ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാം തൂക്കം കുറയും എന്ന് ഈ അടുത്ത് ഇറങ്ങിയ 21 ഗ്രാംഎന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഈ നിഗമനത്തിന്റെ ശാസ്ത്രീയത ഒന്ന് പരിശോധിക്കാം. എഴുതിയത് : പ്രൊഫ.എ.സുകേഷ് അവതരണം : നിതിൻ ലാലച്ചൻ

കേൾക്കാം


മനുഷ്യന് ആത്മാവുണ്ട്. മറ്റ് ജീവികൾക്ക് ഇല്ല എന്ന വിശ്വാസക്കാരനായിരുന്നു ഡങ്കൻ മക്ഡൂഗൽ (Duncan MacDougall) എന്ന ഡോക്ടർ. മരിക്കുമ്പോൾ ആത്മാവ് ശരീരത്തിൽ നിന്നും പുറത്ത് പോകുമെങ്കിൽ ശരീരത്തിന്റെ ഭാരം കുറയണമല്ലോ. ഇത് കണ്ടെത്താൻ 1901 ൽ അദ്ദേഹം മരിച്ചുകൊണ്ടിരിക്കുന്ന ആറ് രോഗികളെ പ്രത്യേകം സജ്ജീകരിച്ച കിടക്കകളിൽ കിടത്തി ഭാരം അളന്നു. മരണ സമയത്ത് അതിൽ ഒരു രോഗിയുടെ ഭാരം 21 ഗ്രാം കുറഞ്ഞു എന്ന് നിരീക്ഷിച്ചു. മറ്റൊരു രോഗിയുടെ ഭാരം ആദ്യം കുറഞ്ഞു എങ്കിലും പിന്നീട് അത് കൂടുകയുണ്ടായി.

ഡങ്കൻ മക്ഡൂഗൽ (Duncan MacDougall)

മറ്റ് രണ്ട് രോഗികളിൽ മരണ സമയത്ത് ഭാരം കുറഞ്ഞു. എന്നാൽ മരിച്ച് കുറച്ചു കഴിഞ്ഞ് പിന്നെയും കുറയുന്നതായി കണ്ടു. ഈ പരീക്ഷണഫലങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം അവകാശപ്പെട്ടത് മരിക്കുമ്പോൾ ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും 21 ഗ്രാം ഭാരം കുറയുന്നു എന്നാണ്. ഒരു രോഗിയിൽ മാത്രമാണല്ലൊ ഈ ഫലം വന്നത് എന്ന വിമർശനത്തിന് അദ്ദേഹം കൊടുത്ത മറുപടി, മറ്റ് രോഗികളുടെ കാര്യത്തിൽ ഭാരം അളക്കുന്ന ഉപകരണത്തിന്റെ പിഴവുകൾ കൊണ്ടാണ് തെറ്റായ ഫലം വന്നത് എന്നാണ്?

The New York Times-ല്‍  1907 – March 11 ന് പ്രസിദ്ധീകരിച്ചത്

ഇതിന് തുടർച്ചയായി അദ്ദേഹം നായ്ക്കളിൽ ഇതേ പരീക്ഷണം നടത്തി നോക്കി. മരിച്ചുകൊണ്ടിരുന്ന 15 നായകളിൽ ഈ പരീക്ഷണം നടത്തിയപ്പോൾ ആരിലും ഭാരം കുറഞ്ഞില്ല എന്ന് കണ്ടെത്തി. അങ്ങനെ മനുഷ്യന് ആത്മാവുണ്ട് എന്നും മറ്റ് ജീവികൾക്ക് അതില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു!!!

ഈ പഠനം ശാസ്ത്രജ്ഞരുടെ ഇടയിൽ വിമർശനങ്ങൾക്ക് ഇടയാക്കി. പഠനത്തിന് തെരഞ്ഞെടുത്ത ഭൂരിപക്ഷം രോഗികളിലും ഇത് കണ്ടെത്താതെ പഠനത്തിന്റെ നിഗമനത്തിലേക്ക് എത്തി (Selective Reporting) എന്നതാണ് ഒരു വിമർശനം. പഠനവിധേയമാക്കിയ രോഗികളുടെ എണ്ണം വളരെ ചെറുതായിരുന്നു എന്നത് മറ്റൊരു വിമർശനം. ഈ പരീക്ഷണം പിന്നീട് മറ്റുള്ളവർ ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് ഇതേ ഫലം കിട്ടിയില്ല എന്നത് മൂന്നാമത്തെ വിമർശനം (2001 ൽ ഹൊളാന്റർ നടത്തിയ ഒരു പരീക്ഷണത്തിൽ മരിക്കുമ്പോൾ ഭാരം കൂടുന്നതായാണ് കണ്ടത്). അതുകൊണ്ടാണ് ഈ പരീക്ഷണത്തെയും അതിന്റെ ഫലത്തെയും ശാസ്ത്രലോകം ശാസ്ത്രീയമായി കണക്കാക്കാത്തത്. ശരീരത്തിന് പുറത്ത് ജീവന്‍ നിലനിൽക്കുന്നതിനോ, ആത്മാവ് എന്ന സങ്കൽപ്പത്തിനോ യാതൊരുവിധ തെളിലും ഇതുവരെ ലഭിച്ചിട്ടില്ല.


2022 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്


Leave a Reply

Previous post ചെളി പോലൊരു റോബോട്ട് 
Next post റിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും
Close