ചില യാദൃശ്ചികതകൾ അത്ഭുതകരമായ വിധത്തിൽ മനുഷ്യ ജീവിതത്തിൽ ഇടപെടും. യുൻലോംഗ് കാവോ (Yunlong Cao) യുടെ കാര്യത്തിൽ പക്ഷേ യാദൃച്ഛികത ഇടപെട്ടത് അദ്ദേഹത്തിന്റെ മാത്രം ജീവിതത്തിലല്ല. ലോകമെമ്പാടുമുള്ള നിരവധി മനുഷ്യരെ കോവിഡ് ബാധയിൽ നിന്ന് രക്ഷിക്കാൻ അത് സഹായകമായി എന്ന് പറയാം. 2019 ലാണ് കാവോ അമേരിക്കയിൽ നിന്ന് ചൈനയിൽ തിരിച്ചെത്തുന്നത്. ഒറ്റ കോശങ്ങളുടെ ജനിതക ഘടനയിൽ (Single-Cell Genomics) ഗവേഷണം തുടരാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ബീജിംഗിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസോസിയേറ്റായി ജോലി തുടങ്ങുമ്പോഴേക്ക് ലോകത്തെ നിശ്ചലമാക്കിയ വൈറസ് ബീജിംഗ് നഗരത്തെ ലോക്ഡൌണിലേക്ക് തള്ളിവിട്ടു. കാവോയുടെ ലബോറട്ടറിയിൽ ആളൊഴിഞ്ഞു. അദ്ദേഹവും സൂപ്പർവൈസറും ഗവേഷണ ശാല പൂട്ടിയിടേണ്ടി വരുമോ എന്ന ആശങ്കയിലായി. താൻ പഠിച്ച സങ്കേതങ്ങൾ ഉപയോഗിച്ച് SARS-CoV-2 നെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെക്കുറിച്ച് പഠിക്കാം എന്ന് കാവോ തീരുമാനിച്ചു. അങ്ങനെ അന്നുവരെ താൻ പിന്തുടരാത്ത ഇമ്മ്യൂണോളജിയുടേയും വൈറോളജിയുടേയും മേഖലയിലേക്ക് അദ്ദേഹം എത്തിപ്പെട്ടു.
അപ്പോഴേക്ക് ഒമിക്രോണിന്റെ പിന്തുടർച്ചക്കാരായ പലതരം SARS-CoV-2 രൂപങ്ങൾ ലോകമെമ്പാടും പടർന്നിരുന്നു. അവിടെയാണ് കാവോയുടെ ഗവേഷണം തുണയായത്. ഈ വകഭേദങ്ങളിൽ പലതും മുൻകൂട്ടി പ്രവചിക്കാൻ അദ്ദേഹത്തിനും സംഘത്തിനും കഴിഞ്ഞിരുന്നു. രോഗബാധിതരായവരുടെ ശരീരത്തിലെ ആന്റിബോഡികളുടെ വിശദമായ വിശകലനമാണ് അതിന് അവരെ സഹായിച്ചത്. അതുവഴി വൈറസിന് സംഭവിക്കാനിടയുള്ള മ്യൂട്ടേഷനുകൾ മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞു. ഇതേ മേഖലയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനികളെയടക്കം കാവോയുടെ ടീം പിന്നിലാക്കി. മാത്രമല്ല രോഗബാധിതരുടെ ആന്റിബോഡികളിൽ നിന്ന് കൂടുതൽ സംരക്ഷണം നല്കുന്നത് എന്ന് തോന്നിയ രണ്ടെണ്ണം തെരഞ്ഞെടുത്ത് വാക്സിൻ നിർമ്മിക്കാനുള്ള ക്ലിനിക്കൽ ട്രയലും ആരംഭിച്ചു. തുടക്കത്തിൽ വിജയകരമായി തോന്നിയെങ്കിലും അപ്പോഴേക്ക് അതിവ്യാപനശേഷിയുള്ള ഒമിക്രോൺ ബീറ്റ വകഭേദം പടർന്നു തുടങ്ങിയിരുന്നു. കാവോ തെരഞ്ഞെടുത്ത രണ്ട് ആന്റിബോഡികളേയും അത് മറികടന്നു. തന്റെ സമീപനം അൽപ്പം മാറ്റേണ്ടതുണ്ട് എന്ന് അദ്ദേഹത്തിന് തോന്നി. ഏറ്റവും ശക്തമായ ആന്റിബോഡികൾക്ക് പകരം വൈറസിന്റെ മാറ്റത്തിനനുസരിച്ച് വ്യത്യാസം വരാത്തവ ഏതെന്ന് നോക്കുകയാവും നല്ലത് എന്നദ്ദേഹം കരുതി. ഇതേസമയത്ത് പുറത്തുവന്ന മറ്റൊരു പഠനം അദ്ദേഹത്തെ ആകർഷിച്ചു. SARS-CoV-2 ന്റെ സ്പൈക് പ്രോട്ടീനിൽ വരുന്ന വ്യതിയാനങ്ങൾ ആതിഥേയ കോശത്തിൽ പറ്റിപ്പിടിച്ച് രോഗം വരുത്താനുള്ള കഴിവിനെ സ്വാധീനിക്കുന്നതെങ്ങനെ എന്നായിരുന്നു ആ പഠനം. ഒറ്റ പ്രോട്ടീനിനെ മാത്രം ആധാരമാക്കിയുള്ള ആ പഠനം നടത്തിയത് ജെസി ബ്ലൂം എന്ന വിഖ്യാത വൈറോളജിസ്റ്റ് ആയിരുന്നു.
SARS-CoV-2 വിവിധ ആന്റിബോഡികളെ മറികടക്കുന്നതെങ്ങനെ എന്ന് വിശദമായി പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. വർഷങ്ങൾ വേണ്ട ഈ പഠനത്തെ ചുരുങ്ങിയ കാലയളവിൽ നടത്താനുള്ള മാർഗ്ഗവും വികസിപ്പിച്ചു. വൈറസ് രോഗപ്രതിരോധ സംവിധാനത്തെ മറികടക്കുന്നതെങ്ങനെ എന്നതിന്റെ വിശദമായ ചിത്രം അദ്ദേഹത്തിന്റെ പഠനത്തിലൂടെ ലഭിച്ചു. അതുപോലെ ഓരോ വകഭേദത്തിനും അനുസരിച്ച് ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന ആന്റിബോഡികളുടെ സ്വഭാവവും അവർ മനസ്സിലാക്കി. ഉദാഹരണത്തിന് ഓമിക്രോൺ BA.1 വകഭേദത്തെ ചെറുക്കാൻ നിർമ്മിക്കപ്പെടുന്ന ആന്റിബോഡിയെ പ്രവർത്തനരഹിതമാക്കും വിധത്തിലുള്ള മ്യൂട്ടേഷൻ ഓമിക്രോൺ BA.5 വകഭേദത്തിന്റെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിരുന്നു.
ഇങ്ങനെ സാധ്യമായ മ്യൂട്ടേഷനുകൾ മുൻകൂട്ടിത്തന്നെ പ്രവചിക്കാൻ കാവോക്കും സംഘത്തിനും കഴിഞ്ഞു. ഇത് ഒരു വകഭേദത്തെ കണ്ടെത്തിയ ഉടൻ തന്നെ അതിന്റെ സ്വഭാവങ്ങൾ മനസ്സിലാക്കാൻ സഹായകമായി. അതായത് വളരെ വേഗം രൂപാന്തരം സംഭവിക്കുന്ന വൈറസിന് മുൻപേ കുതിക്കാൻ അവർക്ക് കഴിഞ്ഞു. മാത്രമല്ല തങ്ങളുടെ കണ്ടെത്തലുകൾ കഴിയുന്നത്ര വേഗത്തിൽ സോഷ്യൽ മീഡിയ ഉൾപ്പടെ സാധ്യമായ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് ലോകമെങ്ങും ലഭ്യമാക്കി. രോഗപ്രതിരോധത്തിലും ചികിത്സയിലും ഇത് ഏറെ സഹായകമായി. ഇപ്പോൾ വൈറസ് വ്യാപനങ്ങളെ ചെറുക്കാൻ ആന്റിബോഡി തെറാപ്പികൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കാവോയും കൂട്ടരും. ആർക്കും പിടികൊടുക്കാത്ത കോവിഡ് വൈറസിന്റെ രൂപാന്തരങ്ങളെ മുൻകൂട്ടിക്കണ്ട യുൻലോംഗ് കാവോ കഴിഞ്ഞ വർഷത്തെ പ്രധാന ശാസ്ത്രജ്ഞരിൽ ഒരാളായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.