ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.
ക്വാണ്ടം ടണലിങ്ങ് വിദ്യയിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ രണ്ടുപാളികൾക്കിടയിലുള്ള വിടവിലൂടെ ഇലക്ട്രോണുകൾ സ്ഥാനമാറ്റം വരുത്തുന്നതിനനുസരിച്ചു ഡിജിറ്റൽ വിവരങ്ങൾ എൻകോഡ് ചെയ്യാൻ സാധിക്കുന്നു. നിലവിലെ അത്യാധുനിക കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ പ്രവർത്തിക്കുന്ന രീതിക്ക് സമാനമാണിത്. സാധാരണ ദശലക്ഷത്തോളം വരുന്ന കണികകൾ നൂറുപാളികകളായിട്ടാണ് ക്രമീകരിക്കുക എന്നതിനാലാണ് രണ്ടുപാളികൾ മാത്ര മുള്ള ഈ ഉപകരണം ശ്രദ്ധ ആകർഷിക്കുന്നത്. വാസ്തവത്തിൽ രണ്ടുപാളികളും ഒരുമിച്ചല്ല വിന്യസിച്ചിരിക്കുന്നത്. ഓരോ പാളികളിലെയും പകുതി കണികകൾ പരസ്പരം വ്യാപിച്ചു കിടക്കു പോലെയുള്ള ക്രമീകരണം, ധ്രുവീകരണം (polarization) സംഭവിക്കാൻ കാരണമാകുന്നു. ക്രമീകരണത്തിൽ മാറ്റം വരുത്തി ധ്രുവീകരണം എതിർദിശയിൽ ആക്കാനും സാധിക്കും. ഇത്തരത്തിൽ 0 അല്ലെങ്കിൽ 1 എന്ന ബൈനറി സ്റ്റേറ്റിലേക്ക് മാറാനും കണികാപാളികളുടെ ക്രമീകരണം സഹായിക്കുന്നു. നേരിയ പാളികൾ ഉപയോഗിക്കുമ്പോൾ ഇലക്ട്രോണിന്റെ ചലനം വളരെ വേഗത്തിലാണ്. ഇത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വേഗതയും ഊർജക്ഷമതയും കൂട്ടാൻ സഹായിക്കും.
തയ്യാറാക്കിയത് : ഡോ.ദീപ കെ.ജി, ശാസ്ത്രഗതി സെപ്റ്റംബർ ലക്കം
വീഡിയോ കാണാം
അധികവയാനയ്ക്ക്
- https://www.livescience.com/thinnest-ever-electronic-device.html
- https://www.science.org/doi/abs/10.1126/science.abe8177