Read Time:7 Minute


ഡോ.ജോർജ്ജ് തോമസ്

 

ജൈവവൈവിധ്യത്തെക്കുറിച്ച് അറിഞ്ഞാൽമാത്രം പോര, അവ എങ്ങിനെയാണ് സംരക്ഷിക്കപ്പെടുന്നതെന്നും അറിയണം!

ജൈവവൈവിധ്യ സംരക്ഷണത്തിന് രണ്ടുതരം മാർഗ്ഗങ്ങൾ ഉണ്ട്. ഒന്നാമതായി, സ്വസ്ഥാനത്തുള്ള സംരക്ഷണം (in situ conservation), അതായത് ജീവജാലങ്ങൾ എവിടെയാണോ ഉള്ളത് അവിടെ സംരക്ഷിക്കപ്പെടുന്നു. രണ്ടാമത്തേത്, സ്വസ്ഥാനത്തിന് പുറത്തുള്ളതാണ് (ex situ conservation). 

ബയോസ്പിയർ റിസർവ്വ് വനങ്ങൾ, നാഷണൽ പാർക്കുകൾ, വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി റിസർവ്വുകൾ, കാവുകൾ, ബയോഡൈവേഴ്സിറ്റിപൈതൃക കേന്ദ്രങ്ങൾ  എന്നിവ സ്വസ്ഥാനത്തുള്ള സംരക്ഷണത്തിന് ഉദാഹരണങ്ങളാണ്.  ബോട്ടാണിക്കൽ ഉദ്യാനങ്ങൾ (ഉദാ. ക്യു, കൽക്കട്ട, ഊട്ടി), ബയോഡൈവേഴ്സിറ്റി പാർക്കുകൾ, മൃഗശാല, അക്വേറിയം, മിയാവാക്കിവനങ്ങൾ, ഫീൽഡു ജീൻബാങ്കുകൾ എന്നിവ സ്വസ്ഥാനത്തിന് പുറത്തുള്ള സംരക്ഷണത്തിന് ഉദാഹരണങ്ങളാണ്.

കാർഷിക രംഗത്ത് സ്വസ്ഥാന സംരക്ഷിത മേഖലകൾ സ്ഥാപിക്കുന്നതിലൂടെയുള്ള സംരക്ഷണം അത്ര എളുപ്പമല്ല.  കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തിന് താഴ്ന്ന ഊഷ്മാവിലുള്ള വിത്ത് സൂഷിപ്പിനും,  ഫീൽഡു ജീൻ ബാങ്കുകൾക്കുമാണ്  പ്രാധാന്യം. അതായത്,  കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തിന് പൊതുവേ സ്വീകരിക്കുന്ന മാർഗ്ഗം സ്വസ്ഥാനത്തിനു പുറത്തുള്ള (ex situ) സംരക്ഷണ രീതികളാണ്.

വളരെ താഴ്ന്ന ഊഷ്മാവിൽ വിത്തുകൾ ഏറെക്കാലം സൂക്ഷിച്ചുവെക്കാം. ലോക രാജ്യങ്ങളുടെ വിത്തുസൂക്ഷിപ്പു കേന്ദ്രങ്ങളിലാകെ 74 ലക്ഷത്തിൽപരം വിവിധ ഇനം വിത്തുകൾ ഇങ്ങനെ സൂക്ഷിക്കുന്നുണ്ട്.  ഇതിനുള്ള സാങ്കേതിക സഹായം റോമിലെ ‘ബയോവേഴ്സിറ്റി ഇന്റർനാഷണൽ’ (Bioversity International) എന്ന സ്ഥാപനമാണ് നൽകുന്നത്.

റോമിലെ ‘ബയോവേഴ്സിറ്റി ഇന്റർനാഷണൽ’ (Bioversity International) ആസ്ഥാനം

ഇത് കൂടാതെ ഒരു കാരണവശാലും വിത്തുകൾ നഷ്ടപ്പെടരുതെന്ന  ഉദ്ദേശത്തോടെയാണ് നോർവേയിലെ സ്വാൽബാർഡ് ദ്വീപിൽ ആഗോള വിത്തു കേന്ദ്രം (Svalbard Global Seed Vault)  സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 45 ലക്ഷം ഇനം വിത്തുകൾ സൂക്ഷിക്കാനുള്ള സൌകര്യമുണ്ട്.

ഇന്ത്യയിൽ കാർഷിക വിളകൾ, കന്നുകാലികൾ, ഉപകാരികളായ കീടങ്ങൾ, സൂക്ഷ്മാണുക്കൾ, മൽസ്യങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനു ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിലിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ കാർഷിക സസ്യങ്ങളുടെ   ജൈവവൈവിധ്യ സംരക്ഷണത്തിനു മാത്രമായി ഒരു കേന്ദ്രമുണ്ട്  (National Bureau of Plant Genetic Resources (NBPGR), New Delhi). ഇതിന് കേരളത്തിൽ ഒരു ഉപകേന്ദ്രവുമുണ്ട്, തൃശൂർ കാർഷിക സർവകലാശാലയുടെ അടുത്ത് തന്നെയാണ് ഇത്. നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് 4.5 ലക്ഷത്തിൽപ്പരം വിത്തിനങ്ങൾ സൂക്ഷിക്കുന്നു.

കന്നുകാലികൾ, കോഴി, താറാവ് പോലുള്ളവയുടെ  ഇനങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഹരിയാനയിലെ കർണാൽ എന്ന സ്ഥലത്താണ് (National Bureau of Animal Genetic Resources, NBAGR). മൽസ്യ സമ്പത്ത് ലക്നോവിലെ National Bureau of Fish Genetic Resources (NBFGR)) എന്ന സ്ഥാപനമാണ് സൂക്ഷിക്കുന്നത്.

National Bureau of Agriculturally Important Micro-organisms,  NBAIM, Mau, UP

അത് പോലെ തന്നെ, കാർഷിക പ്രാധാന്യമുള്ള സൂക്ഷ്മജീവികൾ (National Bureau of Agriculturally Important Micro-organisms,  NBAIM, Mau, UP),  കാർഷിക പ്രാധാന്യമുള്ള പ്രാണികൾ (National Bureau of Agricultural Insect Resources, NBAIR, Bengaluru) എന്നിവയ്ക്കും പ്രത്യേകം കേന്ദ്രങ്ങളുണ്ട്.

ലഡാക്കിലെ ഇന്ത്യൻ വിത്തു കേന്ദ്രം (Indian Seed Vault)

സ്വാൽബാർഡ് ആഗോള വിത്തറയുടെ മാതൃകയിൽ ഇന്ത്യയിലും ഒരു വിത്ത് കേന്ദ്രമുണ്ട്. ലഡാക്കിലെ ഇന്ത്യൻ വിത്തു കേന്ദ്രം (Indian Seed Vault).  NBPGR ന്റെയും പ്രതിരോധ വകുപ്പിന്റെയും സംയുക്ത സംരഭമാണിത്.  ഇതു കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിളകേന്ദ്രീകൃതവും കന്നുകാലികേന്ദ്രീകൃതവുമായ മിക്ക ഗവേഷണകേന്ദ്രങ്ങളും ജേംപ്ലാസം ശേഖരങ്ങൾ സംരക്ഷിച്ചുവരുന്നു.

അടുത്ത കാലത്തായി കാർഷിക ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്ന സംരക്ഷകകർഷകർ (custodian farmer)എന്നൊരു വിഭാഗം കർഷകരെ തിരിച്ചറിഞ്ഞ്പ്രോത്സാഹിപ്പിക്കാനുള്ള ശ്രമവും  ലോകരാഷ്ട്രങ്ങൾ തുടങ്ങിയിട്ടുണ്ട്. കൃഷിയിടങ്ങളിൽ തന്നെയുള്ള (on farm conservation)വൈവിധ്യ സംരക്ഷണമാണ് ഇവർ ചെയ്യുന്നത് ഇവരെ ഇത്തരമൊരു സംരക്ഷണ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നത് പല കാരണങ്ങൾകൊണ്ടാവും.

പക്ഷേ, സംരക്ഷക കർഷകരുടെ അടുത്ത തലമുറ വിത്തിനങ്ങളുടെ സംരക്ഷണവുമായി മുമ്പോട്ടു പോകുമെന്ന് ഉറപ്പൊന്നുമില്ല! അത് കൊണ്ട് തന്നെ പുതിയ ഇനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിൽ നിന്നും വിത്തു സാമ്പിളുകൾ സൂക്ഷിപ്പിനായി അടുത്തുള്ള ഗവേഷണ കേന്ദ്രങ്ങളിലേക്ക് ഉടൻ തന്നെ മാറ്റേണ്ടതുണ്ട്!

നാടൻ വിത്തുകളൊക്കെ പോയി മറഞ്ഞു എന്നു വിലപിക്കുന്നവരോട്! എങ്ങും പോയിട്ടില്ല, ഭാവി തലമുറയ്ക്ക് വേണ്ടി പലയിടങ്ങളിലായി അവയൊക്കെ സൂക്ഷിക്കപ്പെടുന്നുണ്ട്!



Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post പുനർജ്ജനിക്കുന്ന നക്ഷത്രങ്ങൾ
Next post പുതിയ കോവിഡ് വകഭേദം (XE) – ആശങ്കപ്പെടേണ്ടതുണ്ടോ ?
Close