ആൻഡ്രോമിഡ ഗാലക്സി
ഇരുപത്തിയഞ്ച് ലക്ഷം വർഷം ശൂന്യതയിലൂടെ സഞ്ചരിച്ച് ക്യാമറയിലെത്തിയ പ്രകാശമാണ് ഈ ചിത്രത്തെ സൃഷ്ടിച്ചത്.
ശരത് പ്രഭാവ് എഴുതുന്ന അസ്ട്രോഫോട്ടോഗ്രഫി പംക്തി
ആൻഡ്രോമിഡ ഗാലക്സി
ഇരുപത്തിയഞ്ച് ലക്ഷം വർഷം ശൂന്യതയിലൂടെ സഞ്ചരിച്ച് ക്യാമറയിലെത്തിയ പ്രകാശമാണ് ഈ ചിത്രത്തെ സൃഷ്ടിച്ചത്.
ഭൂമിയിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്യാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ടെന്ന് കണക്കാക്കപെടുന്നു. പ്രകാശ മലിനീകരണം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും ചന്ദ്രന്റെ വ്യാസത്തോളം നീളമുള്ള ഒരു മേഘകഷണമായി ആൻഡ്രോമിഡയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. നഗ്ന നേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ള ഗാലക്സിയാണ് ആൻഡ്രോമിഡ’.
ആൻഡ്രോമിഡയെ പകർത്തിയതെങ്ങനെ ?
ഒരു ചെറിയ ടെലിസ്കോപ്പോ ബൈനൊക്കുലറോ ഉണ്ടെങ്കിൽ കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ നിന്നും ആൻഡ്രോമിഡയെ കാണാവുന്നതാണ്. ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ കൂടുതൽ വ്യക്തതയോടെ കാണാമെങ്കിലും ഈ ചിത്രത്തിലേതു പോലെയൊന്നും കാണാൻ കഴിയില്ല. ഇത് ക്യാമറ ഉപയോഗിച്ച് പ്രത്യേക രീതിയിൽ പകർത്തിയ ചിത്രമാണ്.
ജ്യോതിശാസ്ത്രത്തിൽ ഇത്തരം ചിത്രങ്ങൾ പകർത്തുന്നത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയ ആണ്. സാധാരണ നമ്മൾ ചിത്രമെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പകർത്താൻ ഉദ്ദേശിക്കുന്ന വസ്തുവിൽ നിന്ന് വരുന്ന പ്രകാശം നന്നേ കുറവാണ്.മാത്രമല്ല അവ ഭൂമിയുടെ ഭ്രമണം കാരണം ആകാശത്തിൽ ചലിക്കുന്നുമുണ്ട്. ഈ രണ്ടു കാരണങ്ങളാലാണ് ആസ്ട്രോഫൊടൊഗ്രഫി അൽപ്പം ബുദ്ധിമുട്ടേറിയതാകുന്നത്.
ക്യാമറ സെൻസറിൽ വന്നു വീഴുന്ന പ്രകാശത്തിന്റെ അളവു കൂട്ടാൻ കൂടുതൽ സമയം ഷട്ടർ തുറന്നു വെച്ചാൽ മതിയാകും. പക്ഷേ അങ്ങനെ ഒരു പരിധിയിൽ കൂടുതൽ സമയം തുറന്നു വെച്ചാൽ നക്ഷത്രങ്ങളൊക്കെ ഭൂമിയുടെ ഭ്രമണം കാരണം വര പോലെയാവും കിട്ടുക. ഇത് പരിഹരിക്കാൻ രണ്ടു മാർഗങ്ങൾ ഉണ്ട്.
- ക്യാമറയുടെ ഷട്ടർ ഒരു പരിധിയിൽ കൂടുതൽ സമയം തുറന്ന് വക്കാതിരിക്കുക.
- നക്ഷത്രങ്ങൾക്കൊപ്പം ക്യാമറയും നീങ്ങുക (നടി കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ). ഇതിൽ രണ്ടാമത്തെ രീതിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്റ്റാർ ട്രാക്കറുകൾ.
ഇതിൽ ഏതു രീതിയിൽ തന്നെ എടുത്താലും ഒരു ഫോട്ടോ മതിയാവില്ല. അനേകം ചിത്രങ്ങൾ എടുത്ത് അവയെ ഒരുമിച്ച് കൂട്ടിയെടുത്താണ് ഇത്തരം ചിത്രങ്ങൾ എടുക്കുന്നത്.
ഈ കാണുന്നത് ആൻഡ്രോമിഡയുടെ അത്തരത്തിൽ എടുത്ത ഒരു ചിത്രമാണ്(ISO 1000, Shutter speed : 120sec, Aperture f/2.8). ഇത്തരം 60 ഓളം ചിത്രങ്ങൾ ചേർത്താണ് മുകളിലുള്ള മനോഹരമായ ചിത്രം നിർമ്മിക്കുന്നത്. ചിത്രങ്ങൾ ഒന്നിച്ചു ചേർക്കുന്നതിനു പുറമേ വളരെ സമയമെടുക്കുന്ന post processing കൂടി ഉണ്ടാവും.
ദൃശ്യങ്ങളെ പകർത്താൻ ആണല്ലോ ക്യാമറ ഉപയോഗിക്കുന്നത്. ക്യാമറയുടെ മുന്നിലുള്ള ലെൻസ് ദൃശ്യങ്ങളിൽ നിന്നുള്ള പ്രകാശത്തെ സെൻസറിലേക്ക് ഫൊക്കസ് ചെയ്യുകയും അത് റെക്കോർഡ് ചെയ്യുകയുമാണ് ചെയ്യുക. ലളിതമായി പറഞ്ഞാൽ ക്യാമറ അതിൻ്റെ സെൻസറിൽ എത്തുന്ന പ്രകാശത്തെ റെക്കോർഡ് ചെയ്യുന്നു. ലെൻസിലൂടെ കടന്ന് സെൻസറിൽ എത്തുന്ന പ്രകാശം എത്ര വേണം എന്ന് തീരുമാനിക്കാൻ ഒരു ക്യാമറയിൽ മൂന്ന് നിയന്ത്രണങ്ങൾ ആണുള്ളത്. സെൻസറിലെത്തുന്ന പ്രകാശത്തെ ഫോട്ടോഗ്രാഫർക്ക് മൂന്നു രീതിയിൽ നിയന്ത്രിക്കാം. അവ ഏതെല്ലാം എന്നു നോക്കാം
1. ഷട്ടർ സ്പീഡ്
ക്യാമറയുടെ സെൻസറിനു മുന്നിൽ ഒരു തിരശ്ശീല / ഷട്ടർ ഉണ്ട് നമ്മൾ ചിത്രമെടുക്കുമ്പോൾ ഈ ഷട്ടർ തുറന്ന് അടയും. ക്യാമറയിൽ ക്ലിക്ക് ചെയ്യുമ്പോൾ കേൾക്കുന്ന ശബ്ദത്തിൻ്റെ ഒരു ഭാഗം ഇതാണ്. ഈ ഷട്ടർ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഇടയിലുള്ള സമയത്തെ exposure time എന്ന് വിളിക്കാം. അത്രയും സമയം അതിൽ വീഴുന്ന പ്രകാശത്തെ ക്യാമറ റെക്കൊർഡ് ചെയ്യും . ഷട്ടർ വളരെ വേഗം തുറന്നടഞ്ഞാൽ exposure time കുറവായിരിക്കും, അതായത് കുറച്ച് പ്രകാശം മാത്രമേ സെൻസറിൽ എത്തൂ.ഷട്ടർ സ്പീഡ് കൂടുമ്പോൾ എക്സ്പോഷർ സമയം കുറയുന്നു.
രാത്രി ആകാശ ചിത്രങ്ങൾ എടുക്കുമ്പോൾ നമുക്ക് എപ്പോഴും ഷട്ടർ സ്പീഡ് കുറച്ച് വെക്കേണ്ടി വരും.
2. അപേർച്ചർ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്യാമറ ലെൻസിൻ്റെ വാവട്ടമാണ് ഇത് സൂചിപ്പിക്കുന്നത്. പ്രത്യേക തരത്തിൽ ചെയ്തിരിക്കുന്ന ബ്ളേഡുകൾ ഉപയോഗിച്ച് നമുക്ക് ഈ വാവട്ടം നിയന്ത്രിക്കാം. വാവട്ടം / Aperture കൂടുമ്പോൾ കൂടുതൽ പ്രകാശം സെൻസറിൽ എത്തുന്നു. ആകാശചിത്രങ്ങൾ എടുക്കുമ്പോൾ കൂടുതൽ പ്രകാശം സെൻസറിൽ എത്തുന്നതിനായി എപ്പോഴും വാവട്ടം കൂടുതൽ വേണം.
3. ഐ.എസ്.ഓ
മുൻപ് പറഞ്ഞ രണ്ട് നിയന്ത്രണങ്ങളും പ്രകാശത്തെ നേരിട്ട് നിയന്ത്രിക്കുകയാണല്ലോ. എന്നാൽ ISO ചെയ്യുന്നത് സെൻസറിൽ പതിച്ച പ്രകാശത്തെ ആമ്പ്ലിഫൈ ചെയ്യുകയാണ്. സെൻസറിൽ പതിക്കുന്ന പ്രകാശത്തിന് ആനുപാതികമായി ഉണ്ടാകുന്ന കറൻ്റ്റിൻ്റെ അളവ് കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്. നമ്മൾ ശബ്ദത്തിൻ്റെ തീവ്രത ആമ്പ്ലിഫയർ ഉപയോഗിച്ച് കൂട്ടുന്നത് പോലെ. പക്ഷെ ഇങ്ങനെ കൂട്ടിയാൽ ഒരു കുഴപ്പമുണ്ട് ആവശ്യത്തിനുള്ള ലൈറ്റിനൊപ്പം(signal) തന്നെ Noice കൂടി ആമ്പ്ലിഫൈ ചെയ്യപ്പെടും. അതുകൊണ്ട് ചിത്രങ്ങൾ എടുക്കുമ്പോൾ ഒരു പരിധിയിൽ കൂടുതൽ ഇസൊ കൂട്ടാൻ സാധ്യമല്ല
ക്യാമറയിലെ കണ്ട്രോളുകളെക്കുറിചും അവ ചിത്രത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും അടുത്ത ലക്കത്തിൽ എഴുതാം.
One thought on “ആൻഡ്രോമിഡ ഗാലക്സി – അസ്ട്രോ ഫോട്ടോഗ്രഫി”