്ള ഉപകരണങ്ങളുമായി വാനനിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങിയത്. ഒടുവിൽ ടെലിസ്‌കോപ്പുകൾ അനിവാര്യമാണെന്നു ബോധ്യമായപ്പോൾ പോലും അദ്ദേഹം ഒരു പഠനസംഘത്തെ അയച്ചത് പോർച്ചുഗലിലേക്കും. അങ്ങനെ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രരംഗത്തിനു കൈവരിക്കാമായിരുന്ന ഒരു മുന്നേറ്റം നഷ്ടമായി. ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്ര രംഗത്ത് ആധുനികതയ്ക്ക് തുടക്കം കുറിച്ചത് 1651ൽ ജെറെമിയ ഷാക്കർലി എന്ന ഇംഗ്ലീഷ് വാനനിരീക്ഷകൻ സൂറത്തിൽ നിന്ന് ശുക്രസംതരണം നിരീക്ഷിച്ചതു മുതലാണ്. 1786ൽ മദ്രാസ് ഒബ്‌സർവേറ്ററി നിലവിൽ വന്നതോടെ പുതുയുഗപ്പിറവി ആയെന്നു പറയാം.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  പ്രസിദ്ധീകരിച്ച ഇന്ത്യൻ ശാസ്ത്രപാരമ്പര്യം – സത്യവും മിഥ്യയും എന്ന പുസ്തകത്തിൽ നിന്നും. പരിഷത്ത് സംഘടിപ്പിച്ച ഡോ.ദേബീപ്രസാദ് ചതോബാധ്യായ അനിസ്മരണ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം

അനുബന്ധ ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഗണിതവും ജ്യോതിശ്ശാസ്ത്രവും പ്രാചീന ഇന്ത്യയിൽ

Leave a Reply

Previous post ഗണിതത്തിന്റെ കുരുക്കഴിക്കാൻ ഒരു പുസ്തകം
Next post പുതിയ വാക്‌സിനുകൾ
Close