ഇനി നിങ്ങളുടെ വലതുകൈ നോക്കുമ്പോള്‍ ഏതാണ് വലത് എന്ന് ഒരന്യഗ്രഹജീവിക്ക് പറഞ്ഞുകൊടുക്കാന്‍ പരീക്ഷണം കണ്ടുപിടിച്ച വുവിനെക്കൂടി ഒന്നോര്‍ത്തേക്കുക…!
വു ജനിക്കുന്നത് 1912-ല്‍ ചൈനയിലെ ല്യൂഹ് നഗരത്തിലാണ്. ഗണിതശാസ്ത്രത്തിലും പഠനത്തില്‍ പൊതുവേയും എന്തെന്നില്ലാത്ത ആവേശം കാട്ടിയിരുന്നു വു. ഹൈസ്ക്കൂളിലായിരുന്നപ്പോള്‍ ഒരേസമയം സാധ്യമാകുന്ന എല്ലാ കോഴ്സുകളും പഠിച്ചിട്ടും വുവിന്റെ ജ്ഞാനതൃക്ഷ്ണ അടങ്ങിയിരുന്നില്ല. കണക്കിലെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നാല്‍ രാത്രിയില്‍ ഉത്തരം മനസിലാകും വരെ ഉണര്‍ന്നിരിക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. കോളേജില്‍ വച്ച് വുവിന്റെ താത്പര്യം ഗണിതശാസ്ത്രത്തില്‍ നിന്ന് ഭൗതികശാസ്ത്രത്തിലേക്ക് മാറി. പഠനശേഷം റിസര്‍ച്ചിന് ചേര്‍ന്നപ്പോള്‍ വുവിന്റെ സൂപ്പര്‍വൈസര്‍ ,അവരും ചെയ്തിരുന്നത് പോലെ വിദേശത്ത് ഡോക്ടറേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വു 1936-ല്‍ അമേരിക്കക്ക് തിരിച്ചു.
സ്ത്രീ എന്ന നിലയ്ക്കും ചൈനീസ് വംശജ എന്ന നിലയ്ക്കും ഒരുപാട് വിവേചനങ്ങള്‍ക്ക് വു ഇരയായി എങ്കിലും പലയിടത്തും ശ്രമിച്ച ശേഷം കാൽടെക്കില്‍ സ്കോളര്‍ഷിപ്പോട് കൂടി പഠിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1940-ല്‍ രണ്ട് വ്യത്യസ്ത റേഡിയോ ആക്ടീവ് വിഷയങ്ങളില്‍ വു തന്റെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. 1942-ല്‍ യുവാന്‍ എന്ന സഹപാഠിയെ വു വിവാഹം ചെയ്യുകയും ചെയ്തു. 1944-ല്‍ ആറ്റം ബോംബ് നിര്‍മിതി ലക്ഷ്യമിട്ടുള്ള മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായി വു. യുദ്ധാവസാന ശേഷം വു കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് പ്രൊഫസറായി ജോലി സ്വീകരിച്ചു.
ന്യൂക്ലിയസില്‍ നിന്ന് ഒരു ഇലട്രോണ്‍ പുറത്തുവരുന്ന പ്രതിഭാസമായ ബീറ്റാ ഡികേ (beta decay) എന്ന പ്രക്രിയയില്‍ പാരിറ്റി സിമ്മട്രി പ്രവര്‍ത്തനക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് 1956-ല്‍ രണ്ട് ശാസ്ത്രജ്ഞന്‍മാര്‍ സൈദ്ധാന്തികമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരീക്ഷിക്കാന്‍ പരീക്ഷണകാര്യത്തില്‍ പ്രഗത്ഭയായിരുന്ന വുവിനോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ബീറ്റാ ഡികേ നിരീക്ഷണങ്ങളില്‍ പരിചിതയായിരുന്ന വു കോബാള്‍ട്ട്-60 എന്ന ന്യൂക്ലിയസില്‍ നിന്ന് പുറത്തുവരുന്ന ഇലക്ട്രോണുകള്‍ നിരീക്ഷിച്ച് പാരിറ്റി സിമ്മട്രി പരിശോധിക്കാം എന്ന് മനസിലാക്കി. ഈ പരീക്ഷണത്തില്‍ ഒരു പ്രത്യേക ദിശയില്‍ കൂടുതല്‍ ഇലക്ട്രോണുകള്‍ പോകുന്നുണ്ട് എങ്കില്‍ അത് പാരിറ്റി സിമ്മട്രി തെറ്റാണ് എന്നതിന്റെ സൂചനയാണ്; കണ്ണാടി പ്രപഞ്ചവും നമ്മുടെ പ്രപഞ്ചവും തമ്മില്‍ ദിശ നോക്കി തിരിച്ചറിയാന്‍ പറ്റരുത്, ഇടതും വലതും പ്രാപഞ്ചിക സത്യങ്ങളാകരുത് പാരിറ്റി സിമ്മട്രി ശരി എങ്കില്‍. പക്ഷേ, കോബാള്‍ട്ട്-60 ന്യൂക്ലിയസില്‍ നിന്ന് പുറത്തുവന്ന ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ സ്പിന്നിന്റെ (nuclear spin: ഈ സ്പിന്‍ കറക്കമല്ല, മറ്റൊരു അളവാണ്) വിപരീത ദിശയില്‍ ആണ് കൂടുതല്‍ പോയത്. ദിശയുണ്ട്; കണ്ണാടി തകര്‍ന്നു!
1957-ല്‍ ഈ പരീക്ഷണഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒരുപാട് ഭൗതികശാസ്ത്രജ്ഞര്‍ ഇത് തെറ്റാണെന്നോ അബദ്ധമാണെന്നോ വിശ്വസിക്കാനാണിഷ്ടപ്പെട്ടത്; കണക്കിന്റെ കണാടി സൗന്ദര്യമായിരുന്നു അവര്‍ക്കിഷടം. പക്ഷേ, ആവര്‍ത്തിച്ചുള്ള സ്ഥിതീകരണങ്ങള്‍ക്ക് ശേഷം വു അവരുടെ കണ്ണാടി നോട്ടം അവസാനിപ്പിച്ചു, ഫിസിക്സ് യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നുകൂടി ഉറച്ച് ഇരുത്തപ്പെട്ടു. അതേ കൊല്ലം തന്നെ സിദ്ധാന്തം പ്രസിദ്ധീകരിച്ച മറ്റ് രണ്ട് ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം കിട്ടുകയും ചെയ്തു!
അതെ, മുമ്പു പറഞ്ഞ മെയ്റ്റ്നറുടെ കഥയില്‍ പരീക്ഷണം ചെയ്തവര്‍ക്ക്, വുവിന്റെ കഥയില്‍ സിദ്ധാന്തം ഉണ്ടാക്കിയവര്‍ക്ക്: നോബല്‍ കിട്ടുന്നത് അവസാനം എന്തോ കാരണം കൊണ്ട് ആണുങ്ങള്‍ക്ക് മാത്രം! പക്ഷേ, ഇന്ന് ന്യൂക്ലിയര്‍ ഫിസിക്സ് പാഠപുസ്തകങ്ങളില്‍ പാരിറ്റി സിമ്മട്രി തെറ്റുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങളില്‍ പേരെടുത്ത് പറയുന്നത് വുവിനെ തന്നെയാണ്; പതിയെ ആണെങ്കിലും ഈ അനീതി തിരുത്താന്‍ ശാസ്ത്രസമൂഹം ശ്രമിക്കുന്നുണ്ട്. വു ഒരുപാട് പരീക്ഷണങ്ങളിലൂടെ പിന്നെയും സയന്‍സിന് ധാരാളം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കിക്കൊണ്ട് തന്നെ ഇരുന്നു. 1997-ല്‍ വു അന്തരിച്ചു.
ഇനി നിങ്ങളുടെ വലതുകൈ നോക്കുമ്പോള്‍ ഏതാണ് വലത് എന്ന് ഒരന്യഗ്രഹജീവിക്ക് പറഞ്ഞുകൊടുക്കാന്‍ പരീക്ഷണം കണ്ടുപിടിച്ച വുവിനെക്കൂടി ഒന്നോര്‍ത്തേക്കുക…!
അധികവായനയ്ക്ക്
- Chien-shiung wu (1912—1997) A Biographical Memoir by Noemie Benczer-Koller
- Madame Wu Chien-Shiung : The First Lady of Physics Research by Tsai-Chien Chiang
- Chien-Shiung Wu: Pioneering Nuclear Physicist by Richard Hammond
- https://journals.aps.org/pr/abstract/10.1103/PhysRev.105.1413
- https://journals.aps.org/pr/abstract/10.1103/PhysRev.77.136