Read Time:5 Minute
International Year of Light 2015 - color logo 2.png
via Wikimedia Commons.

പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷമായി (IYL 2015) പ്രഖ്യാപിച്ചിരിക്കുന്നു. ജനുവരി മാസത്തില്‍ പാരീസില്‍  നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

മധ്യകാലയുഗത്തിലെ പ്രമുഖ അറേബ്യന്‍ പണ്ഡിതനും പ്രകാശ ശാസ്ത്രത്തിന്റെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവായി വിശേഷിക്കപ്പെടുന്നയാളുമായ ഇബ്ന് -അല്‍ -ഹൈസമിനെ (Ibn al Haytham) അനുസ്മരിച്ചാണ് ഈ വാര്‍ഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ഗ്രന്ഥമായി ഗണിക്കുന്ന ഇബ്‌ന് അല്‍ ഹൈസമിന്റെ  കിതാബുല്‍ മനാളിന്‍‍ (book of optics) എന്ന കൃതിയുടെ ആയിരം വാര്‍ഷികം കൂടിയാണ് 2015.  “1001 കണ്ടെത്തലുകള്‍- ഇബ്നുല്‍ ഹൈസമിന്റെ ലോകം” ( 1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തര്‍ദേശീയ തലത്തില്‍ നടത്തുന്ന കാമ്പയിനിന്റെ മുദ്രാവാക്യം.

ഇതുകൂടാതെ പ്രകാശത്തിന്റെ തുടക്കമെന്ന് കരുതുന്ന മഹാവിസ്ഫോടനത്തിന്റെ തെളിവെന്ന നിലയില്‍ പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയതിന്റെ 50 ആം വാര്‍ഷികവുമാണ് ഈ വര്‍ഷം. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്.   പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തമായ ഫൈബര്‍ ഒപ്ടിക്സിന്റെ കണ്ടുപിടുത്തവും നടന്നിട്ട് ഇപ്പോള്‍ അന്‍പത് വര്‍ഷമായി . ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ചൈനീസ് വംശജനായ ചാള്‍സ് കയോ  എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ്  സങ്കേതം കണ്ടെത്തിയത്. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കും പ്രകാശ വര്‍ഷത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. കൂടാതെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം പിറന്നാളുമാണ് ഈ വര്‍ഷം.

ചരിത്രം

സുസ്ഥിരവികസനത്തിനും ഊര്‍ജ്ജം, വിദ്യാഭ്യാസം, കൃഷി, വിവരവിനിമയം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ മുറിച്ചുകടക്കുന്നതിനും  പ്രകാശശാത്ര സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന അവബോധം വളര്‍ത്തുന്നതിനുമായി ഐക്യരാഷ്ട്രസഭ ഏറ്റെടുത്തിട്ടുള്ള ഒരു ആഗോള ഉദ്യമമാണ് അന്താരാഷ്ട്ര പ്രകാശ വര്‍ഷം.  2012 -ല്‍ യുനെസ്കോയുടെ മീറ്റിംഗില്‍  ഘാന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രകാശവര്‍ഷാചരണത്തിന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. 2013 ഡിസംബര്‍ 20 ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഇതിന് അംഗീകാരം ലഭിച്ചു. പ്രചാരണ വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസില്‍ നടന്നു.

പ്രകാശശാസ്ത്ര വിദഗ്ദ്ധന്‍ ജോണ്‍ എം. ഡുഡ്‌ലി നയിക്കുന്ന, ഇറ്റലിയിലെ അബ്ദുസലാം അന്താരാഷ്ട്ര സൈദ്ധാന്തിക ഭൈതികശാസ്ത്ര കേന്ദ്രം (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ് )  കേന്ദ്രമാക്കിയുള്ള സെക്രട്ടറിയേറ്റും നിയന്ത്രണ സമിതിയുമാണ് വര്‍ഷാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യോര്‍ക്കിലെ ഡ്യൂക്ക് പ്രിന്‍സ് ആന്‍ഡ്ര്യൂ ആണ് പ്രകാശ വര്‍ഷാചരണ സമിതിയുടെ രക്ഷാധികാരി.  അനവധി അന്തര്‍ദ്ദേശീയ ശാസ്ത്ര സംഘടനകളും അന്താരാഷ്ട്ര ശാസ്ത്രകൗണ്‍സിലും പ്രകാശര്‍ഷാചരണത്തെ അംഗീകരിച്ചിട്ടുണ്ട്.

[divider]

കൂടുതല്‍ വായനയ്ക് : http://www.light2015.org/

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015
Next post കമ്പിയില്ലാ കറന്റ് : ജപ്പാന്‍ പുതിയ നേട്ടത്തിലേക്ക്
Close