നമ്മൂടെ നാഷണൽ ഹൈവേകളിൽ നിലവിൽ തന്നെ ഓവർ സ്പീഡ് സെൻസിംഗ് ക്യാമറകൾ ഉണ്ട്. ആ ക്യാമറകളും ഈ പ്രൊജക്റ്റും ആയി ബന്ധമില്ല. Light Detection and Ranging(LIDAR) എന്ന സാങ്കേതിക വിദ്യ അനുസരിച്ചാണ് ഒട്ടു മിക്ക സ്പീഡ് സെൻസിംഗ് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ഇതിൽ ക്യാമറയും ലിഡാറും രണ്ട് വ്യത്യസ്ഥ യൂണിറ്റുകൾ ആയി പ്രവർത്തിക്കുന്നു. നിശ്ചിത വേഗത്തിൽ കൂടുതൽ LIDAR സെൻസർ കണ്ടെത്തിയാൽ ക്യാമറ പ്രവർത്തിക്കുകയും പ്രസ്തുത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടക്കമുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്ന ലളിതമായ സാങ്കേതിക വിദ്യയാണ് കൂടുതൽ ആയി പ്രചാരത്തിലുള്ളത്. ഇവിടെ ഒരു പ്രശ്നമുണ്ട്. ഈ പറഞ്ഞ് ക്യാമറ മൗണ്ട് ചെയ്തിരിക്കുന്ന ഭാഗത്ത് മാത്രം വേഗം കുറച്ച് ബാക്കിയുള്ള ഭാഗങ്ങളിൽ വേഗ പരിധി ലംഘിച്ച് കുതിച്ച് പായാൻ വാഹനങ്ങൾക്ക് കഴിയുന്നതിലൂടെ വെറും ഒരു സ്പീഡ് ബ്രേക്കറിന്റെ ഗുണം മാത്രമേ ഇത്തരത്തിലുള്ള ക്യാമറകൾ ചെയ്യാറുള്ളൂ. ഈ പ്രശ്നം പരിഹരിക്കാനാണ് ആവറേജ് സ്പീഡ് സെൻസിംഗ് ക്യാമറകൾ ഉപയോഗിക്കുന്നത്. ഇവിടെ ചുരുങ്ങിയത് രണ്ട് ക്യാമറകൾ നിശ്ചിത ദൂര പരിധിക്കകത്ത് സ്ഥാപിക്കപ്പെട്ടിരിക്കും. ഒരു വാഹനം ഈ രണ്ട് ക്യാമറകളെയും മറികടക്കാൻ എടുക്കുന്ന സമയം കണക്കാക്കി വാഹനത്തിന്റെ ശരാശരി വേഗത നിർണ്ണയിച്ച് ഹൈവേയിലെ ഒരു നിശ്ചിത ഭാഗത്തുടനീളം വേഗ പരിധി ഉറപ്പാക്കാൻ കഴിയുന്നതാണ്. ഈ സംവിധാനത്തിന്റെ പ്രശ്നം എല്ലാ വാഹനങ്ങളുടെയും ഡാറ്റ രണ്ട് ക്യാമറകളിലും റെക്കോഡ് ചെയ്യണമെന്നും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നമ്പരുകൾ വേർതിരിച്ചെടുത്ത് എല്ലായ്പോഴും അത് താരതമ്യം ചെയ്തുകൊണ്ട് നിയമ ലംഘനം കണ്ടെത്തേണ്ടതുണ്ട് എന്നതിനാലും സിസ്റ്റം അല്പം സങ്കീർണ്ണമായിരിക്കും. മനസ്സിലാക്കിയിടത്തോളം നമ്മുടെ നാഷണൽ ഹൈവേകളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള സ്പീഡ് ക്യാമറകൾ ഒന്നും തന്നെ ആവറേജ് സ്പീഡ് സെൻസിംഗ് അല്ല മറിച്ച് സ്പോട് സ്പീഡ് സെൻസിംഗ് ആണ് എന്നാണ്.
ഇപ്പോൾ പുതിയതായി ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള 675 AI ക്യാമറകളിൽ വെറും 4 എണ്ണം മാത്രമാണ് സ്പീഡ് വയലേഷൻ സെൻസിംഗിനായി ഉപയോഗിക്കുന്നത് എന്നാണറിയുന്നത്. ഇത് സ്പോട്ട് സ്പീഡ് സെൻസിംഗ് ആണോ അതോ ആവറേജ് സ്പീഡ് സെൻസിംഗ് ആണോ എന്ന കാര്യവും വ്യക്തമല്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് സെൻസിംഗ് സാങ്കേതിക വിദ്യയും ലോക്കലൈസ്ഡ് ഡാറ്റാ പ്രോസസ്സിംഗും നിലവിൽ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ തന്നെ ആവറേജ് സ്പീഡ് സെൻസിംഗ് സാങ്കേതിക വിദ്യ ഇതിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ആവറേജ് സ്പീഡ് സെൻസിംഗ് തന്നെ ആകുമെന്ന് കരുതുന്നു.
ക്യാമറകൾ യഥാർത്ഥത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളവ ആണോ?
ഇപ്പോൾ എല്ലാത്തിന്റെയും കൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നൊരു ടാഗ് ചേർക്കുന്നത് മാർക്കറ്റിംഗിന്റെ ഭാഗമായി ഒരു ഫാഷൻ ആയിരിക്കുകയാണല്ലോ അതിനാൽ ഈ ക്യാമറകളും യഥാർത്ഥത്തിൽ എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതാണോ? അടിസ്ഥാനപരമായി പറഞ്ഞാൽ ക്യാമറകൾ ഒന്നും തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളവയല്ല. പക്ഷേ ക്യാമറയിൽ നിന്ന് ലഭിക്കുന്ന ഇമേജുകളിൽ നിന്നും വീഡിയോകളിൽ നിന്നും ഇമേജ് പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങളെ വേർതിരിച്ചുകൊണ്ട് അവയെ ആർട്ടീഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗിച്ച് പ്രോസസ് ചെയ്യാൻ കഴിയുന്നതാണ്. അതായത് ക്യാമറയും ഈ പറഞ്ഞ ഇമേജ് പ്രോസസ്സിംഗ് + ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും കൂടിച്ചേർന്ന് മൊത്തത്തിൽ വേണമെങ്കിൽ ഈ സംവിധാനത്തെ എ ഐ ക്യാമറ എന്ന് വിളിക്കാം. ഇത്തരത്തിലുള്ള പ്രോസസ്സിംഗ് സംവിധാനങ്ങൾ മുൻ കാലങ്ങളിലൊക്കെ പ്രത്യേകമായ സെർവ്വർ കമ്പ്യൂട്ടറൂകളിൽ ആണ് ചെയ്തിരുന്നതെങ്കിൽ നിലവിൽ ഒരു ക്രഡീറ്റ് കാർഡിന്റെ അത്രയും വലിപ്പത്തിലുള്ള വളരെ ചെറിയ സിംഗിൾ ബോഡ് കമ്പ്യൂട്ടറുകളിലും പ്രത്യേകമായ എംബഡഡ് ബോഡുകളിലുമൊക്കെ ചെയ്യാൻ കഴിയും. അതിനാൽ ക്യാമറയ്ക് അകത്ത് തന്നെ വേണമെങ്കിൽ ഒരു സിംഗിൾ യൂണിറ്റ് ആയി പ്രോസസ്സിംഗ് സംവിധാനത്തെയും ചേർക്കാൻ കഴിയുമെന്നർത്ഥം. ഇത്തരത്തിൽ ലോക്കൽ പ്രോസസ്സിംഗ് (എഡ്ജ് പ്രോസസ്സിംഗ് / എഡ്ജ് കമ്പ്യൂട്ടീംഗ് ) ചെയ്യുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. ട്രാഫിക് വയലേഷൻ ക്യാമറകളുടെ കാര്യമെടുത്താൽ ക്യാമറയിൽ പതിയുന്ന, ക്യാമറയിൽ പ്രോഗ്രാം ചെയ്യപ്പെട്ട നിയമ ലംഘനങ്ങൾ ക്യാമറയിൽ തന്നെ കണ്ടെത്തി നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളും ഫൂട്ടേജും മാത്രം സെർവ്വറുകളിലേക്ക് അയക്കുന്നതിനാൽ സെർവ്വറിൽ വളരെ കുറച്ച് ഡാറ്റ മാത്രമേ ശേഖരിച്ച് വയ്കേണ്ടതുള്ളൂ. അതുപോലെ ക്യാമറയിൽ നിന്നും കണ്ട്രോൾ സെർവ്വറിലേക്കുള്ള ഡാറ്റാ ബാൻഡ്‌വിഡ്തും കുറച്ച് മതിയാകും.
ഇനി എങ്ങിനെ ആണ് ഈ ക്യാമറകൾ നിയമ ലംഘനം കണ്ടെത്തുന്നത് എന്ന് നോക്കാം.
ഏത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിനും ഒരു ഡാറ്റാ സെറ്റ് ഉപയോഗിച്ച് പ്രീ ട്രയിനിംഗ് ലഭിച്ചിട്ടുണ്ടാകും. അതായത് ക്യാമറയിൽ നിന്ന് ലഭിക്കുന്ന ഫൂട്ടേജുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിവരങ്ങൾ ഡാറ്റാസെറ്റുമായി താരതമ്യം ചെയ്ത് ഫൂട്ടേജുകളിലുള്ളവ എന്തെല്ലാമാണെന്ന് വ്യക്തമായി തിരിച്ചറിയുന്നു. അതായത് ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ഒരാൾ ആണെങ്കിൽ അയാൽ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ, കൈകളിൽ മൊബൈൽ ഫോൺ ഉണ്ടോ എന്നൊക്കെയുള്ള വിവരങ്ങൾ ഫൂട്ടേജിന്റെ ഗുണനിലവാരം അനുസരിച്ച് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നു. ഇങ്ങനെ തിരിച്ചറിയുന്ന വിവരങ്ങളിൽ തെറ്റുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവിടെ ആണ് ഈ തെറ്റുകൾ തിരിച്ചറിയാനും അത് തിരുത്താനുള്ള കമാൻഡുകൾ നൽകാനും മനുഷ്യ ബുദ്ധി ആവശ്യമായി വരുന്നത്. കണ്ട്രോൾ റൂമിൽ ഏ ഐ ക്യാമറകൾ ലഭ്യമാക്കുന്ന വയലേഷൻ ഇമേജുകൾ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും അവ നിയമ ലംഘനം തന്നെ ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. നിലവിലെ ട്രാഫിക് നിയമങ്ങൾക്കനുസരിച്ച് പിഴ ചുമത്താൻ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ എന്നതിനാലും സിസ്റ്റത്തിൽ നിന്നും തെറ്റായ വിവരങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അത് ഒഴിവാക്കുന്നതിനും ആണ് ഇങ്ങനെ ഒരു കണ്ട്രോൾ സെന്ററും മോണിറ്ററിംഗും എന്നാണ് അറിയാൻ കഴിയുന്നത്. ഇതിൽ വ്യക്തതക്കുറവുള്ള ഒരു കാര്യം ഈ പറഞ്ഞ സിസ്റ്റത്തിൽ നിന്നുണ്ടാകുന്ന ഫാൾസ് പോസിറ്റീവ് റിസൾട്ടുകൾ മെഷീൻ ലേണിംഗ് അൽഗോരിതത്തിനു നൽകാനും അതനുസരിച്ച് സ്വയം പുതുക്കപ്പെടാനുമുള്ള സംവിധാനം ഉണ്ടോ എന്നതാണ്. അവിടെയും ഒരു പ്രശ്നമുണ്ട് – നിയമ പ്രകാരം മൂന്നു പേർ ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നത് കുറ്റകരമാണ്. ക്യാമറ അത് സെൻസ് ചെയ്യും. പക്ഷേ വിവേചനാധികാരം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ ചെറീയ കുട്ടീകളുമായി യാത്ര ചെയ്യുന്നതിനൊരു ഇളവ് കൊടുത്ത് അതിനെ ഫാൾസ് പോസിറ്റീവ് ആയി മാർക്ക് ചെയ്താൽ പിന്നെ ലേണിംഗ് അൽഗോരിതം അത് തുടർന്ന് സെൻസ് ചെയ്യുന്ന പരിപാടി നിർത്തും അല്ലെങ്കിൽ ആശയക്കുഴപ്പത്തിലായി കൂടുതൽ ഫാൾസ് പോസിറ്റീവുകൾ ഉണ്ടാകും.
എന്തുകൊണ്ട് എല്ലാ നിയമലംഘനങ്ങളും പിടിക്കാനാകുന്നില്ല?
നിലവിൽ തന്നെ പോലീസിനാലും എം വി ഡിയാലും പിടിക്കപ്പെടുന്ന നിയമ ലംഘനങ്ങൾ ഒന്ന് പരിശോധിച്ച് നോക്കുക. ഹെൽമെറ്റ് ഇല്ലാത്ത യാത്ര, ടൂ വീലറിൽ രണ്ടിൽ കൂടൂതൽ പേർ സഞ്ചരിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാത്തത് , ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗം, നോ പാർക്കിംഗ് സോണിലെ പാർക്കിംഗ് തുടങ്ങി പ്രത്യക്ഷത്തിൽ തന്നെ വളരെ എളുപ്പത്തിൽ ഒറ്റ നോട്ടത്തിൽ കണ്ടെത്താൻ കഴിയുന്ന നിയമ ലംഘനങ്ങൾ ആയിരിക്കും ഏറ്റവും കൂടുതൽ. മനുഷ്യന്റെ കാര്യം പോലെത്തന്നെയാണ് മെഷീനിന്റെയും. മനുഷ്യന് എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തന്നെയാണ് മെഷീൻ ഉപയോഗിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുമൊക്കെ ഏറ്റവും എളുപ്പത്തിൽ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ തന്നെ അത് മനുഷ്യ വിഭവശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ അത് വലിയ ഗുണങ്ങൾ ആണ് ചെയ്യുക. ഉദാഹരണത്തിന് ഒരു പോലീസുകാരനെ ഹെൽമെറ്റ് ധരിക്കാത്ത നിയമ ലംഘനം മാത്രം കണ്ടെത്തി പിഴയീടാക്കുന്ന ജോലി ഏൽപ്പിച്ചാൽ പരമാവധി 8 മണിക്കൂർ പണിയെടുത്താൽ തന്നെ നൂറ്റമ്പതോ ഇരുനൂറോ കേസുകൾ ചാർജ് ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷേ ഈ ജോലി ചെയ്യുന്ന ഒരു എ ഐ ക്യാമറയ്ക് രാപകൽ വ്യത്യാസമില്ലാതെ ആയിരക്കണക്കിനു നിയമ ലംഘനങ്ങൾ കണ്ടെത്തി അവയെ വേർതിരിക്കാൻ കഴിയുമെന്നത് വലിയ ഒരു നേട്ടം തന്നെയാണ്. എത്ര അത്യാധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ചാലും ഓട്ടോമേറ്റ് ചെയ്യാൻ കഴിയാത്ത അനവധി കാര്യങ്ങൾ ഉണ്ട്. അത്തരത്തിലുള്ളവയായി മറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനെയും കണക്കാക്കിയാൽ മതി.
ഇങ്ങനെ ഒരു ക്യാമറയ്ക്ക് കോടികൾ ചെലവാകുമോ ?
ഇത് വെറൂം ഒരു ക്യാമറ മാത്രമല്ല മറിച്ച് ക്യാമറകളും സെർവ്വറുകളൂം അവ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള നെറ്റ്വർക്കുകളും കണ്ട്രോൾ സെന്ററുകളും അവ പരിപാലിക്കാനാവശ്യമായ മാൻപവറും എലാം ഉൾക്കൊള്ളിച്ചുകോണ്ടുള്ള ഒരു ഇന്റഗ്രേറ്റഡ് സൊലൂഷൻ ആയതിനാലും പല പ്രൊപ്രൈറ്ററി സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുള്ളതിനാലുമെല്ലാം സ്വാഭാവികമായും ചെലവ് കൂടുതലായിരിക്കും. അതുപോലെ സർക്കാർ പ്രൊജക്റ്റുകളുടെ ചെലവിനെ , അതിനി ഏത് സർക്കാർ ഭരിച്ചാലും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്റ്റുകളുടെ ചെലവുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. എങ്കിലും സർക്കാർ പ്രൊജക്റ്റുകളുടെ ചെലവ് കുറച്ച് കൊണ്ടൂവരേണ്ടത് നമ്മുടെ എല്ലാം ആവശ്യമാണെന്നതിനാൽ അതിനു മാതൃകാപരമായ യാഥാർത്ഥ്യ ബോധത്തോടെയുള്ള ഇടപെടലുകൾ ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെയാണെന്ന വസ്തുത അവഗണിക്കാവുന്നതല്ല.
സ്വകാര്യതാ പ്രശ്നങ്ങൾ
ഇത്തരം ക്യാമറകളിൽ പ്രധാനമായും നിയമ ലംഘനങ്ങൾ മാത്രം അതാത് ക്യാമറകൾ കണ്ടെത്തി അവയുടെ ഫൂട്ടേജുകൾ മാത്രം കണ്ട്രോൾ സെർവ്വറുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നതിനാൽ സാധാരണ പൊതു നിരത്തുകളിൽ കാണുന്ന സർവ്വലൈൻസ് ക്യാമറകളുടെ അത്ര പോലും സ്വകാര്യതാ പ്രശ്നങ്ങൾ കാണാൻ വഴിയില്ല. എങ്കിലും പൊതു ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള സി സി ടി വി ക്യാമറകളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന നിലവിലുള്ള അതേ നിയമങ്ങളും നിബന്ധനകളുമെല്ലാം തന്നെ ആയിരിക്കും ഇത്തരം ക്യാമറകളൂടെ കാര്യത്തിലും ഉള്ളത്.
ബീക്കണും ഇളവുകളും
ബീക്കൺ ലൈറ്റ് ഉള്ള വാഹനങ്ങൾക്ക് ട്രാഫിക് നിയമങ്ങളിൽ നിയമപരമായിത്തന്നെ ഇളവുള്ളതാണല്ലോ. പക്ഷേ അത് ബീക്കൺ ലൈറ്റ് ഉള്ള എമർജൻസി വാഹനങ്ങൾക്ക് മാത്രമാണെന്നാണ് മനസ്സിലാക്കുന്നത്. അതായത് ആംബുലൻസ്, ഫയർ, അത്യാഹിതാവസരങ്ങളിലും നിയമ പരിപാലനത്തിനായുള്ള അത്യാവശ്യ ഘട്ടങ്ങളിലും പോലീസ് / പാരാമിലിട്ടറീ / മിലിട്ടറി വാഹനങ്ങളിലും മാത്രമാണ് ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാവൂ എന്ന് കേന്ദ്ര നിയമത്തിൽ പറയുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ അധികാരത്തിന്റെ ചിഹ്നമായി ഈ ലൈറ്റ് വച്ച വാഹനങ്ങളെ കണക്കാക്കുന്നതിനാൽ എല്ലാ വിധ ട്രാഫിക് നിയമങ്ങളെയും ലംഘിക്കാനുള്ള ഒരു ടൂൾ ആയി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിലെ എ ഐ ക്യാമറകൾ ഇത്തരം വാഹനങ്ങളുടെ നിയമ ലംഘനങ്ങളെ കണ്ടെത്തിയാലും കണ്ട്രോൾ റൂമിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ആയിരിക്കും അവ പരിശോധിച്ച് പിഴ വേണമോ വേണ്ടയോ എന്ന് അവസാന തിരുമാനം എടൂക്കുന്നത് എന്നതിനാൽ ഇപ്പോഴത്തെ സിസ്റ്റത്തിലും സ്വാധീനമുള്ള വി ഐപികൾ രക്ഷപ്പെടാൻ സാഹചര്യം നിലനിൽക്കുന്നു.
നിയമ ലംഘനങ്ങൾ ആണെന്ന് ബോദ്ധ്യമുണ്ടായിട്ടും നിയമപാലകർ രാഷ്ട്രീയ /സാമൂഹിക സമ്മർദ്ദങ്ങളാൽ കണ്ണടക്കുന്നതിനാൽ കാലക്രമേണ നേർപ്പിക്കപ്പെട്ട് ഇല്ലാതായ നിയമങ്ങൾ ധാരാളമുണ്ട്. ഇരു ചക്ര വാഹനങ്ങളിൽ കുട്ടീകളെ കൊണ്ടുപോകുന്നതൊക്കെ അത്തരം നിയമങ്ങൾ ആണ്. ഉത്തരേന്ത്യയിൽ ഗ്രാമ പ്രദേശങ്ങളിലൊക്കെ ജുഗാഡ് എന്ന പേരിൽ ബൈക്കിന്റെ മുൻവശവും ഉന്തുവണ്ടിയുടെ പിൻ വശവുമൊക്കെയായി പല തരം വിചിത്ര വാഹനങ്ങൾ കാണാം. അതൊന്നും നിരോധിക്കുകയോ നിയമത്തിന്റെ വഴിയിലൂടെ പിഴ ഈടാക്കുകയോ സാമൂഹികമായ കാരണങ്ങളാൽ പ്രായോഗികമല്ല. ഇപ്പോൾ എ ഐ ക്യാമറ വന്ന് ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളെ കയറ്റിക്കൊണ്ടുപോകുന്നതുപോലെയുള്ള നിയമ ലംഘനങ്ങൾക്ക് പരക്കെ ഫൈൻ ഈടാക്കാൻ തൂടങ്ങിയാൽ പൊതുഗതാഗത സൗകര്യങ്ങളിൽ പരിമിതി ഉള്ളതും കാർ വാങ്ങാൻ കഴിയാത്തതുമായ ലക്ഷക്കണക്കിനു ആളുകളിൽ നിന്ന് പ്രതിഷേധം ഉണ്ടാകും. അതിൽ രാഷ്ട്രീയ മാനങ്ങൾ കൂടീ കൈവരുന്നതോടെ എത്ര നല്ല ഉദ്ദേശത്തോടെ ഉള്ള നിയമം ആണെങ്കിലും നിയമ ലംഘനങ്ങൾ ഇല്ലാതെ ജീവിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ പരിമിതമാണെന്നതിനാൽ അതിനെതിരെ ജനവികാരം ശക്തമാകും. അപ്പോൾ സ്വാഭാവികമായും സർക്കാരിനു ഇതിനോട് കണ്ണടയ്കേണ്ടി വരുന്നതും ഇളവുകൾ നൽകേണ്ടി വരുന്നതുമായ അവസ്ഥ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ശരാശരി ഇന്ത്യക്കാരന് രണ്ട് കരകളും കൂട്ടി മുട്ടിക്കാൻ നിത്യജീവിതത്തിൽ തന്നെ നിരവധി വലിയ റിസ്കുകൾ എടുക്കേണ്ടി വരുന്നതിനാൽ ആണ് കുഞ്ഞുങ്ങളെയും കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതൊന്നും വലിയ റിസ്ക് ആയും നിയമ ലംഘനം ആയും ഒന്നും തോന്നാത്തത്. തുടർച്ചയായുള്ള ബോധവത്കരണങ്ങളിലൂടെയും സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിലൂടെയും ഒക്കെയേ ഒരു മാറ്റം പ്രതീക്ഷിക്കാനാകൂ . അല്ലാതെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിൽ നിയമങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ബൈനറി കണ്ണുകളിലൂടെ കണ്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ നിയമങ്ങളുടെ അന്തസ്സത്ത തന്നെ നഷ്ടപ്പെടാൻ വഴിയുണ്ട്.