Read Time:14 Minute


ഡോ.ജയകൃഷ്ണന്‍ ടി.
പ്രൊഫസര്‍, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം
കോഴിക്കോട് മെഡിക്കല്‍ കോളേജ്

“നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകത്തെ സൃഷ്ടിക്കുക”  (Building a fairer, healthier world) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം.

നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാന ലോകം അസന്തുലിതമാണെന്ന് കോവിഡ് കൂടുതല്‍  വെളിവാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ ചില ആളുകള്‍ക്ക്  മാത്രം ആരോഗ്യത്തോടെ നിലനില്‍ക്കാനാകുന്നതും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതും അവര്‍ ജനിച്ചതും, വളര്‍ന്നതും, ജീവിച്ചതും , തൊഴില്‍ ചെയ്യുന്നതും മറ്റുള്ളവരെ അപേക്ഷിച്ച് നല്ല സാഹചര്യങ്ങളില്‍ ആയതു കൊണ്ടാണ്.  ഇതേ സമയത്ത് തന്നെ ലോകത്ത് എവിടെയായിരുന്നാലും മറ്റൊരു കൂട്ടം മനുഷ്യര്‍ ചുരുങ്ങിയ വരുമാനവും, പരിമിതമായ പാര്‍പ്പിട –തൊഴില്‍ സൗകര്യങ്ങളും ഉള്ളവരാണ്. അവർ മതിയായ വിദ്യാഭ്യാസമോ, തൊഴിലോ ലഭിക്കാതെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാകാതെ വിഷമിക്കുന്നുണ്ട്. ഇവര്‍ തന്നെയാണ് ശുദ്ധമായ കുടിവെള്ളമോ, ഭക്ഷ്യസുരക്ഷയോ ആവശ്യമായ ആരോഗ്യ സേവനങ്ങളോ ലഭ്യമാകാതെ വിഷമിക്കുന്നത്  . ഈ സാഹചര്യങ്ങൾ എല്ലാം തന്നെ ഇവര്‍ക്കിടയില്‍ തടയാവുന്ന  രോഗങ്ങളും, അകാലമരണങ്ങളും, തീരാത്ത കഷ്ടപ്പാടുകളും ഉണ്ടാക്കുന്നുമുണ്ട്.  ഇത് ലോകത്താകെയുള്ള മനുഷ്യരുടെ  സാമുഹിക സ്ഥിതിയെയും, സാമ്പത്തിക അവസ്ഥയെയും  ദോഷകരമായി ബാധിക്കുന്നതുമാണ്.  സമ്പത്ത്, അധികാരം, സാമൂഹ്യമായ പദവികൾ എന്നിവയിൽ നിന്ന് ലഭ്യമാകുന്ന പ്രിവിലേജുകളുള്ളവർ, അല്ലെങ്കിൽ ഈ പ്രിവിലേജുകളുമായി ചേർന്ന് നിൽക്കുന്നവർ – എന്നിവർക്ക്മാത്രം ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതും മറ്റുള്ളവര്‍ക്ക് നിരാകരിക്കപ്പെടുന്നതും നൈതികതക്കും മനുഷ്യാവകാശങ്ങള്‍ക്കും  എതിരാണ്.

അതിനാല്‍ തന്നെ ഈ ആരോഗ്യ അസമത്വങ്ങള്‍ ഒരിക്കലും നീതികരിക്കാവുന്നതല്ല എന്ന് മാത്രമല്ല ഇവ അവസാനിപ്പിക്കേണ്ടതുമാണ്. . ഇതിനായി ഓരോ രാജ്യത്തും ഓരോരുത്തര്‍ക്കും ആരോഗ്യകരമായി ജീവിക്കാനും തൊഴിലുകളില്‍ ഏര്‍പ്പെടാനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അതത് രാജ്യങ്ങളിലെ ഭരണ നേതൃത്വങ്ങള്‍  ശ്രദ്ധിക്കേണ്ടതുണ്ട്.  ഈ ലക്ഷ്യം കൈവരിക്കാനായി സര്‍ക്കാരുകള്‍ അതാതിടങ്ങളിലെ ജനങ്ങള്‍ക്കിടിലെ ആരോഗ്യ സ്ഥിതികളിലും , ആരോഗ്യ സേവന ലഭ്യതകളിലും ഉള്ള അസമത്വങ്ങൾക നിരന്തരം നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് യഥാസമയം സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു  വരുത്തുകയും വേണം എന്നാണ്  ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നത് .

കോവിഡ്  ലോകത്ത് എല്ലാ രാജ്യങ്ങളെയും ഒരു പോലെ ദോഷകരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ആഘാതങ്ങള്‍ അതാതിടങ്ങളിലെ ദുര്‍ബല ജനവിഭാഗങ്ങളെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത് വൈറസ് കൂടുതല്‍ ഭീതിദമായി പടര്‍ന്നതും ഇത്തരം ജന സമുഹങ്ങളില്‍ തന്നെയാണ്.  പാന്‍ഡമിക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഇടങ്ങളിലും ചികിത്സ സേവനങ്ങള്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ ജന വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്ന ഇടങ്ങളിലും  ഇതിന്റെ ആഘാതം കുറവാണെന്ന് നമ്മള്‍ അനുഭവങ്ങളിലുടെ കണ്ടു. അതുകൊണ്ട് തന്നെ ഭുമിയില്‍ എല്ലായിടങ്ങളിലും  എല്ലാവര്‍ക്കും ആരോഗ്യവും, ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും വ്യക്തിയുടെ അവകാശമാണെന്നുള്ള  തിരിച്ചറിവ് ഓരോരുത്തര്‍ക്കും , ഭരണകുടങ്ങള്‍ക്കും ഉണ്ടാക്കിയെടുക്കുക എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ് . ജനങ്ങള്‍ക്കിടയിലെ വര്‍ഗ- വംശ- ലിംഗ – ജാതി പരമായ ആരോഗ്യത്തിലെ അസന്തുലിതാവസ്ഥകള്‍ ഇല്ലാതാക്കുക, സേവനങ്ങള്‍ എല്ലാവര്ക്കും പ്രാപ്യമാക്കുക  എന്നതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ വിഷയം കൊണ്ട് ഉദേശിക്കുന്നത്. വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ മനുഷ്യര്‍ പരസ്പരം ഇടപെടുമ്പോള്‍ മുഖം മറയ്ക്കുന്ന മാസ്കുകള്‍ ഉപയോഗിക്കാന്‍  നിര്‍ദേശം നല്‍കിയ ലോക ആരോഗ്യ സംഘടന  തന്നെ  ഇനിയങ്ങോട്ടു  ആരോഗ്യം വീണ്ടെടുക്കാന്‍ ആളുകളോട്  “മനുഷ്യമുഖം “ വീണ്ടെടുക്കാന്‍ ആഹ്വാനം നല്‍കുകയാണ്.

കോവിഡ് മൂലമുള്ള  മരണസംഖ്യ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്സമ്പന്ന രാജ്യങ്ങളിലാണ് എങ്കിലും ഇതിന്റെ തീവ്ര ആഘാതങ്ങൾ ഇനി തുടര്‍ന്നും അനുഭവിക്കേണ്ടത് ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ്. അല്ലെങ്കില്‍ ഓരോ ഇടങ്ങളിലെയും താഴെക്കിടയില്‍ ഉള്ളവരായിരിക്കും.  ബ്രിട്ടനിൽ കോവിഡ് മൂലം മരണപ്പെട്ടവരിൽ വെളുത്ത വർഗ്ഗക്കാരെ അപേക്ഷിച്ച് കറുത്തവർ ഇരട്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷം  90 ശതമാനം രാജ്യങ്ങളിലും കോവിഡ്  അല്ലാത്ത മറ്റു രോഗങ്ങളുടെ ചികിത്സകള്‍ തകരാറിലായി മുടങ്ങിയിരുന്നു. നാല്‍പ്പതു ശതമാനം രാജ്യങ്ങളില്‍ മാത്രമേ അധികൃതരല്ലാത്ത പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളില്‍ ചികിത്സ പോലും നല്‍കിയിട്ടുള്ളൂ.  ഇന്റർനാഷണൽ  ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം ലോകത്താകെ തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 40% പേരേയും കോവിഡ് പ്രതികൂലമായി ബാധിച്ചു. ഒട്ടാകെ  72 ശതമാനം ഗാർഹിക ജോലിക്കാർക്കും കോവിസ് കാലത്ത് തൊഴിൽ നഷ്ടപ്പെടുകയുണ്ടായി. ഇവരിൽ 67% വും കുടിയേറ്റ  തൊഴിലാളികളായിരുന്നു.

പാൻഡമിക്കിന്റെ ആദ്യത്തെ ആറു മാസത്തെ കണക്കെടുപ്പ് പ്രകാരം ലോകത്താകെ കോടിക്കണക്കിന് സാധാരണക്കാർക്കിടയിലെ തൊഴിലില്ലായ്മയും , കടബാദ്ധ്യതകളും ദാരിദ്ര്യവും കൂടിയപ്പോൾ ലോകത്തിലെ ശതകോടി ധനവാൻമാരായ 5 പേരുടെ വരുമാനം 59% വർദ്ധിച്ചു. “പ്യു റിസർച്ച് സെൻ്ററിൻ്റെ” (pew research center ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമ്പത്തിക അന്തരം വളരെ കുടിയിട്ടുണ്ട്. ദിവസം ശരാശരി 150 രൂപയിൽ താഴെ മാത്രം വരുമാനമുള്ള പരമ ദരിദ്രരുടെ എണ്ണം 5.9 കോടിയിൽ നിന്ന് ഇരട്ടിച്ച് 13. 4 കോടിയായി.

സ്വകാര്യ മേഖലക്ക് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരുന്ന പല നിയമ /നിയന്ത്രണ നടപടികളും ഇളവ് ചെയ്യപ്പെട്ടു. ഇതിനെ തുടർന്ന് പല രാജ്യങ്ങളിലും ഔഷധവില നിയന്ത്രണങ്ങൾക്ക് അയവുവന്നു സാമ്പത്തിക ലാഭം മാത്രം കണ്ട് കൊണ്ട് സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവന മേഖലകൾ വളരുകയും സാമ്പത്തികമായി അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയും ചെയ്തു. ഇപ്പോള്‍ കൊവിഡിനു എതിരെയുള്ള വാക്സിന്‍ ലഭ്യതയിലും ഈ അസമത്വം കാണാവുന്നതാണ്. സമ്പന്ന രാജ്യങ്ങള്‍ “ വാക്സിന്‍ ദേശീയതയുടെ പേരില്‍ “ ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തു വെച്ചിട്ടുണ്ട്. കനഡാ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി അഞ്ചിലധികം വാകസിന്‍ ലഭ്യമാകുമ്പോള്‍ തന്നെ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ചെറിയ ശതമാനം ആളുകള്‍ക്കും വാക്സിന്‍ ലഭിക്കാനുള്ള സാധ്യത ഇല്ല.

ലോക ബാങ്ക് തലവന്‍ ദൈവിസ് മാല്‍ പാസ്  തന്നെ ലോക്ഡൌൺ മൂലം ഈ വർഷം ആറു കോടിയോളം പേര്‍ പട്ടിണിയിലാകുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.  യൂണിവേഴ്സല്‍ ഹെല്‍ത്ത്കെയര്‍ പോലെതന്നെ ഒപ്പം ഭക്ഷ്യ സുരക്ഷയ്ക്കുള്ള പൊതുവിതരണ സംപ്രദായവും, മിനിമം കൂലി ഉറപ്പാക്കല്‍, ആശുപത്രികളിലടക്കം ജോലിയിടങ്ങളിലെ സുരക്ഷ ഇതൊക്കെ ഉറപ്പിച്ചാല്‍ മാത്രമേ മനുഷ്യരാശിക്ക് ഇനി മുന്‍പോട്ടു പോകാന്‍ സാധ്യമാവൂവെന്നും ഇപ്പോള്‍ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ കോവിഡാനന്തര ലോകത്ത് ദരിദ്രവത്കരണം കുറക്കാനും ജീവിത വൃത്തികൾ നിലനിർത്താനും തൊഴിലിടങ്ങൾ സുരക്ഷിതമാക്കാനും സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്.

ഇവ പൊതുഇടങ്ങൾ, സർക്കാർ സേവന മേഖലകൾ എന്നിവ ശക്തപ്പെടുത്തിയും വരുമാനത്തിനനുസരിച്ച് ജനങ്ങളിൽ നിന്ന് നികുതി കൾ ശേഖരിച്ച്  കൂടുതൽ വിഭവ സ മാഹരണം നടത്തിയും ചെയ്യാവുന്നതാണ്. ഇതിനായി ആരോഗ്യ മേഖലയില്‍ മനുഷ വിഭവശേഷി വര്‍ധിപ്പിക്കുകയും , പ്രവര്‍ത്തകര്‍ക്ക് പ്രതിഫലങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുകയും വേണം എന്നാണ് വിദഗ്ധ നിര്‍ദേശം. വിവേചനത്തിനെതിരെ നിയമങ്ങൾ ഉണ്ടാവണം. സാമ്പത്തിക സ്ഥിതി നോക്കാതെ സർവ്വർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന അവസ്ഥ ഉണ്ടാകുകയും വേണം .

  1. നീതി യുക്തവും , ആരോഗ്യപൂർണവുമായ  ലോകത്തിനായിട്ടുള്ള  കാംപെയ്നില്‍ എല്ലാവരും പങ്കു ചേരേണ്ടതുണ്ട്  .
  2. ആരോഗ്യ അസന്തുലനങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന കാര്യങ്ങളുടെ വേരറുക്കാന്‍  സര്‍ക്കാരുകളും ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
  3. എല്ലാവരും സുരക്ഷിതരാകാതെ ലോകത്ത് ആരും തനിയെ സുരക്ഷിതരാകുന്നില്ല. ഭുമിയില്‍  എവിടെ എങ്കിലും ഒരു പകര്‍ച്ച വ്യാധി ഉണ്ടെങ്കില്‍ അത് എവിടെയും, ആരിലും എത്താമെന്ന് കോവിഡ് കാണിച്ചു തന്നു(Anywhre Everywhere )  അതിനാല്‍ ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ അടിസ്ഥാന തലത്തില്‍ ആരോഗ്യമേഖലയിൽ കുടുതല്‍ വിഭവ നിക്ഷേപങ്ങള്‍ ആവശ്യമുണ്ട് , പൊതുജനാരോഗ്യ ഇടപെടലുകളും ആവശ്യമുണ്ട്.. ജനങ്ങള്‍ക്ക് അവരുടെ ആവശ്യ ത്തിനു , വേണ്ട സമയത്ത് സേവനങ്ങള്‍  ലഭ്യമാക്കാന്‍ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളും, ആരോഗ്യ പ്രവര്‍ത്തകരും,അവരുടെ താമസ സ്ഥലത്തിനടുത്ത് തന്നെ ഉണ്ടാവുകയും വേണം.

”കോവിഡിന് ശേഷം ലോകം അങ്ങനെ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? മുമ്പ്  കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോകമഹായുദ്ധം എന്ന മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളുടെ ആഴക്കടലില്‍ നിന്നാണ് “യുനിവേർസല്‍ ഹെല്‍ത്ത് കെയര്‍ “ എന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞു വന്നത് , അത് പോലെ കോവിഡ്  ദുരന്തം ഉണ്ടാക്കിയ ആഘാതങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ  ‘ നീതി പുര്‍വ്വമായ “ ആരോഗ്യ സങ്കല്‍പ്പം  പൂര്‍ത്തികരിക്കാന്‍ ലോകജനതക്കാവട്ടെ എന്ന് പ്രത്യാശിക്കാം.


ഡോ.സി.ആർ. സോമൻ അനുസ്മരണ വെബിനാർ – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

 

ഡോ. സി. ആർ. സോമൻ അനുസ്മരണ വെബിനാർ ആരോഗ്യത്തിന്റെ കേരള മാതൃക, ഒരു പുനർവായന എന്ന വിഷയത്തിൽ ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ബുധനാഴ്ച്ച രാത്രി 7 മണിക്ക് നടക്കും. പാങ്ങപ്പാറ സംയോജിത കുടുംബാരോഗ്യ കേന്ദം, ലൂക്ക, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർദ്രം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രാകേഷ് ശർമ: ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കണ്ടയാൾ
Next post ഫ്ലൂ മഹാമാരിയെക്കുറിച്ചൊരു വൈദ്യഭാഷ്യം
Close