Read Time:17 Minute

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. ഉത്തരഅയനാന്തം ജൂൺ 20ന് ആണ്.

സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ സൗരരാശികളെ ജൂണിൽ‍ നിരീക്ഷിക്കാം. വടക്ക്-പടിഞ്ഞാറുമുതല്‍ തെക്കു-കിഴക്കായാണ് ജൂണിൽ‍ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വലയമാണ് രാശിചക്രം (Zodiac). രാശിചക്രത്തെ 30 ഡിഗ്രിവീതമുള്ള 12 ഭാഗങ്ങളാക്കി വിഭജിച്ച്, ഓരോ ഭാഗത്തിനും അവയിലുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

കര്‍ക്കിടകം (Cancer)

കര്‍ക്കിടക രാശി

പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായാണ് ജൂണിലെ സന്ധ്യയ്ക്ക് കര്‍ക്കിടകം രാശി കാണാൻ കഴിയുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

ചിങ്ങം (Leo)

Leo Constellation ml

ശീർഷബിന്ദുവിൽ നിന്നും 10°മുതൽ 40° വരെ പടിഞ്ഞാറുമാറി ജൂണിൽ ചിങ്ങം രാശിയെ കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (Regulus/α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് വാൽഭാഗത്ത് കാണപ്പെടുന്ന ദെനെബോല (Denebola / β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം എന്ന ചാന്ദ്രഗണമാണ്. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം രൂപപ്പെടുന്നു.

കന്നി (Virgo)

ചിങ്ങത്തിനും കിഴക്കു മാറി ജൂണിലെ സന്ധ്യക്ക് ഏതാണ്ട് മദ്ധ്യാകാശത്തായി കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര അഥവ ചിത്തിര.

തുലാം (Libra)

ജൂൺ മാസത്തിൽ തലയ്ക്ക് മുകളിൽ നിന്നും ഏകദേശം 10°-30° തെക്കു-കിഴക്കുമാറി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് തുലാം രാശിയുടെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാൽ മഴക്കാറുള്ളപ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്.

വൃശ്ചികം (Antares)

ജൂണിൽ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ചക്രവാളത്തോടു ചേര്‍ന്ന് വൃശ്ചികം രാശി കാണപ്പെടുന്നു. ചക്രവാളം മുതൽ ഏകദേശം 30° വരെ മുകളിലായി വൃശ്ചികത്തെ കാണാം. പ്രയാസമേതുമില്ലാതെ തിരിച്ചറിയാൻ സാധിക്കുന്ന നക്ഷത്രഗണമാണ് വൃശ്ചികം. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ് (Antares). ഇതൊരു ചുവപ്പ് ഭീമൻ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തിൽ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങൾ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം ചാന്ദ്രഗണം.

മറ്റു പ്രധാന താരാഗണങ്ങൾ

സപ്തര്‍ഷിമണ്ഡലം (Ursa Major)

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (വലിയ കരടി / Big Bear / Big dipper). ജൂൺമാസത്തിലെ സന്ധ്യയ്ക്ക് ഇതിനെ വടക്കെ ചക്രവാളത്തിനു മുകളിൽ വടക്കെ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി നിരീക്ഷിക്കാം. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്.

  • സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും. വടക്ക് ദിശ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗമായി ഇതിനെ ഉപയോഗിക്കാം.
  • അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
  • അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വക്രവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും. ഈ വക്രം വീണ്ടും നീട്ടുകയാണെങ്കിൽ അത് ചിത്രയിലെത്തും.

അവ്വപുരുഷന്‍ (Bootes)

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക്, ചിത്രയ്ക്കും അല്പം വടക്കു മാറി, അവ്വപുരുഷന്‍ (ബുവുട്ടിസ്) എന്ന താരാഗണത്തെ കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം. (മുകളിലെ ചിത്രം നോക്കുക)

ലഘുലുബ്ധകൻ (Canis Minor)

പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിൽ തിളക്കമേറിയ ഒരു നക്ഷത്രത്തെയും ഒപ്പം തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ. ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും (Procyon) തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമൈസയും (Gomeisa) ആണ്.

മഹിഷാസുരനും (Centaurus) ത്രിശങ്കുവും (Crux)

തെക്കന്‍ ചക്രവാളത്തിനു മുകളിലായി (ഏകദേശം 15°) തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാവുന്നതാണ്. അവയിൽ കിഴക്കുഭാഗത്തുകാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി അഥവ റിഗിൽ കെന്റ് (Rigil Kentarus/Alpha Centauri). ആൽഫാ സെന്റോറിക്ക് തൊട്ടുപടിഞ്ഞാറായി ഹദാര്‍ അഥവ ബീറ്റ സെന്റോറി (Hadar/Beta Centauri) എന്ന നക്ഷത്രം കാണാം. ഇവയുൾപ്പെടുന്ന നക്ഷത്രഗണമാണ് മഹിഷാസുരൻ (Centaurus). ആകാശഗംഗ ഈ താരാഗണത്തിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് ആൽഫാ സെന്റോറി, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ളത് ഹദാറും.

തെക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം. ഇതിലെ കുത്തനെയുള്ള രണ്ട് നക്ഷത്രങ്ങൾ ചേർത്ത് ചക്രവാളത്തിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് ദക്ഷിണ ദിശ കാണിച്ചുതരും.

മറ്റുള്ളവ

  • വടക്ക്-കിഴക്ക് ആകാശത്തിൽ, ചക്രവാളത്തിൽനിന്നും ഏകദേശം 10° മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ (Vega). ലൈറ (Lyra) എന്ന താരാഗണത്തിന്റെ ഭാഗമാണിത്.
  • ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30° തെക്കായി (ചക്രവാളത്തിൽ നിന്നും ഏകദേശം 60° ഉയരത്തിൽ) ചിത്രയ്ക്ക് തെക്കുപടിഞ്ഞാറി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തം (അത്തക്കാക്ക – Corvus).
  • വടക്കന്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. ഇതിന്റെ വാൽഭാഗത്ത് കാണുന്ന നക്ഷത്രമാണ് ധ്രുവൻ (Polaris).

ഗ്രഹങ്ങൾ

Venus-real color

ശുക്രൻ (Venus)

സൂര്യസമീപകമായതിനാൽ ശുക്രനെ ഈ മാസം നീരീക്ഷിക്കാൻ പ്രയാസമാണ്. മാസാവസാനത്തോടെ സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിലായി ദൃശ്യമായിത്തുടങ്ങും.

ചൊവ്വ (Mars)

2024 ജൂൺമാസത്തിൽ പുലർച്ചെ 3 മണിയോടെ കിഴക്കെ ചക്രവാളത്തിൽ ചവ്വ ഉദിച്ചുയരും. തുടക്കത്തിൽ മീനം രാശിയിലായിരിക്കും, രണ്ടാം വാരം അവസാനത്തോടെ മേടം രാശിയിലേക്ക് പ്രവേശിക്കും. പുലർച്ചെ അഞ്ചുമണിയോടെ നോക്കുകയാണെങ്കിൽ കിഴക്കെ ആകാശത്തിനു മധ്യത്തിലായി ഇളം ചുവപ്പ് നിറത്തിൽ തിളങ്ങിനില്ക്കുന്ന ചൊവ്വയെ പ്രയാസമില്ലാതെ തിരിച്ചറിയാനാകും.

വ്യാഴം (Jupiter)

വ്യാഴം

2024 ജൂൺമാസം പുലർച്ചെ ഉദിക്കുന്ന വ്യാഴത്തെ കിഴക്കെ ചക്രവാളത്തിനു മുകളിലായി 4 മണിമുതൽ കാണാനാകും. ഇടവം രാശിയിലായാണ് സ്ഥാനം. സൂര്യോദയത്തിനു മുമ്പോയി കുഴക്കെ ചക്രവാളത്തിനു മുകളിൽ ഏറ്റവും തിളക്കത്തിൽ കാണാനാകുന്ന നക്ഷത്രസമാനമായ ഖഗേളം വ്യാഴമാണ്. അതിനാൽ വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാനാകും.

ശനി (Saturn)

2024 ജൂൺമാസം രാവിലെ 5.30-ഓടെ നിരീക്ഷിക്കുകയാണെങ്കിൽ ശീർഷബിന്ദുവിനടുത്തായി കുംഭം രാശിയിൽ ശനിടെ കാണാം. മാസാദ്യം ശീർഷബിന്ദുവിൽ നിന്നും 30° തെക്കുകിഴക്കായും മാസം പകുതിയോടെ ശീർഷബിന്ദുവിൽ നിന്നും 20° തെക്കുകിഴക്കായും മാസാവസാനത്തോടെ ശീർഷബിന്ദുവിൽ നിന്നും ഏകദേശം 17° തെക്കുമാറിയും ശനിയെ നിരീക്ഷിക്കാം. ഈ മാസം സൂര്യോദയത്തിനു മുമ്പായി മധ്യാകാശത്ത് ഏറ്റവും തിളക്കത്തിൽ കാണാനാകുന്ന നക്ഷത്രസമാനമായ ഖഗേളം ശനിയാണ്. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

ബുധൻ (Mercury)

മാസാദ്യം സൂര്യോദയത്തിനു മുമ്പ് നിരീക്ഷിക്കുകയാണെങ്കിൽ കിഴക്കെ ചക്രവാളത്തിൽ നിന്നും 20° മുകളിലായി ബുധനെ കാണാനാകും. തുടർന്ന് പുലർച്ചെ അത് ചക്രവാളത്തോട് കൂടുതൽ കൂടുതൽ അടുത്ത് വരും. മാസം പകുതിയോടെ സൂര്യസമീപകമാകുകയും നീരീക്ഷണം സാധിക്കാതെ വരികയും ചെയ്യും. മൂന്നാം വാരത്തോടെ സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ ദൃശ്യമായിത്തുടങ്ങും. മാസാവസാനത്തോടെ സന്ധ്യക്ക്, പടിഞ്ഞാറെ ചക്രവാളത്തിൽനിന്നും ഏകദേശം 25° മുകളിലായി ബുധനെ കാണാം.


ജൂണിലെ ജ്യോതിശാസ്ത്ര വിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

ജൂൺ 6അമാവാസി. മങ്ങിയ ആകാശവസ്തുക്കളെ നിരീക്ഷിക്കാൻ പറ്റിയ സമയം.
ജൂൺ 20ഉത്തര അയനാന്തം (June solstice)
ജൂൺ 22പൗർണ്ണമി

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • ജൂൺ15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
Happy
Happy
67 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നമ്മുടെ ഭൂമി, നമ്മുടെ ഭാവി
Next post രാഷ്ട്രീയം, മതം, ശാസ്ത്രം, ശാസ്ത്രബോധം
Close