വെള്ളപ്പൊക്കത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ പ്രളയക്കെടുതിക്ക്‌ ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്നവർ നേരിടുന്ന പലവിധ പ്രശ്നങ്ങൾ ഉണ്ട്. ഇനിയുള്ള സമയങ്ങളിൽ പലവിധ രോഗങ്ങൾ പൊട്ടിപുറപ്പെടാനുള്ള സാധ്യതയും വളരെയധികമാണ്. ഇതിനെയൊക്കെ ശാസ്ത്രീയമായ സമീപനത്തിൽ കൂടി മാത്രമേ നമുക്ക് മറികടക്കാൻ സാധിക്കു. പൊതുവിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് ക്രോഡീകരിച്ച് താഴെ കൊടുത്തിരിക്കുന്നു.പൊതു കാര്യങ്ങൾ: 

1. ഒറ്റക്ക് വീടുകളിലേക്ക് മടങ്ങാതിരിക്കുക. ഒന്നിലധികം മുതിർന്നവർ ഒരുമിച്ചു മടങ്ങാൻ ശ്രദ്ധിക്കണം. കുട്ടികളെ ആദ്യ ഘട്ടത്തിൽ ഒഴിവാക്കണം.

2. വീട് വൃത്തിയാക്കുന്നതിന് മുൻപായി കെട്ടിട സുരക്ഷ, പാചക വാതക- വൈദ്യുതി സുരക്ഷ എന്നിവ  ഉറപ്പു വരുത്തണം. വൈദ്യുതി മെയിൻ സ്വിച്ച് വീട്ടിനകത്ത് കയറുന്നതിനു മുൻപ് ഓഫ് ചെയ്യുക.

3. രാത്രി കാലങ്ങളിൽ വീട്ടിലേക്കു പോകുന്നത് ഒഴിവാക്കുക. ഇഴ ജന്തുക്കൾ ഉൾപ്പടെയുള്ള പതിയിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാനാണിത്.

4. ഗെയിറ്റ്, വാതിൽ , ജനാല എന്നിവ തുറക്കുമ്പോൾ ശ്രദ്ധിക്കുക. ചളി, കെട്ടിടത്തിന്റെ ഭദ്രത എന്നിവ അനുസരിച്ച് തുറക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.

5. വാതിലും ജനാലയും തുറന്നതിനു ശേഷം കുറച്ച്  സമയം തുറന്നിടാൻ ശ്രദ്ധിക്കുക. അതിനു ശേഷം മാത്രം അകത്തു കടക്കുക.

6. വീടിന്റെ പരിസരത്ത് മൃഗങ്ങളുടെ മൃതദേഹം ഉണ്ടെങ്കിൽ അത് കൈ കൊണ്ട് നേരിട്ട് തൊടാതെ ശ്രദ്ധിക്കുക.

7. കുറെ ദിവസം അടഞ്ഞു കിടന്ന വീട് വൃത്തിയാക്കുമ്പോൾ അവയിൽ ധാരാളം പൂപ്പ് ഉണ്ടായിരിക്കാം.  വൃത്തിയാക്കുന്നതിന് മുൻപ് ലഭ്യമായ രീതിയിൽ ഗ്ലൗസ്‌, ഗംബൂട്സ്, മാസ്ക്ക് എന്നീ മുൻകരുതലുകൾ എടുക്കുക.

8. വീട്ടിനകത്തു നല്ല കട്ടിയിൽ ചളി ഉണ്ടായിരിക്കും. അത് നീക്കം ചെയ്യാനുള്ള സാമഗ്രികൾ കരുത്തേണ്ടതുണ്ട്.

9. മുറിവുകൾ ഉണ്ടെങ്കിൽ ചെളിവെള്ളം തട്ടാതെ നോക്കണം (ബൂട്സ്‌ ഉപയോഗിക്കാൻ ശ്രമിക്കുക). ടെറ്റനസ് കുത്തിവെപ്പുകൾ മുൻപ് മുഴുവൻ എടുത്തിട്ടില്ലേങ്കിൽ നിർബന്ധമായും ഇവർ ടെറ്റനസ് കുത്തിവെപ്പെടുക്കണം.

വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്:

1. വീടും പരിസരവും വൃത്തിയാകാൻ നമുക്ക് ബ്ലീച്ചിങ് പൗഡർ ലായിനി ഉപയോഗിക്കാം.( 10 ലീറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കിയതിനു ശേഷം ഉപയോഗിക്കുക). ചൂടുവെള്ളവും ബ്ലീച്ചിങ് പൗഡർ ലായനിയും ഉപയോഗിച്ച് വേണം നിലം വൃത്തിയാക്കാൻ. ബ്ലീച്ചിങ് പൗഡറിന് പകരം ഡിറ്റർജെന്റും ഉപയോഗിക്കാവുന്നതാണ്.

2. പ്രളയജലത്തിൽ മുങ്ങിയ എല്ലാ വീട്ടുപകരണങ്ങളും വസ്തുക്കളും നന്നായി തുടച്ചു വൃത്തിയാക്കേണ്ടതാണ്.

3. വസ്ത്രങ്ങൾ പ്രത്യേകമായ് 60 ഡിഗ്രി ചൂട് വെള്ളത്തിൽ ഡിറ്റർജെന്റ് കൊണ്ട് കഴുകുക.

4. ഫ്രിഡ്ജിനകത്ത് അഴുകിയ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടെങ്കിൽ അവ മീഥെയിൻ ഗ്യാസ് ഉണ്ടാക്കും. അത് കൊണ്ട് ഫ്രിഡ്ജ് തുറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

5. കുടിവെള്ള ശ്രോതസ്സ് സൂപ്പർ ക്ലോറിനേഷൻ ചെയ്യണം (1000 ലീറ്റർ വെള്ളത്തിനു 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ ആണ് അത് കിണറ്റിൽ ഒഴിക്കേണ്ടത്)

6. മലിനമായ ഭക്ഷണ സാമഗ്രികൾ പൂർണമായും ഉപേക്ഷിക്കുക.

കിണറ്റിലെ സൂപ്പർ ക്ളോറിനേഷൻ :

നമ്മുടെ കിണറ്റിലെ ഉദ്ദേശം വെള്ളത്തിന്റെ അളവനുസരിച്ച് 1000 ലിറ്ററിന് 5 ഗ്രാം എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ എടുക്കുക. ഒരു ബക്കറ്റിൽ ഈ ബ്ലീച്ചിങ് പൗഡർ കുഴമ്പു പരുവത്തിൽ ആക്കിയതിനു ശേഷം അതിലേക്ക് മുക്കാൽ ബക്കറ്റോളം വെള്ളം നിറക്കുകയും 10 മിനുറ്റിന് ശേഷം അതിന്റെ മുകളിലെ ക്ളോറിൻ കലർന്ന തെളി കിണറ്റിലേക്ക് കപ്പിയുടേയും കയറിന്റെയും സഹായത്തോടെ താഴ്‌ത്തേണ്ടതാണ്. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ വെള്ളം ഉപയോഗിക്കാൻ പാടുള്ളു.

ഭക്ഷണത്തിലെ ശ്രദ്ധ:

1. വെള്ളപൊക്കസമയത്ത് ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും കഴികുമ്പോഴും കൈകൾ നന്നായി കഴുകി വൃത്തിയാക്കാൻ നിഷ്കർഷ കാണിക്കുക.

2. പാചകത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങൾ പ്രത്യേകം മാറ്റി വൃത്തിയായി സൂക്ഷിക്കുക. അവ ഉപയോഗിക്കുന്നതിനു മുൻപ് ബ്ലീച്ചിങ് പൗഡർ ലായിനിയോ ഡിറ്റർജന്റോ ഉപയോഗിച്ച് അണുവിമുക്തമാക്കുക.

3. ഭക്ഷണം നന്നായി പാകം ചെയ്തു മാത്രം കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കുന്നത് പ്രത്യേകിച്ച് ഒഴിവാക്കേണ്ടതാണ്.

4. കുടിക്കാനുപയോഗിക്കുമ്പോൾ വെള്ളം നന്നായി 20 മിനിട്ട് നേരം തിളപ്പിച്ച ശേഷം അടച്ചു സൂക്ഷിക്കുക.

അസുഖങ്ങളെ കുറിച്ച്:

1. പനി, ശരീരവേദന, തലവേദന, മൂത്രത്തിലെ കടും നിറം, ശരീരത്തിലേ തിണർപ്പ്‌, അമിതമായ വയറു വേദന, വയറിളക്കം, നിർത്താത്ത ഛർദ്ദി, കലശലായ ചുമ എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടനടി വൈദ്യസഹായം തേടുക.

2.എലിപ്പനി, ഡെങ്കി പനി, കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ പലവിധ അസുഖങ്ങളും വെള്ളപ്പൊക്ക സമയത്തോ, അതിനു ശേഷമുള്ള ആഴ്ച്ചകളിലോ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

3. ചെളിയിലും മറ്റും വൃത്തിയാക്കുന്നവർ മുൻകരുതലായ് ഡോക്സിസൈക്ലിൻ ഗുളിക (100 mg യുടെ രണ്ടു ഗുളിക ) കഴിക്കുന്നത് വഴി എലിപ്പനി തടയാം.

ദുരന്തത്തിന് ശേഷമുള്ള മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ നേരിടാം:

1. ദുരന്തവുമായ നേരിട്ട് ബന്ധപ്പെട്ടവർക്ക് ഉറക്കക്കുറവ്, അമിതമായ സംഭ്രമം, പ്രതീക്ഷയില്ലായ്മ, വിഷാദം, ദേഷ്യം, കുറ്റബോധം എന്നീ മാനസിക ബുദ്ധിമുട്ടുകളുണ്ടാവാം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കൂടുക, പകർച്ച വ്യാധികളെ കുറിച്ചുള്ള അമിതമായ ഭയം, ഉറക്കമില്ലായ്മ, ഭീതിയുളവാക്കുന്ന സ്വപ്‌നങ്ങൾ, മാസങ്ങൾക്ക് ശേഷമുള്ള പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡർ എന്നീ പ്രശ്നങ്ങളും നേരിടാം.

2. ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്നവർ ഒത്തോരുമിച്ച് സഹകരിച്ച്  കഴിയുന്നതും ഒരുമിച്ച് ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നത് അംഗങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണ്. ക്യാമ്പുകളിൽ കളികൾ, കൂട്ടായ്മകൾ, ഉല്ലാസത്തിനുള്ള മറ്റുപാധികൾ എന്നിവ ലഭ്യമാക്കുന്നത് നന്നായിരിക്കും.

3.  മെഡിറ്റേഷൻ, ശ്വാസോച്ഛാസ വ്യായാമം, മിതമായ വ്യായാമം എന്നിങ്ങനെയുള്ള റിലാക്സേഷൻ മുറകൾ ചെയ്യുന്നത് നല്ലതാണ്.

4. പരസ്പരം കേൾക്കുന്നതും പ്രശ്നങ്ങൾ പങ്കു വെക്കുന്നതും നല്ലതാണ്.

5. ദുരന്തത്തിന്റെ ഭീതി ഉളവാക്കുന്ന വീഡിയോ, ഫോട്ടോ എന്നിവ വീണ്ടും വീണ്ടും ഷെയർ ചെയ്യാതിരിക്കുക എന്നത് ഈ അവസരത്തിൽ പ്രധാനമാണ്.

6. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ്, സന്തോഷിക്കാൻ കഴിയാത്ത അവസ്ഥ, പൊതുവിലുള്ള താൽപര്യക്കുറവ് എന്നിവ കടുത്ത വിഷാദത്തിന്റെ ലക്ഷണങ്ങളാവാം. ഇവ കാണുകയാണെങ്കിൽ അങ്ങനെയുള്ള വ്യക്തികളെ നിർബന്ധമായും ഉടനടി സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയും മരുന്ന് കഴിക്കുകയും വേണം.

[box type=”info” align=”” class=”” width=””]നാം കഴിഞ്ഞ പ്രളയദുരിതം ഒറ്റക്കെട്ടായാണ്  നേരിട്ടത്. ദുരന്തത്തിൽപ്പെട്ട എല്ലാവരും ശാരീരിക-ഭൗതിക വിഷമതകൾ കൂടാതെ പലവിധ മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ടാവാം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സമൂഹമൊന്നാകെയും സർക്കാറും മുന്നോട്ടുവരുന്നുണ്ട്. ഈ ഒത്തോരുമ കൊണ്ട് നാം ഈ വെല്ലുവിളിയെ ഒന്നിച്ച് മറികടക്കുക തന്നെ ചെയ്യും. അതിനായ് എല്ലാവരും ഏക മനസോടെ മുന്നിട്ടിറങ്ങേണ്ട സമയമാണിത്.[/box]

പോസ്റ്ററുകള്‍ക്ക് കടപ്പാട് : ആരോഗ്യജാഗ്രത ഫേസ്ബുക്ക് പേജ്, KSDMA പേജുകള്‍

Leave a Reply