കൊച്ചി നഗരത്തിൽ നിന്ന് ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചതെങ്ങനെ ?
ആസ്ട്രോ കേരള പ്രവർത്തകനായ എ.ആർ.കൃഷ്ണദാസ് കൊച്ചി അമരാവതിയിലെ തന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ആൻഡ്രോമീഡ ഗാലക്സിയുടെ മനോഹരമായ ചിത്രം പകർത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ..
ഇരുപത്തി മൂന്ന് വയസ്സുള്ള കൊച്ചി മുണ്ടംവേലിയിലെ എംഇഎസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിയായ എ.ആർ.കൃഷ്ണദാസ് ഒരു ടൈം ട്രാവൽ നടത്തിയതിന്റെ ത്രില്ലിലാണ്. അതും കൊച്ചിയിലെ അമരാവതിയിലെ തന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന്.

ആസ്ട്രോ കേരളയുടെ അസ്‌ട്രോഫോട്ടോഗ്രാഫർ ആയ ശരത് പ്രഭാവ് അടുത്തിടെ ട്രാക്കർ ഉപയോഗിച്ച് ആൻഡ്രോമിഡ ഗാലക്സിയുടെ ഒരു ചിത്രം എടുക്കുകയും അത് ഒരു മലയാളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. ഇതും അസ്ട്രോണമിയോടും ഫോട്ടോഗ്രഫിയോടും ഉള്ള തന്റെ അഭിനിവേശവും കൃഷ്ണദാസിന് ഊർജമായി. അങ്ങനെ ഭൂമിയിൽ നിന്ന് ഏതാണ്ട് 2.5 ദശലക്ഷം പ്രകാശവർഷം അകലെയുള്ള, ക്ഷീരപഥത്തിന് ഏറ്റവും അടുത്തുള്ള പ്രധാന ഗാലക്സിയായ ആൻഡ്രോമിഡയുടെ വിസ്മയകരമായ ചിത്രം ഒപ്പിയെടുക്കാനായി.

കൊച്ചി നഗരത്തിൽ നിന്ന് ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചതെങ്ങനെ ?
പൊതുവെ നല്ല ഇരുണ്ട ആകാശത്തിൽ ഇത്തരം കാഴ്ചകൾ സാമാന്യമായി തന്നെ ദൃശ്യമാവും. എന്നാൽ ഉയർന്ന പ്രകാശ മലിനീകരണം കാരണം ഒരു നഗരത്തിൽ നിന്ന് ആൻഡ്രോമിഡ പിടിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കൊച്ചിയിലെ പ്രകാശ തീവ്രതയുടെ തോത് ബോർട്ടിൽ സ്കെയിലിൽ ഏഴ് എട്ട് ഒക്കെയാണ്. ( ആകാശത്തിലെ പ്രകാശ മലിനീകരണത്തിന്റെ അളവ് പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ഒരു സ്കെയിൽ ആണ് Bortle Scale. പരമാവധി പത്ത് ആണ് ഇതിന്റെ പരിധി.). മാത്രവുമല്ല, ഈ നേട്ടത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇത് സാധ്യമായത് വളരെ അടിസ്ഥാനപരമായ ഉപകരണങ്ങളുപയോഗിച്ചാണ്. ഒരു ഡിജിറ്റൽ സിംഗിൾ ലെൻസ്. റിഫ്ലെക്സ് ക്യാമറയും (ഡിഎസ്എൽആർ) ഒരു ട്രൈപോഡും. കാനൻ ഇഒഎസ് 5ഡി മാർക്ക് 3 ക്യാമറയും ഒരു 2.8 – 200 എംഎം ലെൻസും തന്റെ അച്ഛന്റെ സുഹൃത്തിൽ നിന്ന് കൃഷ്ണദാസ് വാടകയ്‌ക്കെടുത്തു.
കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ പ്രകാശ മലിനീകരണം ഉള്ള കൊച്ചിയിൽ അതിനോടും മേഘാവൃതമായ രാത്രികളോടും കൃഷ്ണദാസിന് പോരാടേണ്ടി വന്നു. സ്റ്റാർ ട്രാക്കർ ഇല്ലാത്തതിനാൽ (നക്ഷത്രങ്ങൾ ചലിക്കുന്നതിനനുസരിച്ച് ചലിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ), ക്യാമറ സ്വമേധയാ ക്രമീകരിക്കുകയും ചലനത്തെ തുടർച്ചയായി ചിത്രീകരിക്കുകയും ചെയ്യേണ്ടിവന്നു. എല്ലാ ആകാശ വസ്തുക്കളും ഭൂമിയുടെ ഭ്രമണം കാരണം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി തോന്നുന്നു. അതായത് ആകാശത്ത് കാണുന്ന വസ്തുക്കൾ ഒക്കെ സ്ഥിരമായി ചലിക്കുന്ന അവസ്ഥയിലാണ്. ദൂരെയുള്ള ഖഗോള വസ്തുക്കളിൽ നിന്ന് മങ്ങിയ പ്രകാശം പിടിച്ചെടുക്കാൻ നമ്മൾ സ്ലോ ഷട്ടർ സ്പീഡ് ഉപയോഗിക്കുമ്പോൾ, അതിന്റെ ചിത്രം പതിയുന്നത് ഒരു ബിന്ദുവായിട്ടല്ല, മറിച്ച് ഒരു വരയായാണ്. അതിനെ സ്റ്റാർ ട്രെയിൽ എന്നാണ് പൊതുവെ പറയുക ഇത് ഒഴിവാക്കാൻ ജ്യോതിശാസ്ത്രജ്ഞർ സാധാരണയായി ഒരു നക്ഷത്ര ട്രാക്കർ ഉപയോഗിക്കാറുണ്ട്. ഈ ട്രാക്കർ നമ്മൾ നിരീക്ഷിക്കുന്ന വസ്തു / അല്ലെങ്കിൽ നക്ഷത്രത്തോട് ഒപ്പം നീങ്ങുന്നു. ഒരു അടിസ്ഥാന ട്രാക്കറിന് ഏതാണ്ട് 50,000 രൂപയാണ് വില. കൃഷ്ണദാസിന് ട്രാക്കർ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹം ഏതാണ്ട് ആയിരത്തി എണ്ണൂറോളം ഷോട്ടുകൾ സ്വമേധയാ ക്ലിക്കുചെയ്‌ത് ഇമേജ് സ്റ്റാക്കിംഗ് ചെയ്തു. (ഒരേ കോമ്പോസിഷൻ ഒന്നിലധികം തവണ ചിത്രീകരിച്ച് പ്രേത്യക ആസ്ട്രോഫോട്ടോഗ്രാഫി സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു അന്തിമ ഇമേജിൽ എത്തിച്ചേരുന്ന ഒരു സാങ്കേതികത ആണ് സ്റ്റാക്കിങ്). തന്റെ ആദ്യ ശ്രമത്തിൽ കൃഷ്ണദാസ് ഏതാണ്ട് എണ്ണൂറോളം ഫോട്ടോകൾ എടുത്തെങ്കിലും ഫലങ്ങളിൽ തൃപ്തനാകാതെ രണ്ടാമതും മൂന്നാമതും ശ്രമിച്ചു. ഒടുവിലാണ് ഈ മനോഹര ചിത്രത്തിൽ എത്തിച്ചേർന്നത്.
“ആളുകൾ സാധാരണ വളരെ ചെലവേറിയ മൗണ്ടുകൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിച്ചാണ് കൃഷ്ണദാസ് അത് ചെയ്തത്, അതും ഒരു നഗരത്തിൽ നിന്ന്,” ഇന്ത്യയിലെ മുൻനിര നൈറ്റ് സ്കൈ ഫോട്ടോഗ്രാഫർ അജയ് തൽവാർ കൃഷ്ണദാസിന്റെ നൂതനമായ രീതിയിൽ വളരെയധികം മതിപ്പു തോന്നി പറഞ്ഞതാണിത്. “ഇരുണ്ട സ്ഥലത്ത് നിന്ന് ആൻഡ്രോമിഡയുടെ ഫോട്ടോ എടുക്കുന്നത് വളരെ എളുപ്പമാണെങ്കിലും ഒരു നഗരത്തിൽ, സമയവും പരിശ്രമവും പതിന്മടങ്ങു കൂടുതലാണ്. അതു കൊണ്ട് തന്നെ ഈ ചിത്രം പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നു ശരത്തും പറയുന്നു.
ആസ്‌ട്രോഫോട്ടോഗ്രാഫിയുടെ കൂടുതൽ സെഷനുകളും ആസ്ട്രോ കേരളയുടെ പ്രവർത്തനങ്ങളുമായും കൂടുതൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് കൃഷ്ണദാസ്.ഡിസംബറിൽ അല്പം കൂടി ആകാശം തെളിയുന്ന അവസരത്തിൽ ഓറിയോൺ നെബുലയെ ചിത്രീകരിക്കുകയാണ് അടുത്ത ലക്‌ഷ്യം

അധിക വായനയ്ക്ക്

നിങ്ങൾക്കും അസ്ട്രോണമർ ആകാം



കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
അസ്ട്രോണമി ബേസിക് കോഴ്സിൽ ആദ്യബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു. സിലബസ്സും കോഴ്സിന്റെ വിശദാംശങ്ങളും അറിയാൻ COUURSE.LUCA വെബ്സസൈറ്റ് സന്ദർശിക്കുക
One thought on “ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചത് എങ്ങനെ ?”