
വയര്‍ലെസ്സ് സാങ്കേതിക വിദ്യയിലൂടെ 55 മീറ്റര്‍ അകലേക്ക് 1.8 കിലോവാട്ട്പവര്‍ പ്രസരണം ചെയ്യാന്‍ കഴിഞ്ഞെന്ന് ജപ്പാന്‍ ഏയ്‌റോസ്പേസ് എക്സ്‌പ്ലോറേഷന്‍ ഏജന്‍സി അവകാശപ്പെടുന്നു. 1.8 കിലോവാട്ട് അത്ര നിസ്സാരമാണെന്ന് കരുതല്ലേ. ഒരു ഇലക്ട്രിക് കെറ്റില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇത്രയും പവര്‍ മതിയാവും. മൈക്രോവേവ് തരംഗങ്ങളും ദിശാനിയന്ത്രണ ഉപകരണവും ഉപയോഗിച്ച് താരതമ്യേന ചെറിയ ഒരു ലക്ഷ്യത്തിലേക്ക് വളരെ കൃത്യതയോടെ പ്രസരണം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
ഈ ചെറിയ ചുവടുവെപ്പിനെ ഭാവിയില്‍ ഊര്‍ജ്ജോല്പാദനത്തെ ഒട്ടാകെ മാറ്റിമറിക്കുന്ന സാങ്കേതിക വിദ്യയായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ഭൂമിക്ക് 36,000 കിലോമീറ്റര്‍ മുകളില്‍ ബഹിരാകാശത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആന്റിനകള്‍ വഴി ഭൂമിയിലേക്ക് വൈദ്യുത പ്രസരണം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സൗരോര്‍ജ്ജം മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ് ഈ ദിശയില്‍ ഗവേഷണം നടത്താന്‍ പ്രേരണ ആയത്.
ഭൂമിയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളുടെ പ്രധാന പരിമിതികള്‍ പകല്‍ മാത്രം ഊര്‍ജ്ജം ലഭ്യമാകുന്നു എന്നതും കാലാവസ്ഥാ ബന്ധിതഊര്‍ജ്ജോലപാദനവുമാണ്. ബഹിരാകാശത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ഈ പരിമിതികള്‍ മറികടക്കാനാവും. ഭൂമിയിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റുന്ന സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സായി അത് മാറ്റാനും കഴിയും. ബഹിരാകാശത്ത് വലിയ സോളാര്‍ പാനലുകള്‍ എത്തിക്കുന്നതും സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും 2040 ആകുമ്പോഴേക്കും ലക്‌ഷ്യം കൈവരിക്കാനാകുമെന്നാണ് ജപ്പാന്‍ ഏയ്‌റോസ്പേസ് എക്സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ പ്രതീക്ഷ.
പരമ്പരാഗത ഇന്ധനങ്ങളുടെ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന ജപ്പാന്റെ അവസ്ഥയും ഫുക്കുഷിമ ആണവ ദുരന്തവുമാണ് ഇങ്ങനെ ഒരു പദ്ധതിക്ക് ഗതി വേഗം കൂട്ടിയത്. പരിസ്ഥിതി സൗഹൃദ സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
[divider]
അവലംബം :http://www.sciencealert.com/scientists-have-transmitted-energy-wirelessly-across-55-metres
അസി. പ്രൊഫസര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്
[email protected] [/author]