പോഡ്കാസ്റ്റ് കേൾക്കാം
കണക്കുകൂട്ടാനുള്ള പണിയെടുക്കാനാണ് അയ്യായിരം കിലോഗ്രാം ഭാരവും, എണ്ണായിരം ഘടകങ്ങളും, മൂന്നു മീറ്ററിലധികം നീളവുമായി 1847ൽ കംപ്യൂട്ടറിനെ നിർമ്മിക്കുന്നത്. പിന്നീടങ്ങോട്ടു രൂപത്തിൽ ചെറുതായിക്കൊണ്ട് കംപ്യൂട്ടർ ഒരുപാടങ്ങ് വളർന്നു. മനുഷ്യനും ഡിജിറ്റൽ കംപ്യൂട്ടറുമായി ബന്ധപ്പെടാൻ തുടങ്ങിയ അന്നുമുതൽക്ക് തന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. സംശയമെന്തായാലും ‘ഗൂഗിളിനോട്’ ചോദിച്ചാൽമതി എന്ന അവസ്ഥയിലെത്തിനിൽക്കുമ്പോഴാണ് 2022 നവംബറിൽ ചാറ്റ് ജി പി ടി വരുന്നത്. ഇത്രയുംകാലം കംപ്യൂട്ടറിന് അങ്ങോട്ടുകൊടുത്ത വിവരങ്ങൾശേഖരിച്ച്, അതിൽനിന്നും പുതിയ ഉത്തരങ്ങൾ നമ്മൾ പറയുന്നതനുസരിച്ചു വാക്യങ്ങളായും ചിത്രങ്ങളായും രൂപപ്പെടുത്താൻ പറ്റുന്ന ഒരു സാങ്കേതിക വിദ്യ ഉണ്ടായി വന്നു. കവിത മുതൽ കല്യാണക്കുറിപ്പടി വരെ നമുക്ക് ഇതിനോടുചോദിക്കാം. ഭാഷയിലാണ് ഈ സാങ്കേതികവിദ്യയുടെ കാതലിരിയ്ക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇമ്മിണി വല്യ ഭാഷാമോഡലുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതാണ് ചാറ്റ് ജി പി ടിയുടെ പിന്നിലെ വിദ്യ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിലും 1966ലാണ് ആദ്യമായി ഇത്തരത്തിലുള്ള ഇമ്മിണി വല്യ ഭാഷാമോഡലുകൾ രംഗത്തെത്തുന്നത്. അമേരിക്കയിലെ മെസാച്ചുഷെറ്റ്സ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത ‘എലിസ’ യാണ് ചാറ്റ് ജി പി ടിയുടെ പൂർവികസ്ഥാനത്തുള്ളത്.
എന്തെങ്കിലും ചോദിച്ചാൽ ആ ചോദ്യം പരിശോധിച്ച് അതിന് അനുയോജ്യമായ ഉത്തരം തന്റെ ശേഖരത്തിൽനിന്നും തപ്പിയെടുത്തു സ്‌ക്രീനിലെത്തിക്കുന്ന പണിയാണ് എലിസ ചെയ്തത്. ഇന്ന് ചാറ്റ് ജിപിടി ചെയ്യുന്നത് ചോദ്യം പരിശോധിച്ച് അതിനു വേണ്ട ഉത്തരം തന്റെ പക്കലുള്ള വിവരശേഖരത്തിൽ നിന്നും ഓരോ വാക്കുകളായി യുക്തിപൂർവം ക്രമത്തിലാക്കി നമുക്ക് മുൻപിൽ എത്തിക്കുക എന്ന പ്രവർത്തിയാണ്. ഈ വിവരശേഖരം ഒരുപാട് വളർന്നു എന്നതാണ് ചാറ്റ് ജി പി ടിയുടെ കഴിവ്. ഏകദേശം മനുഷ്യർ സംസാരിക്കുന്നത് പോലെ ഓരോ വാക്കും യുക്തിപൂർവ്വം അടുക്കിവെക്കുന്നു എന്നു കാണുമ്പോൾ നമ്മളിൽ പലരും “ആഹാ” എന്ന് പറയുന്നതിൽ തെറ്റുപറയാനാവില്ല.
എന്തിനുമുള്ള ഒറ്റമൂലിയോ ?
ഈ തരത്തിലുള്ള നിർമ്മിതബുദ്ധി ഒരു വിസ്മയംതന്നെയാണെങ്കിലും, എന്തിനുമുള്ള ഒറ്റമൂലിയായി നിർമ്മിതബുദ്ധി സംവിധാനങ്ങളെ വാഴ്ത്തുന്നതിനെതിരെ പലരും രംഗത്തുവന്നിട്ടുണ്ട്. അതിൽ പ്രധാനമാണ് അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ അരവിന്ദ് നാരായണനും സായേഷ് കപൂറും. ഒന്നാമതായി ചില കമ്പനികളും, ബാങ്കുകളും നിർമ്മിതബുദ്ധിയുപയോഗിച്ചു തൊഴിലാളികളുടെ സ്വഭാവം പരിശോധിച്ച് തീരുമാനത്തിലെത്തിച്ചേരുന്നതിലുള്ള പ്രശ്നമാണ് ഈ ശാസ്ത്രജ്‍ഞർ എടുത്തുപറയുന്നത്. ഉദാഹരണത്തിന് ഒരു ബാങ്കിലെ നിരവധി വായ്പ അപേക്ഷകളിൽനിന്നും ആർക്കു പണം നൽകണം എന്നറിയാനായി ചില സ്ഥാപനങ്ങൾ ‘നിർമ്മിത ബുദ്ധി’ ഉപയോഗിക്കാനിടയുണ്ട്. ‘പ്രെഡിക്റ്റിവ് ഒപ്ടിമൈസേഷൻ’ എന്ന സാങ്കേതികരീതിയാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്. വ്യക്തികളെക്കുറിച്ചു നിലവിൽ ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ഭാവിയിലെ അവരുടെ അവസ്ഥയെങ്ങനെയാകുമെന്ന് പരിശോധിക്കുന്നത് വഴി ഈ കമ്പനികൾക്ക് “ശരിയായ” ഉപഭോക്താവിനെ/തൊഴിലാളിയെ കണ്ടെത്താൻ കഴിയും എന്നതാണ് വാദം. കേൾക്കുമ്പോൾ പ്രയോജനകരമായി തോന്നാമെങ്കിലും, ആഞ്‌ജലീന വാങ്, സോളൻ ബറോക്കസ്, അരവിന്ദ് നാരായണൻ, സായേഷ് കപ്പൂർ എന്നിവർ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലായതെന്തെന്നാൽ ഇത്തരത്തിൽ വ്യക്തികളുടെ പ്രൊഫൈലുകൾ നിർമ്മിതബുദ്ധിയുപയോഗിച്ച് പരിശോധിച്ച് അനുയോജ്യമായ വ്യക്തിയെ കണ്ടെത്തുന്നതിൽ കംപ്യൂട്ടറിനു പലപ്പോഴും തെറ്റുപറ്റാറുണ്ട് എന്നാണ്. അതുകൊണ്ടു തന്നെ ഈ മേഖലകളിൽ നിർമ്മിതബുദ്ധി സംവിധാനങ്ങളെ പൂർണ്ണമായും വിശ്വസിക്കാൻകഴിയില്ല എന്നും ഇവർ അഭിപ്രായപ്പെടുന്നു.
അരവിന്ദ് നാരായണന്റെയും സായേഷ് കപൂറിൻെറയും ‘എ ഐ സ്നേക്ക് ഓയിൽ‘ ലേഖനസമാഹാരത്തിൽ പറയുന്ന പ്രകാരം, ചാറ്റ് ജി പി ടിയുടെ പുതിയ പതിപ്പായ ജി പി ടി 4 നെക്കുറിച്ചു കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല എന്നാണ്. ഏതൊരു നിർമ്മിതബുദ്ധി സംവിധാനത്തിനെയും കുറിച്ചുള്ള പ്രധാനചോദ്യം അത് പരിശീലിപ്പിക്കപ്പെട്ടിട്ടുള്ള വിവരങ്ങളുടെ വ്യാപ്തിയെക്കുറിച്ചാണ്. ജി.പി.ടി 4നെക്കുറിച്ചുള്ള ഈ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ജി പി ടി 4 വക്കീലുമാരുടെ പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഒറ്റനോട്ടത്തിൽ ജി പി ടി 4 വക്കീലുമാരുടെ പണി കളയുമോ എന്ന് തോന്നാം. പക്ഷെ അതിനു സാധ്യത കുറവാണ് എന്നാണ് അരവിന്ദും സായേഷും പറയുന്നത്. കാരണം ഒരു വക്കീലിന്റെ ജോലി പരീക്ഷയെഴുതുക മാത്രമല്ലല്ലോ. അടുത്തതായി അവർ ചൂണ്ടിക്കാട്ടുന്നത് ജി പിടി4ന് പുറകിലെ ഒരു പിഴവിനെയാണ്. 2021 സെപ്റ്റംബർ 12നു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചു ജി പി ടി4ന് ധാരണയില്ലെന്നും, അതുകൊണ്ടുതന്നെ ജിപിടി 4 പരിശീലിപ്പിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ശരാശരി സംവിധാനമാണെന്നുമാണ് അവർ സൂചിപ്പിക്കുന്നത്. ഈ കാര്യങ്ങളൊക്കെയും ചാറ്റ് ജിപിടി സ്തുതിയിൽ മുങ്ങിപ്പോവുന്നുണ്ട് എന്നതാണ് അരവിന്ദും നാരായണനും സായേഷ് കപൂറും ഉയർത്തുന്ന പ്രധാനകാര്യങ്ങൾ.
സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ
ഇത്തരത്തിലുള്ള ഇമ്മിണി വല്യ ഭാഷാമോഡലുകൾക്കു പിന്നിലെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ മറ്റു വിദഗ്ധരും പങ്കുവെക്കുന്നുണ്ട്. ന്യൂയോർക്ക് സർവ്വകലാശാലയിലെ പ്രഫസറായ ഗാരി മാർക്കസിന്റെ അഭിപ്രായപ്രകാരം, നിർമ്മിതബുദ്ധിയുപയോഗിച്ചു ഭാഷാമോഡലുകളെ നിർമ്മിക്കുന്ന കമ്പനികൾ അവരുടെ പ്രവർത്തനരീതിയും, വിവരശേഖരണ പ്രക്രിയയും സുതാര്യമാക്കണമെന്നാണ്. തനിക്ക് ആശങ്ക കംപ്യൂട്ടറുകളെക്കുറിച്ചല്ലായെന്നും അതുമായി ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചാണെന്നുമാണ് മാർക്കസ് അഭിപ്രായപ്പെടുന്നത് . ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ചാറ്റ് ജി പി ടി നിർമ്മിച്ച ഓപ്പൺ എ ഐ എന്ന കമ്പനിയെയാണ്. തുടങ്ങിയ സമയത്തു ഓപ്പൺ എ ഐ പറഞ്ഞത് ഇങ്ങനെയാണ് – “സാമ്പത്തികലാഭം പ്രതീക്ഷിക്കാതെ മനുഷ്യരെ സഹായിക്കാനായി ഉടലെടുത്തതാണ് ഓപ്പൺ എ ഐ”. എന്നാൽ ഇന്ന് ഓപ്പൺ എ ഐ മൈക്രോസോഫ്റ്റുമായി സാമ്പത്തിക കരാറിലേർപ്പെടുകവഴി പൂർവലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയാണ് എന്ന് മാർക്കസ് അഭിപ്രായപ്പെടുന്നു. ലോകത്തിനാവശ്യം സുതാര്യമായ കമ്പനികളെയാണ്. “ദ റോഡ് റ്റു എഐ വീ കാൻ ട്രസ്റ്റ്” എന്ന ലേഖനത്തിലാണ് മാർക്കസ് ഇത് പറയുന്നത്. എന്തൊക്കെയായാലും മനുഷ്യർ മനുഷ്യർക്ക് വേണ്ടി നിർമ്മിച്ചെടുത്ത നിർമ്മിത ബുദ്ധി സംവിധാനങ്ങളെ എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തമുള്ള ജോലി ഏൽപ്പിക്കുന്നത് ആശങ്കാവഹംതന്നെയാണ്.