ആൽബർട്ട് ബാൻഡുറ (Albert Bandura)
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ സോഷ്യൽ സയൻസ് എമെരിറ്റസ് പ്രൊഫസറായിരുന്ന ആൽബർട്ട് ബാൻഡുറ (Albert Bandura) 2021 ജൂലൈ 26-ന് അന്തരിച്ചു. ലോകം കണ്ട മനഃശാസ്ത്രജ്ഞരിൽ ഏറ്റവും ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾ നൽകിയ ഒരാളാണ് പ്രൊഫസർ ബാൻഡുറ. ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധങ്ങളിൽ ഉദ്ധരിക്കപ്പെട്ട (citations) മനഃശാസ്ത്രജഞരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
സ്വന്തം കഴിവുകളെ സംബന്ധിച്ച് മനുഷ്യരുടെ സ്വയം വിലയിരുത്തൽ (Self-Efficacy), സാമൂഹ്യ ധാരണാ സിദ്ധാന്തം (Social Learning/Social Cognitive Theory) തുടങ്ങിയ മേഖലകളിലെ ഗവേഷണം ആണ് പ്രൊഫസർ ബാൻഡുറയെ ഏറ്റവും പ്രശസ്തനാക്കിയത്.
“ബോബോ ഡോൾ പരീക്ഷണം” എന്ന പേരിൽ പ്രശസ്തമായ അദ്ദേഹത്തിന്റെ ഗവേഷണം നടന്നത് 1960കളുടെ തുടക്കത്തിൽ ആയിരുന്നു. അക്കാലത്ത് ഏറ്റവും പ്രബലമായി സ്വീകരിക്കപ്പെട്ടിരുന്ന സിദ്ധാന്തമായ ബിഹേവിയറിസം പ്രകാരം ശിക്ഷകളുടെയും പ്രതിഫലങ്ങളുടെയും (Punishments and Rewards) അടിസ്ഥാനത്തിലാണ് മനുഷ്യരുടെ പഠന പ്രക്രിയയെ വിശദീകരിച്ചിരുന്നത്. എന്നാൽ മറ്റുള്ളവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നതിലൂടെ പഠനം നടക്കുന്നു (Observational Learning) എന്നത് ശാസ്ത്രീയ തെളിവുകളോടെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ ഈ പരീക്ഷണങ്ങൾക്ക് സാധിച്ചു. അക്രമം കാണുന്നത് വഴി വിരേചനം (Catharsis) സംഭവിക്കുന്നു എന്നും അത് നമ്മുടെ ഉള്ളിലെ അക്രമവാസനയെ കുറയ്ക്കുമെന്നും ഉള്ള ഫ്രോയ്ഡിയൻ സൈക്കോ അനലിറ്റിക് ചിന്തയും ഈ ഗവേഷണം വഴി ചോദ്യം ചെയ്യപ്പെട്ടു. ടെലിവിഷനിലും വീഡിയോ ഗെയിമുകളിലും മറ്റും കാണുന്ന അക്രമ സംഭവങ്ങൾ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കാം എന്നതിന് തെളിവുകൾ നിരത്തപ്പെട്ടതോടെ ദൃശ്യമാധ്യമ വ്യവസായത്തിന്റെ ശത്രുവായും മറ്റും ഇക്കാലയളവിൽ ബാൻഡുറ പഴിക്കപ്പെട്ടിരുന്നു.
ബോബോ ഡോൾ പരീക്ഷണം – വീഡിയോ കാണാം
മനഃശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ പ്രൊഫസർ ബാൻഡുറയുടെ സംഭാവനകൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാനസിക വ്യാപാരങ്ങളെ യാന്ത്രിക പ്രവൃത്തികൾ പോലെ കണ്ടിരുന്ന സിദ്ധാന്തങ്ങളെ തിരുത്താൻ അദ്ദേഹത്തിന്റെ പഠനങ്ങൾ സഹായിച്ചു. ചാരുകസേര സിദ്ധാന്തങ്ങൾക്ക് പകരം ശാസ്ത്രത്തിന്റെ രീതിയെ ഉപയോഗിച്ച് സിദ്ധാന്തങ്ങൾ രൂപീകരിക്കുന്ന തരത്തിൽ മനഃശാസ്ത്ര ഗവേഷണത്തെ പരിഷ്കരിക്കാൻ അദ്ദേഹവും സമകാലീനരായ മറ്റ് ശാസ്ത്രജ്ഞരും വലിയ സംഭാവനകളാണ് നല്കിയിട്ടുള്ളത്.
എന്നാൽ ഇവയേക്കാളൊക്കെ പ്രസക്തമായ അദ്ദേഹത്തിന്റെ ചില സംഭാവനകൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയിട്ടുണ്ട്. തികച്ചും ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾ നമ്മളിൽ പലർക്കും എങ്ങനെ ചെയ്യാൻ കഴിയുന്നു എന്നും, അത്തരം പ്രവൃത്തികളെ നാം എങ്ങനെ ന്യായീകരിക്കുന്നു എന്നും വിശദീകരിക്കുന്ന, ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സംഭാവനയായി വരുംകാലം വിലയിരുത്തിയേക്കാവുന്ന ‘Moral Disengagement: How People Do Harm and Live with Themselves’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചത് തന്റെ 90-ആം വയസ്സിൽ 2015 ഡിസംബറിൽ ആണ്. മനുഷ്യർ തങ്ങളുടെ തെറ്റായ പ്രവൃത്തികളെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന നാലുതരം വാദങ്ങളെ അദ്ദേഹം ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. തൻ്റെ പ്രവൃത്തിയുടെ ധാർമികമോ സാമൂഹികമോ സാമ്പത്തികമോ ആയ ന്യായങ്ങൾ നിരത്തുകയാണ് അതിൽ ഒന്ന്. രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടി മറ്റുള്ളവരെ കൊല്ലുന്നു എന്ന തരം ന്യായീകരണങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. സ്വന്തം ഉത്തരവാദിത്വം കുറച്ചു കാണാനുള്ള ന്യായങ്ങളാണ് മറ്റൊന്ന്. താൻ മാത്രമല്ല മറ്റുള്ളവരും അങ്ങനെ ചെയ്തിരുന്നു എന്നോ ഒരു കുറ്റകൃത്യത്തിൽ തൻ്റെ പങ്ക് വളരെ ചെറുതായിരുന്നു എന്നോ ഒക്കെയുള്ള വാദങ്ങൾ ആണ് ഇവ. ഒരു പ്രവൃത്തിയുടെ ഫലങ്ങളുടെ പ്രാധാന്യമോ വലിപ്പമോ കുറച്ചു കാണിക്കുന്നതാണ് മൂന്നാമത്തെ രീതി. ചില ശിക്ഷണനടപടികൾ ഒരാളുടെ അല്ലെങ്കിൽ ഒരുകൂട്ടം ആളുകളുടെ നന്മയ്ക്കു വേണ്ടിയാണ് എന്ന് വാദിക്കുന്നതും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വൈദികരെ ശിക്ഷിക്കുന്നതിനു പകരം സ്ഥലം മാറ്റുന്ന മതസ്ഥാപനങ്ങളുടെ നടപടികളും ഒക്കെ ഇക്കൂട്ടത്തിൽ പെടുന്നു. ഇരകളെ തന്നെ പഴിചാരുന്ന രീതിയാണ് നാലാമത്തേത്. ഇരകളുടെ മനുഷ്യപദവി തന്നെ റദ്ദു ചെയ്യുന്ന വിശേഷണങ്ങളും (കൃമികൾ, കീടങ്ങൾ പോലെ) വംശഹത്യയ്ക്ക് ഇരയാക്കപ്പെടുന്ന മനുഷ്യർ അത് അർഹിച്ചിരുന്നു എന്ന് വാദിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്. സമകാലിക ലോകത്ത് പ്രസക്തമായ ചില സമസ്യകൾക്ക് മനശാസ്ത്രത്തിന്റെ സഹായത്തോടെ വിശദീകരണം നൽകാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ പ്രൊഫസർ ബാൻഡുറ ചെയ്യുന്നത്.
സാമൂഹ്യ പരിഷ്കരണത്തിനും മനുഷ്യരാശിയുടെ നന്മയ്ക്കും മനഃശാസ്ത്ര ഗവേഷണത്തെ ഉപയോഗപ്പെടുത്താനും, അതിന് ശാസ്ത്രത്തിന്റെ രീതി കൃത്യമായി പ്രയോഗിക്കാനും നടത്തിയ ശ്രമങ്ങളാണ് ഒരു പക്ഷേ പ്രൊഫസർ ആൽബർട്ട് ബാൻഡുറയെ എക്കാലത്തെയും മികച്ച മനഃശാസ്ത്ര ഗവേഷകരിൽ ഒരാളാക്കി മാറ്റുന്നത്.
Very informative
Mistakes ഉണ്ട് എഴുതുന്നതിൽ