Read Time:11 Minute
പത്ത്, പന്ത്രണ്ട് ക്ലാസിലെ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് ഈ വർഷം ഇറക്കിയ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന.
കേരളം മഹാമാരിക്കാലത്ത് വിദ്യാർത്ഥികൾക്ക് പരമാവധി പഠനാനുഭവങ്ങൾ ഒരുക്കി മാതൃക സൃഷ്ടിക്കുകയുണ്ടായി. ബഹുഭൂരിപക്ഷം കുട്ടികൾക്കും പഠന വിടവ് സംഭവിക്കാതിരിക്കാൻ നിരവധി ഇടപെടലുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയത്. കേരളത്തിന്റെ ഇടപെടലുകൾ ഗൗരവത്തോടെയാണ് അക്കാദമിക സമൂഹം വീക്ഷിച്ചത്. യുണിസെഫും കേന്ദ്ര സർക്കാരും നീതി ആയോഗും കേരള അനുഭവങ്ങൾ ഡോക്യുമെന്റ് ചെയ്ത് വിനിമയം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ദേശീയ ബോർഡുകളും പൊതുപരീക്ഷകൾ നടത്താതിരുന്നപ്പോഴും കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിൽ ശക്തമായ സുരക്ഷാ സംവിധാനമൊരുക്കി ഒരു പരാതിക്കും ഇടനൽകാതെ പൊതുപരീക്ഷകൾ നടത്താൻ നമുക്ക് കഴിഞ്ഞു. മഹാമാരി മൂലം ഉണ്ടായിവന്ന ഒറ്റപ്പെടലിന്റേതായ സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. കഴിഞ്ഞ അക്കാദമിക വർഷം പരീക്ഷാ ചോദ്യങ്ങളുടെ രീതിയിൽ വരുത്തിയ മാറ്റം (കൂടുതൽ ഓപ്ഷനുകൾ അനുവദിച്ചത്) വിദ്യാർത്ഥി സമൂഹത്തിന് ഏറെ ആശ്വാസം പകർന്നു.
പ്രതിസന്ധികൾക്കിടയിലും ഈ അക്കാദമിക വർഷം സ്‌കൂൾ തുറന്നു പ്രവർത്തിക്കാനായത് വലിയൊരു നേട്ടമാണ്. ഈ നേട്ടത്തിനിടയിലും ഉണ്ടായ പരിമിതികൾ കാണാതിരിക്കാൻ കഴിയില്ല. അവയിൽ ചിലത് സൂചിപ്പിക്കുന്നു.
- നവംബർ മാസത്തിലാണ് സ്‌കൂളുകൾ തുറന്നത്. തുറന്ന ഘട്ടത്തിലും പകുതി ദിവസം മാത്രമേ കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നുള്ളൂ (ക്ലാസുകളെ ബാച്ചുകളായി തിരിച്ചതിനാലാണ് ഇത്). ദിവസത്തിൽ പകുതി സമയം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. അതിനർത്ഥം ആകെ പഠന സമയത്തിന്റെ വളരെ ചെറിയ ഒരു സമയം മാത്രമേ കുട്ടികൾക്ക് മുഖാമുഖ പഠനത്തിനുള്ള സൗകര്യം ലഭ്യമായിരുന്നുള്ളൂ എന്നാണ്. ഈ അവസ്ഥയിലും മതിയായ യാത്രാ സൗകര്യം ഇല്ലാത്തതിനാൽ എല്ലാ കുട്ടികൾക്കും സ്‌കൂളിൽ സ്ഥിരമായി വരാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം ആദ്യം പ്ലസ് ടു വിദ്യാർഥികൾക്ക് പ്ലസ് വൺ പരീക്ഷ എഴുതേണ്ടി വന്നു. അതിൽ ശ്രദ്ധിക്കേണ്ടി വന്നതിനാൽ പ്ലസ് ടു പഠനത്തിന് ലഭിക്കേണ്ട സമയം കുറഞ്ഞു. സമൂഹത്തിലെ ദുർബലവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെയാണ് ഇതൊക്കെ ഏറെ ബാധിച്ചിട്ടുള്ളത്.
- ഡിജിറ്റൽ ക്ലാസുകൾ ഒരുക്കി എന്നത് വസ്തുതയാണ്. എന്നാൽ റേഞ്ചില്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ പൂർണമായും ലഭ്യമായിട്ടില്ല.
- മുൻ വർഷം വേണ്ടത്ര പഠനാനുഭവം 9,11 ക്ലാസുകളിൽ കിട്ടാത്തവരാണ് ഈ വർഷം യഥാക്രമം 10,12 ക്ലാസുകളിൽ ഉള്ളത്. അതിനാൽ കുട്ടികൾക്ക് മുന്നറിവുകളുടെ കാര്യത്തിൽ റഗുലർ ക്ലാസ് നടന്ന കാലത്തെപ്പോലെയുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത് എന്ന വസ്തുത പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇത് ഈ വർഷം പൊതു പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ പഠനത്തെ വലിയ തോതിൽ സ്വാധീനിക്കും.
- അപ്രതീക്ഷിതമായാണ് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായത്. സാങ്കേതികമായി വിദ്യാലയം പ്രവർത്തിക്കുന്നുവെങ്കിലും ഒരു വിഭാഗം അധ്യാപകർക്കും കുട്ടികൾക്കും കോവിഡ് പിടിച്ചത് പഠനത്തെ താളം തെറ്റിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കുട്ടികളിൽ പരീക്ഷാ സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്.
- ഇതെല്ലാം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 60% പാഠഭാഗങ്ങൾ ഫോക്കസ് ഏരിയ ആയി നിശ്ചയിച്ച് പ്രസ്തുത ഭാഗങ്ങൾ വിശദ പഠനത്തിന് നിർദ്ദേശിച്ചതെന്നു കരുതുന്നു. ഫോക്കസ് ഏരിയ ആണെങ്കിൽ ഡിസംബർ മാസമാണ് കുട്ടികൾക്ക് ലഭ്യമായത്. അതിന് മുമ്പ് തന്നെ കുട്ടികൾ അവർക്ക് താൽപര്യമുള്ള പാഠഭാഗങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം.
- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ വികസിത രാജ്യങ്ങളിലടക്കം എല്ലായിടത്തും കുട്ടികളുടെ പക്ഷത്തുനിന്നാണ് വിലയിരുത്തൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം കേരളത്തിലും അതു പ്രകാരമാണ് പൊതുപരീക്ഷാ വിലയിരുത്തൽ നടത്തിയത്. അതിന്റെ ഭാഗമായി കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് ലഭ്യമായിട്ടുണ്ട്. ജീവിതകാലം മുഴുവൻ കൊണ്ടുനടക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമാണ് സർട്ടിഫിക്കറ്റുകൾ. കോവിഡ് കാലത്ത് പരീക്ഷ എഴുതേണ്ടി വന്നതുകൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങൾ കുട്ടികളുടെ ജീവിതകാലത്തെ മുഴുവൻ ദോഷകരമായി ബാധിക്കാൻ പാടില്ല. മാത്രവുമല്ല കുട്ടിക്ക് ലഭ്യമാകുന്ന ഗ്രേഡുകൾ മാത്രം വെച്ചുകൊണ്ടല്ല ഇന്ന് ഉപരി പഠനത്തിനുള്ള പ്രവേശനം. മിക്കവാറും ഇടങ്ങളിലും പ്രവേശന പരീക്ഷകളുണ്ട്. അതുകൊണ്ട് അടിസ്ഥാന യോഗ്യതകൾ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ആയതിനാൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് കിട്ടിയതിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ കുട്ടികൾക്ക് നൽകുന്ന ഒരു കൈത്താങ്ങായി മാത്രമേ കുട്ടികളുടെ പക്ഷം ചേർന്ന് ചിന്തിക്കുന്നവർക്ക് കാണാൻ കഴിയൂ. കുറച്ചേറെ കുട്ടികൾക്ക് എ പ്ലസ് കിട്ടുന്നു എന്നത് ഒരു പരിമിതിയായല്ല കാണേണ്ടത്. പുരോഗമനപരമായ നിലപാടായാണ് ഇതിനെ സമീപിക്കേണ്ടത്.
- ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് ഇറക്കിയ നിർദ്ദേശങ്ങളിൽ ചോദ്യങ്ങളെ രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും ഫോക്കസ് ഏരിയക്ക് പുറമേ നിന്നുള്ള ചോദ്യങ്ങളും. ഇതിനർത്ഥം ഫോക്കസ് ഏരിയ ഉണ്ടെങ്കിലും കുട്ടികൾ എല്ലാ പാഠഭാഗങ്ങളും പഠിക്കേണ്ടതുണ്ട് എന്നാണ്. കുട്ടിക്ക് താല്പര്യമുള്ള പാഠങ്ങൾ അത് ഫോക്കസ് ഏരിയയിലെ ആയാലും മറ്റു ഭാഗത്തെ ആയാലും കുട്ടി കൂടുതൽ നന്നായി പഠിക്കും.
- സാമൂഹികമായും സാമ്പത്തികമായും പരിമിതികൾ അഭിമുഖീകരിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ അവരുടേതല്ലാത്ത കാരണത്താൽ സ്‌കൂളിൽ എത്താൻ കഴിയാതിരിക്കുകയും ഡിജിറ്റൽ ക്ലാസുകൾ വേണ്ടത്ര കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സ്വാഭാവികമായും ഉണ്ടാകും. ഇത്തരം കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കാനാണ് സാധ്യത. അങ്ങനെയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങളെ രണ്ടു വിഭാഗമായി പരിഗണിക്കുന്നത് മാനസിക സമ്മർദവും പ്രയാസവും ഉണ്ടാക്കാം.
- ഈ പശ്ചാത്തലത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസിലെ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് ഈ വർഷം ഇറക്കിയ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അതിന്റെ ഭാഗമായി ചുവടെ നൽകിയിട്ടുള്ള കാര്യങ്ങൾ അങ്ങയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.
- പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ട ഉത്തരവ് പ്രകാരം ഫോക്കസ് ഏരിയയിൽ നിന്നും, അല്ലാത്തതിൽ നിന്നും ഉത്തരവിലെ അനുപാതക്രമത്തിലാകാം.
- പൊതുപരീക്ഷാ ചോദ്യങ്ങളിൽ ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ എന്നിങ്ങനെ വിഭജിക്കാത്ത സമീപനം സ്വീകരിക്കുക.
- ചോദ്യപേപ്പറിലെ എ,ബി പാർട്ടുകൾ എന്ന വേർതിരിവ് ഒഴിവാക്കി ഒരു നിശ്ചിത മാർക്കിനുള്ള മൊത്തം ചോദ്യങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ച് ഓപ്ഷൻ അനുവദിക്കുക.
- •അറിയാവുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതാൻ അനുവദിക്കുകയും കുട്ടി ഏറ്റവും നന്നായി എഴുതിയ ഉത്തരങ്ങൾ പരിഗണിച്ച് സ്‌കോർ നൽകുകയും ചെയ്യുക.
- ഇതിനെല്ലാം സഹായകമാകും വിധം നിലവിലിറക്കിയിട്ടുള്ള സർക്കാർ ഉത്തരവുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുകയും കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കുട്ടികൾക്ക് അമിതമായ മാനസിക സമ്മർദ്ദത്തിന് പരീക്ഷകൾ ഇടയാക്കാതെ നോക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒ.എം.ശങ്കരൻ
പ്രസിഡന്റ്
പി.ഗോപകുമാർ
ജനറൽ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Related
0
2