ഇപ്പോൾ മൂന്നാം ഘട്ട പഠനമാണ് (Phase 3) പൂർത്തിയായിരിക്കുന്നത്. അമേരിക്കയിൽ ഇതേക്കുറിച്ചുള്ള അറിയിപ്പ് വൈറ്റ് ഹൗസ് ആണ് പുറത്തുവിട്ടത്. അപ്പോൾ തന്നെ ഇതിന് എത്ര പ്രാധാന്യം കല്പിച്ചിരിക്കുന്നുവെന്ന് കാണാമെല്ലോ. മരുന്ന് ലഭിച്ച വ്യക്തികൾ 31% അധികവേഗത്തിൽ രോഗമുക്തി കൈവരിച്ചു. ഡോ. ഫോസി (Dr. Anthony Fauci) യുടെ അഭിപ്രായത്തിൽ 100% ഫലവത്തല്ലെങ്കിലും ഫലപ്രദമായ ഒരു ഔഷധം ലഭിക്കുന്നു എന്നത് നല്ലകാര്യമാണ്. മറ്റൊരു കാര്യം കോവിഡ് വൈറസിനെ തളക്കാൻ മരുന്നുകൾക്ക് സാധിക്കും എന്ന തിരിച്ചറിവാണ്. അതായത്, ഇനിയും മറ്റു തന്മാത്രകളിലേക്ക് ശ്രദ്ധതിരിക്കാനാകും.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ആയ ഡോ. അരുണ സുബ്രമണ്യം (Aruna Subramanian) ഗവേഷണത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളാണ്. അവർ പറയുന്നത് റംഡെസിവിർ പത്തു നാൾ, അഞ്ചു നാൾ, എന്നിങ്ങനെ രണ്ടു രീതികളിൽ പഠിക്കുകയുണ്ടായി. രണ്ടിലും തുല്യ രീതിയിൽ ഫലം കാണുകയുണ്ടായി. പാർശ്വഫലങ്ങൾ വളരെ പരിമിതമായി മാത്രമേ കാണുന്നുള്ളൂ എന്നതും ആശാവഹമായ കാര്യമാണ്.
നാം, ഇന്ത്യക്കാർക്ക് പുതിയൊരു ആശങ്കയുണ്ട്. ഗിലെഡ് (Gilead) എന്ന ഫാർമ കമ്പനിയുടേതാണ് തന്മാത്ര. അതായത് അവർക്ക് തന്മാത്രയ്ക്ക് മേൽ ഉടമസ്ഥാവകാശമുണ്ട്. ഇവർക്ക് ഭാരത സർക്കാർ ഫെബ്രുവരി 2020ന് പേറ്റന്റ് നൽകിക്കഴിഞ്ഞു. പേറ്റന്റിതര ഔഷധമാക്കാൻ നിയമം മൂലം നടപടിയുണ്ടായാല്‍ മാത്രമേ ഇന്ത്യയിൽ സാധാരണക്കാർക്ക് ഔഷധം ലഭ്യമാകൂ. അല്ലെങ്കിൽ അതിന്റെ വില പലർക്കും താങ്ങാനാകുന്നതിലും അധികമാകും.