“തലച്ചോർ തിന്നുന്ന അമീബ” അഥവാ നേഗ്‌ലേറിയ ഫൗളേരി (Negleria fowleri) , Vermamoeba vermiformis എന്നീ അമീബ വിഭാഗങ്ങളാണ് ഇവിടെ രോഗകാരി, നേഗ്‌ലേറിയ ഫൗളേരി – നെയ്‌ഗ്ലേറിയ ജനുസ്സിലെ ഒരു ഇനമാണ്. ഇതിനെ സാങ്കേതികമായി ഒരു യഥാർത്ഥ അമീബ എന്നതിലുപരി ഒരു ഷേപ്പ് ഷിഫ്റ്റിംഗ് അമീബോഫ്ലാജെലേറ്റ് എക്‌സ്‌കവേറ്റായി വർഗ്ഗീകരിച്ചിരിക്കുന്നു. സ്വതന്ത്രമായി ജീവിക്കുന്ന ഈ സൂക്ഷ്മാണുക്കൾ ബാക്ടീരിയങ്ങളെയാണ് ആഹാരമാക്കാറുള്ളത്.
നേഗ്‌ലേറിയ ഫൗളേരി ക്ക് പുറമെയുള്ള Vermamoeba vermiformis എന്ന വിഭാഗമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ രോഗകാരണമെന്നാണ് സ്ഥിതീകരിച്ചിരിക്കുന്നത്. നേഗ്‌ലേറിയ ഫൗളേരി കാരണമുള്ള അതതീവ്ര രോഗത്തെ അപേക്ഷിച്ച് Vermamoeba vermiformis ഉണ്ടാക്കുന്ന അണുബാധ അൽപ്പംകൂടി സമയമെടുത്താണ് തലച്ചോറിനെ ബാധിക്കുക. അതുകൊണ്ടുതന്നെ ആഴ്ചകളോളം രോഗി ആശുപത്രിയിലായതിനു ശേഷം മരണപ്പെടാനുള്ള സാധ്യതയുണ്ട്.
പ്രൈമറി അമീബിക് മെനിംജോ എൻസെഫലൈറ്റിസ് (PAM) എന്ന അപൂർവവും എന്നാൽ തീവ്രവുമായ മസ്തിഷ്ക അണുബാധയ്ക്ക് ഇവ കാരണമാകാറുണ്ട്. തടാകങ്ങൾ, ചൂടുനീരുറവകൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചൂടുള്ള ശുദ്ധജലത്തിലാണ് ഈ അമീബ സാധാരണയായി കാണപ്പെടുന്നത്. നദികൾ, അരുവികൾ, ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും ഇവയെ കാണാം.
മലിനമായ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് നേഗ്ലേരിയ ഫൗളേരി അണുബാധ ഉണ്ടാകുന്നത്. നീന്തൽ, ഡൈവിംഗ്, കെട്ടികിടക്കുന്ന കുളത്തിലെയും മറ്റുമുള്ള കുളി എന്നിവ മൂലം ഇത് സംഭവിക്കാം. അമീബ മൂക്കിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അത് തലച്ചോറിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്ക കോശങ്ങൾക്ക് വീക്കം ഉണ്ടാക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യും.
നേഗ്ലേരിയ ഫൗളറി അണുബാധ വളരെ അപൂർവമാണ്. എന്നാലും ഉയർന്ന മരണനിരക്ക് ഉള്ള ഗുരുതരമായ അവസ്ഥയാണ് PAM, അണുബാധ അതിവേഗം പുരോഗമിക്കുകയും പലപ്പോഴും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആന്റിമൈക്രോബയൽ തെറാപ്പി ഉണ്ടായിരുന്നിട്ടും അമീബിക് എൻസ്സഫലൈറ്റിസ് മൂലമുണ്ടാകുന്ന മരണനിരക്ക് 90% ന് മുകളിലാണ്.
നേഗ്ലേരിയ ഫൗളേരി അണുബാധയുടെ ലക്ഷണങ്ങൾ സാധാരണയായി സമ്പർക്കം കഴിഞ്ഞ് ഒന്നു മുതൽ ഒമ്പത് ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടും. തുടക്കത്തിൽ, തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് ഞെരുക്കം എന്നിവയുൾപ്പെടെ ബാക്ടീരിയ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളോട് സാമ്യമുണ്ട്. അണുബാധ പുരോഗമിക്കുമ്പോൾ, രോഗലക്ഷണങ്ങൾ വഷളാകുകയും അപസ്മാരം, കോമ, ന്യൂറോളജിക്കൽ തകരാറ് തുടങ്ങിയവ കാണുകയും ചെയ്യും.
കേരളത്തിൽ നാളിതുവരെ പതിനൊന്ന് കേസ് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ വർഷം മാത്രം 5 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
CSF (Cerebrospinal fluid)-ലെ അമീബയുടെ ജീവിത ചക്രത്തിലെ ഒരു പ്രത്യേക ഘട്ടമായ ട്രോഫോസോയിറ്റുകളെ നിരീക്ഷിച്ചാണ് കൃത്യമായ രോഗനിർണയം നടത്തുന്നത്. ജിംസ (Giemsa Stain)/ട്രൈക്രോം സ്റ്റെയിൻസ് ട്രോഫോസോയിറ്റുകളുടെ രൂപഘടനയെ തിരിച്ചറിയാൻ സഹായിക്കുന്നു. തലച്ചോറിലെ അണുബാധ കണ്ടെത്തുന്നതിന് MRI പോലുള്ള പരിശോധനകളും സഹായിക്കുന്നു.
ഇനി നമുക്ക് സ്വീകരിക്കാൻ കഴിയുന്ന മുൻകരുതലുകൾ ഏതൊക്കെ ആണെന്ന് നോക്കാം.
അമീബ ഉണ്ടാകാനിടയുള്ള ജല സ്രോതസ്സുകളിലെ, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുന്നതോ മോശമായി ക്ലോറിനേറ്റ് ചെയ്തതോ ആയ പ്രദേശങ്ങളിലെ കുളി, നീന്തൽ തുടങ്ങിയവ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൂക്കിൽ വെള്ളം കയറുന്നത് തടയാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കുക, മാലിന്യം നിറഞ്ഞ ചുറ്റുപാടുകളിൽ അമീബയുടെ സാന്നിധ്യം കൂടുതലായതിനാൽ കുളങ്ങളിലും മറ്റും മാലിന്യം ഇടുന്നത് ഒഴിവാക്കുക. നീന്തൽക്കുളങ്ങൾ, ഹോട്ട് ടബ്ബുകൾ, മറ്റ് ശുദ്ധീകരിച്ച ജലസ്രോതസ്സുകൾ എന്നിവ ശരിയായി പരിപാലിക്കുകയും ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി ഈ രോഗാണുബാധ തടയാൻ സാധിക്കും.
ചികിത്സ
പ്രത്യേകിച്ച് ചികിത്സ കണ്ടെത്താത്ത ഒരു രോഗം ആണ് ഇത്. എന്നിരുന്നാലും ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്‌സാമെതസോൺ എന്നീ മരുന്നുകളുടെ ഒരു കോംബിനേഷൻ രോഗികൾക്ക് നൽകാറുണ്ട്. ഈ രോഗത്തെ അതിജീവിച്ച രോഗികളെ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്നതിനാൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് കരുതുന്നു.
നിങ്ങൾക്ക് അണുബാധ ഉണ്ടായി എന്ന് സംശയിക്കുന്നുവെങ്കിൽ അല്ലെങ്കിൽ അടുത്തിടെ കെട്ടികിടക്കുന്ന ഏതെങ്കിലും ജലസ്രോതസ്സുകളിൽ സമ്പർക്കത്തിന് ശേഷം രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും അതിജീവിക്കാനുള്ള സാധ്യതകളെ വർദ്ധിപ്പിക്കും.
Since regularly going to a swimming pool for years now .Hearing a new ailment that can kill makes me and the people like me who love swimming very skeptical.we use pools where ever we go as swimming is a routine exercise for us .
From now on would be more careful entering pool water which don’t have proper filtration
A big thankyou to ” Luca.co.in “…Let Luca be a guide and grow further reaching each and everyone with a scientific temper
All the best
Adv.Sebastian Kadavil
Trivandrum
[email protected]
Thanks for your valuable information 🙏🏻.