1987 ജൂണ്‍ 17 – 26 ന് ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന ഉച്ചകോടിയിലാണ് ലഹരിക്കെതിരായുള്ള ഒരു ദിനാചരണത്തിന്‍റെ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഐക്യ രാഷ്ട്രസഭ ഡിസം 7 ന് പുറപ്പെടുവിച്ച 42/112 എന്ന പ്രമേയത്തിലുടെയാണ്, 1989 മുതല്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം തുടങ്ങിയത്. മുപ്പത്തിനാലാം ദിനാചരണമാണ് ഈ വര്‍ഷം നടക്കുന്നത്.
2023 ലെ ദിനാചരണത്തിന്റെ ആശയം People first : Stop stigma and discrimination, strengthen prevention എന്നതാണ്
- ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുക.
- അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക
- മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ വ്യാപകമായിട്ടുള്ള HIV , Hepatitis എന്നീ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങള്‍ ശക്തമാക്കുക.
- ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ നല്കുന്നതിന് പകരം അവര്‍ക്ക് ചികിത്സ നല്കുകയും അവരെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുക.
- മയക്കുമരുന്നിന്‍റെ ഉപയോഗവും ആസക്തിയും തടയാൻ യുവാക്കളെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നീ ആശയങ്ങളിലൂന്നിയാകണം ഈ വർഷത്തെ പ്രവര്‍ത്തനങ്ങളെന്ന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നു.
വേള്‍ഡ് ഡ്രഗ് റിപ്പോർട്ട്
മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെയും വിശകലനങ്ങളുടെയും റിപ്പോർട്ട് എല്ലാ വര്‍ഷവും UNODC ( United Nations Office On Drug and Crime ) വേള്‍ഡ് ഡ്രഗ് റിപ്പോർട്ട് എന്ന പേരില്‍ പുറത്തിറക്കാറുണ്ട്..
2022 ലെ വേള്‍ഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം ലോകത്താകമാനം ലഹരിയുടെ ഉപയോഗവും കടത്തും വർദ്ധിച്ചിട്ടുണ്ടെന്നും പതിനഞ്ചിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 284 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ച് ലഹരി ഉപയോഗം 26 ശതമാനം വർദ്ധിച്ചതായി,2020 ലെ കണക്കുകളെ ഉദ്ധരിച്ച് UNODC പറയുന്നു.
112 ലക്ഷം ആളുകള്‍ ശരീരത്തിലേക്ക് മയക്ക് മരുന്ന് കുത്തിവെക്കുന്നുണ്ട്. ഇതുമൂലം അതില്‍ പകുതിപ്പേര്‍ക്കും ഹെപ്പറ്റൈറ്റസ് രോഗവും 14 ലക്ഷം പേർക്ക് എയ്ഡ്സ് രോഗവും ബാധിച്ചിട്ടുണ്ട്. UNODC വേള്‍ഡ് ഡ്രഗ് റിപ്പോർട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന തരത്തില്‍ UNODCയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ റിപ്പോർട്ട് ജൂണ്‍ 26ന് പുറത്തിറങ്ങി.