Read Time:15 Minute
[author title=”എൻ. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”]അമച്വ‍ർ അസ്ട്രോണമര്‍, ലൂക്ക അസോസിയേറ്റ് എഡിറ്റർ[/author]

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

പ്രമാണം:Skymap2019october.png
2019 ഒക്ടോബർ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം. | കടപ്പാട് – ഷാജി, വിക്കിപീഡിയ വഴി

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും

രാശികൾ

സന്ധ്യാകാശത്ത് ഒക്ടോബറിൽ നിരീക്ഷണം നടത്തുന്നവര്‍ക്ക് ക്രാന്തിപഥത്തിന് ഇരുവശത്തുമായി പടിഞ്ഞാറുനിന്നും യഥാക്രമം വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം എന്നീ രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേർ കിഴക്കുപടിഞ്ഞാറായല്ല ക്രാന്തിപഥം (ecliptic)* കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ രാശികളെ തിരിച്ചറിയാവുന്നതാണ്. എട്ടുമണിയോടെ വൃശ്ചികം രാശി അസ്തമിച്ചു തുടങ്ങും.

[box type=”info” align=”” class=”” width=””]* ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). 18 ഡിഗ്രി വീതിയിൽ ക്രാന്തി പഥത്തിനിരുവശത്തുമായി  ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും. [/box]

വൃശ്ചികം

ഒക്ടോബർ മാസത്തില്‍ സന്ധ്യയ്ക്ക് തെക്ക്-പടിഞ്ഞാറായി ചക്രവാളത്തോട് (Horizon)ചേര്‍ന്ന് വൃശ്ചികം (Scorpion) നക്ഷത്രഗണം കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ് (Antares). ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളെയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. 2019 ഒക്ടോബറിൽ ശനി ഗ്രഹം വൃശ്ചികം രാശിയില്‍ തൃക്കേട്ടയ്ക്കടുത്ത് ശോഭയോടെ ദര്‍ശിക്കാം. ആകാശഗംഗയുടെ (Milky way) തിളക്കമാര്‍ന്ന ഭാഗം വൃശ്ചികത്തിന്റെ വാല്‍ ഭാഗത്തുകൂടെ കടന്നുപോകുന്നു.

ധനു

ഒക്ടോബർ മാസം സന്ധ്യയ്ക്ക് തെക്കുപടിഞ്ഞാറേ ചക്രവാളത്തില്‍ നിന്നും ഏകദേശം 20ഡിഗ്രി മുതൽ 50 ഡിഗ്രി വരെ മുകളിലായി (വൃശ്ചികത്തിനു മുകളിൽ) ധനു (Sagittarius) രാശിയാണ്. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രഗണമാണ് ധനു. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മകരം

മകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശി ആണ്‌ മകരം (Capricornus). രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനുരാശിക്കും കിഴക്കായി ശീർഷബിന്ദുവിൽ (zenith)* നിന്നും അല്പം തെക്കുമാറി ഈ മാസം മകരത്തെ നിരീക്ഷിക്കാം.

[box type=”info” align=”” class=”” width=””]Zenith-Nadir.ml*ഒരു സ്ഥലത്തിന് നേർമുകളിലായി (ഗുരുത്വാകർഷണബലത്തിന് വിപരീതമായ ദിശ) ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (zenith). ശീർഷബിന്ദുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു.[/box]

കുംഭം

കുടത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രഗണമാണ് കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും ശ്രദ്ധേയമായ നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് കുംഭം രാശി. ഒക്ടോബർ മാസത്തിൽ ശീർഷബിന്ദുവിൽ നിന്നും അല്പം തെക്കു-കിഴക്കുമാറി മകരത്തെ നിരീക്ഷിക്കാം.

മീനം

കിഴക്കേചക്രവാളത്തിനു മുകളിൽ ഏകദേശം 30ഡിഗ്രിക്കും 60ഡിഗ്രിക്കും ഇടിയിലായി, ഖഗോളമധ്യരേഖയിൽ നിന്നും തെക്കുമാറി മീനം രാശിയെ (Pisces) ഒക്ടോബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

മേടം

കിഴക്കേ ചക്രവാളത്തിൽ സന്ധ്യയ്ക്ക് ഏകദേശം 20ഡിഗ്രി മുകളിൽ, 20 ഡിഗ്രി തെക്കുമാറി മേടം രാശി (Aries) ഉദിച്ചുയരും. ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന മേടം നക്ഷത്രഗണത്തിലെ  പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ട് നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

മറ്റു പ്രധാന നക്ഷത്രഗണങ്ങള്‍

ഭാദ്രപഥം
ഭാദ്രപഥവും ആന്‍ഡ്രോമിഡയും

സൗരരാശികള്‍ കഴിഞ്ഞാല്‍ ഒക്ടോബറിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇത്അറിയപ്പെടുന്നു. സന്ധ്യയ്ക്ക് കിഴക്ക് ദിശയില്‍, ചക്രവാളത്തില്‍ നിന്നും ഏകദേശം 45ഡിഗ്രി മുകളിലായി, അല്പം വടക്കുമാറിയാണ് ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള (പടിഞ്ഞാറ് ) രണ്ട് നക്ഷത്രങ്ങള്‍  പൂരുരുട്ടാതിയും, താഴെയുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

ഭാദ്രപഥത്തിനു മുകളില്‍ ശീർഷബിന്ദുവിൽനിന്നും 30ഡിഗ്രി വടക്കു-കിഴക്കുമാറി സിഗ്നസ്സ് (Cygnus), അതിനു താഴെ (പടിഞ്ഞാറ്) ലൈറ (Lyra) എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. സിഗ്നസ്സിലെ പ്രധാന നക്ഷത്രമായ ദെനബ് (Deneb), ലൈറയിലെ വീഗ (Vega) എന്നിവ പ്രഭയേറിയ നക്ഷത്രങ്ങളാണ്. ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20 ഡിഗ്രി പടിഞ്ഞാറുമാറി സന്ധ്യയ്ക്ക് കാണാന്‍ കഴിയുന്ന നക്ഷത്രമസൂഹമാണ് അക്വില (Aquila). ഇതിലെ പ്രഭയുള്ള നക്ഷത്രമാണ് ശ്രവണൻ (Altair). ശ്രവണനും അതിനിരുപുറവുമുള്ള പ്രഭകുറഞ്ഞ രണ്ട് നക്ഷത്രങ്ങളും ചേര്‍ന്ന് ഒരു വരിയിലായി കാണപ്പെടുന്നതാണ് തിരുവോണം എന്ന ചാന്ദ്രഗണം. “തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം” എന്നൊരു ചൊല്ലുണ്ട്.

വടക്കൻ ചക്രവാളത്തിൽ കാണാൻ കഴിയുന്ന നക്ഷത്രഗണങ്ങൾ

വടക്കന്‍ ചക്രവാളത്തിന് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ (Cassiopeia). സന്ധ്യയോടെ ഇത് വടക്ക് കിഴക്കായി ഉദിച്ചുതുടങ്ങും. രാത്രി 8 മണിയോടെ കാസിയോപ്പിയ പൂര്‍ണമായും ഉദിച്ചുയരും.

വൃശ്ചികം ധനു രാശികളിലൂടെ ,മധ്യത്തായി തെക്കന്‍ ചക്രവാളത്തില്‍ ആകാശഗംഗയെ നിരീക്ഷിക്കാന്‍ സാധിക്കും. തെക്കുകിഴക്കേ ചക്രവാളത്തിനുമുകലിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് ഫോമൽഹോട് (Fomalhaut).

ഗ്രഹങ്ങള്‍

Position of Jupiter and Saturn during September 2019.ml

വ്യാഴം

വ്യാഴത്തെ (Jupiter) ഈ മാസം സന്ധ്യയ്ക്ക് തെക്കുപടിഞ്ഞാറേ ചക്രവാളത്തിനു മുകളിലായി കാണാൻ സാധിക്കും. വൃശ്ചികം രാശിയിലെ തൃക്കേട്ടയ്ക്കു മുകളിലായി പ്രഭയോടെ കാണപ്പെടുന്ന വ്യാഴത്തെ പ്രയാസമില്ലാതെ തിരിച്ചറിയാവുന്നതാണ്. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം മകരം രാശിയിലായിരിക്കും വ്യാഴം.

ശനി

വ്യാഴത്തിനും അല്പം മുകളിലായി ശനിയെ (Saturn) ധനു രാശിയില്‍ ഉത്രാടത്തിന്റെ ഭാഗത്ത് കാണാം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷം ഡിസംബറോടെ മകരം രാശിയിലേക്ക് ശനി പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും വളരെ അടുത്തടുത്തായി ദൃശ്യമാകും.

ചൊവ്വ, ബുധൻ

സൂര്യോദയത്തിനു ശേഷമാണ് ബുധനും ശുക്രനും ഈ മാസം ഉദിച്ചുയരുക. മാത്രമല്ല ഇവരണ്ടും സൂര്യസമീപകമായാണ് ഈ മാസം നിലകൊള്ളഉന്നത്. ആയതിനാൽ ബുധനെയും ശുക്രനെയും ഈ മാസം നിരീക്ഷിക്കാൻ സാധിക്കില്ല.

ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം

orinoid-meteor-shower
ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം | വര – എന്‍. സാനു


ഓക്ടോബര്‍ 15 മുതൽ 29 വരെയുള്ള രാത്രികളിലാണ് 2019ലെ ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം (The Orionid meteor shower) ദൃശ്യമാകുക. ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയില്‍ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നത്. ഒക്ടോബര്‍ 22നും 23നും ഇടയിലുള്ള രാത്രിയാണ് പരമാവധി ഉല്‍ക്കാപതനങ്ങള്‍ കാണാന്‍ കഴിയുന്നത്. ഓറിയോണ്‍ (വേട്ടക്കാരന്‍) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിനുസമീപത്തുനിന്നും എല്ലാ ദിശയിലേക്കും ഇവ നിപതിക്കും. ഈ സമയത്ത് ഈഭാഗത്ത് ചന്ദ്രന്‍ പ്രകാശിക്കുന്നത് നിരീക്ഷണത്തിന് അല്പം തടസ്സം സൃഷ്ടിക്കുമെങ്കിലും ഉത്സാഹികളെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

രാശിപ്രഭ

Zodiacal Light over La Silla
രാശിപ്രഭ | By ESO/Y. Beletsky via Wikimedia Commons

ശരത്കാല പ്രഭാതങ്ങളില്‍ സൂര്യോദയത്തിനു മുമ്പായി കിഴക്കന്‍ ചക്രവാളത്തില്‍ കാണുന്ന പിരമിഡ് ആകൃതിയിലുള്ള പ്രഭയാണ് രാശിപ്രഭ അഥവാ കള്ളപ്രഭാതം (Zodiac light / False dawn) എന്ന് അറിയപ്പെടുന്നത്. ഇത് ആകാശഗംഗയുടെ പ്രഭയെ ഓര്‍മ്മപ്പെടുത്തുമെങ്കിലും അതിനേക്കാള്‍ തിളക്കമുള്ളതും ആകാശഗംഗയുമായി ബന്ധമില്ലാത്തതുമാണ്. സൗരയൂഥാന്തര്‍ഭാഗങ്ങളിലുള്ള (ഗ്രഹാന്തര ) പൊടിപടലങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശമാണ് ഈ പ്രതിഭാസത്തിന് കാരണം. സൗരയൂഥ രൂപീകരണ വേളയില്‍ ഗ്രഹങ്ങളോ ചെറിയ ജ്യോതിര്‍ ഗോളങ്ങളോ പോലും ആകാന്‍ കഴിയാതിരുന്ന ശിഷ്ടപദാര്‍ത്ഥങ്ങളാണിവ. പുലര്‍ച്ചക്ക് ഉണരുന്നവര്‍ ഇതിനെ പ്രഭാതവെളിച്ചമായി തെറ്റിദ്ധരിക്കാറുള്ളതിനാലാണ് കള്ളപ്രഭാതം എന്ന പേര് വന്നത്.

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons

അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ (International Space Station) ഒക്ടോബർ 14 മുതൽ 16 വരെ സന്ധ്യയ്ക്ക് കേരളത്തിൽ നിന്നും കാണാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് നാസയുടെ  Spot the Station എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇതും വായിക്കുക – അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. സ്വതന്ത്ര സോഫ്റ്റുവെയറായ സ്റ്റെല്ലേറിയം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • 2019 ഒക്ടോബര്‍ 15 സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രണ്ട് മലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് ഭട്നാഗർ പുരസ്കാരം
Next post ടൈറ്റാനിയം – ഒരു ദിവസം ഒരു മൂലകം
Close