Read Time:26 Minute

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; ശുക്രനും വ്യാഴവും ശനിയും ചൊവ്വയും തീർക്കുന്ന ഗ്രഹഘോഷയാത്ര;  ഉദിച്ചുവരുന്ന വേട്ടക്കാരൻ; പടിഞ്ഞാറു തിരുവോണം… താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2024 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ

ഡിസംബറിന്റെ ആകാശമാപ്പ് – മധ്യകേരളം രാത്രി 7.30

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും

സൗരരാശികൾ

സന്ധ്യാകാശത്ത് ഡിസംബറിൽ നിരീക്ഷണം നടത്തുന്നവര്‍ക്ക് ക്രാന്തിപഥത്തിന് (ecliptic) ഇരുവശത്തുമായി പടിഞ്ഞാറുനിന്നും യഥാക്രമം മകരം, കുംഭം, മീനം, മേടം, ഇടവം എന്നീ രാശികളെ നിരീക്ഷിക്കാൻ സാധിക്കും. തെക്കുപടിഞ്ഞാറ്-വടക്കുകിഴക്കായാണ് ഈ മാസം സന്ധ്യക്ക് ക്രാന്തിപഥം കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ രാശികളെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം (zodiac). രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

മകരം (Capricorn)

മകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണ്‌ മകരം. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. പ്രഭയുള്ള നക്ഷത്രങ്ങൾ ഈ രാശിയിലില്ല. തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ, ധനുവിനും മുകളിലായി ഏകദേശം 20°-40° മുകളിലായി മകരം രാശിയെ ഡിസംബറി‍ൽ കാണാനാകും.

കുംഭം (Aquarius).

കുടമേന്തിയ ആളിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രഗണമാണ് കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും നമ്മളുടെ ശ്രദ്ധയാകർഷിക്കുന്ന നക്ഷത്രങ്ങളൊന്നുമില്ല. തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽനിന്നും ഏകദേശം 40°-60° മുകളിലായി കുംഭംരാശിയെ കാണാം.

മീനം (Pisces)

ശീർഷബിന്ദുവിനു ചുറ്റുമായി മീനം രാശിയെ (Pisces) ഡിസംബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

ഒരു സ്ഥലത്തിന് നേർമുകളിലായി (ഗുരുത്വാകർഷണബലത്തിന് വിപരീതമായ ദിശ) ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (zenith). ശീർഷബിന്ദുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു.

മേടം (Aries)

ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20° മുതൽ 35° വരെ വടക്കുകിഴക്കു ദിശയിൽ മേടം രാശിയെ (Aries) നിരീക്ഷിക്കാം. നീണ്ടുമെലിഞ്ഞ ഒരു ത്രികോണം പോലെയുള്ള ഈ നക്ഷത്രഗണത്തിന് ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. മേടം നക്ഷത്രഗണത്തിലെ പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം അല്പം കുറഞ്ഞ മറ്റു മൂന്ന് നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. തുടക്കത്തിലുള്ള മൂന്ന് നക്ഷത്രങ്ങൾ ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

ഇടവം (Taurus)

പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന സൗരരാശിയാണ് ഇടവം (Taurus). ഡിസംബറിൽ സന്ധ്യയ്ക്ക് കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 20° മുതൽ 50° വരെ മുകളിലായി ഇടവം രാശി ഈ മാസം കാണപ്പെടും. ഇടവം രാശിയിലെ ഏറ്റവും തിളക്കമുള്ള ചുവന്ന നക്ഷത്രമാണ് ബ്രഹ്മർഷി (Aldebaran). ഇടവം രാശിയിലായി Λ എന്ന ആകൃതിയില്‍ കാണുന്ന നക്ഷത്രക്കൂട്ടം രോഹിണി എന്ന ചാന്ദ്രഗണമാണ്. രോഹിണിയും അതിനു താഴെ (അല്പം വടക്കുമാറി) കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം രാശി.

മറ്റു പ്രധാന നക്ഷത്രഗണങ്ങള്‍

Orion the hunter.jpg

ശബരൻ എന്ന വേട്ടക്കാരന്‍ (Orion the hunter)

സൗരരാശികള്‍ കഴിഞ്ഞാല്‍ ഡിസംബറിൽ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ്  ശബരൻ എന്ന വേട്ടക്കാരന്‍ (Orion the hunter). ഈ മാസം സന്ധ്യയ്ക്ക് ഇത് കിഴക്കന്‍ ചക്രവാളത്തിനു മുകളില്‍ പൂര്‍ണമായും ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ്. തലഭാഗം വടക്കും കാലുഭാഗം തെക്കുമായാണ് വേട്ടക്കാരൻ ആകാശത്തു കാണപ്പെടുന്നത്. മൂന്ന് നക്ഷത്രങ്ങൾ അടുത്തടുത്തായി ചേർന്നിരിക്കുന്നതാണ് അയാളുടെ തല (ഇന്ത്യക്കാർക്ക് മകീര്യം അഥവാ മൃഗശീർഷം എന്ന ചാന്ദ്രഗണമാണിത്). വേട്ടക്കാരന്റെ ഇരു തോളുകളിലെയും കാൽമുട്ടുകളിലെയും തിളക്കമേറിയ നാലു നക്ഷത്രങ്ങൾ ഒരു ചതുർഭുജം തീർക്കുന്നു. കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര – Betelgeuse) പടിഞ്ഞാറേ തോളിലെ നക്ഷത്രം ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരപ്പട്ടയായി (ബെൽറ്റ്) സങ്കല്പിച്ചിരിക്കുന്നു. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളായി കണക്കാക്കുന്നു. പുതുനക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന ഒരു നെബ്യൂലയാണിത്.

വേട്ടക്കാരൻ- ഒരു വഴികാട്ടി

മറ്റ് നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാനുള്ള ഒരു സഹായി കൂടിയാണ് വേട്ടക്കാരൻ. വേട്ടക്കാരന്റെ ബല്‍റ്റിലെ നക്ഷത്രങ്ങളിൽ കൂടി ഒരു രേഖ സങ്കല്പിച്ച് വടക്ക് പടിഞ്ഞാറേക്ക് നീട്ടിയാൽ അത് തിളക്കമുള്ള ചുമന്ന ഒരു നക്ഷത്രത്തിലെത്തും. ഇടവം രാശിയിലെ ബ്രഹ്മഹൃദയം (Aldebaran) എന്ന നക്ഷത്രമാണ് അത്.  വേട്ടക്കാരന്റെ ബൽറ്റിൽ നിന്നും രോഹിണിയിലേക്കുള്ള സങ്കല്പരേഖ വീണ്ടും വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള കാര്‍ത്തിക (Pleiades) എന്ന നക്ഷത്രക്കൂട്ടം കാണാം.

വേട്ടക്കാരന് തെക്കു കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് രുദ്രൻ അഥവ സിറിയസ് (Sirius). സൂര്യൻ കഴിഞ്ഞാൽ നാം കാണുന്ന നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം. സിറിയസ് ഉള്‍പ്പെടുന്ന താരാഗണമാണ് ബൃഹച്ഛ്വാനം. വേട്ടക്കാരനോടൊപ്പമുള്ള ഈ നായയുടെ കഴുത്തിലെ മണിയായാണ് സിറിയസ്സിനെ കണക്കാക്കുന്നത്.

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക.

ഭാദ്രപദം (Pegasus)

സൗരരാശികള്‍ കഴിഞ്ഞാല്‍ ഡിസംബറിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപദം. പറക്കുംകുതിര എന്നും ഇത് അറിയപ്പെടുന്നു. സന്ധ്യയ്ക്ക് ശീർഷബിന്ദുവിൽ നിന്നും അല്പം വടക്കുപടിഞ്ഞാറായിട്ടാണ് ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ പൂരുരുട്ടാതിയും, കിഴക്കുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

ഭാദ്രപഥം
ഭാദ്രപദവും ആൻഡ്രോമിഡയും

ഗരുഡന്‍ (Aquila)

പടിഞ്ഞാറേ ചക്രവാളത്തോടു ചേര്‍ന്ന് സന്ധ്യയ്ക്ക് കാണാന്‍ കഴിയുന്ന നക്ഷത്രമസൂഹമാണ് ഗരുഡൻ. ഡിസംബറിലെ സന്ധ്യക്ക് ഗരുഡൻ അസ്തമിക്കുകയാകും. ഇതിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 20° മുകളിൽ ഈ സമയം ഈ നക്ഷത്രത്തെ കാണാം. ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്. ശ്രവണനെ മാത്രമായും തിരുവോണം എന്നു പറയുന്നവരുണ്ട്.

ഭാദ്രപഥത്തിൽ നിന്നും വടക്കുപടിഞ്ഞാറായി കാണുന്ന താരാഗണമാണ് ജായര (Cygnus). വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുതൽ 45° വരെ ഉയരത്തിലായി ജായരയെ കാണാം. ജയരയിലെ പ്രഭയേറിയ നക്ഷത്രമാണ് ദെനബ് (Deneb). ഗ്രീക്ക് ഭാഷയിൽ സിഗ്നസ് എന്നാൽ അരയന്നമാണ്.

കാശ്യപി (Cassiopeia)

വടക്കേ ആകാശത്ത് , ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി . സന്ധ്യയോടെ ഇത് വടക്കെ ചക്രവാളത്തിനിന്നും 40° മുകളിലായി കാണപ്പെടുന്നു.

വടക്കൻ ചക്രവാളത്തിൽ കാണാൻ കഴിയുന്ന നക്ഷത്രഗണങ്ങൾ

മറ്റുള്ളവ

  • സന്ധ്യക്ക് വടക്കുപടിഞ്ഞാറായി, ജായരക്കും താഴെ അസ്തമിക്കാറായി കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് അഭിജിത്ത് (Vega). ലൈറ (Lyra) എന്നീ നക്ഷത്രഗണത്തിലെ പ്രഭയേറിയ നക്ഷത്രമാണിത്. ഒരിക്കൽ ചാന്ദ്രനക്ഷത്രപ്പട്ടികയിൽ ഇടം പിടിച്ചിരുന്ന നക്ഷത്രമാണ് അഭിജിത്ത്.
  • വടക്കുകിഴക്ക് ചക്രവാളത്തിനു മുകളിൽ ഏകദേശം ഷഡ്ഭുജാകൃതിയില്‍ കാണുന്ന നക്ഷത്ര സമൂഹമാണ് ഓറിഗ (Auriga). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് കാപ്പെല്ല (Capella).
  • തെക്കുഭാഗത്ത് ചക്രവാളത്തോട് ചേര്‍ന്ന് കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് അകെർനർ (Achernar). യമുന (Eridanus) എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണിത്. തിളക്കത്തിൽ ഒമ്പതാം സ്ഥാനമുള്ള നക്ഷത്രമാണിത്.
  • കാശ്യപിക്കു പടിഞ്ഞാറായി സെഫ്യൂസ് നക്ഷത്രഗണം, വടക്കുകിഴക്കായി പെഴ്സിയസ് നക്ഷത്രഗണം എന്നിവയും കാണാവുന്നതാണ്.
Summer Triangle ML.svg

ഖഗോള മദ്ധ്യരേഖയ്ക്ക് വടക്കായി കാണപ്പെടുന്ന തിളക്കമേറിയ നക്ഷത്രങ്ങളായ ശ്രവണൻ, അഭിജിത്, ദെനബ് എന്നിവ ചേര്‍ത്ത് ഒരു ത്രികോണം സങ്കല്പിക്കാവുന്നതാണ്. ഇതിനെ വേനൽ ത്രികോണം (Summer triangle) എന്നു വിളിക്കുന്നു. ഡിസംബർ സന്ധ്യക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ചക്രവാളത്തിനു മുകളിലായി വേനൽ ത്രികോണം കാണാനാകും.

ചന്ദ്രൻ

ഡിസംബർ 1ന് അമാവാസിയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഏകദേശം തെക്കുപടിഞ്ഞാറ് ചക്രവാളത്തിനു മുകളിലായി ചന്ദ്രക്കല രൂപത്തിൽ സന്ധ്യക്ക് ചന്ദ്രനെ കാണാനാകും. ദിവസം കഴിയുന്തോറും ചക്രവാളത്തിൽ നിന്നുള്ള അതിന്റെ ഉയരം കൂടിവരികയും മുഖം വലുതായി വരികയും ചെയ്യും. ഡിസംബർ 8ന് സന്ധ്യക്ക് ചന്ദ്രനെ തലക്കുമുകളിലായി കാണാം. അന്നത് അർദ്ധചന്ദ്രരൂപത്തിലായിരിക്കും. ചന്ദ്രന്റെ ഈ മുഖത്തിന് ഒന്നാപാദം എന്നു വിളിക്കുന്നു. ഡിസംബർ 15-ന് ആണ് പൗർണ്ണമി. അന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽ ചന്ദ്രൻ ഉദിച്ചുയരും. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രമുഖം ശോഷിച്ചുകാണുകയും ഉദയം വൈകിവരികയും ചെയ്യും. ഡിസംബർ 23-ന് അത് ഉദിക്കുന്നത് അർദ്ധരാത്രി ആയിരിക്കുകയും അതിന്റെ മുഖം അർദ്ധവൃത്താകാരമായിരിക്കുകയും ചെയ്യും: അതാണ് ചന്ദ്രന്റെ അവസാന പാദം. ഡിസംബർ 31 ന് വീണ്ടും അമാവാസി സംഭവിക്കും.

ചന്ദ്രസ്ഥാനങ്ങൾ

  • ഡിസംബർ 2: വൃശ്ചികം രാശിയുടെ അവസാന ഭാഗം (മൂലം ചാന്ദ്രഗണം)
  • ഡിസംബർ 3, 4: ധനു രാശി (പൂരാടം, ഉത്രാടം ചാന്ദ്രഗണങ്ങൾ)
  • ഡിസംബർ 5: ശുക്രന്റെ അടുത്ത് (ധനുരാശിയുടെ തുടക്കം).
  • ഡിസംബർ 8: കുഭം രാശി. ശനിയും ചന്ദ്രനും അടുത്തടുത്തായി കാണപ്പെടും.
  • ഡിസംബർ 12: മേടം രാശി
  • ഡിസംബർ 13: കാർത്തികയ്ക്ക് അടുത്ത്
  • ഡിസംബർ 14: ഇടവം രാശിയിലെ രോഹിണി എന്ന ചാന്ദ്രഗണത്തിനടുത്ത്
  • ഡിസംബർ 15: (പൗർണമി) ഇടവം രാശിയിൽ ചന്ദ്രനെയും വ്യാഴത്തെയും അടുത്തടുത്തായി കാണാനാകും.
  • ഡിസംബർ 17: മിഥുനം രാശിയിലെ പോളക്സിനടുത്ത്
  • ഡിസംബർ 18: കർക്കിടകം രാശിയിൽ കാണപ്പെടുന്ന ചൊവ്വയുമായി സംഗമിക്കും.
  • ഡിസംബർ 20: ചിങ്ങത്തിലെ റെഗ്യുലസിന് അടുത്ത്
  • ഡിസംബർ 25: കന്നിയിലെ ചിത്രക്കടുത്ത്
  • ഡിസംബർ 28: വൃശ്ചികത്തിലെ തൃക്കേട്ടയ്ക്കടുത്ത്

ഗ്രഹങ്ങൾ

നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2024 ഡിസംബറിലെ രാത്രിയിൽ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളെ കാണാൻ സാധിക്കും.

നഗ്നനേത്രങ്ങളാൾ ആകാശത്ത് കാണാനാകുന്ന എല്ലാ ഗ്രഹങ്ങളെയും ഈ ഡിസംബർ രാത്രിയിൽ കാണാനാകും. സന്ധ്യക്കുതന്നെ ശുക്രൻ, വ്യാഴം, ശനി എന്നിവ ആകാശത്തുണ്ടാകും. രാത്രി ഒമ്പതോടെ ശുക്രൻ പടിഞ്ഞാറ് അസ്തമിക്കും; അല്പം കഴിയുമ്പോൾ കിഴക്ക് ചക്രവാളത്തിൽ ചൊവ്വ ഉദിച്ചുയരും; പതിനൊന്നരയോടെ ശനി അസ്തമിക്കും; പുലർച്ചെ ബുധൻ ഉദിച്ചുയരും: അങ്ങനെ രാത്രി മുഴുവൻ കാത്തിരുന്നാൽ അഞ്ചുഗ്രഹങ്ങൾ ചേർന്ന ഒരു ഘോഷയാത്ര കാണാനാകുന്ന അപൂർവ്വ അവസരമാണ് ഈ ഡിസംബർ.

ബുധൻ

വൃശ്ചികം രാശിയിലാണ് ഈ മാസം ബുധൻ (Mercury) കാണപ്പെടുന്നത്. സൂര്യ സാമീപ്യം മൂലം മാസാദ്യം ദൃശ്യമാകില്ല. മാസം പകുതിയോടെ കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു മുകളിൽ പുലർച്ചെ ദൃശ്യമാകും. ഡിസംബർ 25ന് ബുധൻ സൂര്യനുമായി പരമാവധി കോണീയ അകലത്തിലെത്തും. അപ്പോഴാണ് ബുധനെ നിരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല അവസരം.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). ഈ മാസം സന്ധ്യക്ക് നോക്കിയാൽ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിനു മുകളിലായി വെട്ടിത്തിളങ്ങിനിൽക്കുന്ന ശുക്രനെ കാണാനാകും. മകരം രാശിയിലായാണ് സ്ഥാനം. സന്ധ്യക്ക് 6:45-നു നോക്കിയാൽ ഏകദേശം 35° മുകളിലായും 7:30നു നോക്കിയാൽ 25° മുകളിലായും ശുക്രനെ കാണാം. ചന്ദ്രൻ കഴിഞ്ഞാൽ രാത്രി ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് ശുക്രൻ.

ചന്ദ്രൻ കഴിഞ്ഞാൽ രാത്രിആകാശത്തു കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് ശുക്രൻ. കാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ചൊവ്വ – രാത്രി ഏകദേശം 9:15-ഓടെ കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിലായി ചൊവ്വ ഉദിച്ചുയരും. കർക്കിടകം രാശിയിലാണ് ചൊവ്വയുടെ (Mars) സ്ഥാനം. പുലർച്ചെ 3:30നു നോക്കിയാൽ തലക്കുമുകളിലായി കാണാം. ഇളം ചുവപ്പ് നിറമാണ്.

വ്യാഴം

സന്ധ്യക്ക് കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിൽ ഏറ്റവും തിളക്കത്തോടെ കാണാനാകുന്ന നക്ഷത്രസമാനമായ വസ്തു വ്യാഴം (Jupiter) ആണ്. ഇടവം രാശിയിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. രാത്രി 11:30-ഓടെ ഏകദേശം തലക്കുമുകളിലായി കാണാം. പുലർച്ചെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമിക്കും. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം വ്യാഴം മിധുനം രാശിയിലായിരിക്കും.

ശനി

സന്ധ്യയ്ക്ക്, ശീർഷവിന്ദുവിൽ നിന്നും ഏതാണ്ട് 30° തെക്കുപടിഞ്ഞാറുമാറി, കുംഭം രാശിയിൽ ശനിയെ (Saturn) കാണാം. പുലർച്ചെ 11:30-ഓടെ പടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമിക്കും. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

കുറിപ്പ്

  • 2024 ഡിസംബർ 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.
  • ചിത്രങ്ങൾ തോതനുസരിച്ചുള്ളവയല്ല.

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
യ അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2024 ഡിസംബർ 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്‌ത്രവഴിയിൽ 
പുതുചർച്ചകളുമായി കണ്ണൂർ സയൻസ് സ്ലാം
Close