Read Time:5 Minute


സജിൻ പി.ജെ

പ്രശസ്ത എഴുത്തുകാരൻ കെ.എ.അബ്ബാസിന്റെ ഒരു കഥയിൽ പ്രധാന കഥാപാത്രമായ റഹീംഖാന്റെ മുരടൻ സ്വഭാവത്തിന് മാറ്റം വരുത്തുന്നത് രണ്ട് കുരുവികൾ അയാളുടെ വീട്ടിൽ കൂടുകൂട്ടുമ്പോഴാണ്. നിരന്തരം ഭാര്യയെ മർദ്ധിച്ചിരുന്ന, മക്കളോടും അയൽക്കാരോടും യാതൊരു ദയയും കാണിക്കാതിരുന്ന ആളായിരുന്നു റഹീംഖാൻ. തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയേയും മക്കളേയും അവജ്ഞയോടെയല്ലാതെ കുറിച്ച് ഒരുതവണ പോലും ചിന്തിക്കാൻ അയാൾ തയ്യാറാവുന്നില്ല. എന്നാലും കുരുവികൾക്ക് ഭക്ഷണം കൊടുക്കാനും അവയെ തന്റെ മക്കളുടെ പേരിട്ട് വിളിക്കാനും അയാൾ ശ്രദ്ധിക്കുന്നുണ്ട്. ഒരു പെരുമഴയത്ത് കുരുവികളുടെ കൂട് തകർന്നു വീണതിനരുകിൽ മഴയിൽ കുതിർന്ന് അയാളുടെ മൃതദേഹം കിടക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. മഴ കഴിഞ്ഞ ദിവസം അവിടെ എത്തുന്ന അയാളുടെ ഭാര്യയും മക്കളും “റഹീം ഖാന്റെ ശുഷ്കിച്ച ശരീരം നാലു കുരുവികളുടെ ചിറകടിയൊച്ചയിൽ ഇടയ്ക്കു മാത്രം ഭേദിക്കപ്പെടുന്ന ആ മുറിയുടെ  ചിന്താമഗ്നമായ നിശബ്ദതയിൽ” കിടക്കുന്നത് കാണുന്നിടത്താണ്.

കുട്ടിക്കാലത്ത് എന്റെ നാട്ടിലെ അങ്ങാടികളിൽ സ്ഥിര താമസക്കാരായിരുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികൾ. ഏത് പലചരക്ക് കടയിൽ ചെന്നാലും മനുഷ്യരെ കാണുമ്പോൾ കൂട്ടത്തോടെ പറന്നുയരുന്ന അവയെ കാണാമായിരുന്നു. അരിയുടെയും ഗോതമ്പിന്റെയും ചാക്കുകൾ ചിലപ്പോഴെങ്കിലും കുരുവിച്ചാക്കുകളായിട്ടാണ് കാണപ്പെട്ടത്! പിന്നീട് പൊടുന്നനെ അവയുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അരിയിലും ഗോതമ്പിലും ചേർക്കുന്ന രാസവസ്തുക്കളാണ് ഇതിനു കാരണമെന്ന് വായിച്ചതോർക്കുന്നു. ലോകത്ത് എവിടെപ്പോയാലും നമുക്ക് കാണാൻ കഴിയുന്ന ഒരു പക്ഷി വർഗ്ഗമാണ് സ്പാരോസ് (Sparrows) അഥവാ അങ്ങാടിക്കുരുവികൾ. മനുഷ്യരുള്ളയിടത്തു മാത്രമെ നമുക്കീ പക്ഷികളെ കാണാൻ കഴിയൂ. അത്രമേൽ നമ്മളുമായി സഹവർത്തിത്തത്തിലായ പക്ഷികളാണിവ. നാരായണപ്പക്ഷി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടുന്നു. അത്ര വൃത്തിയുള്ള കൂടൊന്നുമല്ല ഇവയുടേത്. കൂടൊരുക്കാൻ ഇന്ന സ്ഥലമെന്നൊന്നുമില്ല, എവിടെയും കൂടുകൂട്ടും. മനുഷ്യർ വെച്ചു കൊടുക്കുന്ന കലത്തിനുള്ളിലൊക്കെ സന്തോഷത്തോടെ കുടിപാർക്കുന്നവരാണിവർ.

വർഷത്തിൽ പല പ്രാവശ്യം മുട്ടയിട്ട് അടയിരിക്കുന്നവരാണ് അങ്ങാടിക്കുരുവികൾ. പൊതുവെ സസ്യഭുക്കുകൾ ആണെങ്കിലും കുഞ്ഞുങ്ങൾക്ക് പുഴുക്കളെയും പുൽച്ചാടികളെയുമൊക്കെ പിടിച്ചു കൊണ്ടുചെന്നു കൊടുക്കാറുണ്ട്. ഒരു പക്ഷെ അതായിരിക്കാം അവരുടെ ബേബിഫുഡ്! ഇത്തരത്തിൽ പലതരം കീടങ്ങളെയും പുഴുക്കളെയുമൊക്കെ നിയന്ത്രിച്ചു നിർത്തുന്നതു വഴി ഇവ മനുഷ്യനെ സഹായിക്കുന്നുണ്ട്. ഒരു തവണ അഞ്ചും ആറും കുഞ്ഞുങ്ങൾ ഉണ്ടാവുമെങ്കിലും വളരെ വിരളമായേ അവയിൽ ഒന്നോ രണ്ടോ എണ്ണം എങ്കിലും പൂർണ്ണവളർച്ചയെത്താറുള്ളു. ഇതുകാരണം അങ്ങാടിക്കുരുവികളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അനിയന്ത്രിതമായി ഉയരുന്ന ശബ്ദമലിനീകരണവും ഈ പക്ഷികളുടെ തിരോധാനത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ടാണ് മാർച്ച് 20 World Sparrow Day ആയി ആഘോഷിക്കുന്നത്. ഇന്ത്യയിലെ നേച്ചർ ഫോർ എവർ സൊസൈറ്റിയും (Nature Forever Society) ഫ്രാൻസിലെ എക്കോ-സിസ് ആക്ഷൻ ഫൗണ്ടേഷനും (Eco-Sys Action Foundation) ചേർന്നാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്.

അങ്ങാടിക്കുരുവികളെ മാത്രമല്ല നമുക്കു ചുറ്റും കാണുന്ന എല്ലാ പക്ഷികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരൽ ചൂണ്ടുന്നത്. 2022-ലെ World Sparrow Day-യുടെ തീം ” I love Sparrows” എന്നാണ്. നമ്മുടെ വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒരു ചെറിയ പാത്രത്തിൽ ധാന്യങ്ങളും വെള്ളവുമൊക്കെ വെച്ചു കൊടുത്താൽ അത് ഈ പക്ഷികളുടെ നിലനിൽപ്പിന് വലിയ ഉപകാരമായിരിക്കും.

ഫോട്ടോ കടപ്പാട് : Dr. Raju Kasambe വിക്കിപീഡിയ

കൂടുതൽ വിവരങ്ങൾക്ക്

  1. www.worldsparrowday.org
  2. www.natureforever.org
  3. https://www.facebook.com/NatureForeverSociety

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാർച്ച്‌ 20 – ലോക അങ്ങാടിക്കുരുവിദിനം
Next post വെള്ളത്തെ വിലമതിക്കാം – ജലദിനത്തിന് ഒരാമുഖം
Close