Read Time:14 Minute

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ  കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.

നിഴലില്ലാനേരം

എല്ലാ ദിവസവും, നട്ടുച്ചയ്ക്ക് സൂര്യൻ നിങ്ങളുടെ തലയ്ക്ക് നേരെ മുകളിലൂടെ കടന്നുപോകുന്നു, അല്ലേ? എന്നാൽ അല്ല. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് സൂര്യൻ നമ്മുടെ കൃത്യം മുകളിലൂടെയല്ല കടന്നു പോകുന്നത്. ഇത് ലളിതമായ ഒരു പരീക്ഷണം വഴി മനസ്സിലാക്കാവുന്നതാണ്.

നിരപ്പായ പ്രതലത്തിൽ ഒരു ദണ്ഡ് ലംബമായി നിർത്തുക. സൂര്യൻ കൃത്യം ദണ്ഡിന്റെ മുകളിലാണെങ്കിൽ ദണ്ഡിന്റെ നിഴൽ അപ്രത്യക്ഷമായിരിക്കും. അതായത് ദണ്ഡിന്റെ നിഴൽ, ദണ്ഡിന്റെ നേരെ താഴെ, ദണ്ഡിന്റെ അതേ പരിച്ഛേദവിസ്തീർണത്തിലായിരിക്കും രൂപപ്പെടുക.

എന്നാൽ വർഷത്തിൽ നട്ടുച്ചയ്ക്ക് രണ്ടു ദിവസങ്ങളിൽ ഒഴികെയുള്ള അവസരങ്ങളിൽ നിങ്ങൾക്ക് നിഴൽ ദർശിക്കാൻ സാധിക്കും, അതുവഴി നിങ്ങൾക്ക് സുര്യൻ കൃത്യം മുകളിൽ വരുന്നില്ല എന്ന് സ്ഥിതീകരിക്കാൻ കഴിയും. കാരണമെന്തെന്നാൽ വർഷത്തിൽ രണ്ടു ദിവസങ്ങളിലൊഴികെ സൂര്യന് നമ്മുടെ കൃത്യം ഉച്ചിയിലല്ലാതെ അല്പം ഉത്തര ദിശയിലേക്കോ ദക്ഷിണ ദിശയിലേക്കോ സ്ഥാനവ്യത്യാസം ഉണ്ടാകും.

നിങ്ങളുടെ പ്രദേശത്തിന്റെ  നിഴലില്ലാ ദിനങ്ങളിൽ നട്ടുച്ചയ്ക്കാണ് ഈ പരീക്ഷണം നടത്തുന്നതെങ്കിൽ, നിങ്ങൾക്ക് ദണ്ഡിന്റെ നിഴൽ കാണാൻ സാധിക്കില്ല. ഉത്തരായന രേഖയുടെയും ദക്ഷിണായന രേഖയുടെയും ഇടയിലുള്ള പ്രദേശവാസികൾക്ക്, വർഷത്തിൽ രണ്ട് ദിവസങ്ങളിൽ ഈ പ്രതിഭാസം നേരിട്ട് വീക്ഷിക്കാൻ സാധിക്കും.

എന്തുകൊണ്ട് രണ്ട് ദിവസം മാത്രം?

ഇതിനുള്ള ഉത്തരം ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിലുണ്ട്. ഭൂമിയിലെ അച്ചുതണ്ടിന്റെ 23.5° ചരിവ് ഋതുക്കൾക്ക് കാരണമാകുന്നു ഒപ്പം തന്നെ ശ്രദ്ധിക്കേണ്ട വസ്തുത ഉത്തരായനാന്തം, ജൂൺ 21 മുതൽ ദക്ഷിണായനാന്തം, ഡിസംബർ 22 വരെ ഉപസൗരബിന്ദു ( Subsolar point – ഭൂമിയിലെ സൂര്യന്റെ പ്രലംബം) ഉത്തരായന രേഖയിൽ നിന്ന് ദക്ഷിണായന രേഖയിലേക്ക്  ചലിക്കുന്നതായി ദൃശ്യമാകും. അതുപോലെ ഉപസൗരബിന്ദുവിന്റെ ചലനം ഡിസംബർ 22 മുതൽ ജൂൺ 21 വരെ വിപരീത ദിശയിലും സംഭവിക്കും. ഈ രണ്ട് അക്ഷാംശങ്ങളും ഭൂമധ്യരേഖയിൽ നിന്ന് 23.5° കോണളവിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ സൂര്യന്റെ ഈ അയനത്തിൽ ഉത്തരായന രേഖയുടെയും ദക്ഷിണായന രേഖയുടെയും ഇടയിലുള്ള പ്രദേശങ്ങൾക്ക് കൃത്യമായി  ഉച്ചിയിൽ തന്നെ വർഷത്തിൽ രണ്ടു തവണ സൂര്യന്റെ സ്ഥാനം ദർശിക്കാം.

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഭൂമധ്യരേഖയിലൊഴിച്ച് മറ്റുള്ള അക്ഷാംശങ്ങളിൽ നിഴലില്ലാദിനത്തിൽ സൂര്യൻ കൃത്യം പൂർവ്വ ദിശയിൽ ഉദിക്കുകയും പശ്ചിമ ദിശയിൽ അസ്തമിക്കുകയും ചെയ്യുന്നില്ല. അത് സമരാത്രദിനവുമാകില്ല. എന്നാൽ ഭൂമധ്യരേഖയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ സമരാത്രദിനങ്ങൾ തന്നെയാണ് നിഴലില്ലാദിനങ്ങൾ.

ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കാലമാണ് വരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും താഴെ പട്ടികയിൽ. നട്ടുച്ചക്ക് കിട്ടുന്ന ഈ അവസരം പാഴാക്കല്ലേ!

അതിന്റെ പട്ടിക ചുവടെ ചേർക്കുന്നു

ക്രമംജില്ലനിഴലില്ലാദിനംനിഴലില്ലാനേരം
1തിരുവനന്തപുരം11 ഏപ്രിൽ12.24 PM
2കൊല്ലം12 ഏപ്രിൽ12. 25 PM
3പത്തനംതിട്ട13 ഏപ്രിൽ12.24 PM
4ആലപ്പുഴ14 ഏപ്രിൽ12.25 PM
5കോട്ടയം14 ഏപ്രിൽ12.25 PM
6ഇടുക്കി15 ഏപ്രിൽ12.22 PM
7എറണാകുളം15 ഏപ്രിൽ12.25 PM
8തൃശൂർ17 ഏപ്രിൽ12.25 PM
9പാലക്കാട്18 ഏപ്രിൽ12.23 PM
10മലപ്പുറം18 ഏപ്രിൽ12.25 PM
11കോഴിക്കോട്19 ഏപ്രിൽ12:26 PM
12വയനാട്20 ഏപ്രിൽ12.25 PM
13കണ്ണൂർ21 ഏപ്രിൽ12.27 PM
14കാസറഗോഡ്23 ഏപ്രിൽ12.28 PM

വീഡിയോ കാണാം

എന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?

നിഴലില്ലാനേരത്തിന്റെ സവിശേഷത വ്യക്തമാക്കുന്ന നിങ്ങളെടുത്ത ഫോട്ടോകള്‍ ലൊക്കേഷനും തിയ്യതിയും സമയവും സഹിതം #lucazeroshadowchallenge എന്ന #ടാഗോട് കൂടി പോസ്റ്റ്‌ ചെയ്യു.. ഫോട്ടോകൾ [email protected] ലേക്ക് നിങ്ങളുടെ ഫോൺ നമ്പർ സഹിതം അയക്കുക. മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനമുണ്ട്.

ഫോട്ടോ ഗാലറി

ലൂക്കയുടെ വായനക്കാർ അയച്ചുതന്ന നിഴലില്ലാനേരം ഫോട്ടോഗ്രാഫുകൾ

അച്ചുതണ്ടിന്റെ ചരിവ് അളക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അസ്ട്രോണമി നിരീക്ഷണങ്ങൾക്കുള്ള കൈപ്പുസ്തകം

അനുബന്ധം

ഭൂമിയുടെ ചുറ്റളവ് അളക്കാം

നിഴലില്ലാ നേരം അഥവാ പകൽ സമയം ഭൂമിയിൽ കുത്തനെയുള്ള ഒരു കോലിന്റെ നിഴൽ നീളം പൂജ്യം ആകുന്ന നേരത്ത്  ഏതെങ്കിലും ഭാഗത്ത് നിങ്ങൾ നിൽക്കുകയാണെന്ന് സങ്കൽപിക്കുക. അതേ പൊക്കമുള്ള മറ്റൊരു കോലിന്റെ നിഴൽ നീളം നിരീക്ഷിച്ചു കൊണ്ട് മറ്റൊരാൾ നിങ്ങൾ നിൽക്കുന്നിടത്തു നിന്നും 500 km വടക്ക് മാറി നിൽക്കുകയാണെന്ന് കരുതുക. അയാൾ നിരീക്ഷിക്കുന്ന നിഴലിന്റെ നീളം അളക്കാൻ നിങ്ങൾ ഫോണിലൂടെ ആവശ്യപ്പെടുകയാണെങ്കിൽ ലളിതമായ ക്ഷേത്ര ഗണിത മാർഗത്തിലൂടെ ഭൂമിയുടെ ചുറ്റളവും വ്യാസവും കണ്ടെത്താനാവും.

ഇറാതോസ്‌തനീസ് ഒരു വടികൊണ്ട്‌ ഭൂമിയെ അളക്കുന്നു

കടപ്പാട് : വിക്കിമീഡിയ

ഗ്രീക്ക്‌ ഗണിതശാസ്‌ത്രജ്ഞനും ജ്യോതിശ്ശാസ്‌ത്രജ്ഞനുമായ ഇറാതോസ്‌തനീസ്  BC276-ലാണ്‌  ജനിച്ചത്‌. ഗ്രീസിലെ ഏഥൻസിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ഗുരുകുല ശിക്ഷണം. അക്കാലത്ത്‌ ഗ്രീക്കു ഭരണത്തിൻ കീഴിലായിരുന്ന ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിലാണ്‌ പിന്നീട്‌ അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത്‌. അക്കാലത്ത്  ഇറാതോസ്‌തനീസ്‌ കേവലം ഒരു വടികൊണ്ട്‌ ഭൂമിയെ അളന്നു!

സൈയിനെ നഗരത്തിൽ (ഇന്ന്‌ അസ്‌വാൻ എന്ന്‌ അറിയപ്പെടുന്നു) വേനൽക്കാലത്തിന്റെ ആദ്യദിവസം നട്ടുച്ചയ്‌ക്ക്‌ സൂര്യൻ കൃത്യം തലയ്‌ക്കു മുകളിൽ എത്തുന്നതായി ഇറാതോസ്‌തനീസ്‌ നിരീക്ഷിച്ചു. ആ സമയത്ത്‌ ആഴമുള്ള കിണറുകളിൽ നിഴൽ ഉണ്ടാകുന്നില്ല എന്നതിൽ നിന്നാണ്‌ അദ്ദേഹം ഇതു തിരിച്ചറിഞ്ഞത്‌. എന്നാൽ അതേ സമയത്ത്‌ സൈയിനെക്ക്‌ 5,000 സ്റ്റേഡിയ (ഒരു സ്റ്റേഡിയം ഏകദേശം 160 മീറ്ററിനും 185 മീറ്ററിനും ഇടയ്ക്ക്) വടക്കായി സ്ഥിതിചെയ്‌തിരുന്ന അലക്‌സാൻഡ്രിയയിൽ നിഴൽ ഉണ്ടായിരുന്നുതാനും. അത്‌ കണ്ട ഇറാതോസ്‌തനീസിന്റെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു. അദ്ദേഹം ഭൂമിയിൽ ഒരു വടി ലംബമായി ഉറപ്പിച്ചുനിറുത്തി. എന്നിട്ട്‌ ഉച്ചയ്‌ക്ക്‌ സൂര്യൻ തലയ്‌ക്കു മുകളിൽ എത്തിയപ്പോൾ അത്‌ അലക്‌സാൻഡ്രിയയിൽ സൃഷ്ടിച്ച നിഴലിന്റെ കോൺ അളന്നു. അത്‌ 7.2 ഡിഗ്രി ആയിരുന്നതായി അദ്ദേഹം കണ്ടു.

ഭൂമി ഒരു ഗോളമാണ്‌ എന്ന്‌ ഇറാതോസ്‌തനീസ്‌ വിശ്വസിച്ചിരുന്നു. കൂടാതെ ഒരു വൃത്തത്തിൽ 360 ഡിഗ്രി ഉണ്ടെന്നും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അളന്നുകിട്ടിയ കോണായ 7.2 കൊണ്ട്‌ അദ്ദേഹം 360-നെ ഹരിച്ചു. എന്തായിരുന്നു ഫലം? 7.2 എന്നത്‌ ഒരു പൂർണ വൃത്തത്തിന്റെ 50-ൽ 1 ഭാഗം ആയിരുന്നു. അതുകൊണ്ട്‌ സൈയിനെ മുതൽ അലക്‌സാൻഡ്രിയ വരെയുള്ള ദൂരമായ 5,000 സ്റ്റേഡിയ, ഭൂമിയുടെ ചുറ്റളവിന്റെ 50-ൽ 1 ആയിരിക്കണം എന്ന്‌ അദ്ദേഹം നിഗമനം ചെയ്‌തു. 50-നെ 5,000 കൊണ്ട്‌ ഗുണിച്ച്‌ ഭൂമിയുടെ ചുറ്റളവ്‌ 2,50,000 സ്റ്റേഡിയ ആണെന്ന്‌ അദ്ദേഹം കണക്കുകൂട്ടി.

ആധുനിക കണക്കുകൂട്ടലുകളോടുള്ള താരതമ്യത്തിൽ ഇത്‌ എത്രത്തോളം കൃത്യമാണ്‌? ഇപ്പോഴത്തെ അളവുകൾ പ്രകാരം 2,50,000 സ്റ്റേഡിയ, 40,000 കിലോമീറ്ററിനും 46,000 കിലോമീറ്ററിനും ഇടയിൽ വരും. നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച്‌ ഭൂമിയുടെ ധ്രുവപ്രദേശത്തിന്റെ ചുറ്റളവ്‌ അളന്ന ജ്യോതിശ്ശാസ്‌ത്രജ്ഞർ അത്‌ 40,008 കിലോമീറ്റർ ആണെന്നു കണ്ടെത്തിയിട്ടുണ്ട്‌. ഒരു സ്റ്റേഡിയ എത്ര കിലോമീറ്റര്‍ ആണെന്ന് കൃത്യമായി പറയാനാവാത്തത് കൊണ്ട് തന്നെ ഇറാതോസ്‌തനീസ്‌ കണ്ടെത്തിയത് ഏകദേശം ഇതിനോട്‌ അടുത്ത് നില്‍ക്കുന്നു.  ഒരു വടിയും ജ്യാമിതീയ യുക്തിയും ഉപയോഗിച്ച് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ രീതി ശരി

LUCA ASTRO PAGE

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓക്സ്ഫഡിലെ ഡോഡോയും അത്ഭുതലോകത്തെ ആലിസും
Next post മറ്റുള്ള ജീവികൾ ഈ ലോകത്തെ എങ്ങനെയായിരിക്കാം അറിയുന്നുണ്ടാകുക ?
Close