Read Time:21 Minute

ബഹിരാകാശത്ത് മനുഷ്യർക്ക് പ്രത്യുത്പാദനം നടത്താൻ കഴിയുമോ ?, അന്യഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ് ?

ബഹിരാകാശ ഗവേഷണങ്ങളുടെ പല ലക്ഷ്യങ്ങളില്‍ ഒന്ന് ചൊവ്വ പോലെയുള്ള അന്യഗ്രഹങ്ങളിലെ സ്ഥിരതാമസമാണ്. അത്തരം ഒരു ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ ഒട്ടേറെ കടുത്ത വെല്ലുവിളികള്‍ മറികടക്കേണ്ടതുണ്ട്. അവയിലൊന്നാണ് പ്രത്യുല്‍പാദനം. ബഹിരാകാശ സഞ്ചാരികള്‍ നേരിടാന്‍ സാധ്യതയുള്ള സൂക്ഷ്മ ഗുരുത്വാകര്‍ഷണം (microgravity), ഉയര്‍ന്ന അണുവികിരണം (radiation), ഒറ്റപ്പെടല്‍, മാറിയ ആഹാര രീതി, മുറിയുന്ന ഉറക്കം തുടങ്ങിയ സമ്മര്‍ദങ്ങള്‍ (Stress) അവരുടെ പ്രത്യുല്‍പാദന വ്യവസ്ഥയുടെ വിവിധ വശങ്ങളെ വിപരീതമായി ബാധിക്കുമെന്നാണ് ഗവേഷകപക്ഷം. എന്നാല്‍, ബഹിരാകാശ യാത്രികരുടെ എണ്ണം വളരെ കുറവായതിനാലും പലതരത്തിലുള്ള നൈതിക പ്രശ്നങ്ങളാലും ഇതുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും അധികം നടന്നിട്ടില്ല. നേരത്തെ പറഞ്ഞ സമ്മര്‍ദങ്ങള്‍ സ്ത്രീ-പുരുഷ പ്രത്യുല്‍പാദന അവയവങ്ങള്‍, ഗര്‍ഭധാരണം, ഭ്രൂണവളര്‍ച്ച, പ്രസവം തുടങ്ങിയവയെ എങ്ങനെ ബാധിക്കുന്നു എന്നതായിരിക്കണം മുന്‍ഗണന നല്‍കേണ്ട പഠന വിഷയങ്ങള്‍ എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെ അഭിപ്രായം. സസ്തനികളുടെ ശുക്ലത്തെ അണുവികിരണം എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് നേരത്തെ ഒരു പഠനം നടന്നിട്ടുണ്ട്. അതുപോലെ സീ അര്‍ച്ചിന്‍, മല്‍സ്യം, ഉഭയജീവികള്‍ എന്നിവയുടെ ഭ്രൂണവളര്‍ച്ചയില്‍ സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനവും പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, സസ്തനികളുടെ ഭ്രൂണവുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും നടന്നിരുന്നില്ല. അത്തരത്തില്‍ നടന്ന ആദ്യത്തെ പഠനത്തിന്റെ ഫലം ഈയിടെ പുറത്ത് വന്നിരിക്കയാണ്.

സയാക വക്കയാമ (Sayaka Wakayama)

സയാക വക്കയാമ (Sayaka Wakayama) യുടെ നേതൃത്വത്തില്‍ ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ ഈ പഠനം പ്രസിദ്ധീകരിച്ചത് 2023 നവംബര്‍ 17-ന് ഓണ്‍ലൈനായി പുറത്തുവന്ന ഐസയന്‍സ് (iScience) ജേർണലിലാണ്. സൂക്ഷ്മ ഗുരുത്വാകര്‍ഷണം ചുണ്ടെലി ഭ്രൂണത്തിന്റെ വളര്‍ച്ചയെ എങ്ങനെ ബാധിക്കും എന്നതായിരുന്നു പഠനവിഷയം. പ്രസ്തുത പഠനം ശരിയായി മനസ്സിലാകണമെങ്കില്‍ സസ്തനികളിലെ ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 

ഭ്രൂണപഠനത്തിലെ വെല്ലുവിളികള്‍ 

ഭ്രൂണ പഠനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് സസ്തനികളുടെ ഭ്രൂണ പഠനമാണ്. പ്രധാനമായും മൂന്ന് പ്രത്യേകതകളാണ് ഈ ബുദ്ധിമുട്ടിന് കാരണങ്ങള്‍. 

  1. മറ്റ് ജീവിവര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സസ്തനികളുടെ സിക്താണ്ഡങ്ങള്‍ (Zygotes) വളരെ ചെറുതാണ്. ഉദാഹരണത്തിന്, മനുഷ്യ സിക്താണ്ഡത്തിന്റെ വ്യാസം നൂറ് മൈക്രോമീറ്റര്‍ മാത്രമാണ്. ഒരു തവളയുടെ സിക്താണ്ഡത്തിന്റെ വ്യാപ്തം (volume) ഇതിന്റെ ആയിരം മടങ്ങാണ്. 
  2. സിക്താണ്ഡങ്ങളുടെ ഉല്‍പാദനം തീരെ കുറവായതിനാല്‍ പഠനത്തിനാവശ്യമായ സിക്താണ്ഡങ്ങളുടെ ലഭ്യത വലിയൊരു പ്രശ്നമാണ്. സാധാരണയായി പത്തില്‍ കുറവ് അണ്ഡങ്ങള്‍ മാത്രമേ ഒറ്റത്തവണ ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളൂ. 
  3. സസ്തനികളുടെ ഭ്രൂണവളര്‍ച്ച നടക്കുന്നത് അവയുടെ ശരീരത്തിനുള്ളിലാണ്. വളരെ അടുത്ത കാലത്ത് മാത്രമാണ് ശരീരത്തിന് പുറത്ത് ഭ്രൂണങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 

പഠനമാതൃക

സസ്തനികളിലെ ഭ്രൂണപഠനത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണ മാതൃക ചുണ്ടെലികളാണ്. പരീക്ഷണശാലയില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നവയും വര്‍ഷം മുഴുവന്‍ പ്രസവിക്കുന്നവയും ഒരു പ്രസവത്തില്‍ ഒട്ടേറെ സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നവയുമാണ് ചുണ്ടെലികള്‍. ചുണ്ടെലികള്‍ ഗവേഷകരുടെ ഇഷ്ടജീവിയാകാനുള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്. 

ഭ്രൂണവളര്‍ച്ചയുടെ പ്രത്യേകതകള്‍

അണ്ഡവും ശുക്ലവും സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡം പ്രത്യേകരീതിയിലുള്ള വിഭജനപ്രക്രിയയിലൂടെയാണ് ഭ്രൂണമായി മാറുന്നത്. മറ്റ് ജീവിവിഭാഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സസ്തനികളിലെ ഭ്രൂണവളര്‍ച്ച. അണ്ഡാശയത്തില്‍ (Ovary) നിന്നും ഗര്‍ഭാശയത്തിലേക്കുള്ള (Uterus) യാത്രയ്ക്കിടയില്‍ അണ്ഡവാഹിനിക്കുഴലില്‍ (Oviduct/ fallopian tube) വെച്ച് അണ്ഡവും ശുക്ലവും സംയോജിച്ച് സിക്താണ്ഡമുണ്ടാകുകയും (zygote) യാത്ര തുടരുകയും ചെയ്യും. യാത്രയ്ക്കിടയില്‍ത്തന്നെ ഒരു ദിവസത്തിനുശേഷം സിക്താണ്ഡത്തിന്റെ ആദ്യ വിഭജനം ആരംഭിക്കും. നാലാമത്തെ വിഭജനത്തോടെ സിക്താണ്ഡം മോറുല (Morula) എന്നു പേരുള്ള പതിനാറ് കോശങ്ങളുള്ള ഭ്രൂണമായി മാറും. കോശങ്ങളുടെ രണ്ട് പാളികളാല്‍ നിര്‍മ്മിതമാണ് മോറുല. പുറം പാളിയും അകം പാളിയും. അടുത്ത വിഭജനത്തോടെ ഭ്രൂണത്തിന് ഒരു പുറംപാളിയും (trophectoderm) ഒരു കൂട്ടം ആന്തരിക കോശങ്ങളും (inner mass of cells) രണ്ടിനുമിടയില്‍ പൊള്ളയായ ഒരു ഭാഗവും (cavity) ഉണ്ടാകും. ഈ ആന്തരിക കോശങ്ങളുടെ കൂട്ടമാണ് ഒരു ഗര്‍ഭസ്ഥ ശിശുവായി (foetus) മാറുന്നത്. പുറംപാളിയില്‍ നിന്ന് മറുപിള്ളയുമുണ്ടാകും (placenta). ഭ്രൂണവളര്‍ച്ചയുടെ ഈ ഘട്ടത്തെ ബ്ളാസ്റ്റോസിസ്റ്റ് (blastocyst) എന്നും ഉള്ളിലുള്ള പൊള്ളയായ ഭാഗത്തെ ബ്ളാസ്റ്റോസീല്‍ (blastocoel) എന്നുമാണ് വിളിക്കുന്നത്. ബ്ളാസ്റ്റോസിസ്റ്റ് ഗര്‍ഭാശയത്തിലെത്തിയാല്‍ ചുറ്റുമുള്ള ആവരണങ്ങള്‍ പൊഴിച്ച് ഗര്‍ഭാശയഭിത്തിയില്‍ ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. ശേഷമുള്ള വളര്‍ച്ച ആ സ്ഥാനത്തിരുന്നായിരിക്കും. 

ബഹിരാകാശ കേന്ദ്രത്തിലെ പഠനങ്ങള്‍ 

ഗുരുത്വാകര്‍ഷണം തീരെയില്ലാത്ത ബഹിരാകാശത്ത് മനുഷ്യര്‍ക്ക് പ്രത്യുല്‍പാദനം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള ഗവേഷണമാണ് ജപ്പാന്‍ ഗവേഷകര്‍ വിഭാവനം ചെയ്തത്. അങ്ങനെയൊരു സംശയത്തിന് എന്തായിരിക്കാം കാരണം? ബ്ളാസ്റ്റോസിസ്റ്റില്‍ രണ്ട് കൂട്ടം കോശങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. പുറം പാളിയും ഉള്ളിലുള്ള കോശങ്ങളുടെ കൂട്ടവും. ഉള്ളിലുള്ള കോശങ്ങളുടെ കൂട്ടം എപ്പോഴും ഭ്രൂണത്തിന്റെ അടിത്തട്ടിലായിരിക്കും ഉണ്ടാകുക. അത് സൂചിപ്പിക്കുന്നത് മറ്റ് കോശങ്ങളെ അപേക്ഷിച്ച് അവയ്ക്ക് ഭാരം കൂടുതലായിരിക്കാം എന്ന സാധ്യതയാണല്ലോ. ഗുരുത്വാകര്‍ഷണം മൂലമാണ് ബ്ളാസ്റ്റോസിസ്റ്റിലെ വിവിധ കോശങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നതെങ്കില്‍ അതിന്റെ അഭാവത്തില്‍ അവയ്ക്ക് സ്ഥാനചലനം ഉണ്ടാവുകയും അത് ഭ്രൂണവളര്‍ച്ചയെ തടയുകയും ചെയ്യും. അങ്ങനെയെങ്കില്‍ മനുഷ്യര്‍ക്ക് ബഹിരാകാശത്ത് പ്രത്യുല്‍പാദനം അസാധ്യമാകും. പ്രസ്തുത പരികല്പനയുടെ സാധുത പരീക്ഷിക്കുകയായിരുന്നു ഗവേഷണത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മനുഷ്യരില്‍ പരീക്ഷണം നടത്തുക അസാധ്യമായതിനാല്‍ ചുണ്ടെലികളിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണശാല അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവും (International Space Station). ‘ബഹിരാകാശ ഭ്രൂണം’ (Space embryo) എന്നാണ് ഗവേഷകര്‍ തങ്ങളുടെ ഗവേഷണ പദ്ധതിക്ക് പേരിട്ടത്. യഥാര്‍ഥത്തില്‍ ഇരു ലിംഗങ്ങളിലുമുള്ള ചുണ്ടെലികളെ ബഹിരാകാശ കേന്ദ്രത്തിലേക്കയച്ച്, തമ്മില്‍ ഇണചേര്‍ത്തായിരുന്നു പരീക്ഷണം നടത്തേണ്ടിയിരുന്നത്. എന്നാല്‍, അതിന് പ്രായോഗികമായ ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ ചെയ്തത് ആദ്യത്തെ വിഭജനം നടന്ന, രണ്ട് കോശം മാത്രമുള്ള, തണുത്തുറഞ്ഞ (frozen) ഭ്രൂണം ബഹിരാകാശ കേന്ദ്രത്തിലേക്ക് അയക്കുകയാണ്. അവിടെയെത്തിയ ശേഷം ഭ്രൂണത്തിലെ മഞ്ഞുരുക്കി സാധാരണ താപനിലയിലേക്കെത്തിച്ച് (37oC), നാല് ദിവസം വളര്‍ത്തിയെടുത്തു. ജപ്പാനിലെ സുകുബ ബഹിരാകാശ കേന്ദ്രത്തില്‍ (Tsukuba Space Center) നിന്നും അമേരിക്കയിലെത്തിച്ച ഭ്രൂണങ്ങള്‍ 2021 ആഗസ്ത് 29 ന് സ്പേസ്-എക്സ് 23 (Space X 23) വഴി ബഹിരാകാശ കേന്ദ്രത്തിലെത്തിച്ചു.

നാൾവഴികൾ

ബഹിരാകാശ കേന്ദ്രത്തിലെ പരീക്ഷണം തുടങ്ങിയത് സപ്തംബര്‍ ആറാം തീയതി. തൊണ്ണൂറ് ഭ്രൂണങ്ങളടങ്ങിയ എട്ട് യൂണിറ്റുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. അവയില്‍ നാലെണ്ണം സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിലും നാലെണ്ണം കൃത്രിമമായി ഉണ്ടാക്കിയ സാധാരണ ഗുരുത്വാകര്‍ഷണത്തിലുമാണ് (1g) വളര്‍ത്തിയെടുത്തത്. നാല് ദിവസത്തിനുശേഷം പ്രത്യേക രാസലായനികള്‍ കുത്തിവെച്ച് ഭ്രൂണങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുത്തി. തുടര്‍ന്ന് റെഫ്രിജറേറ്ററില്‍ അടച്ചുവെച്ച ഭ്രൂണങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയച്ചു. സപ്തംബര്‍ 30-ന് അവ സുരക്ഷിതമായി ഭൂമിയിലെത്തി. ബാക്കിയുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടന്നത് ജപ്പാനിലെ പരീക്ഷണശാലയില്‍. 

ബഹിരാകാശ കേന്ദ്രത്തിലെ പരീക്ഷണങ്ങളെല്ലാം നടത്തിയത് ഈ മേഖലയില്‍ വിദഗ്ധരല്ലാത്ത ബഹിരാകാശയാത്രികര്‍(astronauts) തന്നെയായിരുന്നു. അതിനുവേണ്ടി പ്രത്യേക ഉപകരണങ്ങളും പ്രോട്ടോകോളും ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരുന്നു. അങ്ങനെ വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും പ്രോട്ടോകോളും ഉപയോഗിച്ച് ഭാവിയിലും ബഹിരാകാശയാത്രികര്‍ക്ക് സമാനമായ പരീക്ഷണങ്ങള്‍ നടത്താം എന്നത് ഈ പഠനത്തിന്റെ ഒരു സുപ്രധാന നേട്ടമാണ്. 

തെറ്റിയ പരികല്പന

ബഹിരാകാശത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഭൂമിയിലും ആവര്‍ത്തിച്ചു. പരീക്ഷണത്തിന് ശേഷം നടത്തിയ വിശകലനത്തില്‍ സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍ വളര്‍ത്തിയെടുത്ത 23.6% ഭ്രൂണങ്ങള്‍ ആരോഗ്യമുള്ള ബ്ലാസ്റ്റോസിസ്റ്റുകളായി മാറിയതായി കണ്ടു. മാത്രമല്ല, അവയുടെ ജനിതകഘടന പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായും കണ്ടു. താരതമ്യത്തിന് വേണ്ടി ഭൂമിയിലും ബഹിരാകാശത്തിലും സാധാരണ ഗുരുത്വാകര്‍ഷണത്തില്‍ (1g) നടത്തിയ പരീക്ഷണങ്ങളില്‍ കിട്ടിയ ബ്ലാസ്റ്റോസിസ്റ്റുകളുടെ എണ്ണം ഇതില്‍ കൂടുതലായിരുന്നു (യഥാക്രമം 61.2%, 29.5%). അങ്ങനെയാണെങ്കിലും സൂക്ഷ്മഗുരുത്വാകര്‍ഷണത്തിലും ഭ്രൂണങ്ങള്‍ വളര്‍ന്ന് ബ്ലാസ്റ്റോസിസ്റ്റുകളായി മാറും എന്ന നിരീക്ഷണത്തിലൂടെ, തങ്ങളുടെ പരികല്പന തെറ്റായിരുന്നു എന്ന് സ്ഥാപിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. സസ്തനികളുടെ ഭ്രൂണവളര്‍ച്ചയില്‍ ഗുരുത്വാകര്‍ഷണത്തിന് യാതൊരു പങ്കുമില്ല എന്ന സുപ്രധാനമായ കണ്ടെത്തലാണ് ഈ പരീക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടം. ബഹിരാകാശകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ലഭിച്ച ബ്ലാസ്റ്റോസിസ്റ്റുകളുടെ എണ്ണം കുറവായതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ പഠനത്തിന്റെ പരിമിതിയായി ഗവേഷകര്‍ തന്നെ സമ്മതിക്കുന്നത് പരീക്ഷണങ്ങളുടെ എണ്ണക്കുറവാണ്. 

ഭാവിയിലേക്കുള്ള വാഗ്ദാനങ്ങള്‍ 

ഡൈനസോറുകളെ പോലെ മനുഷ്യനും വംശനാശം സംഭവിക്കുമോ? കാലാവസ്ഥാ വ്യതിയാനം ഇതുപോലെ തുടരുകയാണെങ്കില്‍ അനതിവിദൂരമായ ഭാവിയില്‍ ഭൂമി വാസയോഗ്യമല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. സ്വാഭാവിക കാരണങ്ങളാലും അതിവിദൂര ഭാവിയില്‍ ഇതുതന്നെ സംഭവിക്കാം. അങ്ങനെയെങ്കില്‍ മുങ്ങിത്താഴുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതുപോലെ ഭൂമിയില്‍ നിന്ന് രക്ഷപ്പെടേണ്ട ഒരു സന്ദിഗ്ദാവസ്ഥ മനുഷ്യനടക്കമുള്ള ഭൂമിയിലെ ജീവികള്‍ക്ക് ഉണ്ടായെന്നു വരാം. ആ രക്ഷാദൗത്യത്തെ കുറിച്ച് ഇപ്പോള്‍ത്തന്നെ ചിന്തിച്ചു തുടങ്ങിയ ശാസ്ത്രജ്ഞരുണ്ട്. മനുഷ്യരാശിക്ക് മുമ്പില്‍ രണ്ട് രക്ഷാസാധ്യതകളാണുള്ളത്: ഒന്നുകില്‍ സമീപത്തുള്ള ഏതെങ്കിലും ഗ്രഹത്തിലേക്ക് കുടിയേറുക, അല്ലെങ്കില്‍ നമ്മുടെ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒരു ബാഹ്യഗ്രഹത്തിലേക്ക് (exoplanet) കുടിയേറ്റം നടത്തുക. ആദ്യത്തെ സാധ്യതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണെങ്കില്‍ മനുഷ്യര്‍ക്ക് അവരുടെ ആയുസ്സിനിടയില്‍ തന്നെ അത്തരം ഒരു കുടിയേറ്റം സാധ്യമാണ്. ഇപ്പോള്‍ തന്നെ സമീപഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ ലഭ്യമാണല്ലോ. രണ്ടാമത്തേതാണെങ്കിലോ? ഒരു മനുഷ്യായുസ്സില്‍ എത്തിപ്പെടാന്‍ പറ്റിയ ദൂരത്തില്‍ ഒരു ബാഹ്യഗ്രഹവും നമ്മുടെ പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയ ഗ്രഹങ്ങളെല്ലാം അനവധി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ്. അങ്ങനെയെങ്കില്‍ അത്തരം ഗ്രഹങ്ങളിലേക്ക് എങ്ങനെ കുടിയേറും? അതിനും മറുപടിയുണ്ട് ശാസ്ത്രജ്ഞരുടെ കൈയില്‍. കൃത്രിമ ഗര്‍ഭാശയത്തില്‍ അടക്കം ചെയ്ത, തണുത്തുറഞ്ഞ ഭ്രൂണങ്ങളെ വിദൂര ഗ്രഹങ്ങളിലേക്കയക്കാം എന്ന ആശയമാണ് അവര്‍ മുമ്പോട്ടുവെക്കുന്നത്. ലക്ഷ്യസ്ഥാനത്തിലെത്തിയാല്‍ ഭ്രൂണവളര്‍ച്ചയ്ക്ക് തുടക്കം കുറിക്കാനും ‘പ്രസവശേഷം’ കുട്ടിയെ വളര്‍ത്താനും പ്രത്യേകമായി വികസിപ്പിച്ചെടുത്ത യന്ത്രമനുഷ്യരേയും കൂടെ അയക്കും. കേള്‍ക്കുമ്പോള്‍ കെട്ടുകഥയായി തോന്നുമെങ്കിലും ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മാവിശ്വാസമുണ്ട്. ഭ്രൂണങ്ങളുടെ ബഹിരാകാശ കുടിയേറ്റം (Embryo Space Coloni-sation-ESC) എന്നാണ് ഈ ആശയത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ആ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഒരു എളിയ കാല്‍വെപ്പായി വക്കയാമയും സംഘവും നടത്തിയ പഠനത്തെ കണക്കാക്കാം. എന്നാല്‍, ഇനിയും ഒരുപാടൊരുപാട് മുമ്പോട്ട് പോകാനുണ്ട്. ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ നീല്‍ ആംസ്ട്രോങ് പറഞ്ഞത് ഓര്‍ത്തെടുക്കാം: “മനുഷ്യന് ഒരു ചെറിയ കാല്‍വെയ്പ്, മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം.”

അധികവായനയ്ക്ക്

ശാസ്ത്രഗതി 2024 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

അനുബന്ധ വായനയ്ക്ക്

ഫെർമിള പ്രഹേളിക- ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ഭൂമിയുടെ ചരിവും മാനവസംസ്കാരവും
Happy
Happy
13 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
63 %

Leave a Reply

Previous post LUCA SCIENCE POSTER SERIES – സ്വന്തമാക്കാം
Next post ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം നേടിയവര്‍
Close