രക്തദാനത്തിലൂടെ മറ്റുള്ളവർക്ക് ജീവിതം പകുത്തുനൽകാം…!
റോഡപകടത്തിൽപ്പെട്ട് ശരീരത്തിലെ ഭൂരിഭാഗം രക്തവും വാർന്നൊഴുകി, വാടിയ ചേമ്പിൻതണ്ട് പോലെ തളർന്നവശനിലയിലായ ഒരാളെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ അയാളുടെ ജീവൻ രക്ഷിക്കാൻ , നഷ്ടപ്പെട്ട രക്തം പുനസ്ഥാപിക്കുകയല്ലാതെ ഡോക്ടർമാരുടെ മുമ്പിൽ മറ്റൊരു പോംവഴിയും ഉണ്ടാകില്ല. അതിനാലാണ് , “ഒരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ ഒരു ഡോക്ടർ ആകണമെന്നില്ല ; രക്തദാതാവ് ആയാൽ മതി ” എന്ന് ആഹ്വാനം ചെയ്യപ്പെടുന്നത് !
രക്തദാതാദിനം : സവിശേഷതകൾ
രക്തദാതാക്കളുടെ സന്നദ്ധതയ്ക്കും ത്യാഗമനസ്ഥിതിക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ലോകമെമ്പാടും ഇന്ന് (ജൂൺ 14) രക്തദാതാദിനം ആയി ആഘോഷിക്കുന്നത്. രക്തദാനത്തിന്റെ പ്രാധാന്യവും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്താനും ബോധവൽക്കരിക്കാനും ഈ ദിനാഘോഷം ലക്ഷ്യമിടുന്നു. 2004 മുതൽ ലോകാരോഗ്യസംഘടനയാണ് ദിനാഘോഷത്തിന് നേതൃത്വം നൽകുന്നത്.
ആധുനിക രക്തബാങ്കിങ്ങിന് അടിത്തറയിട്ട രക്തഗ്രൂപ്പുകളുടെ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞൻ കാൾ ലാൻഡ്സ്റ്റീനറുടെ (Karl Landsteiner) ജന്മദിനമാണ് രക്തദാതാദിനമായി ആഘോഷിക്കുന്നത്. രക്തത്തിന് വ്യത്യസ്ത ഗ്രൂപ്പുകൾ ഉണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചത് 1901ലാണ്. ഈ നിർണായക കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
“രക്തവും പ്ലാസ്മയും ദാനം ചെയ്യൂ , ജീവൻ പകുത്തു നൽകൂ ! ” (Give Blood , Give Plasma , Share Life, Share Often) എന്നതാണ് 2023ലെ ദിനാഘോഷത്തിന്റെ സന്ദേശവാക്യം. ആതിഥേയരാജ്യം അൾജീരിയ ആണ്.
ഒരു ദാതാവിന് മൂന്നു പേരുടെ ജീവൻ രക്ഷിക്കാം !
ഓരോ യൂണിറ്റ് രക്തവും പ്ലാസ്മയും വിലമതിക്കാനാകാത്ത ജീവൻരക്ഷാ ഔഷധമാണ്. രക്തത്തിലെ വിവിധ ഘടകങ്ങളിൽ ഒന്നാണ് പ്ലാസ്മ. ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, ക്രയോപ്രസിപ്പിറ്റേറ്റ് എന്നിവയാണ് രക്തത്തിൽ നിന്നെടുക്കുന്ന മറ്റു ഘടകങ്ങൾ.
രക്തത്തിലെ വിവിധ ഘടകങ്ങൾ വേർതിരിച്ചെടുത്ത് രോഗാവസ്ഥയ്ക്ക് അനുസരിച്ച് രോഗിക്ക് നൽകാൻ കഴിയുന്ന രക്തഘടകവിശ്ലേഷണ യൂണിറ്റുകൾ (Blood Component Separation Unit) ഒട്ടുമിക്ക ബ്ലഡ് ബാങ്കുകളിലും നിലവിലുണ്ട്. വിളർച്ച (അനീമിയ)യുള്ളവർക്ക് ചുവന്ന രക്താണുക്കളും തീപ്പൊള്ളലേറ്റവർക്കും വൃക്കത്തകരാർ ഉള്ളവർക്കും പ്ലാസ്മയും ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ത്രോമ്പോസൈറ്റോപീനിയ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് പ്ലേറ്റ്ലെറ്റുകളും വേർതിരിച്ചെടുത്ത് നൽകി രോഗശമനം പെട്ടെന്നാക്കാം. അതിനാൽ, ഒരു ദാതാവിൽ നിന്നെടുക്കുന്ന 350 മി.ലി.രക്തത്തിൽ നിന്ന് ഘടകങ്ങൾ വേർതിരിച്ചെടുത്ത് മൂന്നു രോഗികൾക്കെങ്കിലും നൽകാനും അവരുടെ ജീവൻ രക്ഷിക്കാനുമാകും!
രക്തബാങ്കിലെ മറ്റൊരു ആധുനിക സങ്കേതമാണ് അഫറസ് യൂണിറ്റുകൾ (Apheresis unit ). രോഗിക്ക് ആവശ്യമായ രക്തഘടകം മാത്രം ദാതാവിൽ നിന്ന് താരതമ്യേന കൂടുതൽ അളവ് എടുക്കുകയും ഇതര ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ യന്ത്രസഹായത്താൽ തിരിച്ചുകയറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. ഈ സംവിധാനത്തിന് ചില മെച്ചങ്ങൾ ഉണ്ട് .ഉദാഹരണത്തിന്, അഞ്ചോ ആറോ യൂണിറ്റ് പ്ലേറ്റ്ലെറ്റ് ആവശ്യമുള്ള ഒരു രോഗിക്ക് ഒരു ദാതാവിനെ മാത്രം കണ്ടെത്തിയാൽ മതിയാകും. അപൂർവ രക്തഗ്രൂപ്പിൽ പെട്ട രോഗികൾക്ക് ഇത് വലിയ അനുഗ്രഹവും ആശ്വാസവും ആണ് . അഫറസിസ് ദാതാവിന് രണ്ടു ദിവസം കഴിഞ്ഞാൽ അതേ രക്തഘടകം വീണ്ടും സുരക്ഷിതമായി ദാനം ചെയ്യാനാകും.
ജീവിതകാലം മുഴുവൻ രക്തം കയറ്റേണ്ടിവരുന്ന അവസ്ഥയുള്ളവർ…
സന്നദ്ധദാനത്തിലൂടെ രക്തവും രക്തഘടകങ്ങളും സുരക്ഷിതമായും സുസ്ഥിരമായും ലഭ്യമാകേണ്ടത് ജീവിതകാലം മുഴുവൻ കൃത്യമായ ഇടവേളകളിൽ രക്തം കയറ്റേണ്ടി വരുന്ന രോഗികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
തലസീമിയ, സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ തുടങ്ങിയ ജനിതകരോഗങ്ങൾ ഉള്ളവർക്ക് ജീവിതകാലം മുഴുവൻ രക്തവും രക്തഘടകങ്ങളും കയറ്റേണ്ടിവരും. രോഗികൾക്ക് ഗുണമേന്മയുള്ള രക്തവും രക്തഘടകങ്ങളും ആവശ്യമായ അളവിൽ ലഭ്യമാക്കുക എന്നത് ഒട്ടുമിക്ക രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ് ; സാമ്പത്തികപ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളിൽ വിശേഷിച്ചും.
ലോകവ്യാപകമായി പ്രതിവർഷം ഏകദേശം 12 കോടി യൂണിറ്റ് രക്തമാണ് സന്നദ്ധദാനത്തിലൂടെ ശേഖരിക്കപ്പെടുന്നത്. ഇതിൽ പകുതിയോളം സമ്പന്നരാജ്യങ്ങളിലാണ്. ആവശ്യം കണക്കിലെടുക്കുമ്പോൾ ഇത് തീരെ അപര്യാപ്തമാണ്. രക്തം അനന്തകാലത്തേക്ക് സൂക്ഷിക്കാനാവില്ല. അതിനാൽ സുസ്ഥിരമായ രക്തദാനം അനിവാര്യമാണ്. വേണ്ടത്ര ശാസ്ത്രീയമായ അവബോധമില്ലാത്തത് ഇപ്പൊഴും ആളുകളെ രക്തദാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. 5% മാത്രമാണ് സ്ത്രീരക്തദാതാക്കളുടെ എണ്ണം ! പോഷകാഹാരത്തിന്റെ അഭാവവും വിളർച്ചയും ദാതാക്കളിൽ സ്ത്രീകൾ കുറയുന്നതിന് പ്രധാന കാരണമാണ്.
ശാസ്ത്രസാങ്കേതികവിദ്യ ഇത്രമേൽ പുരോഗതി പ്രാപിച്ചിട്ടും മനുഷ്യരക്തത്തിനു പകരം മറ്റൊരു വസ്തു നാളിതുവരെ കണ്ടുപിടിക്കാൻ ആയിട്ടില്ല. അതിനാലാണ് സന്നദ്ധരക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്.
ആർക്കൊക്കെ ദാനം ചെയ്യാം, ആർക്കൊക്കെ പാടില്ല…?
പൂർണ ആരോഗ്യമുള്ള പ്രായപൂർത്തിയായ പുരുഷന് മൂന്നു മാസം കൂടുമ്പോഴും സ്ത്രീയ്ക്ക് 4 മാസത്തിലൊരിക്കലും ധൈര്യസമേതം രക്തബാങ്കിലൊ രക്തദാനക്യാമ്പിലൊ ചെന്ന് രക്തദാനം നടത്താം. 60 വയസിനുള്ളിൽ പ്രായവും 45 കിലോഗ്രാം എങ്കിലും ശരീരഭാരവും 12.5 ഗ്രാം ശതമാനം എങ്കിലും ഹീമോഗ്ലോബിനും ദാതാവിന് ഉണ്ടായിരിക്കണം.
ഏതെങ്കിലും അസുഖങ്ങളുള്ളവർ, ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നവർ, അടുത്ത കാലത്ത് കുത്തിവയ്പ്പ് എടുത്തവർ, അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ലഹരിവസ്തുക്കൾക്ക് അടിമകളായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തദാനം ചെയ്യരുത്. രക്തദാനം തൊഴിലാക്കിയവരുടെ രക്തം രക്തബാങ്കിൽ സ്വീകരിക്കില്ല. മാസമുറയുള്ളപ്പോൾ സ്ത്രീകളിൽ നിന്ന് രക്തമെടുക്കില്ല. എയ്ഡ്സ്, മഞ്ഞപ്പിത്തം, ലൈംഗിക രോഗങ്ങൾ, മലമ്പനി തുടങ്ങിയവ ദാതാക്കൾക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള രക്തപരിശോധന രക്തബാങ്കിൽ നടത്തും.
ഉറവയുള്ള കിണറിൽ നിന്ന് വെള്ളം കോരിയെടുക്കുന്നത് പോലെയാണ് ആരോഗ്യമുള്ള ശരീരത്തിൽ നിന്ന് രക്തമെടുക്കുന്ന പ്രക്രിയ! കൊടുക്കും തോറും ഏറിടും എന്നത് രക്തദാനത്തിനും ബാധകമാണ്. രക്തദാനത്തോട് വൈമുഖ്യം പ്രകടിപ്പിക്കുന്നവരിൽ ചിലരുടെ ധാരണ തങ്ങളുടെ രക്തം ശരീരത്തിൽ മരണം വരെ ഉണ്ടാകുമെന്നാണ് ! ഇതൊരു അബദ്ധധാരണയാണ്. നിശ്ചിതകാലത്തിൽ രക്തകോശങ്ങൾ നശിക്കുകയും അത് ശരീരം ഇടക്കിടെ പുറം തള്ളുകയും ചെയ്യുന്നുണ്ട് — പാമ്പ് ഉറയൂരുന്നത് പോലെ…!
രക്തദാനം ദാതാവിനും ഗുണകരം!
രക്തദാനത്തിലൂടെ മറ്റൊരു ജീവൻ രക്ഷിക്കാം എന്നത് മാത്രമല്ല , ദാതാവിന്റെ ജീവൻ കൂടുതൽ കാലം നിലനിർത്താനുമാകും എന്നത് രക്തദാനത്തിന്റെ മേന്മയാണ്. കൃത്യമായ ഇടവേളകളിൽ തുടർച്ചയായി രക്തം ദാനം ചെയ്യുന്നവർക്ക് (വർഷത്തിൽ മൂന്നു തവണ) മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത തുലോം കുറവാണെന്നതാണ് യാഥാർത്ഥ്യം. ഡോ.ജെറോം സള്ളിവൻ ആണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്. ശരീരത്തിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നതിനും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിനും രക്തദാനം തടയിടും എന്ന് അദ്ദേഹം കണ്ടെത്തി. മാസമുറയുള്ള സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഹൃദ്രോഗം താരതമ്യേന കുറയാൻ കാരണം, അവരുടെ ശരീരത്തിൽ നിന്ന് എല്ലാ മാസവും അല്പം രക്തം പുറന്തള്ളപ്പെടുന്നതാണ്. രക്തദാനശീലം സ്വീകർത്താവിനൊപ്പം ദാതാവിനും ഗുണകരമാകുമെന്നത് ഒരു ശാസ്ത്രസത്യം.
എല്ലാ വിഭാഗീയതകളെയും റദ്ദ് ചെയ്യുന്നതും മഹിതമായ മാനവികത ഉയർത്തിപ്പിടിക്കുന്നതുമാണ് രക്തദാനത്തിന്റെ രാഷ്ട്രീയം. രക്തദാനത്തിലൂടെ നമ്മുടെ ഏതാനും തുള്ളി രക്തം ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിൽ അതിൽപ്പരം ശ്രേഷ്ഠമായ പ്രവൃത്തി മറ്റെന്തുണ്ട്?! സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും ഈ മഹദ്സന്ദേശം നമുക്ക് പടർത്താം…
ചിത്രങ്ങൾക്ക് കടപ്പാട് : ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പേജ്