Read Time:8 Minute

സൂര്യൻ കിഴക്കുദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു എന്നൊക്കെ പൊതുവേ പറയാറുണ്ടെങ്കിലും സൂര്യൻ സാധാരണ ദിവസങ്ങളിലൊക്കെയും കൃത്യം കിഴക്കുനിന്നു കുറച്ചു തെക്കോട്ടേ വടക്കോട്ടോ നീങ്ങിയാണ് ഉദിക്കുന്നതായി കാണുന്നത് എന്ന് ശ്രദ്ധയോടെ നിരീക്ഷിച്ചാൽ മനസ്സിലാകും. അതുപോലെ തന്നെയുള്ള ഒരു തെറ്റായ ധാരണയാണ് 12 മണിക്കാണ് ഉച്ചയെന്നതും അപ്പോൾ സൂര്യൻ നമ്മുടെ നേരെ മുകളിൽ എത്തുമെന്നതും. യഥാർത്ഥത്തിൽ ഒരു വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. ആ ദിവസങ്ങൾ നിഴലില്ലാ ദിവസങ്ങൾ (zero shadow day) എന്നറിയപ്പെടുന്നു. ദക്ഷിണായന കാലത്തും ഉത്തരായന കാലത്ത് ഓരോ ദിവസങ്ങൾ ഇത്തരത്തിലുണ്ടാകും. എന്നാൽ ഭൂമിയിൽ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയിൽ അക്ഷാംശം (latitude) വരുന്ന ഇടങ്ങളിൽ മാത്രമേ ഇത്തരം നിഴലില്ലാ ദിവസങ്ങൾ ഉണ്ടാകൂ. കേരളം മുഴുവനായും ഈ പരിധിയിൽ വരുന്നു. അതേസമയം ഉത്തരേന്ത്യയിൽ ഇതു ഒരിക്കലും സംഭവിക്കുന്നില്ല. ഉദാഹരണത്തിന് ഡൽഹിയിൽ ഒരിക്കലും സൂര്യൻ നമ്മുടെ തലയുടെ നേരെ മുകളിൽ വരില്ല. കാരണം, അവിടുത്തെ അക്ഷാംശം 28.7 ഡിഗ്രിയാണ്.

ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കാലമാണ് വരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും താഴെ പട്ടികയിൽ

തിരുവനന്തപുരം 11 ഏപ്രിൽ 12.24 PM
കൊല്ലം 12 ഏപ്രിൽ 12. 25 PM
പത്തനംതിട്ട – 13 ഏപ്രിൽ 12.24 PM
ആലപ്പുഴ- 14 ഏപ്രിൽ 12.25 PM
കോട്ടയം 14 ഏപ്രിൽ 12.25 PM
ഇടുക്കി 15 ഏപ്രിൽ 12.22 PM
കൊച്ചി 15 ഏപ്രിൽ 12.25 PM
തൃശൂർ 17 ഏപ്രിൽ 12.25 PM
പാലക്കാട് 18 ഏപ്രിൽ 12.23 PM
മലപ്പുറം 18 ഏപ്രിൽ 12.25 PM
കോഴിക്കോട് 19 ഏപ്രിൽ 12:26 PM
വയനാട് 20 ഏപ്രിൽ 12.25 PM
കണ്ണൂർ 21 ഏപ്രിൽ 12.27 PM
കാസറഗോഡ് ഏപ്രിൽ 22 12.29 PM

*ജില്ലാ ആസ്ഥാനത്തെ സമയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ  പ്രദേശത്തെയും  നിഴലില്ലാനേരം കണ്ടെത്താന്‍ മൊബൈല്‍ അപ്ലിക്കേഷനും ലഭ്യമാണ്. ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


ലൂക്ക – Zero Shadow Challenge 

നിഴലില്ലാനേരത്തിന്റെ സവിശേഷത വ്യക്തമാക്കുന്ന  നിങ്ങളെടുത്ത ഫോട്ടോകള്‍ #lucazeroshadowchallenge എന്ന #ടാഗോട് കൂടി പോസ്റ്റ്‌ ചെയ്യു.. ചിത്രങ്ങള്‍ [email protected] ലേക്ക് അയക്കുക. മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനമുണ്ട്.

നിഴലില്ലാ നേരം അഥവാ പകൽ സമയം ഭൂമിയിൽ കുത്തനെയുള്ള ഒരു കോലിന്റെ നിഴൽ നീളം പൂജ്യം ആകുന്ന നേരത്ത്  ഏതെങ്കിലും ഭാഗത്ത് നിങ്ങൾ നിൽക്കുകയാണെന്ന് സങ്കൽപിക്കുക. അതേ പൊക്കമുള്ള മറ്റൊരു കോലിന്റെ നിഴൽ നീളം നിരീക്ഷിച്ചു കൊണ്ട് മറ്റൊരാൾ നിങ്ങൾ നിൽക്കുന്നിടത്തു നിന്നും 500 km വടക്ക് മാറി നിൽക്കുകയാണെന്ന് കരുതുക. അയാൾ നിരീക്ഷിക്കുന്ന നിഴലിന്റെ നീളം അളക്കാൻ നിങ്ങൾ ഫോണിലൂടെ ആവശ്യപ്പെടുകയാണെങ്കിൽ ലളിതമായ ഗണിത മാർഗത്തിലൂടെ ഭൂമിയുടെ ചുറ്റളവും വ്യാസവും കണ്ടെത്താനാവും.

ഇറാതോസ്‌തനീസ് ഒരു വടികൊണ്ട്‌ ഭൂമിയെ അളക്കുന്നു

കടപ്പാട് : വിക്കിമീഡിയ

ഗ്രീക്ക്‌ ഗണിതശാസ്‌ത്രജ്ഞനും ജ്യോതിശ്ശാസ്‌ത്രജ്ഞനുമായ ഇറാതോസ്‌തനീസ്  BC276-ലാണ്‌  ജനിച്ചത്‌. ഗ്രീസിലെ ഏഥൻസിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ഗുരുകുല ശിക്ഷണം. അക്കാലത്ത്‌ ഗ്രീക്കു ഭരണത്തിൻ കീഴിലായിരുന്ന ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിലാണ്‌ പിന്നീട്‌ അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത്‌. അക്കാലത്ത്  ഇറാതോസ്‌തനീസ്‌ കേവലം ഒരു വടികൊണ്ട്‌ ഭൂമിയെ അളന്നു!

സൈയിനെ നഗരത്തിൽ (ഇന്ന്‌ അസ്‌വാൻ എന്ന്‌ അറിയപ്പെടുന്നു) വേനൽക്കാലത്തിന്റെ ആദ്യദിവസം നട്ടുച്ചയ്‌ക്ക്‌ സൂര്യൻ കൃത്യം തലയ്‌ക്കു മുകളിൽ എത്തുന്നതായി ഇറാതോസ്‌തനീസ്‌ നിരീക്ഷിച്ചു. ആ സമയത്ത്‌ ആഴമുള്ള കിണറുകളിൽ നിഴൽ ഉണ്ടാകുന്നില്ല എന്നതിൽ നിന്നാണ്‌ അദ്ദേഹം ഇതു തിരിച്ചറിഞ്ഞത്‌. എന്നാൽ അതേ സമയത്ത്‌ സൈയിനെക്ക്‌ 5,000 സ്റ്റേഡിയ (ഒരു സ്റ്റേഡിയം ഏകദേശം 160 മീറ്ററിനും 185 മീറ്ററിനും ഇടയ്ക്ക്) വടക്കായി സ്ഥിതിചെയ്‌തിരുന്ന അലക്‌സാൻഡ്രിയയിൽ നിഴൽ ഉണ്ടായിരുന്നുതാനും. അത്‌ കണ്ട ഇറാതോസ്‌തനീസിന്റെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു. അദ്ദേഹം ഭൂമിയിൽ ഒരു വടി ലംബമായി ഉറപ്പിച്ചുനിറുത്തി. എന്നിട്ട്‌ ഉച്ചയ്‌ക്ക്‌ സൂര്യൻ തലയ്‌ക്കു മുകളിൽ എത്തിയപ്പോൾ അത്‌ അലക്‌സാൻഡ്രിയയിൽ സൃഷ്ടിച്ച നിഴലിന്റെ കോൺ അളന്നു. അത്‌ 7.2 ഡിഗ്രി ആയിരുന്നതായി അദ്ദേഹം കണ്ടു.

ഭൂമി ഒരു ഗോളമാണ്‌ എന്ന്‌ ഇറാതോസ്‌തനീസ്‌ വിശ്വസിച്ചിരുന്നു. കൂടാതെ ഒരു വൃത്തത്തിൽ 360 ഡിഗ്രി ഉണ്ടെന്നും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അളന്നുകിട്ടിയ കോണായ 7.2 കൊണ്ട്‌ അദ്ദേഹം 360-നെ ഹരിച്ചു. എന്തായിരുന്നു ഫലം? 7.2 എന്നത്‌ ഒരു പൂർണ വൃത്തത്തിന്റെ 50-ൽ 1 ഭാഗം ആയിരുന്നു. അതുകൊണ്ട്‌ സൈയിനെ മുതൽ അലക്‌സാൻഡ്രിയ വരെയുള്ള ദൂരമായ 5,000 സ്റ്റേഡിയ, ഭൂമിയുടെ ചുറ്റളവിന്റെ 50-ൽ 1 ആയിരിക്കണം എന്ന്‌ അദ്ദേഹം നിഗമനം ചെയ്‌തു. 50-നെ 5,000 കൊണ്ട്‌ ഗുണിച്ച്‌ ഭൂമിയുടെ ചുറ്റളവ്‌ 2,50,000 സ്റ്റേഡിയ ആണെന്ന്‌ അദ്ദേഹം കണക്കുകൂട്ടി.

ആധുനിക കണക്കുകൂട്ടലുകളോടുള്ള താരതമ്യത്തിൽ ഇത്‌ എത്രത്തോളം കൃത്യമാണ്‌? ഇപ്പോഴത്തെ അളവുകൾ പ്രകാരം 2,50,000 സ്റ്റേഡിയ, 40,000 കിലോമീറ്ററിനും 46,000 കിലോമീറ്ററിനും ഇടയിൽ വരും. നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച്‌ ഭൂമിയുടെ ധ്രുവപ്രദേശത്തിന്റെ ചുറ്റളവ്‌ അളന്ന ജ്യോതിശ്ശാസ്‌ത്രജ്ഞർ അത്‌ 40,008 കിലോമീറ്റർ ആണെന്നു കണ്ടെത്തിയിട്ടുണ്ട്‌. ഒരു സ്റ്റേഡിയ എത്ര കിലോമീറ്റര്‍ ആണെന്ന് കൃത്യമായി പറയാനാവാത്തത് കൊണ്ട് തന്നെ ഇറാതോസ്‌തനീസ്‌ കണ്ടെത്തിയത് ഏകദേശം ഇതിനോട്‌ അടുത്ത് നില്‍ക്കുന്നു.  ഒരു വടിയും ജ്യാമിതീയ യുക്തിയും ഉപയോഗിച്ച് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ രീതി ശരിയായിരുന്നു.


നിഴലില്ലാനേരങ്ങളെ കുറിച്ചുള്ള വീഡിയോ കാണാം 

Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ഏതുപശുവിന്റെ ചാണകത്തിനാണ് ഗുണമേന്മ ? നാടനോ മറുനാടനോ – എന്റെ കൊച്ചു പരീക്ഷണത്തെപ്പറ്റി…
Next post പുതിയ വകഭേദം : XE, കോവിഡ് – നാലാം തരംഗമോ ?, എന്താണു വാസ്തവം ?
Close