Read Time:23 Minute

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ തുടങ്ങിയ നക്ഷത്ര രാശികൾ; അശ്വതി, കാര്‍ത്തിക, രോഹിണി, പുണർതം തുടങ്ങിയ നക്ഷത്രരൂപങ്ങൾ; തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങൾ എന്നിവയും ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ നഗ്നനേത്രങ്ങളാൾ കാണാൻ കഴിയുന്ന അഞ്ചു ഗ്രഹങ്ങൾ ഇവയൊക്കെ ഈ മാസത്തെ ആകാശക്കാഴ്ചകളാണ്.

ഫെബ്രുവരി 15ന് രാത്രി 7.30ന് മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശം

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും

ഫെബ്രുവരിയിലെ സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നീ സൗരരാശികളെ ഫെബ്രുവരിയില്‍ നിരീക്ഷിക്കാൻ സാധിക്കും. ചിങ്ങംരാശി പൂര്‍ണ്ണമായും ഉദിച്ചുയരാൻ എട്ടര കഴിയണം. ക്രാന്തിപഥത്തിലായാണ് ഇവയെ കാണാൻ കഴിയുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തി പഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിപഥം (ecliptic). 18° വീതിയിൽ ക്രാന്തി പഥത്തിനിരുവശത്തുമായി ഭൂമിക്കു് ചുറ്റുമുള്ള ഒരു സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 30° വീതമുള്ള 12 സമഭാഗങ്ങളാക്കി, ഓരോന്നിനും അവയിലുള്ള ഓരോ നക്ഷത്രഗണത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

മീനം (Pisces)

പടിഞ്ഞാറെ ആകാശത്ത് ചക്രവാളം മുതൽ ഏകദേശം 45° മുകളിൽ വരെയായായി മീനം രാശിയെ (Pisces) ഫെബ്രുവരിയിൽ സന്ധ്യയ്ക്ക് കാണാനാകും. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

മേടം

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിനും ശീർഷബിന്ദുവിനും (zenith) മദ്ധ്യത്തിലായി (ചക്രവാളത്തിൽ നിന്നും ഏകദേശം 45°മുതൽ 60° വരെ മുകളിലായി) ത്രികോണാകൃതിയില്‍ കാണപ്പെടുന്ന രാശിയാണ് മേടം (Aries). നീണ്ടുമെലിഞ്ഞ ത്രികോണം പോലെയുള്ള ഈ നക്ഷത്രഗണത്തിന് ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. മേടം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഹമാൽ (Hamal) ആണ്. ഹമാലും അതിനെക്കാൾ തിളക്കം കുറഞ്ഞ മറ്റുരണ്ടു നക്ഷത്രങ്ങളുമാണ് മേടത്തിലെ പ്രധാന നക്ഷത്രങ്ങൾ. കൂടാതെ തിളക്കം കുറഞ്ഞ മറ്റൊരു നക്ഷത്രത്തെയും രാശിയുടെ തുടക്കത്തിലായി കാണാം. മേടം രാശിയുടെ തുടക്കത്തിലുള്ള മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ചാന്ദ്രഗണമായ അശ്വതി. ഇതേ രാശിയിൽ തന്നെ, അശ്വതിക്കും കിഴക്കായി സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന മങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി.

ഇടവം

ഫെബ്രുവരി സന്ധ്യയ്ക്ക്, നിരീക്ഷകന്റെ തലയ്ക്കുമുകളിലായി ശീർഷബിന്ദുവിനടുത്തായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രവും അതിനു വടക്കുകിഴക്കായി കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന രാശിയാണ് ഇടവം. ഒരു കാളയുടെ ആകൃതിയാണ് ഇടവത്തിനു സങ്കല്പിച്ചിട്ടുള്ളത്. കാളയുടെ കണ്ണിന്റെ സ്ഥാനത്തുള്ള ചുവന്ന നക്ഷത്രത്തിന്റെ പേര് ബ്രഹ്മഹൃദയം (Aldebaran) എന്നാണ്. ബ്രഹ്മഹൃദയം ഉൾപ്പെടുന്നതും V എന്ന ആകൃതിയിൽ കാണപ്പെടുന്നതുമായ ചാന്ദ്രഗണമാണ് രോഹിണി. രോഹിണിയും അതിനു മുകളിൽ കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം (Taurus) എന്നും പറയാം.

മിഥുനം (Gemini)

വടക്കുകിഴക്കെ ചക്രവാളത്തിൽനിന്നും ഏകദേശം 40° മുതൽ 60° വരെ മുകളിലായി മിഥുനം രാശിയെ കാണാം. എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശബരൻ (Orion) നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായണ് മിഥുനത്തിന്റെ സ്ഥാനം. കാസ്റ്റർ, പോളക്സ് എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. ഇരട്ടകളുടെയോ യുവ മിഥുനങ്ങളുടെയോ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

കർക്കിടകം (Cancer)

കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുതൽ 40° വരെ മുകളിൽ, മിഥുനത്തിനു നേരെ താഴെയായാണ് ഈ മാസം കര്‍ക്കിടകം (Cancer) രാശിയുടെ സ്ഥാനം. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിലില്ല. . ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം.

ചിങ്ങം

കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിലായി സന്ധ്യയ്ക്ക് ചിങ്ങം (Leo) രാശി ഉദിച്ചുയരുന്നുണ്ടാകും. ചിങ്ങം രാശി പൂര്‍ണ്ണമായും ഉദിച്ചുയരാൻ എട്ടര കഴിയണം. ചിങ്ങം രാശിയുടെ തലഭാഗത്ത്, അരിവാൾ പോലെ (ചോദ്യചിഹ്നം പോലെ) തോന്നിക്കുന്ന നക്ഷത്രക്കൂട്ടത്തിൽ ഏറ്റവും തെക്കുഭാഗത്തായി കാണുന്ന റെഗുലസ് (Regulus) ആണ് ചിങ്ങത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം. റെഗുലസും അതോടു ചേര്‍ന്ന് തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ന്നതാണ് മകം എന്ന ചാന്ദ്രഗണം. കാലിന്റെയും അരക്കെട്ടിന്റെയും ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങൾ ചേര്‍ന്നത് പൂരവും വാൽ ഭാഗത്തുള്ള നക്ഷത്രം ഉത്രവുമാണ് (Denebola).

മറ്റു നക്ഷത്രഗണങ്ങള്‍

വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും
വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും

വേട്ടക്കാരന്‍ (Orion)

ഫെബ്രുവരിയില്‍ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് ശബരൻ എന്ന വേട്ടക്കാരന്‍. സന്ധ്യയ്ക്ക് തലയ്ക്കു മുകളിൽ അല്പം തെക്കുകിഴക്കായി ഇതു ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ എന്നാണ്. വടക്കോട്ടാണ് അയാളുടെ തല. മകീര്യം അഥവാ മൃഗശീർഷം എന്ന ചാന്ദ്രഗണമാണ് തലയായി സങ്കല്പിച്ചിട്ടുള്ളത്. കിഴക്കെ തോളിലെ ചുവന്ന നക്ഷത്രം തിരുവാതിരയും (Betelgeuse) പടിഞ്ഞാറേ തോളിലെ നക്ഷത്രം ബെല്ലാട്രിക്സും (Bellatrix) ആണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നുണ്ട്. ഇത് വേട്ടക്കാരന്റെ അരപ്പട്ടയായി (Belt) സങ്കല്പിച്ചിരിക്കുന്നു; അരപ്പട്ടയിലെ മധ്യനക്ഷത്രത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

ഓറിയോണ്‍ – ഒരു വഴികാട്ടി

ഓറിയണിന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുട‍ർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്തിലേക്ക് നീളും.

ബൃഹച്ഛ്വാനം (Canis Major)

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് (Sirius – രുദ്രൻ) ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹച്ഛ്വാനം. വേട്ടക്കാരന് തെക്കു കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്. രോഹിണിയിലെ ചുവന്ന നക്ഷത്രവും വേട്ടക്കാരന്റെ ബെല്‍റ്റും ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം (മുകളിലെ ചിത്രം നോക്കുക).

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades / seven sisters). ഇതൊരു തുറന്ന താരവ്യൂഹം (Open cluster) ആണ്.

ഒരു ഭീമൻ തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രത്തങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം.

പ്രാജിത (Auriga)

Auriga

വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത (Auriga). അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella). ഇടവം രാശിയുടെ കൊമ്പ് ഭാഗത്തുള്ള ഒരു നക്ഷത്രവുംകൂടി ഉൾപ്പെടുന്നതാണ് ഈ നക്ഷത്രഗണം.

കാശ്യപി

ഫെബ്രുവരി സന്ധ്യയ്ക്ക് വടക്കൻ ചക്രവാളത്തിനു മുകളിൽ കാണാനാകുന്ന നക്ഷത്രഗണങ്ങൾ

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). ഫെബ്രുവരി സന്ധ്യയ്ക്ക് ഇത് വടക്ക്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിനിന്നും ഏകദേശം 20°-30° മുകളിലായി കാണപ്പെടും. വടക്കുപടിഞ്ഞാറു ദിശയിൽ കാശ്യപി അസ്തമിക്കുന്നതോടെ വടക്ക് കിഴക്കു ദിശയിൽ സപ്ത‍‍ർഷിമണ്ഡലം ഉദിച്ചുയരും.

മറ്റുള്ളവ

മിരാൾ (Andromeda)

ഫെബ്രുവരിയിലെ പടിഞ്ഞാറൻ ആകാശം

വടക്ക്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിനിന്നും ഏകദേശം 20°-30° മുകളിലായി കാണാൻ കഴിയുന്ന നക്ഷത്രഗണമാണ് മിരാൾ (Andromeda). M31 എന്ന ആൻഡ്രോമിഡ ഗാലക്സി ഇതിനുള്ളിലാണ്. നിലാവില്ലാത്ത രാത്രികളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാൻ കഴിയും.

അഗസ്ത്യൻ (Canopus)

തെക്ക ചക്രവാളത്തിൽ അല്പം കിഴക്കുമാറി ഏകദേശം 25° ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അഗസ്ത്യൻ (Canopus). പപ്പിസ് (Puppis) എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണിത്.

അകെർനർ (Achernar)

തെക്ക്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽനിന്നും ഏകദേശം 10° ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അകെർനർ (Achernar). യമുന (Eridanus) എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണിത്.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. അത്തരം ഒരു അവസരമാണ് ഈ മാസം ഫെബ്രുവരി

ബുധൻ

മാസാദ്യം സൂര്യസാമീപ്യം മൂലം ബുധനം കാണാനാകില്ല. കുംഭം രാശിയിലാണ് ബുധൻ (Mercury) കാണപ്പെടുന്നത്. മാസത്തിലെ അവസാന വാരം മുതൽ വൈകിട്ട് 6:45-ഓടെ നോക്കിയാൽ പടിഞ്ഞാറെ ചക്രവാളത്തിനു തൊട്ടു മുകളിലായി ബുധനെ കാണാം.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. 

സൂര്യാസ്തമനത്തിനു മുമ്പായിത്തന്നെ ശുക്രനെ പടിഞ്ഞാറെ ചക്രവാളത്തിൽ പ്രഭയോടെ കാണാനാകും. പടിഞ്ഞാറെ ആകാശത്ത് ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രസമാനമായ വസ്തു ശുക്രനാണ്. മീനം രാശിയിലായാണ് ഈ മാസം ശുക്രനെ കാണാനാവുക.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ചൊവ്വ

സന്ധ്യക്കു നോക്കിയാൽ  കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിലായി ഇളം ചുവപ്പ് നിറത്തിൽ തിളങ്ങിനിൽക്കുന്ന ചൊവ്വയെ (Mars) കാണാനാകും. മിഥുനം രാശിയിലാണ് സ്ഥാനം. മാസാദ്യം സന്ധ്യക്ക് ചക്രവാളത്തിൽ നന്നും ഏകദേശം 35° മകളിലായി കാണാനാകുന്ന ചൊവ്വ ക്രമേണ മുകളിലേക്ക് നീങ്ങുകയും മാസാവസമാനം സന്ധ്യക്ക് ഏകദേശം 60° മുകളിലായി എത്തിച്ചേരുകയും ചെയ്യും.  സന്ധ്യക്ക് കിഴക്ക്-വടക്കുകിഴക്കെ ആകാശത്തിൽ നക്ഷത്രസമാനമായി തോന്നുന്നതും ഇളം ചുവപ്പ് നിറത്തിൽ ഏറ്റവും ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ചൊവ്വ. അതിനാൽ പ്രയാസം കൂടാതെ ചൊവ്വയെ തിരിച്ചറിയാനാകും.

വ്യാഴം

ഈ മാസം സന്ധ്യക്ക് തലക്കുമുകലിൽ കാണുന്ന തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). ഇടവം രാശിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ഏതാണ്ട് തലക്കുമുകളിൽ പ്രഭതൂകി നില്ക്കുന്ന വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാനാകും.

12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്ത വർഷം മിഥുനം രാശിയിലായിരിക്കും വ്യാഴം ഉണ്ടാവുക.

ശനി

മാസാദ്യം സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 20° മുകളിൽ കുംഭം രാശിയിൽ ശനിയെ (Saturn) കാണാം. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യക്ക് ശനി ചക്രവാളത്തോട് അടുത്തായി കാണപ്പെടും. മാസാവസാനം അത് ചക്രവാളത്തോടടുക്കുകയും നിരീക്ഷണം പ്രയാസമാവുകയും ചെയ്യും. ശുക്രനോടടുത്ത് കാണപ്പെടുന്ന നക്ഷത്രസമാനായ വസ്തുക്കളിൽ ശുക്രൻ കഴിഞ്ഞാൽ തിളക്കത്തോടെ കാണപ്പെടുന്ന ശനിയെ തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. ജനുവരി 18-ന് ശനിയെ ശുക്രന് അടുത്തായി കാണാനാകും.

2025 ഫെബ്രുവരിയിലെ ഗ്രഹസ്ഥാനങ്ങൾ (7.30pm)

ചന്ദ്രൻ

അമാവസി കഴിഞ്ഞ് മൂന്നാം ദിവസമാണ് ഫെബ്രുവരി 1. അന്ന് സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കലയായി ചന്ദ്രനെ കാണാം. തുടർന്നുള്ള സന്ധ്യകളിൽ  ചക്രവാളത്തിൽ നിന്നുള്ള അതിന്റെ ഉയരം കൂടിവരികയും മുഖം വലുതായി വരികയും ചെയ്യും. ഫെബ്രുവരി 5-ന് സന്ധ്യക്ക് ചന്ദ്രനെ തലക്കുമുകളിലായി കാണാം. അന്നത് അർദ്ധചന്ദ്രരൂപത്തിലായിരിക്കും. ചന്ദ്രന്റെ ഈ മുഖത്തിന് ഒന്നാപാദം എന്നു വിളിക്കുന്നു. ഫെബ്രുവരി 12-ന് ആണ് പൗർണ്ണമി. അന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽ ചന്ദ്രൻ ഉദിച്ചുയരും. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രമുഖം ശോഷിച്ചുകാണുകയും ഉദയം വൈകിവരികയും ചെയ്യും. ഫെബ്രുവരി 20-ന് അത് ഉദിക്കുന്നത് അർദ്ധരാത്രി ആയിരിക്കുകയും അതിന്റെ മുഖം അർദ്ധവൃത്താകാരമായിരിക്കുകയും ചെയ്യും: അതാണ് ചന്ദ്രന്റെ അവസാന പാദം. ഫെബ്രുവരി 28 ന് വീണ്ടും അമാവാസിയാകും.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2025 ഫെബ്രുവരി 15-നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര് ? – Kerala Science Slam
Close