Read Time:4 Minute


ശ്രീനിധി കെ എസ്
ഗവേഷക, ഐ ഐ ടി ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ

ഗണിതശാസ്ത്രജ്ഞയായ അന്ന കീസെൻഹോഫറിന്റെ കണക്കുകൂട്ടലുകൾ എല്ലാം ശരിയായി വന്നപ്പോൾ കഴുത്തിൽ വീണത് ഒളിമ്പിക് സ്വർണ്ണമെഡൽ ആണ്. കൂടെ തെറ്റിയതോ കായികതാരങ്ങളെ കുറിച്ച് പൊതുവെയുള്ള കുറെ കണക്കുകൂട്ടലുകളും.

ടോക്കിയോയിൽ നടക്കുന്ന സമ്മർ ഒളിംപിക്സിൽ വനിതകളുടെ റോഡ് റേസ് സൈക്ലിങ് വിഭാഗത്തിൽ ഓസ്ട്രിയക്ക് വേണ്ടി ഒന്നാം സ്ഥാനം നേടിയത് ഗണിതശാസ്ത്രജ്ഞ കൂടിയായ അന്ന കീസെൻഹോഫർ ആണ്. ഗണിതശാസ്ത്രത്തിൽ PhD നേടിയിട്ടുള്ള അന്നയുടെ ആദ്യത്തെ ഒളിമ്പിക്സ് മത്സരമാണ് ഇത്. കഴിഞ്ഞ 125 വർഷങ്ങൾക്കിടയിൽ സൈക്ലിങ്ങിൽ ഓസ്ട്രിയ നേടുന്ന ആദ്യത്തെ ഒളിമ്പിക് മെഡൽ ആണ് അന്നയുടേത്. കൂടാതെ 2004നു ശേഷം സമ്മർ ഒളിംപിക്സിൽ ഓസ്ട്രിയ നേടുന്ന ആദ്യത്തെ സ്വർണ്ണമെഡലും.

സൈക്ലിങ്ങിലെയും ഗവേഷണത്തിലെയും തന്റെ സ്വപ്നങ്ങളെ ഇരു പെഡലുകളായി കണ്ട് കുതിച്ചുകൊണ്ടിരിക്കുന്ന അന്ന കായികവൈഭവത്തെ കുറിച്ചുള്ള നിരവധി തെറ്റിധാരണകളെ കൂടി ആണ് ഫിനിഷിങ് ലൈനിൽ വച്ച് മറി കടന്നത്. ഒരു പ്രൊഫഷണൽ സൈക്ലിംഗ് ടീമിന്റെയും ഭാഗമല്ലാത്ത, സ്വന്തമായി പരിശീലകൻ പോലുമില്ലാത്ത അന്ന  ഭക്ഷണശീലം മുതൽ മത്സരതന്ത്രങ്ങൾ വരെ സ്വയം തീരുമാനിക്കുകയും സ്വന്തം ശിക്ഷണത്തിൽ പരിശീലിക്കുകയും ചെയ്താണ്  ഒന്നാമത് എത്തിയത്. ഫുജിയിലെ അന്താരാഷ്ട്ര സ്പീഡ്‌വേയിലെ 137 കിലോമീറ്റർ ദൂരമുള്ള ട്രാക്കിൽ അവസാന 40 കിലോമീറ്റർ ദൂരം തികഞ്ഞ ഏകാധിപത്യത്തോടെയാണ് അന്ന കുതിച്ചത്. ഫിനിഷിങ് ലൈൻ കടന്ന അന്ന അഭിമാനത്തോടെയും അമ്പരപ്പോടെയും നിലത്തേക്ക് ചാഞ്ഞപ്പോൾ ഒരു മിനിറ്റ് 15 സെക്കന്റിനു ശേഷം പല തവണ ലോകചാമ്പ്യൻ ആയിട്ടുള്ള നെതർലാൻഡിന്റെ അന്നമിക് വാൻ വ്ലൂട്ടെൻ രണ്ടാം സ്ഥാനത്തേക്ക് ചവിട്ടിക്കയറി.

കടപ്പാട് : REUTERS/Michael Steele

Technical University of Vienna, Cambridge Universityഎന്നിവിടങ്ങളിൽ നിന്നുള്ള പഠനത്തിന് ശേഷം സ്പെയിനിലെ Polytechnic University of Catalonia യിൽ നിന്നും 2016ഇൽ ആണ് അന്ന PhD നേടിയത്. 2017 മുതൽ സ്വിറ്റസർലന്റിലെ Ecole Polytechnique Federale Lausanne (EPFL)ഇൽ നോൺ ലീനിയർ പാർഷ്യൽ ഡിഫറെൻഷ്യൽ സമവാക്യങ്ങളെ കുറിച്ച് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിൽ ആണ് അന്ന. Communications in Mathematical Physics, Journal of Geometry and Physics, Journal de Mathematiques Pures et Appliquees തുടങ്ങിയ ജേർണലുകളിൽ അന്ന തന്റെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗവേഷണകൗതുകവും കായികതാല്പര്യവും ഒന്നിനു പകരം മറ്റൊന്ന് പരിത്യാഗം ചെയ്യാതെ തന്നെ ലക്ഷ്യങ്ങളിലേക്ക്  നീങ്ങാൻ സാധിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അന്ന. വിജയത്തിലേക്ക് സാമ്പ്രദായികപാതകൾ മാത്രമല്ല ഉള്ളതെന്ന് അന്ന തന്റെ സ്വർണ്ണമെഡലുയർത്തി ആത്മവിശ്വാസത്തോടെ ലോകത്തോട് വിളിച്ചു പറയുന്നു.


അധികവായനയ്ക്ക്

  1. https://www.washingtonpost.com/sports/olympics/2021/07/25/anna-kiesenhofer-olympic-cycling/
  2. https://www.reuters.com/lifestyle/sports/maths-teacher-kiesenhofer-schools-dutch-masters-2021-07-25/
  3. https://ch.linkedin.com/in/anna-kiesenhofer

ലൂക്കയിൽ പ്രസിദ്ധീകരിച്ച ഒളിമ്പിക്സ് പ്രത്യേക ലേഖനങ്ങൾ വായിക്കാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ടൂറിസം ഭൂമിക്കപ്പുറത്തേക്ക്
Next post ഞാൻ വളർന്നത് ഇന്ത്യയിലെ ചേരിയിൽ, ഇപ്പോൾ ശാസ്ത്രജ്ഞ
Close