നഖം, കൊമ്പ്, പക്ഷികളുടെ കൊക്ക് എന്നിവയെപ്പോലെ എക്ടോഡെം (ectoderm- ഭ്രൂണത്തിന്റെ പുറം അടരിലെ സംയുക്ത കോശങ്ങൾ) അവയവങ്ങളുടെ ഗണത്തിൽപ്പെടുന്നതാണ് പല്ലുകളും. എന്നാൽ പ്രായപൂർത്തിയായവരിൽ ഇവ കൊഴിഞ്ഞുപോയാൽ പിന്നീട് സ്വയം വളരുന്നത് കാണാറില്ല. കൃത്രിമപ്പല്ലുകളാണ് പിന്നെയുള്ള പ്രതിവിധി. എന്നാൽ കൊഴിഞ്ഞു പോയ പല്ലുകൾക്ക് പകരം പുതിയ പല്ലുകൾ വരാം എന്ന് പ്രതീക്ഷ നൽകുകയാണ് എലികളിൽ നടത്തിയ പരീക്ഷണം. യൂട്ടറിൻ സെൻസിറ്റൈസേഷൻ അസോസിയേറ്റഡ് ജീൻ 1 (USAG 1) ന്റെ പ്രവർത്തനത്തെ തടയുന്നത് പല്ലുകളുടെ വളർച്ചയ്ക്ക് സഹായകമാണെന്നാണ് കണ്ടെത്തൽ.
പല്ലുകളുടെ ആകൃതി അവയുടെ ജൈവ തന്മാത്രകളുമായുള്ള പ്രവർത്തനത്തെ അപേക്ഷിച്ചിരിക്കുന്നു, പ്രത്യേകിച്ചും ബോൺ മോർഫോജനെറ്റിക് പ്രോട്ടീനെയും (BMP) WNT സിഗ്നലിനെയും. ഇവ മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളെയും കോശങ്ങളെയും തുടക്കത്തിൽ തന്നെ നിയന്ത്രിക്കുന്നു. USAG 1 ജീനിന്റെ BMP യുമായുള്ള പ്രവർത്തനം പല്ലുകളുടെ വളർച്ചയ്ക്ക് തടസ്സമാകുന്നു എന്നാണ് നിഗമനം. ഇത് അതിജീവിക്കാൻ USAG 1 ന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ആന്റിബോഡികൾ ഉപയോഗിക്കാവുന്നതാണ്. USAG 1 കുറവുള്ള എലികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഇവയിൽ പുതിയതായി സൂപ്പർന്യൂമററി ദന്തം രൂപം കൊണ്ടതായി മനസ്സിലാക്കി. USAG 1 ആന്റിബോഡി ചികിത്സ മനുഷ്യരിലെ പല്ലുകളുടെ പുനരുജ്ജീവനത്തിനും പ്രതീക്ഷ നൽകുന്നതാണ്.
അവലംബം: Science Advances 12 Feb 2021: Vol. 7, no.7, eabf1798